31 March Friday

സന്ദര്‍ശകരുടെ എണ്ണത്തിലും വരുമാനത്തിലും ഒന്നാമത് ; താജ് മഹല്‍ ഇന്ത്യയുടെ സംസ്‌ക്കാരമല്ല എന്ന സംഘപരിവാര്‍ വാദത്തിന്റെ മുനയൊടിക്കുന്നത് ചരിത്രം

അശ്വതി അശോക്‌Updated: Saturday Oct 21, 2017

ലോകാത്ഭുതങ്ങളില്‍ ഒന്നായ താജ്‌ മഹലിനെതിരായ വിദ്വേഷപ്രചരണം ബിജെപിയും സംഘപരിവാറും ശക്തമാക്കുമ്പോഴും ഇന്ത്യയില്‍ വിനോദസഞ്ചാരികള്‍ക്ക്  ഏറ്റവും പ്രിയപ്പെട്ട ചരിത്ര സ്മാരകമായി താജ് മഹല്‍ നിലനില്‍ക്കുന്നു. 2015 ല്‍ ഇന്ത്യയില്‍  ഏറ്റവും കൂടുതല്‍ വിദേശ വിനോദസഞ്ചാരികള്‍ സന്ദര്‍ശിച്ച ചരിത്രസ്മാരകങ്ങളില്‍ ഒന്നാം സ്ഥാനത്താണ് താജ് മഹലിന്റെ സ്ഥാനം. 21.23 കോടി രൂപ നേടി വരുമാനത്തിലും ഒന്നാമതാണ് എന്നാണ് വിനോദസഞ്ചാര വകുപ്പിന്റെയും ആര്‍ക്കിയോളജിക്കല്‍ വകുപ്പിന്റെയും  കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇന്നലെ നടന്നത് ഇന്നിന്റെ ചരിത്രമാകുമ്പോള്‍ താജ്  മഹല്‍ എന്നത് ഇന്ത്യയുടെ സംസ്ക്കാരമല്ല എന്ന് പറയുന്നതിന്റെ അര്‍ഥശൂന്യത മനസിലാക്കാന്‍ വലിയ ചിന്താശേഷി ഒന്നുമാവശ്യമില്ലെന്നും അശ്വതി അശോക്‌ ചൂണ്ടിക്കാട്ടുന്നു.

അശ്വതി അശോകിന്റെ ഫേസ്‌ ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം:

താജ് മഹൽ (480008), ആഗ്ര ഫോർട്ട് (343776), കുത്തബ് മിനാർ (297840), ഫത്തേപ്പൂർ സിക്രി (229374), ഹുമയൂൺ റ്റോം (203501), ചെങ്കോട്ട (127426)

2015ൽ ഏറ്റവും കൂടുതൽ വിദേശ വിനോദസഞ്ചാരികൾ സന്ദർശിച്ച ചരിത്രസ്മാരകങ്ങളുടെ പേരുകളാണ്. ഈ കണക്ക് പ്രസിദ്ധീകരിച്ചിരിക്കുന്നത് വഖഫ് ബോർഡിന്റെ വെബ്‌സൈറ്റിലല്ല. ഇന്ത്യൻ വിനോദസഞ്ചാര വകുപ്പിന്റെ ഔദ്യോഗിക രേഖയിലാണ്. തദ്ദേശീയ വിനോദസഞ്ചാരികളുടെ അളവെടുത്താലും ഈ പേരുകൾക്ക് കാര്യമായ വ്യത്യാസമില്ല. സ്ഥാനങ്ങളിൽ അങ്ങോട്ടുമിങ്ങോട്ടും ചില മാറ്റങ്ങൾ മാത്രം.
ആഗ്ര ഫോർട്ട് (4713250), താജ് മഹൽ (4146313), കുത്തബ് മിനാർ (3316095), ചെങ്കോട്ട (2930107) എന്നിങ്ങനെ.

ഇനി ടൂറിസത്തിൽ നിന്നുള്ള വരുമാനം പരിശോധിച്ചാലും മുന്നിൽ നിൽക്കുന്നത് ഈ ചരിത്രസ്മാരകങ്ങൾ തന്നെ.

