27 July Saturday

കൊലപാതകവും ഭീഷണിയുമായി കുളം കലക്കുകയാണ്‌ ആർഎസ്‌എസ്‌; അതിൽ കേരളം വീഴരുത്‌: അശോകൻ ചരുവിൽ

വെബ് ഡെസ്‌ക്‌Updated: Saturday Dec 4, 2021
 കേരളത്തിൽ മുൻകൈ നേടാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടപ്പോൾ ആർഎസ്.എസ്. കുളം കലക്കാനുള്ള പുറപ്പാടിലാണ്. ഗതികെട്ടാൽ പിന്നെ പഴയ അടവെടുക്കുക എന്നത് സ്വാഭാവികമാണ്. അതാണ്‌ ആർഎസ്‌എസ്‌ നടപ്പാക്കുന്നത്‌. കേരളത്തിൽ കൊലപാതകരാഷ്ട്രീയം ഒരു നയമായി സ്വീകരിച്ചു നടപ്പാക്കിയത് ആർ.എസ്.എസ്. ആണ്. വർഗ്ഗീയലഹളകൾ സൃഷ്ടിക്കുക എന്നതാണ് അവരുടെ മറ്റൊരു വഴി. ഇതിനുള്ള നീക്കമാണ്ആരംഭിച്ചിരിക്കുന്നത്‌. ആ നീക്കത്തിൽ കേരളം വീഴരുതെന്ന്‌ അശോകൻ ചരുവിൽ പറഞ്ഞു. കൃത്യമായ ഉദ്ദേശ്യത്തോടെ അവരുണ്ടാക്കുന്ന പ്രകോപനങ്ങൾക്ക് വഴിപ്പെടാതിരിക്കാൻ ജാഗ്രത വേണമെന്നും പറഞ്ഞു.

എഫ്‌ ബി പോസ്‌റ്റ്‌ ചുവടെ കേരളത്തിൽ മുൻകൈ നേടാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടപ്പോൾ ആർ.എസ്.എസ്. കുളം കലക്കാനുള്ള പുറപ്പാടിലാണ്. "പ്രാർത്ഥിക്കാൻ പള്ളിയുണ്ടാവില്ല" എന്ന് തലശ്ശേരിയിൽ മുസ്ലീം വിശ്വാസികൾക്ക് നേരെ നടത്തിയ ഭീഷണിയും, തിരുവല്ലയിൽ സി.പി.ഐ.എം യുവനേതാവിനെ അരുംകൊല ചെയ്തതും സൂചിപ്പിക്കുന്നത് ഈ സംഗതിയാണ്. ഈ നീക്കത്തിന് കേരളം വഴങ്ങരുത്.

ഏറെ കാലമായി ആർ.എസ്.എസും അതിൻ്റെ രാഷ്ട്രീയരൂപങ്ങളും (ജനസംഘം, ബി.ജെ.പി.) കേരളത്തിൽ പ്രവർത്തിക്കാൻ തുടങ്ങിയിട്ട്. ഇന്ത്യയിൽ തന്നെ ആർ.എസ്.എസിന് ഏറ്റവുമധികം ശാഖകളുള്ളത് കേരളത്തിലാണെന്ന് കാൽ നൂറ്റാണ്ടു മുൻപു തന്നെ കേട്ടിരുന്നു. തൊട്ടുകൂടായ്മക്കെതിരെ നടന്ന സമരങ്ങളും ഭൂപരിഷ്ക്കരണവും നാടുവാഴിത്ത സാമൂഹ്യഘടനയിൽ ഏൽപ്പിച്ച ആഘാതത്തിൻ്റെ ഉൽപ്പന്നമാണ് ഇവിടത്തെ ആർ.എസ്.എസ്. ഫ്യൂഡൽ പ്രഭുക്കളും അതിസമ്പന്നരും എന്നും അതിൻ്റെ പിന്തുണയാണ്. മതത്തെ ഉപകരണമാക്കുന്നു എന്ന സൗകര്യവുമുണ്ട്. പക്ഷേ ഇത്രകണ്ട് സൗകര്യങ്ങൾ ഉണ്ടായിട്ടും കഠിനമായി പരിശ്രമിച്ചിട്ടും കേരളത്തിൻ്റെ ഹൃദയത്തിൽ ഇടം നേടാൻ അവർക്ക് കഴിഞ്ഞില്ല. ആദ്യഘട്ടങ്ങളിൽ ഉള്ള വോട്ട് കോൺഗ്രസ്സിന് വിറ്റാണ് ബി.ജെ.പി. നിന്നു പിഴച്ചിരുന്നത്. നീണ്ട നാളത്തെ ആ ബാന്ധവത്തിൻ്റെ പ്രത്യുപകാരമായി 2016ൽ ഒരു നിയമസഭാ സീറ്റു കിട്ടി. (നേമം.) 2021ൽ ആ അക്കൗണ്ടും പൂട്ടി.

