28 March Tuesday

' ജീവിതത്തിന്റെ ട്രാഫിക്കില്‍ പെട്ടെന്നൊരു റെഡ് സിഗ്നല്‍' : രാജേഷ്‌പിള്ളയ്‌ക്ക് വിട

വെബ് ഡെസ്‌ക്‌Updated: Saturday Feb 27, 2016

കൊച്ചി > ഫെബ്രുവരിയുടെ നഷ്ടമായി സംവിധായകന്‍ രാജേഷ്‌പിള്ളയും വിടപറഞ്ഞു. പുതുമുഖ സംവിധായകര്‍ക്ക് സിനിമയുടെ പാതയിലെ ട്രാഫിക് കുരുക്ക് ഒഴിവാക്കിയ സംവിധായകനായിരുന്നു രാജേഷ്‌പിള്ള. ' ട്രാഫിക് ' എന്ന രാജേഷ്‌പി‌ള്ളചിത്രം മലയാളി പ്രേക്ഷകര്‍ക്ക് പുതുമുഖ സംവിധായകരുടെ ചിത്രങ്ങള്‍ തേടി തീയറ്ററുകളിലേക്കെത്താന്‍ വഴിയൊരുക്കി. മാത്രമല്ല അവയവദാന രംഗത്ത് അവബോധം സൃഷ്ടിക്കാനും ക്രിയാത്മകമായ വലിയ ചലനങ്ങള്‍ക്ക് തുടക്കമിടാനും അദ്ദേഹത്തിന്റെ ചിത്രത്തിന് കഴിഞ്ഞു. രാജേഷ്‌പിള്ളയെ സിനിമാ മേഖലയിലെ പ്രമുഖര്‍ അനുസ്മരിച്ചു.

ജീവിതത്തിന്റെ ട്രാഫിക് പോസ്റ്റില്‍ പെട്ടെന്നൊരു റെഡ് സിഗ്നല്‍. അതി വേഗത്തില്‍ മുന്നോട്ടു കുതിച്ചുകൊണ്ടിരുന്ന ഒരു യുവ പ്രതിഭ അങ്ങനെ യാത്ര അവസാനിപ്പിച്ചു മടങ്ങുന്നു. അകാലത്തില്‍ പൊലിഞ്ഞ പ്രിയ സുഹൃത്തിന് വിട – എന്ന് നടന്‍ റഹ്മാന്‍ ഫേസ് ബുക്കിലിട്ട കുറിപ്പില്‍ അനുസ്‌മ‌രിച്ചു.

" ജീവിതത്തിന്റെ ട്രാഫിക് പോസ്റ്റില്‍ പെട്ടെന്നൊരു റെഡ് സിഗ്നല്‍.

രാജേഷ് പിള്ളയുടെ വിയോഗ വാര്‍ത്ത അറിഞ്ഞപ്പോള്‍ ആദ്യം മനസ്സിലെത്തിയത് ഈ ചുവപ്പു സിഗ്നലാണ്. അതി വേഗത്തില്‍ മുന്നോട്ടു കുതിച്ചുകൊണ്ടിരുന്ന ഒരു യുവ പ്രതിഭ അങ്ങനെ യാത്ര അവസാനിപ്പിച്ചു മടങ്ങുന്നു.

മോഹന്‍ലാലിനും ജൂനിയര്‍ എന്‍ടിആറിനുമൊപ്പം അഭിനയിക്കുന്ന '‘ജനതാ ഗാരേജ്’' എന്ന തെലുങ്കു ചിത്രത്തിന്റെ ഹൈദരാബാദിലെ ലൊക്കേഷനിലാണ് ഞാന്‍. രാജേഷ് പിള്ള മരിച്ചുവെന്നും മരിച്ചില്ലെന്നുമുള്ള വാര്‍ത്തകള്‍ ഫോണില്‍ വന്നുകൊണ്ടിരുന്നപ്പോള്‍ മനസ്സില്‍ പ്രാര്‍ഥിക്കുകയായിരുന്നു. ഒന്നും സംഭവിച്ചിട്ടുണ്ടാവരുതേ...മരണ വാര്‍ത്ത സത്യമായിരിക്കരുതേ... ജീവിതത്തിലേക്ക് കൂടുതല്‍ വേഗത്തില്‍ രാജേഷ് മടങ്ങി വരണേ...
പക്ഷേ, ഞങ്ങളുടെ പ്രാര്‍ഥനകള്‍ വെറുതെയായി എന്ന് ഇപ്പോള്‍ കേള്‍ക്കുന്നു.

