25 March Saturday

'പുതിയ ഹാഷ്‌ടാഗുകൾ എഴുതണമെന്നില്ല. കഴിയുമെങ്കിൽ കറുത്തവന്റെ, ദളിതരുടെ കഴുത്തിൽ നിങ്ങൾ മനസുകൊണ്ട്‌ മുൻപെഴുതിയിട്ട ടാഗുകൾ മായ്ക്കുക'

അസി അസീബ് പുത്തലത്ത്Updated: Tuesday Feb 27, 2018

"മധുവിനെ കൊന്നതിനെ അട്ടപ്പാടിയിലെ പട്ടിണിയോട്‌ കൂട്ടിക്കെട്ടുന്നതൊരു കളവാണ്. പശിയെ പറ്റി കഥയും കവിതയും എഴുതുന്നതും കാപട്യമാണ്. പട്ടിണിയുടെ വൈകാരിക എലമെന്റിൽ കേന്ദ്രീകരിച്ച്‌ മധുവിനെ തല്ലിക്കൊന്ന സൊസൈറ്റിയുടെ കീഴാളവിരുദ്ധമനോഭാവത്തെ വെളുപ്പിക്കൽ. മധുവിനെ കൊന്ന സിവിൽ സമൂഹത്തിന്റെ വെറുക്കപ്പെടേണ്ട മനോനിലയെ കാണാതെ തുല്യ പങ്കുള്ള രാഷ്ട്രീയനേതൃത്തത്തേയും ഗവണ്മെന്റിനേയും മാത്രം ചാരിയൊരു കൈ കഴുകൽ.''

അസി അസീബ് പുത്തലത്തിന്റെ ഫേസ് ബുക്ക് പോസ്റ്റ്‌

കവിതയും ധാർമ്മികരോഷവും മാപ്പ്‌ ചോദിക്കലുമായിരുന്നു രണ്ട് ദിവസം മുഴുവൻ. അവനെ തച്ചുകൊന്ന ബോധത്തിന്റെ ഇങ്ങേതലക്കൽ എവിടെയൊക്കെയോ ഞാനടക്കമുള്ളവരുടെ സംഭാവനകളുമുണ്ടെന്ന് നല്ല ബോധ്യമുണ്ടായിരുന്നതുകൊണ്ട്‌ അതിനു നിന്നില്ല.

അതൊന്ന് ഒതുങ്ങിയപ്പോ, 'മധുവിനെ പറ്റിയുള്ള യാഥാർത്ഥ്യം മനസിലാക്കൂ' എന്ന പേരിൽ അവനെ കള്ളനും അക്രമിയും പെണ്ണുപിടിയനുമാക്കുന്ന, അത്യന്തം മലീമസമായ വാട്സാപ്പ്‌ ഫോർവേഡ്‌ ഇൻബോക്സിലുണ്ട്‌. ഈ അയക്കുന്നവരൊക്കെ ഇന്നലെ കണ്ണുകലങ്ങി, ചുണ്ട്‌ വിറച്ച്‌ 'നിങ്ങളെൻ്റെ കറുത്തമക്കളെ ചുട്ട്‌ തിന്നില്ലേ.?' എന്നെഴുതിയിരുന്നു.

ഇരട്ടത്താപ്പ്‌ സ്വയമേ പോയി കയറിൽ കെട്ടി തൂങ്ങും, നമ്മളോട് മുട്ടിയാൽ.
കാപട്യം തലതല്ലി ചാവും, മധുവിനെ കൊല്ലുന്ന പൊതുബോധനിർമ്മിതിയിൽ നിരന്തരമായി ഇടപെടുകയും, അവൻ ചത്തെന്നറിഞ്ഞ രണ്ട്‌ ദിവസം മധുവിനായി കവിതയെഴുതുകയും, അത്‌ കഴിഞ്ഞ്‌ പഴേ പണിയിലേക്ക്‌ തിരികെ പോകുകയും ചെയ്യുന്ന നമ്മളെ കണ്ടാൽ.

ഉദാഹരണങ്ങളുണ്ട്‌,
സംവരണത്തിനെതിരെ പ്രസംഗിച്ചോണ്ടിരുന്ന, വലിയവായിൽ വൈകാരികമായി ദെണ്ണം പറഞ്ഞിരുന്ന വളരെ പ്രിവിലേജഡായ ഒരു മാന്യൻ്റെ വാളിൽ 'നിങ്ങളവരുടെ നിറഞ്ഞ കണ്ണുകൾ ചൂഴ്ന്നെടുത്തില്ലേ' എന്ന്‌ മണിക്കൂറിൽ രണ്ട് തവണ വീതം പോസറ്റ്‌ വന്നിരുന്നു.

ആക്രി പെറുക്കാനോ വീട് കേറി ചൂലോ കമ്പിളിയോ വിൽക്കാനോ തെണ്ടാനോ ഒരുനേരത്തെ ഭക്ഷണമിരക്കാനോ വീട്ടിൽ വരുന്നവരെയൊക്കെ ഓടിക്കാൻ ദോഹയിലിരുന്ന് ആഹ്വാനിച്ച ആർ ജെയുടെ വക മധുവിനായുള്ള ആത്മരോഷം അറബിക്കടലും കടന്ന്‌ കേരളാതീരത്ത്‌ വന്നടിച്ചു.