വിവിധ ജാതി സമുദായസംഘങ്ങളെ കൂട്ടുപിടിച്ച് ഹിന്ദുത്വരാഷ്ട്രീയം ഇവിടെ കൊണ്ടുവരാനാവുമെന്നാണ് ആർ.എസ്.എസ്. കരുതിയത്. ഇവിടെ ഇസ്ലാംമതത്തിൻ്റെയും കൃസ്തുമതത്തിൻ്റെയും പേരുപയോഗിച്ച് ചില രാഷ്ട്രീയ കക്ഷികൾ നിലനിൽക്കുന്നുണ്ടല്ലോ. പക്ഷേ ഹിന്ദുത്വരാഷ്ട്രീയം എന്ന പരിപ്പ് കേരളത്തിലെ അടുക്കളയിൽ വേവുകയുണ്ടായില്ല. സമുദായസംഘങ്ങൾ ആർ.എസ്.എസിനെ പെട്ടെന്ന് തന്നെ തിരിച്ചറിഞ്ഞു. മാത്രമല്ല, രാഷ്ട്രീയ പാർടികളുണ്ടാക്കി ഗോദയിലിറങ്ങിയതിൻ്റെ (എൻ.ഡി.പി; എസ്.ആർ.പി.) ദുരനുഭവം അവർക്കുണ്ട്. പാഠം പഠിക്കാത്ത ചിലർ ബി.ഡി.ജെ.എസ്. ഉണ്ടാക്കി ബി.ജെ.പി.യുടെ പിന്നാലെ പോയി ഗതികെട്ട് നരകിക്കുന്നു.

പ്രതിസന്ധികൾ അഭിമുഖീകരിക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങളിലെ ജനങ്ങൾ സംഘടിച്ചു നിൽക്കുക സ്വാഭാവികമാണ്. അവിടെ രാഷ്ട്രീയ കക്ഷികളും ഉണ്ടാവും. അതുപോലെ ഭൂരിപക്ഷ മതത്തിൻ്റെ പേരിൽ ജനങ്ങളെ രാഷ്ട്രീയമായി ഏകികരിക്കാനാവില്ല. ഈ ചരിത്രസത്യം ബി.ജെ.പി.ഓർത്തില്ല. മാത്രമല്ല, ആർ.എസ്.എസ്. പ്രതിനിധാനം ചെയ്യുന്ന ഫ്യൂഡൽ അവശിഷ്ടങ്ങൾക്കെതിരെ പോരാടിയതിൻ്റെ ചരിത്രമുള്ളവരാണ് ഇവിടത്തെ സാമുദായിക വിഭാഗങ്ങൾ. നായാടി മുതൽ നമ്പൂതിരി വരെയുള്ളവർ. ആർ.എസ്.എസിന്നു കീഴ്പ്പെട്ടാൽ അവർ ഇല്ലാതാവുക എന്നതാവും ഫലം.ഹിന്ദുത്വരാഷ്ട്രീയം കേരളത്തിൽ വിലപ്പോവില്ല എന്ന് ആർ.എസ്.എസിന് ബോധ്യമായതിൻ്റെ പ്രത്യക്ഷ തെളിവാണ് അവർ ഇപ്പോൾ പ്രകടിപ്പിച്ചു വരുന്ന ക്രിസ്ത്യൻ ആഭിമുഖ്യം. കുഞ്ഞുമക്കളോടൊപ്പം ചുട്ടുകൊല്ലപ്പെട്ട മിഷണറി ഗ്രഹാം സ്റ്റെയിൻസിനേയും ഒറീസ്സയിലെ കന്യാസ്ത്രിമാരെയും നമുക്ക് ഓർമ്മയുണ്ടല്ലോ. ഇതുവരെ നിർമ്മിച്ചെടുത്ത ക്രിസ്തുമതവിരോധമെല്ലാം ഒറ്റയടിക്ക് റദ്ദുചെയ്ത് സംഘപരിവാർ നേതൃത്തം ഇപ്പോൾ പള്ളികൾക്ക് മുന്നിൽ യാചിക്കാനിരിക്കുകയാണ്. ആ നീക്കവും അവർക്ക് നഷ്ടക്കച്ചവടമാവും. ഇസ്ലാം മതവിരോധം മാത്രമല്ല, ക്രിസ്തുമത വിരോധവും ആർ.എസ്.എസിൻ്റെ ഇപ്പോഴത്തെ നിലനിൽപ്പിൻ്റെ അടിസ്ഥാന സംഗതിയാണ്.


ഗതികെട്ടാൽ പിന്നെ പഴയ അടവെടുക്കുക എന്നത് സ്വാഭാവികമാണ്. കേരളത്തിൽ കൊലപാതകരാഷ്ട്രീയം ഒരു നയമായി സ്വീകരിച്ചു നടപ്പാക്കിയത് ആർ.എസ്.എസ്. ആണ്. വർഗ്ഗീയലഹളകൾ സൃഷ്ടിക്കുക എന്നതാണ് അവരുടെ മറ്റൊരു വഴി. ഇതിനുള്ള നീക്കമാണ് ആരംഭിച്ചിരിക്കുന്നത്.കൃത്യമായ ഉദ്ദേശ്യത്തോടെ അവരുണ്ടാക്കുന്ന പ്രകോപനങ്ങൾക്ക് വഴിപ്പെടാതിരിക്കാൻ ജാഗ്രത വേണം.


അശോകൻ ചരുവിൽ


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top