താജ് മഹൽ - 21.23 കോടി രൂപ

ആഗ്ര ഫോർട്ട് – 10.6 കോടി രൂപ

കുത്തബ് മിനാർ - 10.3 കോടി രൂപ

ഹുമയൂൺ റ്റോംബ് – 6.4 കോടി രൂപ

ഫത്തേപ്പൂർ സിക്രി – 6.3 കോടി രൂപ

ചെങ്കോട്ട – 6 കോടി രൂപ

അതായത് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കീഴിലുള്ള 116 ചരിത്രസ്മാരകങ്ങളുടെ വരുമാനത്തിൽ 65 ശതമാനവും ലഭിക്കുന്നത് ഈ ആറെണ്ണത്തിൽ നിന്നാണെന്ന് (2014-15 ഡേറ്റ).

രാജ്യത്തെത്തുന്ന വിദേശടൂറിസ്റ്റുകളെല്ലാവരും മുസ്ലീംമതവിശ്വാസികളല്ല. 74 ശതമാനം ഹിന്ദുക്കളും 14 ശതമാനം മുസ്ലീങ്ങളും ഉള്ള ഒരു രാജ്യത്ത് ചരിത്രത്തിന്റെ ഈ തിരുശേഷിപ്പുകൾ കാണാനെത്തുന്ന തദ്ദേശീയ വിനോദസഞ്ചാരികളിൽ ഭൂരിപക്ഷവും മുസ്ലീങ്ങളാകാനും തരമില്ല.
അതായത് മുഗൾവംശത്തിന്റെ ചരിത്രത്തെ മതവ്യത്യാസങ്ങളില്ലാതെ വിദേശീയരും തദ്ദേശീയരുമൊക്കെ അംഗീകരിച്ചിട്ടുണ്ടെന്ന് വ്യക്തം. ഇന്ത്യയുടെ ചരിത്രം എഴുതിയവരെല്ലാം മുസ്ലീംമതവിശ്വാസികളല്ല. മുഗൾവംശത്തോടോ, അവരുടെ ഭരണകാലത്തോടോ പ്രത്യേകിച്ച് മമതയുള്ളവരുമല്ല. രാജഭരണങ്ങളും, സമ്പത്തിനും അധികാരത്തിനും വേണ്ടി അവർ പരസ്പരം നടത്തിയ യുദ്ധങ്ങളും കിടമത്സരങ്ങളും സാധാരണക്കാർക്ക് ശ്രേഷ്ഠമായതൊന്നും വാഗ്ദാനം ചെയ്തിട്ടില്ലെന്ന് കരുതുന്നവർ തന്നെയാണ് നമ്മുടെ പ്രധാന ചരിത്രകാരന്മാർ. പക്ഷേ, ചരിത്രമെന്നത് വസ്തുതകളും തെളിവുകളുമാണ് എന്ന് തിരിച്ചറിയുന്നു എന്നിടത്താണ് ഇർഫാൻ ഹബീബും, റോമില ഥാപ്പറുമൊക്കെ കെട്ടുകഥകളെ ചരിത്രസത്യങ്ങളായി സ്ഥാപിക്കുന്ന നാഗേഷ് ഓക്കിനെപ്പോലെയുള്ള വർഗീയവാദികളിൽ നിന്ന് വ്യത്യസ്തരാകുന്നത്.

