21 March Tuesday

അപ്പോൾ വ്യക്തിയുടെ സ്വകാര്യതക്ക് സിപിഐ എം ഒരു വിലയും കൽപ്പിക്കുന്നില്ലേ?; സ്പ്രിങ്ക്ളർ ആപ്ലിക്കേഷൻ ഉപയോഗിച്ചത് എന്തുകൊണ്ട് ന്യായമാണ്‌?

എം ബി രാജേഷ്‌Updated: Thursday Apr 23, 2020

ശരിയെന്ന് ഉത്തമ ബോദ്ധ്യമുള്ള ഒരു നടപടി ന്യായീകരിക്കാൻ തന്നെയാണിത് എഴുതുന്നത്. കോവിഡ് പ്രതിരോധിക്കാൻ വിവര വിശകലനത്തിന് സ്പ്രിങ്ക്ളർ എന്ന കമ്പനിയുടെ അപ്ലിക്കേഷൻ ഉപയോഗിച്ചത് എന്തുകൊണ്ട് ന്യായമാണെന്ന് അക്കമിട്ട് പറയാനുള്ള കുറിപ്പ്.. പ്രതിപക്ഷ ആരോപണങ്ങൾ അസംബന്ധമാണെന്ന് വസ്‌തുതകളുടെ മാത്രം അടിസ്ഥാനത്തിൽ എണ്ണിപ്പറയാനാണ് ശ്രമിക്കുന്നത്. മറുപടി ഉണ്ടെങ്കിൽ ഏതെങ്കിലും ഒരു കഷ്ണം അടർത്തിയെടുത്തു പറയാതെ, വെറും അധിക്ഷേപങ്ങൾ അല്ലാതെ വസ്തുനിഷ്ഠമായി എണ്ണിപ്പറയണം.

മനുഷ്യരാശിയാകെ നേരിട്ട അതീവ ഗുരുതരമായ വെല്ലുവിളിയാണ് കോവിഡ്- 19. ലോകത്താകെ ഇതിനെ നേരിടാൻ ഇതുവരെ ഉണ്ടായിട്ടില്ലാത്ത അസാധാരണ നടപടികൾ സ്വീകരിക്കേണ്ടി വന്നു. ഇന്ത്യയിലും പ്രതിദിനം ഏകദേശം അൻപതിനായിരം കോടി രൂപയുടെ ഉൽപ്പാദന നഷ്ടം വരുന്ന ലോക് ഡൗൺ നീണ്ട 40 ദിവസത്തേക്ക് നടപ്പാക്കേണ്ടി വന്നു. ഇതുണ്ടാക്കുന്ന ദീർഘകാല സാമ്പത്തിക നഷ്ടവും ജനങ്ങളുടെ ഉപജീവന മാർഗ്ഗങ്ങളുടെ തകർച്ചയും വേറെ .ഇത്രയും കടുത്ത, അസാധാരണ നടപടികൾ എന്തിനാണ്? മനുഷ്യജീവനുകൾ രക്ഷിക്കുക എന്ന ഒറ്റ ലക്ഷ്യം മുൻനിർത്തി.അതു മാത്രമാണ് ലോകമാകെ എല്ലാ സർക്കാരുകളുടേയും മുന്നിൽ ഇന്നുള്ള ഒരേയൊരു ലക്ഷ്യം. മറ്റെല്ലാം തൽക്കാലം അതു കഴിഞ്ഞേയുള്ളു.

