ad
Deshabhimani

Interview

ബി കെ ഹരിനാരായണൻ

തുടരട്ടെ കരുതലും വികസനവും

Singer

കവിയും ഗാനരചയിതാവുമായ ബി കെ ഹരിനാരായണൻ

avatar
കെ എ നിധിൻ നാഥ്‌ [email protected]

Published on Mar 27, 2026, 11:46 PM | 2 min read

 10 വർഷത്തെ എൽഡിഎഫ്‌ സർക്കാരിനെ എങ്ങനെയാണ്‌ വിലയിരുത്തുന്നത്‌


■ ​നമ്മുടേതായ കാര്യങ്ങൾ സംസാരിക്കാനും പറയാനും ഒരു ഇടം ഉണ്ടാകുക എന്നത്‌ വലിയ കാര്യമാണ്‌. അഭിപ്രായം പറഞ്ഞാൽ അത്‌ വിരുദ്ധ അഭിപ്രായമാണെങ്കിൽപ്പോലും നമ്മൾ ആക്രമിക്കപ്പെടില്ല. നമുക്ക്‌ നിലനിൽക്കാൻ കഴിയുന്ന രാജ്യത്തെ ഏക തുരുത്തായി കേരളം മാറി. സാംസ്‌കാരികരംഗത്തെ ഏറ്റവും വലിയ കാര്യം ഇ‍ൗ ഇടമാണ്‌. കേരളത്തിലെ റോഡുകൾ, വ്യവസായ സംരംഭങ്ങൾ, വൈദ്യുതി, ലൈഫ്‌ പദ്ധതിയിലൂടെ എല്ലാവർക്കും വീട്‌, വിവിധ പെൻഷൻ പദ്ധതികൾ ഇതെല്ലാം വലിയ കരുതലാണ്‌. ഞാനൊരു പനി വന്നാൽ പോകുന്നത്‌ അടുത്തുള്ള കുടുംബാരോഗ്യകേന്ദ്രങ്ങളിലേക്കാണ്‌. അതിന്റെ പണ്ടത്തെ അവസ്ഥ എന്തായിരുന്നു. ഇന്ന്‌ വലിയ മാറ്റമുണ്ടായി. വിദ്യാഭ്യാസമേഖലയിലും വലിയ മാറ്റം കേരളം വലിയ ജനസാന്ദ്രതയുള്ള സ്ഥലമാണ്‌. കേരളത്തിന്റെ ഏറ്റവും വലിയ കാര്യം വിജ്ഞാനമാണ്‌. ഇവിടെ പഠിച്ച്‌, അതിൽനിന്ന്‌ ലഭിക്കുന്ന അറിവ്‌ ഇവിടെത്തന്നെ ഉപയോഗിക്കാൻ കഴിയുന്നതരത്തിൽ വൈജ്ഞാനിക സന്പദ്‌വ്യവസ്ഥ ഉണ്ടാക്കിയതടക്കമുള്ള കാര്യങ്ങൾ ഇ‍ൗ 10 വർഷത്തിലുണ്ടായ മാറ്റങ്ങളാണ്‌.


​ ഭരണത്തുടർച്ചയെ എങ്ങനെയാണ്‌ കാണുന്നത്‌


■ ​വൈജ്ഞാനിക സന്പദ്‌വ്യവസ്ഥ എന്ന ആശയം കൊണ്ടുവന്നു. അതിലെ പ്രവർത്തനങ്ങൾക്ക്‌ തുടർച്ച വേണം. ഇടയിൽ വിട്ടാൽ അത്‌ നഷ്ടമാകും. ഞാൻ താമസിക്കുന്ന കുന്നംകുളത്തുനിന്ന്‌ കോഴിക്കോട്ടെത്താൻ രണ്ടുമണിക്കൂറിൽ താഴെ സമയം മതി. ഇത്തരത്തിൽ റോഡുകൾ ഇനിയും വരേണ്ടതുണ്ട്‌. വ്യാവസായികമുന്നേറ്റങ്ങൾ നടത്തി. ഇതിനെല്ലാം തുടർച്ച വേണം.


​ ഒരുപാട്‌ യാത്ര ചെയ്യുന്ന ആളാണ്‌, പ്രത്യേകിച്ച്‌ 
റോഡുമാർഗം. യാത്രാസ‍ൗകര്യത്തെക്കുറിച്ച്‌


■ ​റോഡുകൾ വലിയ രീതിയിൽ മാറി. റോഡ്‌ നിർമിക്കുന്നതിനൊപ്പം അതിന്റെ അറ്റകുറ്റപ്പണികൂടി കരാറുകാരുടെ ചുമതലയാക്കിയത്‌ വലിയ ഗുണം ചെയ്യുന്നുണ്ട്‌. പണ്ട്‌ പണി പൂർത്തിയാക്കി റോഡുകൾ തകർന്നുപോകുന്ന കാഴ്‌ചയുണ്ട്‌. എന്നാലിന്ന്‌ ചെറിയ പ്രശ്‌നങ്ങൾ വരുമ്പോഴേക്കും നന്നാക്കുന്നുണ്ട്‌. ഉ‍ൗടുവഴി എന്നു പറയുന്ന ചെറിയ റോഡുകൾപോലും ബിഎംബിസി നിലവാരത്തിലാണ്‌. ഇത്‌ കേരളത്തിൽ എല്ലാ ജനങ്ങളും അനുഭവിക്കുന്നുണ്ട്‌.