 “The jewel of Muslim art in India and one of the universally admired masterpieces of the world's heritage” എന്ന് യുനസ്ക്കോ വിശേഷിപ്പിച്ച താജ്‌മഹലാണ് ഉത്തർപ്രദേശ് സർക്കാർ തയ്യാറാക്കിയ ടൂറിസം ബ്രോഷറിൽ നിന്ന് അടുത്തിടെ പുറത്തായത്. “കാലത്തിന്റെ കവിൾത്തടത്തിൽ ഏകയായി നിൽക്കുന്ന കണ്ണുനീർത്തുള്ളി”യെന്ന് താജ്‌മഹലിനെ വർണിച്ചത് ടാഗോറാണ്. ദേശീയത ഉല്പാദിപ്പിക്കാൻ വേണ്ടി സിനിമാ തീയേറ്ററുകളിൽ വരെ നിർബന്ധമാക്കിയ നമ്മുടെ ദേശീയഗാനത്തിന്റെ രചയിതാവ്.  World Travel and Tourism Councilന്റെ കണക്ക് പ്രകാരം പ്രത്യക്ഷമായും പരോക്ഷമായും ജി.ഡി.പിക്ക് 9.6%വും മൊത്തം തൊഴിലിന് 9.3 ശതമാനവും സംഭാവന ചെയ്യുന്നതാണ് നമ്മുടെ രാജ്യത്തിന്റെ ടൂറിസം മേഖല. ചരിത്രം മാറ്റിയെഴുതാനുള്ള ഭരണകൂടത്തിന്റെ തിരക്കിൽ ഇല്ലാതാകുന്നത് ഈ സ്മാരകങ്ങളെയൊക്കെ ആശ്രയിച്ച് മുന്നോട്ടുപോകുന്ന കുറേ ജീവനുകൾ കൂടിയാണ്. നോട്ടുനിരോധനവും, ബീഫ് നിരോധനവും, ജി.എസ്.ടി.യുമെല്ലാം തകർത്തെറിഞ്ഞ കുറെ ജീവിതങ്ങൾ അതിജീവനത്തിനായുള്ള പോരാട്ടത്തിലാണ്. 2011നെ അപേക്ഷിച്ച് 2015ൽ 85% തൊഴിൽ ഉല്പാദനം ഇടിഞ്ഞ ഒരു ഭരണത്തിൻ കീഴിൽ “അച്ഛാദിൻ” ഒന്നും പ്രതീക്ഷിക്കണ്ട. പക്ഷേ നിലനില്പുകളെ തല്ലിത്തകർക്കാതിരുന്നാൽ മതി.

33 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള നമ്മുടെ രാജ്യത്തിന്റെ ചരിത്രം മുഗളന്മാരും, മൗര്യന്മാരും, ഗുപ്തന്മാരും, സുൽത്താന്മാരുമടക്കമുള്ള വലിയ സാമ്രാജ്യങ്ങളുടെയും, നമ്മുടെ കൊച്ചു കൊച്ചിയും, തിരുവിതാംകൂറുമടക്കമുള്ള നാട്ടുരാജ്യങ്ങളുടെയും കൂടെ ചരിത്രമാണ്. അവരുടെ പടയോട്ടങ്ങളുടെയും, വെട്ടിപ്പിടിക്കലിന്റെയും കഥകളാണ്. സാമ്രാജ്യം വെട്ടിപ്പിടിക്കാൻ നടത്തപ്പെട്ട പോരാട്ടങ്ങളിൽ കൊന്നൊടുക്കിയവരുടെയും, ചത്തൊടുങ്ങിയവരുടെയും കൂടെ ചരിത്രമാണ്. കെട്ടിപ്പൊക്കിയ കൊട്ടാരങ്ങൾക്കും, കോട്ടകൾക്കും, സ്മാരകങ്ങൾക്കും വേണ്ടി വിയർപ്പൊഴുക്കിയ, പാതിവഴിയിൽ തളർന്നുവീണ പതിനായിരക്കണക്കിന് അടിമകളുടെയും, തൊഴിലാളികളുടെയും ചരിത്രമാണ്.  ഇവയെയൊക്കെയാണ് തിരുത്തിയെഴുതാൻ ഒരു കൂട്ടർ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. ഇന്നലെ നടന്നത് ഇന്നിന്റെ ചരിത്രമാകുമ്പോൾ താജ് മഹൽ എന്നത് ഇന്ത്യയുടെ സംസ്ക്കാരമല്ല എന്ന് പറയുന്നതിന്റെ അർഥശൂന്യത മനസിലാക്കാൻ വലിയ ചിന്താശേഷി ഒന്നുമാവശ്യമില്ല.

സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്കു ശേഷം ലെനിന്റെ പ്രതിമകളടക്കമുള്ള കമ്യൂണിസ്റ്റ് സ്മാരകങ്ങൾ തച്ചുടച്ചവരും ലക്ഷ്യം വെച്ചത് ചരിത്രത്തെ ഇല്ലാതാക്കാനാണ്. കമ്യൂണിസത്തെ ഓർമയിൽ നിന്ന് മായ്ച്ചുകളയാനാണ്. തകർക്കപ്പെട്ട പ്രതിമകളും, അവ തകർക്കപ്പെട്ടുവെന്ന ചരിത്രവും നാളെയുടെ തലമുറകളെ ആവേശം കൊള്ളിക്കുമെന്നവരോർത്തില്ല. നിർമിക്കാൻ സാധിക്കുന്നതോ ഇല്ലാതാക്കൻ കഴിയുന്നതോ അല്ല ചരിത്രമെന്ന് അവർ തിരിച്ചറിഞ്ഞില്ല. മണ്ണടരുകളിലും വാമൊഴികളിലും, ആരാധാനാലയങ്ങളുടെ നിലവറകളിലുമൊക്കെയായി അതങ്ങനെ അടയാളപ്പെട്ടു കിടക്കും. വിഭജനവും, കൂട്ടപ്പലായനങ്ങളും, ബാബ്റി മസ്ജിദിനെ തകർത്തതും, ഗുജറാത്തിലെ കൂട്ടക്കുരുതിയും, മുസാഫർ നഗറുമൊക്കെ ഇന്ത്യയുടെ ചരിത്രങ്ങൾ തന്നെയാണ്. ഇന്ത്യക്കാർ ഓർമിക്കാനാഗ്രഹിക്കാത്ത, മായ്ച്ചുകളയണമെന്നാഗ്രഹിച്ചാലും സാധിക്കാതെ ഒട്ടിപ്പിടിച്ചിരിക്കുന്ന ചരിത്രം.

ഓൾഡ് ഡെൽഹിയിലെ ജുമാമസ്ജിദും അതിനോ
ടനുബന്ധിച്ചുള്ള ജീവിതങ്ങളും, തഞ്ചാവൂരിലെ ക്ഷേത്രങ്ങളുടെ കൊത്തുപണികളുടെ വശ്യതയും, സുവർണക്ഷേത്രത്തിന്റെ പ്രൗഢിയും, ഗോവയിലെ സെ കത്തീഡ്രലിന്റെ ചരിത്രവുമെല്ലാം ഒരുപോലെ നോക്കിക്കാണുന്ന, ആസ്വദിക്കുന്ന ഒരു ജനതയ്ക്കിടയിലേക്കാണ് തങ്ങൾ നെയ്തുകൂട്ടുന്ന കുറേ ഭാവനകളുമായി ആർ.എസ്.എസുകാർ കടന്നുവന്നിരിക്കുന്നത്. ജാഗരൂകരായേ പറ്റൂ. താജ്‌മഹൽ തേജോമഹാലയമാകുന്നതും രാമൻ ചരിത്രപുരുഷനാകുന്നതും, രാമജന്മഭൂമി ചരിത്രസ്ഥാനമാകുന്നതും, പുഷ്പകവിമാനം ശാസ്ത്രനേട്ടമാകുന്നതും നമ്മുടെ കണ്മുൻപിലാണ്. മിത്തും യാഥാർഥ്യവും വേർതിരിച്ചറിയാനുള്ള അടിസ്ഥാനബോധ്യം അവർക്ക് ഇല്ലായെന്ന് അപഹസിച്ചുകൊണ്ട് ആശ്വാസം കൊള്ളാമെങ്കിലും, വർഗീയതയുടെ മേൽ അവർ കെട്ടിപ്പൊക്കുന്ന ചരിത്രവും സംസ്ക്കാരവും നമ്മുടെ നാടിന്റെ സമാധാനം നശിപ്പിക്കാൻ കഴിയുന്നത്ര കടുത്ത വിഷമാണെന്ന് തിരിച്ചറിയേണ്ടതുണ്ട്. 1992 ഡിസംബർ 6ന് ആർത്തല

ച്ചുവന്ന ഒരു ഭ്രാന്തൻ ജനക്കൂട്ടം തെളിയിച്ചതും അതു തന്നെയാണ്.

നമ്മൾ കരുതിയിരിക്കണം. പ്രതിരോധിക്കണം. വെറുപ്പിന്റെയും, പകയുടെയും, ഒറ്റുകൊടുക്കലിന്റെയും മാത്രം ചരിത്രമുള്ളവരാണ്… ചരിത്രബോധമില്ലാത്തവരാണ്…


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top