ad
Deshabhimani

print edition കേരളം നാളെ ബൂത്തിലേക്ക്; ഇന്ന് നിശബ്ദ പ്രചാരണം

Voting
വെബ് ഡെസ്ക്

Published on Apr 08, 2026, 12:01 AM | 1 min read

തിരുവനന്തപുരം: സംസ്ഥാനമാകെ ഉത്സവപ്പറമ്പാക്കിയ ആഘോഷത്തിമിർപ്പിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന്‌ കൊട്ടിക്കലാശം. സ്ഥാനാർഥികൾ ജനങ്ങൾക്കൊപ്പം പ്രചാരണഗാനങ്ങൾക്ക്‌ ചുവടുവച്ചു.


മണിക്കൂറുകൾ നീണ്ട കൊട്ടിക്കലാശം ചൊവ്വ വൈകിട്ട്‌ ആറിന്‌ സമാപിച്ചു. ബുധനാഴ്‌ച നിശ്ശബ്ദപ്രചാരണത്തിനുശേഷം വ്യാഴാഴ്‌ച കേരളം വിധിയെഴുതും. മെയ്‌ നാലിനാണ്‌ വോട്ടെണ്ണൽ.


ഇരുപത്തിമൂന്ന്‌ ദിവസംമാത്രം നീണ്ട പരസ്യപ്രചാരണത്തിന്റെ തുടക്കംമുതൽ ലഭിച്ച മുൻതൂക്കം അവസാന ലാപ്പ്‌വരെ നിലനിർത്തിയതിന്റെ ആവേശത്തിലാണ്‌ എൽഡിഎഫ്‌ ക്യാമ്പ്‌. പത്തു വർഷത്തെ ഭരണനേട്ടം പറഞ്ഞും അതിനുമുമ്പുള്ള ഇരുണ്ടകാലം ഓർമിപ്പിച്ചുമുള്ള പ്രചാരണം ജനം ഏറ്റെടുത്തു.


എൽഡിഎഫ്‌ സ്ഥാനാർഥികളുടെ പര്യടനങ്ങളിലും പൊതുയോഗങ്ങളിലും ഒഴുകിയെത്തിയ ജനക്കൂട്ടം കേരളം എങ്ങനെ ചിന്തിക്കുന്നു എന്നതിന്റെ തെളിവായി. വിവാദങ്ങൾ സൃഷ്ടിച്ചും നുണപ്രചാരണങ്ങളുടെ കെട്ടഴിച്ചുവിട്ടുമാണ്‌ യുഡിഎഫ്‌ രംഗത്തുള്ളത്‌. ബിജെപി അടക്കമുള്ള വർഗീയ ശക്തികളുമായി ഒളിഞ്ഞും തെളിഞ്ഞും ബാന്ധവമുണ്ടാക്കി.


അത്‌ മറച്ചുവയ്‌ക്കാൻ എൽഡിഎഫിനെതിരെ ഡീൽ ആരോപണം ഉന്നയിച്ചു. ബിജെപി നയിക്കുന്ന എൻഡിഎ വിരലിലെണ്ണാവുന്ന സീറ്റുകളിലാണ്‌ ശ്രദ്ധകേന്ദ്രീകരിക്കുന്നത്‌. പണമൊഴുക്കിയും എതിർ സ്ഥാനാർഥികൾക്കെതിരെ അപവാദം പ്രചരിപ്പിച്ചും കളംപിടിക്കാനുള്ള ശ്രമമാണ്‌ അവരുടേത്‌.


തെരഞ്ഞെടുപ്പിന്റെ അവസാന ലാപ്പിലെത്തുമ്പോൾ, വയനാട്‌ ദുരിതബാധിതരുടെ പേരിൽ പിരിച്ച കോടികൾ മുക്കിയ കോൺഗ്രസിന്റെ യഥാർഥ മുഖമാണ്‌ ചർച്ച. ഹരിയാനയിൽ സീറ്റ്‌ വാഗ്‌ദാനംചെയ്‌ത്‌ കോൺഗ്രസ്‌ നേതാക്കൾ കോടികൾ കോഴ വാങ്ങിയെന്ന വിവരവും ചർച്ചയായി. പ്രതിപക്ഷത്തിന്റെ അഴിമതിയും കോഴയും ചർച്ച ചെയ്യുന്ന തെരഞ്ഞെടുപ്പായി 2026 മാറി.


​വോട്ടെടുപ്പ്‌ രാവിലെ 
7 മുതൽ


​വ്യാഴാഴ്‌ച രാവിലെ ഏഴുമുതൽ വൈകിട്ട്‌ ആറുവരെയാണ്‌ വോട്ടെടുപ്പ്‌. സംസ്ഥാനത്താകെ 2,71,42,952 വോട്ടർമാരാണുള്ളത്‌. സർവീസ്‌ വോട്ടർമാരുടെ എണ്ണം 53,984 ആണ്‌. 883 സ്ഥാനാർഥികൾ ജനവിധി തേടുന്നു. 24 താൽക്കാലിക ബൂത്ത്‌ ഉൾപ്പടെ 30,495 ബൂത്തുകൾ സജ്ജമാക്കി. പ്രശ്‌നബാധിത ബൂത്തുകൾ 2040. വീട്ടിൽ വോട്ടിൽ 98 ശതമാനം പൂർത്തിയാക്കി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home