​ ഏറ്റവും മികച്ച ഇടപെടലായി കാണുന്നത്‌ എന്താണ് ‌


​■ ​നമ്മുടെ നാട്ടിൽ പഠിച്ച കുട്ടികൾ, നമ്മുടെ സമ്പത്താണ്‌. അവർ വേറെ സ്ഥലത്ത്‌ പോയി ജോലി ചെയ്യുക എന്ന രീതി മാറുക എന്നത്‌ വലിയ കാര്യമാണ്‌. മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങളും അവർക്ക്‌ അനുയോജ്യമായ ജോലിയും ഇവിടെയുണ്ടായാൽ അവർ ഇവിടെത്തന്നെ ജോലി ചെയ്യും. അങ്ങനെ ഒരു സാഹചര്യമാണ്‌ വൈജ്ഞാനിക സന്പദ്‌വ്യവസ്ഥയിലൂടെ സർക്കാർ സൃഷ്ടിക്കാൻ ശ്രമിക്കുന്നത്‌.

ജെൻ സി, ജെൻ ആൽഫ എന്നെല്ലാം പറയുന്ന പുതിയ തലമുറ നമ്മളേക്കാളും ബുദ്ധിയും കാഴ്‌ചപ്പാടുമുള്ളവരാണ്‌. അവർക്ക്‌ അവരുടേതായ ബോധ്യങ്ങളുണ്ട്‌. അങ്ങനെയുള്ള തലമുറ വളർന്നുവരുമ്പോൾ കുറച്ചുകൂടി കരുത്തരാകും. ആ തലമുറ കേരളത്തിൽ നിൽക്കുക എന്നതാണ്‌ പ്രധാനം. അതിനുള്ള ഇടപെടലായാണ്‌ പദ്ധതിയെ കാണുന്നത്‌.


​ സ്‌ത്രീസുരക്ഷാ പദ്ധതിയെക്കുറിച്ച്‌


■ ​വീട്ടമ്മമാർക്ക്‌ സ്‌ത്രീസുരക്ഷാ പദ്ധതി, ജോലി കിട്ടുന്നതുവരെ സഹായം,വിവിധതരം പെൻഷനുകൾ– ഇതെല്ലാം അവരുടെ ജീവിതത്തിൽ വലിയ മാറ്റമുണ്ടാക്കി. ഒരു ഉദാഹരണം പറയാം. പണ്ട്‌ നമ്മൾ വീടുകളിൽ ഉത്സവം, അന്പലം കമ്മിറ്റി അങ്ങനെ എന്ത്‌ പിരിവിന്‌ ചെന്നാലും വാതിൽ തുറന്ന്‌ സ്‌ത്രീകൾ പറയുക ഇവിടെ ആളില്ല എന്നാണ്‌. ആൾ എന്നാൽ ആൺ എന്നാണ്‌. അതിനെ മാറ്റുകയാണ്‌ പെൻഷൻ ചെയ്യുന്നത്‌. വീട്ടിൽ പാചകം ചെയ്യാറുണ്ടോ എന്ന്‌ കെ എസ്‌ ചിത്രയോട്‌ ചോദിക്കും; കെ ആർ മീരയോട്‌ ചോദിക്കും. പക്ഷേ, ഒരു ആണിനോട്‌ ചോദിക്കുന്നില്ല. എന്നോട്‌ ചോദിക്കുന്നില്ല; ഐ എം വിജയനോടും സഞ്ജു സാംസണോടും ചോദിക്കുന്നില്ല. സ്‌ത്രീ എന്ന കാഴ്‌ചപ്പാടിനെത്തന്നെ മാറ്റുകയാണ്‌ സ്‌ത്രീസുരക്ഷാ പദ്ധതി ചെയ്യുന്നത്‌.


വീട്ടമ്മമാരിൽ ഒതുങ്ങിപ്പോകേണ്ടി വന്നവർക്ക്‌ സഹായം കിട്ടുകയെന്നത്‌ അവർക്ക്‌ വലിയ ആത്മവിശ്വാസമാണ്‌.കുടുംബശ്രീയുടെ യൂണിറ്റുകൾ എന്തൊക്കെയാണ്‌ ചെയ്യുന്നത്‌. സ്‌കൂട്ടർ നന്നാക്കുകയും അത്‌ പഠിപ്പിക്കുകയും ചെയ്യുന്ന കുടുംബശ്രീയുടെ വർക്‌ഷോപ്പുകളുണ്ട്‌. തെരുവുവിളക്കിലെ ബൾബുകൾ ഉണ്ടാക്കി, അത്‌ മാറ്റിക്കൊടുക്കുന്നവരുണ്ട്‌. ഒരു കാലംവരെ ഇ‍ൗ മേഖലയിൽ സ്‌ത്രീകളെ സങ്കൽപ്പിക്കാൻ കഴിയുമോ. ഭക്ഷണവസ്‌തുകൾ, തുണി, പലഹാരം ഉണ്ടാക്കൽ എന്ന സ്ഥിരം രീതിയെ പൊളിക്കുകയാണ്‌. വെൽഡിങ്‌ നടത്തുന്ന, ശിങ്കാരിമേളം നടത്തുന്ന സംഘങ്ങളുണ്ട്‌. ലിംഗവിവേചനത്തെ പൊളിക്കുന്നതിൽ കുടുംബശ്രീക്ക്‌ വലിയ പങ്കുണ്ട്‌.



deshabhimani section

Dont Miss it

Recommended for you

Deshabhimani
Home