04 June Sunday

പൊറോട്ടയടിയും കേശവൻ മാമനും ന്യൂയോർക്ക് നിയമവും

ദീപക് രാജുUpdated: Tuesday Apr 21, 2020

''നമ്മൾ ജീവിച്ചിട്ടില്ലാത്ത ജീവിതങ്ങളെല്ലാം നമുക്ക് കെട്ടുകഥകളാണ്'' എന്ന് ബെന്യാമിൻ പറഞ്ഞതുപോലെ, നമ്മൾ പണി ചെയ്യാത്ത ടെക്ക്‌നിക്കൽ ഫീൽഡുകളിൽ എല്ലാം നമ്മൾ പൊട്ടൻഷ്യൽ കേശവൻമാമന്മാരാണ്. ആരോഗ്യം, കോസ്‌മോളജി, തുടങ്ങിയ രംഗത്ത് പ്രവർത്തിച്ചിരുന്ന കേശവൻ മാമന്മാർ ഇപ്പോൾ ''ന്യൂയോർക്കിൽ പോയി കേസ് നടത്തണം'' എന്ന് പറഞ്ഞ് നിയമരംഗത്തേയ്ക്ക് ഇറങ്ങിയതുകൊണ്ട്, ആ വിഷയത്തിൽ ഒന്ന് കൂടി വ്യക്തത വരുത്താം എന്ന് കരുതി. അൽപം നീണ്ട പോസ്റ്റാണ്, പക്ഷേ വായിച്ചാൽ കാര്യങ്ങൾ വ്യക്തമാകും എന്നാണ് പ്രതീക്ഷ.

ഞാൻ പൊറോട്ട അടിച്ച് വിൽക്കുന്ന ഒരു സ്ഥാപനം ന്യൂയോർക്കിൽ തുടങ്ങി എന്ന് കരുതുക. കേരളത്തിൽ ഇരിക്കുന്ന ഒരു കമ്പനിക്ക് (അല്ലെങ്കിൽ ഒരു കേരള സർക്കാർ സ്ഥാപനത്തിന്) പൊറോട്ട കയറ്റി അയക്കുന്ന ഒരു കരാർ ഒപ്പിട്ടു എന്നും അതിൽ 'ഈ കരാർ സംബന്ധിക്കുന്ന തർക്കങ്ങൾ ന്യൂയോർക്കിലെ കോടതികളുടെ ജ്യൂറിസ്ഡിക്ഷന് വിധേയമായിരിക്കും, ഈ കരാറിന്റെ ഗവേണിങ് ലോ ന്യൂയോർക്ക് നിയമമാണ്' എന്നൊരു ക്‌ളോസ് വച്ചു എന്നും കരുതുക.

1. എന്റെ പൊറോട്ട തിന്ന ആരെങ്കിലും തട്ടിപ്പോയാൽ അവരുടെ കുടുംബം ന്യൂയോർക്കിൽ വന്ന് കേസ് നടത്തണോ?

വേണ്ട. എന്റെ പൊറോട്ട കഴിക്കുന്നവർ കരാർ കക്ഷികളല്ല. അവർ എനിക്കെതിരെ കേസ് കൊടുക്കുന്നത് കരാർ ലംഘിച്ചു എന്ന അടിസ്ഥാനത്തിലല്ല. ഗുണമേന്മ ഇല്ലാത്ത ഭക്ഷ്യ വസ്തുക്കൾ വിപണിയിൽ എത്തിച്ച് അതുവഴി ഒരാളുടെ ജീവൻ അപകടത്തിലാക്കുന്ന വിദേശ കമ്പനിക്കെതിരെ ഇന്ത്യൻ നിയമപ്രകാരം എന്തൊക്കെ നടപടികൾ സ്വീകരിക്കാമോ അതൊക്കെ ഇന്ത്യയിൽ തന്നെ സ്വീകരിക്കാം.

ഇൻ അദർ വേർഡ്‌സ്, ഡേറ്റ എങ്ങാനും ലീക്ക് ആയാൽ അതുമൂലം നഷ്ടം സംഭവിക്കുന്ന പൗരന്മാർക്ക് കേരളത്തിൽ നിയമനടപടി സ്വീകരിക്കുന്നതിന് തടസമില്ല.

2. അപ്പോൾ എന്ത് കേസാണ് ന്യൂയോർക്കിൽ നടത്തേണ്ടത്?

