29 May Monday

മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് മതനിരപേക്ഷതയുടെ സ്‌കാനിംഗ് രേഖ- മുഹമ്മദ് റിയാസ് എഴുതുന്നു

പി എ മുഹമ്മദ് റിയാസ്Updated: Monday Mar 9, 2020

'ഇന്ത്യ വിഭജിക്കരുത്, ഇന്ത്യ വില്‍ക്കരുത് ' എന്ന മുദ്രാവാക്യമുയര്‍ത്തി സ്വാതന്ത്ര്യ സമര സേനാനി മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിന്റെ സ്മൃതി മണ്ഡപം നിലകൊള്ളുന്ന പൊറ്റശ്ശേരിയില്‍ നിന്നും അദ്ധേഹത്തിന്റെ അവസാന പ്രസംഗം കൊണ്ട് ശ്രദ്ധേയമായ കൊടിയത്തൂരിലേക്ക് പൗരത്വഭേദഗതി നിയമത്തിനെതിരെ 'SECULAR WALK' എന്ന DYFI തിരുവമ്പാടി ബ്ലോക്ക് കമ്മിറ്റിയുടെ പരിപാടിയില്‍ പങ്കുകൊണ്ടു.

DYFI ഉള്‍പ്പെടെ വ്യത്യസ്ത  സംഘടനകളും,രാഷ്ട്രീയ പ്രസ്ഥാനങ്ങളും പൗരത്വനിയമത്തിനെതിരെ വിവിധ പ്രക്ഷോഭങ്ങള്‍ രാജ്യവ്യാപകമായി സംഘടിപ്പിച്ചിട്ടുണ്ട്. പ്രക്ഷോഭങ്ങളെ ഒരു മത്സരാടിസ്ഥാനത്തില്‍ കാണുന്ന സംഘടനയല്ല ഡിവൈഎഫ്‌ഐ. ഏതെങ്കിലും പ്രത്യേക മതവിഭാഗത്തിന്റെ മാത്രം പ്രശ്‌നമല്ല ഇപ്പോളത്തെ വിഷയങ്ങള്‍ എന്നതുകൊണ്ട് തന്നെ ഒരു പ്രത്യേക മതവിഭാഗം മാത്രം  പ്രക്ഷോഭത്തില്‍ പങ്കു കൊണ്ടാല്‍ മതിയെന്ന് നിലപാടല്ല ഡിവൈഎഫ്‌ഐ
കൈക്കൊണ്ടിട്ടുള്ളത്. മതനിരപേക്ഷ മനസ്സുകളാകെ പൗരത്വ നിയമത്തിനെതിരെ കൈകോര്‍ക്കണമെന്ന അഭിപ്രായമാണ് ഡിവൈഎഫ്‌ഐക്കുള്ളത് .

എന്നാല്‍പൗരത്വ നിയമത്തിനെതിരെയുള്ള   പ്രക്ഷോഭത്തില്‍  ന്യൂനപക്ഷ മതമൗലികവാദ പ്രസ്ഥാനമായ ജമായത്ത് ഇസ്ലാമി , തീവ്രവാദ പ്രസ്ഥാനമായ SDPI  എന്നിവയുമായും അവരുമായി ബന്ധമുള്ളവരുമായ സംഘടനകളുമായും  കൈകോര്‍ക്കുന്നതിനോട്  ഡിവൈഎഫ്‌ഐക്ക്  യോജിപ്പില്ല. സംഘപരിവാറിനേപ്പോലെ മതസാമുദായിക സ്പര്‍ദ്ധ വളര്‍ത്തുന്ന പ്രവര്‍ത്തനമാണ് ജമാഅത്ത് ഇസ്ലാമിയും SDPI യും  നടത്തുന്നത്. രാജ്യത്തിന്റെ സ്വാതന്ത്ര സമര  ഘട്ടങ്ങളില്‍ DIVIDE & RULE  വിഭജിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷ് കോളനി ശക്തികളുടെ ആഗ്രഹം സാഫല്യമാക്കിയതില്‍  ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയ പ്രസ്ഥാനങ്ങള്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഇത്തരം സംഘടനകള്‍ക്കും,മതരാഷ്ട്രവാദമുയര്‍ത്തുന്ന സംഘടനകള്‍ക്കും ജന്മം കൊടുക്കുന്നതിലും അവയെ  വളര്‍ത്തുന്നതിലും ബ്രിട്ടീഷ് സാമ്രാജ്യത്വം  നിര്‍ണായക പങ്കുവഹിച്ചിരുന്നു.

ന്യൂനപക്ഷ തീവ്രവാദ മതരാഷ്ട്ര വാദികള്‍ക്ക് കണ്ണിലെ കരടായിരുന്നു മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് .വിമോചന പോരാട്ടത്തിന്റെ ഭാഗമായി 48 വര്‍ഷംക്കാലത്തെ തന്റെ  ജീവിതത്തില്‍,9 വര്‍ഷവും അദ്ദേഹം ജയിലില്‍ ആയിരുന്നു.
1945 നവംബര്‍ 23ന് അദ്ദേഹം തന്റെ ജീവിതത്തിലെ അവസാന പ്രസംഗം നടത്തിയത് കോഴിക്കോട് മുക്കത്തിനടുത്ത്  കൊടിയത്തൂരില്‍ ആയിരുന്നു.