ട്രാഫിക് എന്ന സിനിമയില്‍ രാജേഷിന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് അഭിനയിച്ച ഓരോ ഷോട്ടും മനസ്സിലേക്ക് ഓടിവരുന്നു... ഒരു അസാമാന്യ പ്രതിഭയാണ് താന്‍ എന്നു വിളിച്ചുപറയുന്നതായിരുന്നു രാജേഷിന്റെ ചിന്തകള്‍. ആ ചിന്തകളൊക്കെ രാജേഷിന്റെ സിനിമകളിലൂടെ നമ്മോടു ഇനിയും സംസാരിച്ചുകാിെരിക്കും.
അകാലത്തില്‍ പൊലിഞ്ഞ പ്രിയ സുഹൃത്തേ...വിട... ''

സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചത്:  "എറണാകുളത്തെ മള്‍ട്ടിപ്ളക്സിന്റെ തിരശീലയില്‍ “ട്രാഫിക്കി”ന്റെ അവസാന ഫ്രെയിമും “ഫെയ്ഡ് ഔട്ട്” ആയപ്പോള്‍ രാത്രി വല്ലാതെ വൈകിയിരുന്നു. എനിക്ക് സീറ്റില്‍നിന്ന് എണീക്കാന്‍ തോന്നിയില്ല. ആ സിനിമയില്‍, മറ്റെല്ലാവണ്ടികളേയും തടഞ്ഞിട്ടുകൊണ്ട്, എല്ലാ വഴികളും, ഒരാംബുലന്‍സിന് ലക്ഷ്യത്തിലേക്ക് എത്തിച്ചേരാനായി ഒഴിച്ചിടുന്നുണ്ട്. സത്യത്തില്‍, സിനിമക്കുള്ളിലെ ആ ആംബുലന്‍സ്, ആ സിനിമയുടെ തന്നെ രൂപകമായിരുന്നു. മലയാള സിനിമയുടെ നടപ്പുവഴികളെ ആപത്ക്കരമായി ഉപേക്ഷിച്ചുകൊണ്ട്, സ്ഥിരം റൂട്ടിലോടുന്ന ഞങ്ങളുടെയെല്ലാം വണ്ടികളെ കാതങ്ങള്‍ പിന്നിലാക്കി കുതിച്ച, ഒരു ജീവന്‍രക്ഷാ വണ്ടിയായിരുന്നു, “ട്രാഫിക്ക്.” തിയറ്റര്‍ വിട്ടിറങ്ങി കാറില്‍ കയറിയ ഞാന്‍, വീട്ടിലേക്കുള്ള യാത്രയില്‍, വാച്ചില്‍ നേരം നോക്കി. ഒന്നര കഴിഞ്ഞിരിക്കുന്നു. സാരമില്ല, ഫോണെടുത്ത് രാജേഷിനെ വിളിച്ചു; മറുതലയ്ക്കല്‍ അയാളുടെ പതറിയ ശബ്ദം. ഞാനയാളോട്, ഒരുപാട് സംസാരിച്ചു. മറുപടി കുറേ ‘താങ്ക് യു, ചേട്ടാ’കളില്‍ ഒതുങ്ങി. തൊട്ടടുത്ത ദിവസങ്ങിളിലെപ്പോഴോ രാജേഷ് എന്നെ വിളിച്ചു: “ വെറുതെ വിളിച്ചതാ, ചേട്ടാ....അത്രക്ക് നേരം വൈകി അന്ന് നിങ്ങളെന്നെ വിളിച്ചൊരുപാട് നേരം സംസാരിച്ചില്ലേ...വലിയൊരടുപ്പം തോന്നുന്നു, ചേട്ടനോട്”
ആ വെറുതേവിളികള്‍ പിന്നെ തുടര്‍ന്നുകൊണ്ടേയിരുന്നു. ഉള്ളില്‍ മുഴുവനും സിനിമയും സഹൃദവും സ്നേഹവുമായിരുന്നു, രാജേഷിന്. ചെറിയകാര്യങ്ങളോടുപോലും അയാള്‍ തികച്ചും വൈകാരികമായി പ്രതികരിച്ചിരുന്നു. മിലിയുടെ റിലിസിന് മുമ്പ്്, രാജേഷ് എന്നെ വന്ന് കണ്ടിരുന്നു. അയാള്‍ വല്ലാത്തൊരു പിരിമുറുക്കത്തിലായിരുന്നു. കുറെനേരം സംസാരിച്ചിരുന്നിട്ട് പോയി. പോയി കുറച്ചു കഴിഞ്ഞ്, എന്നെ ഫോണില്‍ വിളിച്ചു: “ നേരിട്ട് ചോദിക്കാന്‍ കഴിഞ്ഞില്ല, എനിക്കൊരു തിരക്കഥ എഴുതി തരുമോ?” ഞാന്‍ അതിശയിച്ചു പോയി. ഞാന്‍ ചെയ്യുന്ന തരം സിനിമകളില്‍നിന്ന് എത്രയോ വ്യത്യസ്തമായ സിനിമകളാണ് അയാളുടെ ഉള്ളില്‍ ഉണ്ടായിരുന്നതെന്ന തികഞ്ഞ ബോധ്യം എനിക്കുണ്ടായിരുന്നു. ഉടന്‍തന്നെ, അയാള്‍ എന്നെ ഒരിക്കല്‍കൂടി ഞെട്ടിച്ചു; “ ചേട്ടന്‍ എനിക്കൊരു ലവ് സ്റ്റോറി എഴുതിതരണം.” അസാധാരണമായ ഒരു ഡിമാന്റ് ആയിരുന്നു, അത്. അയാള്‍ തുടര്‍ന്നു: “ നിങ്ങള്‍ പതിനഞ്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് ചെയ്ത ജലമര്‍മ്മരം ഞാന്‍ കണ്ടിട്ടുണ്ട്. പിന്നെ, അമൃത റ്റിവിക്ക് വേണ്ടിചെയ്ത അന്നും മഴയായിരുന്നു എന്ന ഷോര്‍ട്ട് ഫിലിമും. അതുപോലൊരു റ്റെല്ലിംഗ്...അതുപോലെ ഇമോഷനലായ ഒരു സിനിമ...” നമ്മുക്ക് നോക്കാം എന്ന് പറഞ്ഞ് ഞാന്‍ ഫോണ്‍ വെച്ചു.