കരാർ ലംഘനം ആരോപിക്കുന്ന കേസുകളാണ് ന്യൂയോർക്കിൽ വരേണ്ടത്. അത്തരം ഒരു കേസ് കൊണ്ടുവരാൻ കഴിയുന്നത് കരാർ കക്ഷികൾക്കാണ്. ഞാൻ സപ്ലൈ ചെയ്ത പൊറോട്ട മോശമായിരുന്നു എങ്കിൽ അതിന്റെ പേരിൽ കേരളത്തിലെ കരാർ കക്ഷിക്ക് എനിക്കെതിരെ കരാർ ലംഘനം ആരോപിച്ച് കേസ് കൊണ്ടുവരാം. എന്റെ പൊറോട്ട കഴിച്ച ആളുകൾ മരിച്ചു എന്നതും ആ കേസിൽ തെളിവാകും. അതേ സംഭവത്തിന്റെ പേരിൽ സ്വകാര്യ വ്യക്തികൾ എനിക്കെതിരെ കേരളത്തിൽ കേസ് നടത്തുന്നു എന്നത് അതിനൊരു തടസമല്ല.

അതായത്, ഡേറ്റ ചോർന്നാൽ, കേരള സർക്കാരിന് കരാർ ലംഘനം ആരോപിച്ച് അമേരിക്കയിൽ കേസ് നടത്താം. സമാന്തരമായി എന്തെങ്കിലും നഷ്ടം അനുഭവിച്ച സ്വകാര്യ വ്യക്തികൾക്ക് കേരളത്തിലും നടപടികൾ സ്വീകരിക്കാം.

3. എന്തുകൊണ്ട് ന്യൂയോർക്ക് കോടതി?

അന്താരാഷ്ട്ര കരാറുകളിൽ ഒരു തർക്കം ഉണ്ടായാൽ അത് എവിടെ പരിഹരിക്കണം എന്ന് പറയുന്ന 'ജ്യൂറിസ്ഡിക്ഷൻ ക്‌ളോസുകൾ' സർവസാധാരണമാണ്. അത് രണ്ടിൽ ഒരു കക്ഷിയുടെ രാജ്യത്തെ കോടതിയാകാം, രണ്ടുമല്ലാതെ മൂന്നാമതൊരു രാജ്യത്തെ കോടതിയാകാം, ആർബിട്രേഷൻ ആകാം. ലോകത്ത് മുൻപന്തിയിൽ നിൽക്കുന്ന ഒരു വ്യവസായ നഗരം എന്ന നിലയിൽ അന്താരാഷ്ട്ര വ്യാവസായിക കരാറുകൾ കൈകാര്യം ചെയ്യുന്നതിൽ ന്യൂയോർക്ക് കോടതികൾ അനുഭവസ്ഥരാണ്. അതുകൊണ്ടു തന്നെ, ലണ്ടൻ, സിംഗപ്പൂർ, ഹോങ് കോങ്ങ് ഒക്കെ പോലെ അന്താരാഷ്ട്ര കരാറുകളിൽ സാധാരണമായ ഒരു ജ്യൂറിസ്ഡിക്ഷൻ ചോയിസ് ആണ് ന്യൂ യോർക്ക്.

എൻറെ പൊറോട്ടയടി കമ്പനിക്ക് ന്യൂ യോർക്ക് താത്പര്യമാണ്. കാരണം, ഞാൻ ന്യൂയോർക്കിലാണ്. ഒരു തർക്കം ഉണ്ടായാൽ ഇന്ത്യൻ കോടതികളുടെ കാലതാമസം ഇല്ലാതെ വളരെ വേഗം കേസ് തീരുകയും ചെയ്യും.

പൊറോട്ട വാങ്ങുന്ന ഇന്ത്യൻ കമ്പനിയെ സംബന്ധിച്ചിടത്തോളം ന്യൂ യോർക്കിൽ ഒരു കേസ് നടത്തുക എന്ന് പറയുന്നത് അൽപം ചിലവുള്ള കാര്യമാണ്. ന്യൂ യോർക്കിൽ ഒരു വക്കീലിനെ വയ്ക്കേണ്ടി വരും (ഇന്ത്യയിലെ പല സീനിയർ അഭിഭാഷകരെക്കാളും ഫീസ് കുറവാണെങ്കിലും).