മനുഷ്യനാർജ്ജിച്ചെടുത്ത സകല മൂല്യങ്ങളെഴും പരിഹസിച്ച്‌, തീവ്രവംശീയതയും സ്‌ത്രീദളിത്‌ വിരുദ്ധതയും ആഘോഷമാക്കുന്ന, ഇരുപതിനും ഇരുപത്തഞ്ചിനും ഇടയിലുള്ളവരെ തെറിയുടെ രസം പിടിപ്പിച്ച്‌ തികഞ്ഞ അരാജകവാദികളാക്കി മാറ്റുന്ന ഫേസ്‌ബുക്ക്‌ ഗ്രൂപ്പിൻ്റെ മൊതലാളിയും ഇമോഷണൽ പോൺ എഴുതിയിട്ടു.

ഉറപ്പായും ഏറിയും കുറഞ്ഞും അവരിൽ, മധുവിനെ തല്ലിയവരിൽ, കൊന്നവരിൽ ഞാനുണ്ട്‌, ഞാനറിയുന്നവരുണ്ട്‌.

മധുവിനു താരതമ്യേന കൊള്ളാവുന്ന ജീവിത ചുറ്റുപാടുണ്ടായിരുന്നു. അമ്മയും സഹോദരിമാരുമടക്കം മെച്ചപ്പെട്ട തൊഴിലെടുക്കുന്നവർ. മാനസികപ്രശ്നങ്ങൾ കൊണ്ട്‌ വീട്‌ വിട്ടിറങ്ങിയതാണ് അയാൾ.

അതുകൊണ്ട് തന്നെ മധുവിനെ കൊന്നതിനെ അട്ടപ്പാടിയിലെ പട്ടിണിയോട്‌ കൂട്ടിക്കെട്ടുന്നതൊരു കളവാണ്. പശിയെ പറ്റി കഥയും കവിതയും എഴുതുന്നതും കാപട്യമാണ്. പട്ടിണിയുടെ വൈകാരിക എലമെന്റിൽ കേന്ദ്രീകരിച്ച്‌ മധുവിനെ തല്ലിക്കൊന്ന സൊസൈറ്റിയുടെ കീഴാളവിരുദ്ധമനോഭാവത്തെ വെളുപ്പിക്കൽ. മധുവിനെ കൊന്ന സിവിൽ സമൂഹത്തിന്റെ വെറുക്കപ്പെടേണ്ട മനോനിലയെ കാണാതെ തുല്യ പങ്കുള്ള രാഷ്ട്രീയനേതൃത്തത്തേയും ഗവണ്മെന്റിനേയും മാത്രം ചാരിയൊരു കൈ കഴുകൽ.

മാനസികാസ്വാസ്ഥ്യമുള്ള ആദിവാസി യുവാവിനെ പ്രിവിലേജഡായ ഒരു കൂട്ടം തല്ലിക്കൊല്ലുകയായിരുന്നു, എന്ന് തന്നെ പറയണം.
തീർച്ചയായും ആ പ്രിവിലേജഡ്‌ പൊസിഷനിൽ വിദ്വോഷം വമിപ്പിച്ച്‌ ഞാനുണ്ടെന്ന്‌ മനസിലാക്കണം. ആ മനോഭാവത്തിൽ എൻ്റെ കൂടി പങ്കുണ്ടെന്നറിയണം.

എഞ്ചിനീയറിംഗിനെനിക്ക്‌ മുൻപേ അഡ്മിഷൻ നേടിയ മാർക്ക്‌ കുറഞ്ഞവനെ നോക്കി 'ഇവന്മാർക്ക്‌ പിന്നെ ലിസ്റ്റിൽ കേറിയാൽ മതിയല്ലോ' എന്ന് മുറുമുറുത്ത ഞാൻ മധുവിനെ തല്ലിയവരിലുണ്ട്‌.

ഓണത്തിനുണ്ടാക്കിയ പായസം ക്ലബിൽ കൊണ്ടുവന്ന് കൂട്ടുകാരൻ കൊടുത്തപ്പോ ഫോൺ പതിയെ ചെവിയിലെടുത്ത്‌ വച്ച്‌ പുറത്തേക്കിറങ്ങിയ, പിന്നീട്‌ ചോദിച്ചപ്പോൾ 'അവരുണ്ടാക്കിയത്‌ കഴിക്കാതിരിക്കുന്നതും എന്റെ ചോയ്സ്‌' എന്ന് പറഞ്ഞ സുഹൃത്തായിരുന്ന ദളിത്‌മുസ്ലിം ഐക്യരാഷ്ട്രീയക്കാരനും അവരിലുണ്ട്‌.