ലോക്ക് ഡൗൺപ്രഖ്യാപിച്ച, സ്പ്രിങ്ക്ളറുമായുള്ള കരാറിന് തുടക്കം കുറിച്ച മാർച്ച് 24ൻ്റെ കേരളം ഇന്ത്യയിൽ ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ ഉള്ള സംസ്ഥാനമായിരുന്നു എന്ന് മറക്കരുത്. ഇന്നത്തേക്കാൾ എത്രയോ ഭീതിജനകമായിരുന്നു അന്നത്തെ സ്ഥിതി എന്നും. ലക്ഷക്കണക്കിന് പ്രവാസികൾ തിരിച്ചെത്തുമ്പോൾ സാഹചര്യം കൂടുതൽ സങ്കീർണ്ണമാകുമെന്ന ആശങ്ക വേറെയും..സമൂഹ വ്യാപനമുണ്ടായാൽ ജനസാന്ദ്രത ഏറിയ കേരളത്തിൽ വൻ ദുരന്തമുണ്ടാകുമെന്ന മുന്നറിയിപ്പുകൾ. ഒരു കണക്ക് 80 ലക്ഷം പേരിൽ വരെ രോഗലക്ഷണങ്ങളുണ്ടാകാം എന്നായിരുന്നു.ഐ.എം.ഏ.കൊച്ചി ചാപ്റ്റർ മാർച്ച് 16 ന് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് എഴുതിയ കത്തിൽ പ്രകടിപ്പിച്ച ആശങ്ക 65 ലക്ഷം പേരിലേക്ക് രോഗം പകരാമെന്നായിരുന്നു. 9.4 ലക്ഷം പേർക്ക് ആശുപത്രിവാസം വേണ്ടിവരുമെന്നും രണ്ട് ലക്ഷത്തിലേറെ ICUബെഡ്ഡുകൾ വേണ്ടിവരുമെന്നുമായിരുന്നു മുന്നറിയിപ്പ്.ദുരന്തം ഒഴിവാക്കാൻ യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടികൾ അനിവാര്യമായിരുന്നു..ലക്ഷക്കണക്കിനാളുകളുടെ ആരോഗ്യസ്ഥിതി ദൈനം ദിനം നിരീക്ഷിക്കാനും അതനുസരിച്ച് അപ്പപ്പോൾ ഇടപെടലും ചികിത്സാ സൗകര്യങ്ങളും കുറ്റമറ്റ രീതിയിൽ ഉറപ്പാക്കാനും മനുഷ്യാദ്ധ്വാനം മാത്രം പോര സാങ്കേതികാ വിദ്യാ പിന്തുണയും ഉണ്ടായേ പറ്റു എന്ന സാഹചര്യം. ഈ ഘട്ടത്തിലാണ് സ്പ്രിങ്ക്ളർ അവരുടെ സോഫ്റ്റ് വെയർ അടിസ്ഥാനമാക്കിയ സേവനത്തിനുള്ള ഒരു അപ്ലിക്കേഷൻ സൗജന്യമായി കേരളത്തിന് വാഗ്ദാനം ചെയ്യുന്നത്. ഇത് ലക്ഷക്കണക്കിന് വിവരങ്ങൾ അതിവേഗത്തിൽ വിശകലനം ചെയ്‌ത് വേഗത്തിലും ഫലപ്രദമായും ഇടപെടാൻ സർക്കാർ സംവിധാനങ്ങളെ സഹായിക്കുമെന്നതിനാൽ അത് സ്വീകരിച്ചു. മനുഷ്യജീവന് വൻ ഭീഷണി ഉയരുന്ന അസാധാരണ സാഹചര്യത്തിൽ അസാധാരണ നടപടികളെടുക്കാൻ സർക്കാറിന് നിയമപരവും ധാർമ്മികവുമായ എല്ലാ അധികാരങ്ങളുമുണ്ട്.. അതിൻ്റെ പിൻബലത്തിൽ സർക്കാർ ചെയ്തത് ശരിയും പ്രതിപക്ഷ ആരോപണങ്ങൾ തെറ്റുമാണെന്ന് തെളിയിക്കുന്ന വസ്തുതകൾ ഓരോന്നായി നോക്കാം.