എന്നാൽ, ഇതിനൊരു മറുവശം ഉണ്ട്. ഞാൻ മര്യാദക്കാരനാണ് എന്നാണ് കരാറിൽ ഏർപ്പെടുമ്പോൾ ഇന്ത്യൻ കക്ഷി വിചാരിക്കുന്നത്. എന്നാൽ, ഞാൻ മര്യാദക്കാരനല്ലാതെ വരുന്ന സാഹചര്യത്തിൽ ആണല്ലോ കേസ് നടത്തേണ്ടി വരുന്നത്. അപ്പോൾ കോടതി വിധി വന്നിട്ടും ഞാൻ അനുസരിച്ചില്ലെങ്കിലോ?

ഇന്ത്യൻ കോടതിയാണ് വിധിക്കുന്നതെങ്കിൽ, അൽപം പ്രശ്‌നമാണ്. കാരണം, എന്റെ കമ്പനിയുടെ സ്വത്തുക്കൾ പിടിച്ചെടുത്ത് വിധി നടപ്പാക്കാൻ ഇന്ത്യയിൽ കമ്പനിക്ക് സ്വത്തുക്കൾ ഇല്ലല്ലോ. അപ്പോൾ ഇന്ത്യയിലെ വിധിയുമായി എനിക്ക് സ്വത്തുക്കൾ ഉള്ള ന്യൂയോർക്ക് കോടതിയിൽ വരണം. അവിടെ 'എൻഫോഴ്‌സ്‌മെന്റിന്' അപേക്ഷിക്കണം. ആ കേസിൽ അപ്പീലുകൾ ഉണ്ടായാൽ അത് നേരിടണം. അതായത് ഇന്ത്യയിൽ കേസ് നടത്താനുള്ള കാലതാമസവും ചിലവും എല്ലാം കഴിഞ്ഞ് ന്യൂയോർക്കിൽ കേസ് നടത്തണം.

ന്യൂ യോർക്ക് കോടതിയിലാണ് ആദ്യമേ കേസ് നടത്തുന്നതെങ്കിൽ വിധിയിൽ പറയുന്ന തുക ഞാൻ തരുന്നില്ലെങ്കിൽ കമ്പനിയുടെ സ്വത്തുക്കൾ പിടിച്ചെടുക്കുന്നതിലേയ്ക്ക് കാലതാമസമില്ലാതെ നടപടികൾ ആരംഭിക്കാം.

ഈ ഗുണങ്ങളെല്ലാം ഉള്ളതുകൊണ്ട് ന്യൂയോർക്ക് കോടതി നിർബന്ധമായും തിരഞ്ഞെടുക്കണം എന്നോ, തിരഞ്ഞെടുക്കാത്തവർ മണ്ടന്മാരാണെന്നോ അല്ല പറയുന്നത്. ന്യൂയോർക്ക് തിരഞ്ഞെടുത്താൽ ചില ഗുണങ്ങൾ ഉണ്ടെന്ന് മാത്രം.

4. എന്താണ് ന്യൂയോർക്ക് നിയമത്തിന്റെ റോൾ?

കരാറിന്റെ 'ഗവേണിങ്' ലോ ആയി ന്യൂയോർക്ക് നിയമം തിരഞ്ഞെടുത്തതിനാൽ കരാറിന്റെ സാധുതയും കരാർ ലംഘനത്തിനുള്ള പ്രതിവിധികളും ന്യൂയോർക്ക് നിയമം അനുസരിച്ചായിരിക്കും. ഉദാഹരണത്തിന് ഞാൻ കേരളത്തിലെ കമ്പനിയെ പറ്റിച്ചാണ് കരാറിൽ ഏർപ്പെട്ടത് എങ്കിൽ അത് ന്യൂയോർക്ക് നിയമപ്രകാരം 'ഫ്രോഡ്' ആണ് എന്നും ഫ്രോഡ് കരാറിനെ അസാധുവാക്കും എന്നും കേരള കക്ഷി ന്യൂയോർക്കിൽ വാദിക്കും. ഇന്ത്യയും ന്യൂയോർക്കും 'കോമൺ ലോ' പിന്തുടരുന്ന നിയമസംവിധാനങ്ങളാണ്. അതുകൊണ്ട്, കരാർ നിയമങ്ങൾ സമാനമാണ്.