കുറേ ദിവസങ്ങള്‍ക്ക് ശേഷം, ഞാന്‍ മുംബൈയില്‍ വിരസമായൊരു വൈകുന്നേരം തള്ളിനീക്കുന്നതിനായി, ഒരു ഹിന്ദി സിനിമയ്ക്ക് ടിക്കറ്റ് എടുത്ത് തിയറ്ററില്‍ കയറി. സ്ക്രീനില്‍, പരസ്യങ്ങള്‍ വന്നു തുടങ്ങിയപ്പോള്‍, ഒരു പെണ്‍കുട്ടി എന്റെ തൊട്ടടുത്ത സീറ്റിലെത്തി. ഒരല്‍പ്പം ധാര്‍ഷ്ഠ്യത്തോടെ അവള്‍ എന്നോട് സീറ്റൊഴിഞ്ഞു തരാന്‍ പറഞ്ഞു. അത് അവളുടെ ബോയ്ഫ്രണ്ടിന്റെ സീറ്റാണത്രെ. ഞാന്‍ വീണ്ടുമൊരിക്കല്‍ക്കൂടി എന്റെ സീറ്റ് നമ്പര്‍ നോക്കി ഉറപ്പ് വരുത്തി. അവള്‍ ക്ഷഭിതയായി, എന്നോട് കയര്‍ത്തു തുടങ്ങി. നിവര്‍ത്തിയില്ലാതെ ഞാന്‍ ഗെയ്റ്റ് സ്റ്റാഫിനെ വിളിച്ചു. അവര്‍ ഞങ്ങളോട് ലോബിയിലേക്ക് വരാന്‍ ആവശ്യപ്പെട്ടു. എന്റെ സീറ്റ് നമ്പര്‍ അവര്‍ പരിശോധിച്ചു; ആ പെണ്‍കുട്ടിയുടേയും. ഞാന്‍ ശരിയായ സീറ്റിലായിരുന്നു ഇരുന്നതെനും എന്റെ തൊട്ടടുത്ത സീറ്റാണ് അവളുടേതെന്നും അവര്‍ ഉറപ്പു വരുത്തി. അവര്‍ അവളോട് അവളുടെ കൂട്ടുകാരനെവിടെയെന്ന് അന്വേഷിച്ചു. വല്ലാത്തൊരു ഉറപ്പോടെ അവള്‍ പറഞ്ഞു: " he is coming and he's carrying the ticket...his seat is next to me..that's where this guy is sitting now..." അവള്‍ ദേഷ്യത്തോടെ എന്നെ നോക്കി പറഞ്ഞു. “ എന്തോ കണ്‍ഫ്യൂഷനുണ്ട്, സാര്‍ കയറി സിനിമ കണ്ടോളൂ” എന്ന് എന്നോട് ഗെയ്റ്റ് സ്റ്റാഫ് പറഞ്ഞു. ഞാന്‍ ഉള്ളിലേക്ക് കയറാന്‍ തുടങ്ങുമ്പോഴാണ്, അയാള്‍ വന്നത്. അറുപതോടടുത്ത പ്രായം. ആകെ പരിഭ്രമിച്ചിരുന്നു, ആ മനുഷ്യന്‍. വന്നപാടെ അയാള്‍, ആ പെണ്‍കുട്ടിയെ ചേര്‍ത്ത് പിടിച്ചു. പിന്നെ പറഞ്ഞു: " let's go home, betta...!" അവള്‍ അയാളോട് തര്‍ക്കിക്കുകയും, പോവാന്‍ വിസ്സമതിക്കുകയും ചെയ്തു. അവളെ ചേര്‍ത്ത് പിടിച്ചുകൊണ്ട്, ആ അച്ഛന്‍ എന്നോട് പറഞ്ഞു: " She is not well. Sorry for the trouble..." മകളേയും ചേര്‍ത്ത് പിടിച്ച് ലിഫ്റ്റില്‍ കയറിപോയ ആ അച്ഛനെ ഞാന്‍ നോക്കി നിന്നു. പിന്നെ, തീയറ്ററിലെ ഇരുട്ടില്‍ സ്ക്രീനില്‍ തെളിഞ്ഞതൊന്നും ഞാന്‍ കണ്ടില്ല.