മെസ്‌ ബില്ലിൽ സർക്കാർ ആനുകൂല്യമുള്ളതുകൊണ്ട്‌, അവന്റെ പേരിൽ എക്സ്ട്രാ ഫുഡ്‌ വാങ്ങി തിന്ന്, തമാശയെന്ന വ്യാജേന 'ഞങ്ങൾ കൂടി കൊടുക്കുന്ന നികുതിപ്പണമാണിതെന്ന്' കുത്തിപ്പറയുമായിരുന്ന ഞങ്ങൾ അവരിലുണ്ട്‌.

നാട്ടിൽ ഇതരസംസ്ഥാനതൊഴിലാളികൾ ഒരു പക്ഷത്ത്‌ വരുന്ന തർക്കങ്ങളിൽ നിരുപാധികം നാട്ടുകാർക്കൊപ്പം നിൽക്കുന്ന, രണ്ടടി അവർക്ക്‌ കൂടുതൽ കൊടുക്കുന്ന നീതിമാന്മാർ അവനെ കൊന്നവരിലുണ്ട്‌.

കറുത്തിട്ടാണെലും ആളുകൊള്ളാമെന്ന് നിർദ്ദോഷമായി പറയുന്ന ഞാനവരിലുണ്ട്‌.

അക്കൂട്ടത്തിലേതേലും പയ്യൻ മുടി വളർത്തിയാൽ, 'ഫ്രീക്ക്‌' ലുക്കിൽ നടന്നാൽ, അവൻ കഞ്ചാവാണെന്ന് ഉറപ്പിക്കുന്ന എന്റെ ബോധം അവനെ തല്ലിയതിലുണ്ട്‌.

ഇങ്ങേയറ്റത്ത്‌, വീട്ടുകാർ ചേർക്കാത്ത ജാതിവാൽ ഫേസ്ബുക്കിൽ പേരിടുമ്പോൾ ചേർക്കുന്ന ഓരോരുത്തർക്കും വരെ ഈ മരണത്തിൽ മൗനസമ്മതമുണ്ട്‌.

നിറം കൊണ്ട്‌, ഭാഷ കൊണ്ട്‌, ദേശം കൊണ്ട്‌ ജാതികൊണ്ട്‌, മതം കൊണ്ട്‌, സ്വത്വം കൊണ്ട്‌ നമ്മിൽ പെടാത്തവർക്ക്‌ സ്വഭാവികമായി മനസുകൊണ്ട്‌ ചാർത്തിക്കൊടുക്കുന്ന 'കള്ളൻ, തല്ലുകൊള്ളെണ്ടവൻ, കഞ്ചാവ്‌, വർഗീയവാദി, കൊല്ലപ്പെടേണ്ടവൻ' തുടങ്ങിയ ടാഗുകൾക്ക്‌ ഈ കൊലപാതകത്തിൽ റോളുണ്ട്‌.

മുകളിൽ പറഞ്ഞ, പ്രത്യക്ഷത്തിൽ അവരെ ഉപദ്രവമേൽപ്പിക്കാത്തതെന്ന് നമ്മൾ കരുതുന്ന, എന്നാൽ അവരെ ഓരോ തവണയും മുറിവേൽപ്പിക്കുന്ന നിങ്ങൾക്ക്‌, നിങ്ങളുടെ ചിന്തകൾക്ക്‌, വാക്കുകൾക്ക്‌, ചെയ്തികൾക്ക്‌, വച്ചനുഭവിക്കുന്നവർക്കൊരിക്കലും തിരിച്ചറിയാനാവാത്ത പ്രിവിലേജുകൾക്ക്‌ മധുവിന്റെ കൊലപാതകത്തിൽ പങ്കുണ്ട്‌, മധുവിനെ ദേഹത്ത്‌ പതിച്ച കൈകളെ അത്‌ ഡ്രൈവ്‌ ചെയ്യുന്നുണ്ട്‌.

പ്രിവിലേജിന്റെ പുറത്ത്‌ കയറിയിരിക്കുന്നവരേ,

നിങ്ങൾക്ക്‌ അവരോട്‌ ഐക്യപ്പെടുന്നുവെന്ന് പറയാനേ കഴിയൂ, അവരാവേണ്ടിവരില്ല.
അവരുടെ പ്രശ്നനങ്ങൾ മനസിലാക്കുന്നുവെന്ന് പറയാനേ കഴിയൂ, അവയൊരിക്കലും അനുഭവിക്കേണ്ടി വരില്ല.
അവരെ കൊന്നാലിങ്ങനെ കൈ കഴുകാനേ കഴിയൂ,
കുറ്റബോധം നിങ്ങളെ തെല്ലും അലട്ടുകയില്ല.

അതുകൊണ്ട്‌, ഓരോ തവണയും പുതിയ പുതിയ ഹാഷ്ടാഗുകൾ എഴുതണമെന്നില്ല. കഴിയുമെങ്കിൽ കറുത്തവന്റെ, ദളിതരുടെ കഴുത്തിൽ നിങ്ങൾ മനസുകൊണ്ട്‌ മുൻപെഴുതിയിട്ട ടാഗുകൾ മായ്ക്കുക. അങ്ങനൊരു പിന്തുണയേക്കാൾ വലുതൊന്നും നിങ്ങളാലവർക്ക്‌ നൽകാനുമാവില്ല. നൽകേണ്ടതുമില്ല.!


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top