1. കേന്ദ്ര സർക്കാർ പാർലിമെൻ്റിൽ അവതരിപ്പിക്കാൻ തയ്യാറാക്കിയ Personal Data Protection (PDP) ബിൽ, 2018ലെ 19 (a), (b), 21 (b) ( c) വകുപ്പുകൾ സർക്കാരിന് സെൻസിറ്റീവായ വ്യക്തിഗത വിവരങ്ങൾ പ്രോസസ് ചെയ്യാനുള്ള അധികാരത്തെക്കുറിച്ച് പറയുന്നു.പ്രത്യേകിച്ച് 21 (b) പകർച്ചവ്യാധിയുണ്ടായാൽ ആരോഗ്യ സേവനം ലഭ്യമാക്കാൻ വ്യക്തിഗത വിവരം സർക്കാരിനുള്ള അധികാരം സ്പഷ്ടമായി പറയുന്നുണ്ട്. പരിഗണനയിലിരിക്കുന്ന ഈ ബില്ലല്ലാതെ ഇതു സംബന്ധിച്ച് വേറെ നിയമമൊന്നും രാജ്യത്ത് ഇല്ല എന്നുമറിയണം..

2. കേരള സർക്കാരിൻ്റെ പകർച്ചവ്യാധി തടയൽ നിയമവും ഇത്തരം സാഹചര്യങ്ങളിൽ ജനങ്ങളുടെ ജീവൻ രക്ഷിക്കാനുള്ള ഉചിതമായ നടപടികൾ സ്വീകരിക്കാൻ സർക്കാറിന് അധികാരം നൽകുന്നുണ്ട്.

3. കൊറോണയുടെ പശ്ചാത്തലത്തിൽ കേന്ദ്ര ധനമന്ത്രാലയം ഫെബ്രുവരി 19 ൻ്റെ ഉത്തരവിലൂടെ Force Majeure ക്ലോസ് പ്രാബല്യത്തിൽ വരുത്തിയിട്ടുണ്ട്. അതിനർത്ഥം, ചുരുക്കി, ലളിതമായി പറഞ്ഞാൽ അസാധാരണ സാഹചര്യങ്ങളിൽ സാധാരണ നടപടിക്രമങ്ങൾ പാലിക്കുന്നതിനുള്ള ബാദ്ധ്യതകളിൽ നിന്ന് ഒഴിവാക്കുന്നതു സംബന്ധിച്ചാണ്.അത് നിലവിലുള്ള കരാറുകൾക്ക് മാത്രമല്ല ബാധകം. അസാധാരണ സാഹചര്യം കാരണം ടെൻഡർ പോലുള്ള സാധാരണ നടപടി ക്രമങ്ങൾ നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത് അവ പൊതുനന്മയെ മുൻനിർത്തിയുള്ള അടിയന്തിരാവശ്യങ്ങൾക്ക് തടസ്സമാകാതിരിക്കാനും FM ക്ലോസ് സഹായിക്കുന്നു.

4. കേരളത്തിൽ തന്നെ 2013 ൽ ഉമ്മൻ ചാണ്ടി ഗവൺമെൻ്റ് ദുരന്തം പോലുള്ള അസാധാരണ സാഹചര്യങ്ങളിൽ സ്റ്റോർ പർച്ചേസ്മാനുവലിൽ വരുത്തിയ മാറ്റം നോക്കു. 15000 രൂപ വരെയുള്ള പർച്ചേസ് -സാധനങ്ങളോ സേവനമോ - ബന്ധപ്പെട്ട ഉദ്യോഗസ്ഥന്, ടെൻഡർ പോലുള്ള നടപടിക്രമങ്ങളില്ലാതെ നടത്താൻ അത് അധികാരം നൽകുന്നു.ഇത് ചൂണ്ടിക്കാട്ടിയ eപ്പാൾ വിഷ്ണുനാഥ് എന്ന കോൺഗ്രസ് നേതാവ് പറഞ്ഞത് വിദേശത്തു നിന്ന് പറ്റില്ല എന്ന കള്ളമായിരുന്നു. ആ മാനുവലിൻ്റെ ചാപ്റ്റർ 2, ക്ലോസ് 2.2 ആ കള്ളം പൊളിക്കുന്നു. എല്ലാ സർക്കാരുകളുടെ കാലത്തും അസാധാരണ സാഹചര്യങ്ങളെ നേരിടാൻ അസാധാരണ നടപടികളെടുക്കേണ്ടി വരും എന്ന് ഓർമ്മിപ്പിച്ചു എന്നു മാത്രം.