രണ്ടര  മണിക്കൂര്‍ നീണ്ടുനിന്ന ഉജ്ജ്വലമായ  പ്രസംഗത്തിന്റെ പൊരുള്‍  മുസ്ലിം മതവിശ്വാസികള്‍  ഹിന്ദു  സഹോദരന്മാരുമായി തോളോട് തോള്‍ ചേര്‍ന്ന് ബ്രിട്ടീഷ് കോളനി ശക്തിക്കെതിരെ പോരാടണമെന്നായിരുന്നു.പ്രസംഗം കഴിഞ്ഞ് മടങ്ങുമ്പോഴാണ് അദ്ദേഹം മരണപ്പെട്ടത്. അന്ന് മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് പ്രസംഗിക്കാന്‍ വന്നപ്പോള്‍ അദ്ദേഹത്തെ 'ഗോബാക്ക്' വിളിച്ച്  മുസ്ലിം മതരാഷ്ട്രവാദികള്‍  മുന്നോട്ടുവന്നിരുന്നു എന്ന് നാം ഓര്‍ക്കേണ്ടതുണ്ട്. അന്ന് അബ്ദുറഹിമാന്‍സാഹിബിനെ ആര്‍എസ്എസിനൊപ്പം കല്ലെറിഞ്ഞ ന്യൂനപക്ഷ മതതീവ്രവാദികളും ഭീകരവാദികളും ഇന്ന് പിണറായി വിജയനേയും അദ്ദേഹത്തിന്റെ   പ്രസ്ഥാനത്തെയും കല്ലെറിയുന്നുവെന്ന  പ്രത്യേകതയും നമ്മുടെ മുമ്പിലുണ്ട്.  ഇതിനു കാരണം രണ്ടുപേരും കൈക്കൊള്ളുന്ന നിലപാട്  ഒന്നു തന്നെയാണ് എന്നുള്ളതാണ്.

സ്വാതന്ത്ര സമരത്തെ വിഭജിക്കുവാനുള്ള ശ്രമത്തെ  ചെറുത്തു തോല്‍പ്പിച്ച് മതനിരപേക്ഷത മുറുകെ പിടിച്ചു തന്റെ ജീവിതം ഒരു നാടിന്റെ ചരിത്രമാക്കി മാറ്റിയ മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിന്റെ അവസാന പ്രസംഗം നടന്ന സ്ഥലവും മരിച്ചുവീണ പ്രദേശവും സെക്കുലര്‍ വാക്കിന്റെ ആരംഭ, സമാപന കേന്ദ്രമായി തിരഞ്ഞെടുത്ത ഡിവൈഎഫ്‌ഐ തിരുവമ്പാടി ബ്ലോക്ക് കമ്മിറ്റിയുടെ തീരുമാനം മാതൃകാപരമാണ്.തൃശൂരിലും ഡിവൈഎഫ്‌ഐ യൂത്ത് മാര്‍ച്ചിന്റെ  സമാപനത്തിന് തെരഞ്ഞെടുത്ത സ്ഥലം മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിന്റെ ജന്മസ്ഥലമായ കൊടുങ്ങല്ലൂര്‍ ആയിരുന്നു എന്നതും ഏറെ ആവേശകരമാണ്.

അബ്ദുറഹിമാന്‍ സാഹിബിന്റെ യുവത്വകാലം ഇന്നായിരുന്നെങ്കില്‍ DYFI യുടെ നേതൃത്വമായി അദ്ദേഹമുണ്ടാകുമായിരുന്നു എന്ന് രാഷ്ട്രീയ സാഹചര്യം നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്. സ്വാതന്ത്ര്യസമര പോരാട്ടത്തില്‍ മതരാഷ്ട്ര വാദങ്ങളെ തള്ളി ജനങ്ങളെ മതനിരപേക്ഷതക്ക് കീഴില്‍ അണിനിരത്തിയത് പോലെ ജനങ്ങളെ ഭിന്നിപ്പിക്കുന്ന മതവര്‍ഗീയശക്തികളെയും  ജനവിരുദ്ധ നയങ്ങളുമായി മുന്നോട്ടുപോകുന്ന കേന്ദ്രസര്‍ക്കാറിനെയും നേരിടാന്‍  മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിനെ  സ്മരിച്ചതിലൂടെ വര്‍ത്തമാന കാലഘട്ടത്തിലെ  പോരാട്ടങ്ങള്‍ക്ക് ഊര്‍ജ്ജമായി മാറിയിരിക്കയാണ്  ഡിവൈഎഫ്‌ഐയുടെ SECULAR WALK...           -

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top