31 March Friday

നിങ്ങള്‍ എത്രത്തോളം വലത്തേക്ക് പോകും സതീശാ? നാഗ്‌പുർ വരെ പോകുമോ?... ടി ഗോപകുമാര്‍ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Sunday Aug 29, 2021

'ലോകം കണ്ട ത്യാഗോജ്വലവും ധീരോദാത്തവുമായ പോരാട്ടത്തിന്റെ മനോഹരമായ എടാണ് ഹിറ്റ്‌ലറെ തുരത്തിയ ചെമ്പടയുടെ ചരിത്രം.സ്വന്തം അമ്മയെക്കൊന്നവനോട് കലിപ്പ് തീര്‍ക്കാന്‍ ആയുധവുമായിറങ്ങി ആയിരങ്ങളെ കശാപ്പ് ചെയ്‌തിട്ട് അതിന് ന്യായീകരണം ചമച്ച 'സൈക്കോ'യെ കൊണ്ടാടുന്ന സതീശന് ഫാസിസമോ മാര്‍ക്‌സിസമോ എന്തിന് രാഷ്‌ട്രീയം തന്നെയോ മനസ്സിലാവില്ല'-  ടി ഗോപകുമാര്‍ എഴുതുന്നു

 കുറിപ്പിന്റെ പൂര്‍ണ രൂപംകമ്മ്യൂണിസ്റ്റ് പാര്‍ടി ഓഫീസില്‍ സ്റ്റാലിന്റെ ചിത്രം ഇരിക്കുന്നത് വി ഡി സതീശന്‍ കണ്ടിട്ടുണ്ട്. എന്നാല്‍ സിഖ് കൂട്ടക്കൊലയുടെ രക്തം പുരണ്ട കയ്യുമായി കോണ്‍ഗ്രസ് ഓഫീസില്‍ രാജീവ് ഗാന്ധിയുടെ ചിത്രം ഇരിക്കുന്നത് കണ്ടിട്ടില്ല. അടിയന്തിരാവസ്ഥയുടെ ക്രൂരതമുറ്റിയ ഇന്ദിരാഗാന്ധിയുടെ മുഖം പതിഞ്ഞ ചിത്രവും കണ്ടിട്ടില്ല. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ വേരോടെ നശിപ്പിക്കാന്‍ കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്ത, അതിനായി പഞ്ചാബിലും ആസ്സാമിലും അടക്കം വിഘടനവാദികളെ വളര്‍ത്തിയ, കൂട്ടക്കൊലകള്‍ക്ക് കാരണക്കാരിയായ ഇന്ദിരയുടെ ചിത്രം ഇപ്പോഴുമില്ലേ നിങ്ങടെ ഓഫീസുകളില്‍?

സ്റ്റാലിന്‍ ആളുകളെ കൊന്നിട്ടില്ലേ എന്ന് ചോദിച്ചാല്‍ കൊന്നിട്ടുണ്ടാവും, യുദ്ധത്തില്‍ ഒരു രാജ്യത്തിന്റെ ഭരണാധികാരി എന്ന നിലയിലുള്ള ഉത്തരവാദിത്വം സ്റ്റാലിനുമുണ്ടാകും. പക്ഷേ, സ്റ്റാലിന്‍ കൊന്നതോ കൊല്ലിച്ചതോ സ്വന്തം അമ്മയെയോ ബന്ധുവിനെയോ ആരെങ്കിലും ഒളിഞ്ഞുനിന്ന് നിറയൊഴിച്ചതിന് പ്രതികാരം തീര്‍ക്കാനല്ല. ലോകത്തെയാകെ വിഴുങ്ങാന്‍ വാ പിളര്‍ന്നുവന്ന ഫാസിസത്തെ ഐതിഹാസികമായി ചെറുത്തത് സ്റ്റാലിന്റെ നേതൃത്വത്തിലുള്ള സോവിയറ്റ് ചെമ്പടയായിരുന്നു. അന്ന് യുഎസ്എസ്ആര്‍  അത് ചെയ്തില്ലായിരുന്നെങ്കില്‍ ലോകം ഇന്നും ഫാസിസത്തിന്റ ഇരുണ്ടകാലം പിന്നിടില്ലായിരുന്നു.

ലോകം കണ്ട ത്യാഗോജ്വലവും ധീരോദാത്തവുമായ പോരാട്ടത്തിന്റെ മനോഹരമായ എടാണ് ഹിറ്റ്‌ലറെ തുരത്തിയ ചെമ്പടയുടെ ചരിത്രം.സ്വന്തം അമ്മയെക്കൊന്നവനോട് കലിപ്പ് തീര്‍ക്കാന്‍ ആയുധവുമായിറങ്ങി ആയിരങ്ങളെ കശാപ്പ് ചെയ്തിട്ട് അതിന് ന്യായീകരണം ചമച്ച 'സൈക്കോ'യെ കൊണ്ടാടുന്ന സതീശന് ഫാസിസമോ മാര്‍ക്‌സിസമോ എന്തിന് രാഷ്ട്രീയം തന്നെയോ മനസ്സിലാവില്ല.