തിരികെ വന്ന്, ഞാന്‍ രാജേഷിനെ കണ്ടു. തീര്‍ത്തും ക്ഷീണിതനായിരുന്നു, അയാള്‍. വേട്ടയുടെ പോസ്റ്റ്പ്രൊഡക്ഷന്‍ നടക്കുകയായിരുന്നു, അപ്പോള്‍. ആരോഗ്യം നോക്കാതെ ഉഴപ്പുന്നതില്‍ ഞാന്‍ അയാളെ വഴക്ക് പറഞ്ഞു. ചിരിച്ചുകൊണ്ട് എന്റെ കൈയ്യില്‍ പിടിച്ചുകൊണ്ട് രാജേഷ് പറഞ്ഞു, വേട്ട തിയറ്ററില്‍ എത്തിയാല്‍ പിന്നെ, ആരോഗ്യം വീണ്ടെടുത്തതിന് ശേഷമേ മറ്റൊരു സിനിമയെ കുറിച്ച് ചിന്തിക്കൂയെന്ന്. പിരിയാന്‍ സമയം ഞാന്‍ അയാളോട് പറഞ്ഞു, അയാള്‍ ആവശ്യപ്പെട്ട തിരക്കഥ ഞാന്‍ എഴുതാമെന്ന്. അതില്‍ പ്രണയമുണ്ടാവും, ഒപ്പം ഒരച്ഛന്റെ നീറ്റലും. വല്ലാതെ ലഃരശലേറ ആയി അയാള്‍. ഇപ്പോള്‍, എന്റെ പ്രിയപ്പെട്ട രാജേഷ് കഥ മുഴുവനും തീരും മുമ്പേ, തിയറ്ററിന്റെ പുറം വാതില്‍ തുറന്ന്, ഇരുട്ടിലേക്ക് ഇറങ്ങിപ്പോയിരിക്കുന്നു. മനോനില തെറ്റിയ ഒരു പെണ്‍കുട്ടിയും, അവളുടെ ഒരിക്കലും വരാത്ത കാമുകനും, അവളെ നെഞ്ചോട് ചേര്‍ത്ത് പിടിച്ച് ഉള്ളം കലങ്ങി നിന്ന ഒരച്ഛനും എന്റെ മുമ്പില്‍ ബാക്കിയാവുന്നു. ഇതുപോലെ എത്ര കഥാപാത്രങ്ങളും, പൂര്‍ത്തിയാവാത്ത എത്ര കഥകളും സിനിമകളും ഇവിടെ ഉപേക്ഷിച്ചുകൊണ്ടാണ് നീ യാത്രയാവുന്നത്. എനിക്കിപ്പോള്‍ തോന്നുന്ന നഷ്ടബോധവും, ദേഷ്യവും, ദു:ഖവും ഒരോ മലയാള സിനിമാപ്രേക്ഷകനും അനുഭവിക്കുന്നുണ്ട്. പ്രിയ രാജേഷ്, ഞങ്ങളനുഭവിക്കുന്ന ഈ നഷ്ടബോധമാണ്, നിന്റെ പ്രതിഭയുടെ ബക്കിപത്രം. അളവറ്റ സ്നേഹത്തോടെ ഞങ്ങള്‍ നിന്നെ യാത്രയാക്കുന്നു.''
 

 

രാജേഷ്..ഉറങ്ങിക്കോളൂ..അത്രത്തോളം അധ്വാനിച്ചിട്ടുണ്ട് സിനിമയ്ക്ക് വേണ്ടി നിങ്ങള്‍. എല്ലാ കൈക്കുറ്റപ്പാടുകളും തീര്‍ത്ത്,വിറയ...

Posted by Manju Warrier on Saturday, February 27, 2016

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top