5.ഇനി ഡാറ്റ സുരക്ഷ .ഇന്ത്യയിൽ പാലിക്കേണ്ട വ്യവസ്ഥയനുസരിച്ച് ഡാറ്റ ഇന്ത്യക്കുളളിലെ സർവറിൽ തന്നെയാണ് സൂക്ഷിച്ചത്. ആമസോൺ വെബ് സർവീസിൻ്റെ മുംബൈ റീജ്യണിലുള്ള ക്ലൗഡ് സ്റ്റോറേജിൽ. സർക്കാർ ശേഖരിക്കുന്ന വിവരങ്ങളുടെ ഉടമസ്ഥത പൂർണ്ണമായും സർക്കാറിന് മാത്രമായിരിക്കും.പ്രോസസ് ചെയ്യുന്ന ഡാറ്റ സ്പ്രിങ്ക്ളർ മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കരുത്, കരാർ കാലാവധി കഴിയുമ്പോൾ ഡാറ്റ സെർവറിൽ നിന്ന് അവർ നീക്കം ചെയ്യണം എന്നീ വ്യവസ്ഥകൾ 24 ന് ലഭ്യമാക്കിയ രേഖകളിൽ തന്നെ ഉണ്ടായിരുന്നു. സ്റ്റോറേജിലെ ഡേറ്റയാവട്ടെ എൻക്രിപ്റ്റഡ് ആണു താനും. അതിലേക്കുള്ള ഹ്യൂമൻ ആക്സസ് സാങ്കേതികമായും അപ്ലിക്കേഷൻ ആക്സസ് നിയമപരമായും നിയന്ത്രിച്ചിട്ടുണ്ട്.ഇവ മോണിറ്റർ ചെയ്യാനുള്ള സാങ്കേതിക സംവിധാനങ്ങളുമുണ്ട്. എൻഫോഴ്സ് ചെയ്യാനുള്ള നിയമപരമായ ചട്ടക്കൂട് കരാറിൽ നിർവ്വചിച്ചിട്ടുണ്ട്.

പിന്നീട് ആമസോൺ വെബ് സർവീസിലുള്ള സി-ഡിറ്റിൻ്റെ ക്ലൗഡ് അക്കൗണ്ടിൻ്റെ ശേഷികൂട്ടി അതിലേക്ക് ഡേറ്റ മാറ്റുകയാണ്.അതോടെ ഉടമസ്ഥത മാത്രമല്ല പരിപൂർണ്ണ നിയന്ത്രണാധികാരവും കേരളത്തിനു മാത്രമായി. സ്പ്രിങ്ക്ളറിന് എല്ലാ ഘട്ടത്തിലും ഈ എൻക്രിപ്റ്റഡ് ഡേറ്റ പ്രോസസ്സ് ചെയ്ത് സർക്കാരിന് ആവശ്യമായ റിപ്പോർട്ടുകൾ ഉണ്ടാക്കാൻ മാത്രമേ കഴിയൂ.അതായത് പ്രതിപക്ഷം ഉന്നയിച്ച ആക്ഷേപം ഇപ്പോൾ തീർത്തും അപ്രസക്തമായി. സർക്കാരിൻ്റെ ക്ലൗഡ് അക്കൗണ്ടിൽ പ്രവർത്തിക്കുന്ന മറ്റേതൊരു സോഫ്റ്റ് വെയറും പോലത്തന്നെ സുരക്ഷിതവും പൂർണ്ണാധികാരമുള്ളതുമാണിതും. അതായത് പ്രതിപക്ഷ ആരോപണങ്ങൾ പൂർണ്ണമായും പൊളിഞ്ഞു പാളീസായി.