ഏത് രാജ്യത്തെ കോടതിക്കാണോ ജ്ജ്യൂറിസ്ഡിക്ഷൻ, ആ സ്ഥലത്തെ നിയമം ഗവേണിങ് ലോ ആയി തിരഞ്ഞെടുക്കുന്നത് സർവസാധാരണമാണ്. ഇന്ത്യൻ നിയമം അനുസരിച്ച് ന്യൂയോർക്ക് കോടതി കേസ് തീർപ്പാക്കുക എന്നത് അസംഭവ്യം അല്ലെങ്കിലും ബുദ്ധിമുട്ടുള്ള കാര്യമാണ്.

അതേ സമയം, പൊറോട്ട കേരളത്തിലെ ഒരു ഗോഡൗണിൽ സൂക്ഷിച്ചിട്ട് കുറെ കഴിഞ്ഞാണ് ഞാൻ കേരളത്തിലെ കക്ഷിക്ക് കൈമാറുന്നതെങ്കിൽ, ഭക്ഷ്യ വസ്തുക്കൾ സൂക്ഷിക്കുന്ന ഒരു ഗോഡൗൺ നടത്തുന്നത്, അവിടെ ജോലി ചെയ്യുന്നവർക്ക് ശമ്പളം കൊടുക്കുന്നത് തുടങ്ങിയ കാര്യങ്ങളിൽ കേരളത്തിൽ എന്തെല്ലാം നിയമം ഉണ്ടോ അതൊക്കെ ഞാൻ പാലിക്കേണ്ടതുണ്ട്. അവിടെ ന്യൂയോർക്കിലെ കാര്യം പറഞ്ഞ് ഒഴിവാകാൻ ആവില്ല.

5. അപ്പോൾ ഡേറ്റ?

ഡേറ്റാ സംരക്ഷണത്തിന് ഇന്ത്യയിൽ ഇപ്പോൾ ഒരു നിയമം ഇല്ല. അതുകൊണ്ട്, ഇന്ത്യയിൽ സൂക്ഷിക്കുന്ന ഡേറ്റ സംരക്ഷിക്കപ്പെടുന്നത് കരാർ വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ്.

ന്യൂയോർക്കിൽ ഡേറ്റ സംരക്ഷണത്തിന് നിയമം ഉണ്ട്. പക്ഷെ, അത് അമേരിക്കയിൽ ശേഖരിക്കുകയോ സൂക്ഷിക്കുകയോ ചെയ്യുന്ന ഡേറ്റക്ക് ഉള്ളതാണ്. അതുകൊണ്ട്, ഡേറ്റ ചോർന്നാൽ ന്യൂയോർക്കിലെ നിയമം ലംഘിച്ചു എന്നല്ല, കരാർ വ്യവസ്ഥകൾ ലംഘിച്ചു എന്നാണ് കേസ്.

അപ്പോൾ കേസ് ന്യൂയോർക്ക് കോടതിയിൽ ആയതുകൊണ്ട് ഗുണം ഉണ്ടോ? പൊറോട്ടക്ക് ഉപ്പ് കുറഞ്ഞുപോയി എന്ന കേസ് പൊറോട്ട തിന്നിട്ടുള്ള ജഡ്ജിന്റെ മുന്നിൽ വരുന്നതാണോ പൊറോട്ട കണ്ടിട്ട് പോലും ഇല്ലാത്ത ജഡ്ജിന്റെ മുന്നിൽ വരുന്നതാണോ നല്ലത്? ഡേറ്റാ പ്രൊട്ടക്ഷൻ എന്ന ഏരിയയിൽ ന്യൂ യോർക്ക് കോടതികൾക്ക് ഉള്ള പരിചയം ഡേറ്റ സംരക്ഷണത്തിനുള്ള കരാർ വ്യവസ്ഥകളെ സംബന്ധിക്കുന്ന കേസിൽ ഗുണകരമാണ്.

6. അമേരിക്കൻ പ്രെസിഡന്റ് ഒപ്പ് വയ്ക്കണ്ടേ?

ഇന്നലെ ഏഷ്യാനെറ്റിലെ ചർച്ചയിൽ ശ്രീ വി.ഡി. സതീശൻ പറയുന്നത് കേട്ടു കരാറിന് സാധുത ഉണ്ടാകാൻ അമേരിക്കയുടെ സെക്രട്ടറി ഓഫ് സ്റ്റേറ്റും (വിദേശകാര്യ മന്ത്രി) ഇന്ത്യൻ എംബസിയും പിന്നെ വേറെ ചിലരും ഒപ്പ് വയ്ക്കണമെന്ന്. ആദ്യം പറഞ്ഞതുപോലെ ഇതൊരു കേശവൻ മാമൻ സിദ്ധാന്തമാണ്.