ഉക്രൈനോ റുമേനിയയോ ഉസ്ബക്കിസ്താനോ തെക്കോ വടക്കോ തിരിയാത്ത സതീശന്‍ ഒരു മുറി വാര്‍ത്തയുടെ വക്കും പിടിച്ച് മാര്‍ക്‌സിസ്റ്റ് പാര്‍ടി ഓഫീസിലെ ഫോട്ടോ പറിക്കാന്‍ ഇറങ്ങിയിരിക്കുകയാണ്.
ഇയാളുടെ നേതാക്കന്മാര്‍ ഒരുപാടുകാലം മെഴുകിയ ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ഉള്ളില്‍ ഗാന്ധിജിയുടെ ചിത്രത്തിന് നേരെ എതിരെ സവര്‍ക്കര്‍ എന്ന രാജ്യദ്രോഹിയുടെ ചിത്രം ഇരിക്കുന്നുവെന്ന് ഇതുവരെ അറിഞ്ഞിട്ടില്ല. ഇനി ഗോഡ്‌സെയുടെ ചിത്രം അവിടെ കൊണ്ടുവച്ചാലും അറിയുകയുമില്ല. എന്തിന് കോണ്‍ഗ്രസിന്റെ പഴയ നേതാവ് കൂടിയായിരുന്നു ജവഹര്‍ലാല്‍ നെഹ്റു. അദ്ദേഹത്തിന്റെ ചിത്രം ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സിലിന്റെ വെബ്‌സൈറ്റില്‍ നിന്ന് എടുത്തുമാറ്റി അവിടെ ഷൂവര്‍ക്കറുടെ ചിത്രം സംഘികള്‍ വച്ചുകഴിഞ്ഞു.

 സതീശന്‍ അറിഞ്ഞോ ആവോ? സ്റ്റാലിന്റെ ചിത്രം പറിക്കാന്‍ നടക്കുന്നതിനിടയില്‍ കോണ്‍ഗ്രസിന്റെ കൗപീനം വരെ അഴിപ്പിച്ച് സംഘികള്‍ കാവികോണകം കെട്ടിക്കുന്നത് കാണാതെ പോകരുത്.

ഫോട്ടോ എടുപ്പും വയ്പ്പും അവിടെ നില്‍ക്കട്ടെ, സര്‍വജ്ഞപീഠം കയറിയവനെപ്പോലെ സാര്‍വ്വദേശീയ രാഷ്ട്രീയം തള്ളുമ്പോള്‍ താലിബാനികള്‍ അഫ്ഗാനിസ്ഥാന്‍ പിടിച്ചത് അറിഞ്ഞോ? അവിടെ നടക്കുന്ന ക്രൂരതകള്‍ അറിഞ്ഞോ? സതീശന്‍ ഒന്നും മിണ്ടി കണ്ടില്ല. ഈ വിഷയത്തില്‍ യു ഡി എഫില്‍ നിന്നുതന്നെ ആകെ ഒന്ന് ഞരങ്ങിയത് എം കെ മുനീര്‍ മാത്രമാണ്.  

ലോകത്തെന്തു നടന്നാലും അറിയാത്ത സതീശന്‍ സി പി ഐ എമ്മിന്റെ ഓഫീസിനകത്ത് സ്റ്റാലിന്റെ ചിത്രം ഉള്ളത് മാത്രം അറിയുന്നത് എന്തുകൊണ്ടാണെന്ന് മലയാളിക്കറിയാം.ലോകത്തെയാകെ രക്ഷിക്കാന്‍ ലോകമഹായുദ്ധം ജയിച്ച ആള്‍ മാത്രമല്ല സ്റ്റാലിന്‍, പട്ടിണിക്കൊണ്ട് മരിച്ചിരുന്ന പതിനായിരങ്ങള്‍ക്ക് അന്നം കൊടുക്കാന്‍ പദ്ധതിയുണ്ടാക്കിയ മഹാനുമായിരുന്നു. അന്ന് ആ മഹാമേരു അവിടെയുണ്ടായിരുന്ന കാലത്താണ് നിങ്ങളുടെ പഴയ നേതാക്കന്മാര്‍ പേടിച്ച് പെടുത്തുപോകാതെ ഇന്ത്യ ഭരിച്ചത്. ഏഴാം കപ്പല്‍പ്പട  ഇന്ത്യന്‍ മഹാസമുദ്രത്തിലേക്കെത്തിയിട്ട് ചുമ്മാതങ്ങ് മടങ്ങിപ്പോയി എന്നാണോ സതീശന്‍ പഠിച്ചിട്ടുള്ളത്?