ഞാനൊരു ന്യൂയോർക്ക് വക്കീൽ അല്ല. പക്ഷെ, ന്യൂയോർക്ക് ജ്യൂറിസ്ഡിക്ഷൻ ഉള്ള അനേകം കരാറുകൾ, വിദേശ കക്ഷികളുമായി ഉള്ളവ ഉൾപ്പടെ, കണ്ടിട്ടുണ്ട്. അവയിലൊന്നും അമേരിക്കൻ വിദേശകാര്യ മന്ത്രിയും മറ്റും ഒപ്പിട്ടിട്ടില്ല. ന്യൂയോർക്ക് വക്കീലന്മാരായ സുഹൃത്തുക്കളോട് ചോദിച്ചിട്ട് അവർക്കും ഇങ്ങനെ ഒന്ന് അറിയില്ല. തിയറി ശരിയാണെങ്കിൽ നമ്മളൊക്കെ ഫേസ്ബുക്കിൽ അക്കൗണ്ട് തുറക്കുമ്പോൾ 'ഐ എഗ്രീ' എന്ന് ക്ലിക്ക് ചെയ്യുമ്പോൾ കൂടെ ക്ലിക്ക് ചെയ്യാൻ അമേരിക്കൻ സെക്രട്ടറി ഓഫ് സ്റ്റേറ്റും ഇന്ത്യൻ അംബാസഡറും വരണ്ടേ? കുറഞ്ഞ പക്ഷം ഇന്ത്യൻ സർക്കാരിന്റെയും കേരള സർക്കാരിന്റെയും ഔദ്യോഗിക ഫേസ്ബുക്ക്, ട്വിറ്റർ അക്കൗണ്ടുകൾക്ക് എങ്കിലും അങ്ങനെ വേണ്ടേ?

ന്യൂയോർക്ക് നിയമം കരാർ ഉണ്ടാക്കാനുള്ള എഴുത്തുകുത്തുകളെക്കുറിച്ച് ആകെ പറയുന്നത് കരാറിന് രേഖാമൂലമായ എന്തെങ്കിലും തെളിവ് വേണം എന്നാണ്. അതായത്, കക്ഷികൾ എഴുതി ഒപ്പിട്ട കരാറുണ്ടോ, അത് മതി.

പിന്നെ, അമേരിക്കൻ സർക്കാർ വിദേശ രാജ്യങ്ങളുമായോ വിദേശ കമ്പനികളുമായോ ഒപ്പിടുന്ന കരാറുകൾക്ക് പ്രത്യേക നടപടി ക്രമങ്ങൾ ഉണ്ട്. അമേരിക്ക ഉപരോധത്തിൽ ആക്കിയിരിക്കുന്ന ആളുകളുമായോ കമ്പനികളുമായോ അമേരിക്കൻ കമ്പനികൾ കരാർ ഒപ്പിടുമ്പോൾ പാലിക്കേണ്ട ചില പ്രത്യേക നടപടി ക്രമങ്ങൾ ഉണ്ട്. ഇവ രണ്ടും എവിടെയോ വായിച്ചത് ഒരു അവിയൽ പരുവത്തിൽ ആക്കിയതാണ് ശ്രീ സതീശൻ ഇന്നലെ പറഞ്ഞത് എന്ന് തോന്നുന്നു.

ഞാനറിയാതെ വിഡി സതീശൻ ന്യൂയോർക്ക് ബാർ എഴുതിയെടുക്കുകയും, ഞാനറിയാതെ ന്യൂയോർക്ക് ഇങ്ങനെ ഒരു നിയമം കൊണ്ടുവരികയും ചെയ്‌തെങ്കിൽ ആ നിയമം അദ്ദേഹം നമ്മളെ കാണിക്കും എന്ന് പ്രതീക്ഷിക്കുന്നു. ഇല്ലെങ്കിൽ ദയവായി കേശവൻ മാമൻ കളി നിർത്തണം.

  ജനീവയിൽ അന്താരാഷ്‌ട്ര നിയമം പ്രാക്‌ടീസ് ചെയ്യുയാണ് ലേഖകൻ


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top