ആധുനിക ഇന്ത്യയുടെ അസ്ഥിവാരം തീര്‍ക്കാനുള്ള സാങ്കേതിക വിദ്യ നെഹ്റു യാചിച്ച് വാങ്ങിക്കൊണ്ടുവന്നത് ആ മഹാരാജ്യത്തുനിന്നായിരുന്നു. അവരടിച്ചുതന്ന ആസൂത്രണത്തിന്റെ ഇന്ധനം കൊണ്ടാണ് നിങ്ങളുടെ നേതാക്കള്‍ ഇന്ത്യയെ കുറേക്കാലം ഓടിച്ചത്. സ്റ്റാലിന്‍ മരിച്ചപ്പോള്‍ നെഹ്റു ഇന്ത്യന്‍ പാര്‍ലമെന്റില്‍ നടത്തിയ വികാരനിര്‍ഭരമായ ഒരു പ്രസംഗമുണ്ട്. പബ്ലിക് ഡോമൈനില്‍ ലഭ്യമാണ്, ഒന്ന് വായിച്ചുനോക്കണം സതീശന്‍. അതോ നെഹ്റുവിയന്‍ യുഗത്തിന് നേരെ കണ്ണടയ്ക്കുന്ന,  നെഹ്റുവിനെ തള്ളിപ്പറയുന്ന ആധുനിക സംഘപരിവാര്‍ ഏജന്റായി നിങ്ങളും മാറിക്കഴിഞ്ഞോ?

സംഘപരിവാര്‍ ഇളക്കിയെറിഞ്ഞ നെഹ്റുവിന്റെ ചിത്രവും പാരമ്പര്യവും കണ്ടെത്താനും തിരികെ വയ്ക്കാനുമാണ് സതീശന്‍ ഇപ്പോള്‍ ശ്രമിക്കേണ്ടത്. സ്റ്റാലിന്റെ ചിത്രം അവിടെയുണ്ടാകും; ലോകമാകെ സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും സമത്വത്തിന്റെയും പുരോഗതിയുടെയും അലയൊലികള്‍ ഉയര്‍ത്തിയ യുഗപ്രഭാവനായ നേതാവായിരുന്നു ജോസഫ് സ്റ്റാലിന്‍. സാമ്രാജ്യത്വ മാധ്യമങ്ങളുടെ കൂലിയെഴുത്തുകാര്‍ എഴുതിവിട്ട കല്ലുവച്ച നുണകള്‍ മാത്രം നുണഞ്ഞുകൊണ്ട് ചരിത്രം പറയാനിറങ്ങുമ്പോള്‍ നിങ്ങളുടെ നേരെ വരുന്ന ഒരു ചോദ്യമുണ്ട്, നിങ്ങള്‍ എത്രത്തോളം വലത്തേക്ക് പോകും സതീശാ? നാഗ്പൂര്‍ വരെ പോകുമോ?

ഒരു മനുഷ്യനെന്ന നിലയില്‍ സ്റ്റാലിനും തെറ്റുകള്‍ ഉണ്ടായിട്ടുണ്ടാകാം. അതൊക്കെ കാണുന്നവര്‍ തന്നെയാണ് കമ്മ്യൂണിസ്റ്റുകാര്‍,  വൈരുധ്യാത്മകമായി കാര്യങ്ങളെ വിലയിരുത്തുന്നവര്‍ സ്റ്റാലിനെയും ചരിത്രപരമായിത്തന്നെയാണ് വിലയിരുത്തിയിട്ടുള്ളത്. പക്ഷേ വിമര്‍ശനങ്ങളുടെ പേരില്‍ മായ്ച്ചുകളയാവുന്ന വിധത്തില്‍ ദുര്‍ബലമല്ല ലോകചരിത്രത്താളുകളില്‍ ആ മനുഷ്യനും അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രവും വരഞ്ഞിട്ട രജതരേഖകള്‍.

ഖദര്‍ ഉത്തരീയം എളിയില്‍ കെട്ടി ഓച്ഛാനിച്ചുനിന്ന് സംഘപരിവാറിന് മേളം കൊട്ടുന്ന കോണ്‍ഗ്രസിന്റെ നേതാവ് സതീശന്‌ പത്തുജന്മം ജനിച്ചാലും ആ ചരിത്രം മനസിലാവില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top