6. ഡാറ്റ ശേഖരിക്കുമ്പോൾ വ്യക്തികളുടെ സമ്മതം വാങ്ങിയോ? സർക്കാർ ഡാറ്റ ശേഖരിക്കുന്നത് നിയമപരമോ മറ്റേതെങ്കിലും തരത്തിലുള്ളതോ ആയ നിർബന്ധത്തിലുടെയല്ല. തരാത്തവർക്കെതിരെ നിയമ / ശിക്ഷാ നടപടികളൊന്നുമില്ലെന്നിരിക്കേ വ്യക്തിക്ക് സമ്മതമായതുകൊണ്ടാണല്ലോ നൽകുന്നത്? ഇത് കോവിഡ് പ്രതിരോധ ആവശ്യത്തിനാണ് എന്ന് അവരെ അറിയിക്കുന്നുമുണ്ട്.

7. ഡാറ്റ പ്രോസസ് ചെയ്യാൻ സ്പ്രിങ്ക്ളറിൻ്റെ സോഫ്റ്റ് വെയർ സേവനമാണ് ഉപയോഗിക്കുന്നത് എന്ന് വ്യക്തികളോട് പറയുന്നുണ്ടോ എന്ന് ഒരു അവതാരക ?! ശേഖരിക്കുന്ന ഡേറ്റ പ്രോസസ് ചെയ്യാൻ ഏൽപ്പിക്കുന്ന കമ്പനി ഏതാണെന്ന് അറിയിക്കണമെന്ന് നിയമം അനുശാസിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ ഏത് നിയമം ?ബാങ്കിൽ അക്കൗണ്ടെടുക്കുമ്പോഴും മറ്റും കൊടുക്കുന്ന സാമ്പത്തിക വിവരങ്ങളടക്കമുള്ളവ പ്രോസസ് ചെയ്യുന്നത് ബാങ്കല്ലല്ലോ. അവർ ഏത് കമ്പനിയുടെ സോഫ്റ്റ് വെയർ സേവനമാണ് നിങ്ങളുടെ ഡാറ്റ പ്രോസസ് ചെയ്യാൻ ഉപയോഗിക്കുന്നത് എന്ന് നിങ്ങൾ ചോദിക്കുകയോ അവർ അറിയിക്കുകയോ ചെയ്യാറുണ്ടോ? അതിനു ശേഷമാണോ നിങ്ങൾ വിവരം ബാങ്കിന് കൊടുത്തത്? അവിടെ ബാങ്കിന് എന്ന പോലെ ഇവിടെ വിവരം ശേഖരിക്കുന്നതും അതിൻ്റെ ഉടമസ്ഥതയും കൈകാര്യവും ഉത്തരവാദിത്തവും സർക്കാരിൻ്റെയാണ്. സർക്കാർ അതുറപ്പു വരുത്തിയിട്ടുമുണ്ട്. അതാണ് മാസ്റ്റർ സർവ്വീസ് എഗ്രിമെൻ്റിലെ 2.1വ്യവസ്ഥ.അതനുസരിച്ച് " customer own all rights, title and interest in and to all customer content uploaded, stored, processed or transmitted through the platform under the sprinkler account " ഇതിനു പുറമേ ഡേറ്റാ പ്രോസസിങ്ങ് അഡൻ്റത്തിൽ നമ്പർ 7. " Sprinkier shall maintain technical and organisational measures designed to protect the security (including protection against unauthorised or unlawful processing and against accidental or un lawful destruction, loss or alteration or damage un authorised disclosure of or access to personal data ), confidentiality or integrity of personal data." ഈ ശക്തവും വ്യക്തവുമായ വ്യവസ്ഥകളിൽ പ്രതിപക്ഷത്തിൻ്റെ എതിർപ്പ് എന്താണ്? അല്ലെങ്കിൽ അവർ കാണുന്ന കുറവ് എന്താണ്?

8. അപ്പോൾ വ്യക്തിയുടെ സ്വകാര്യതക്ക് സിപിഎം ഒരു വിലയും കല്പിക്കുന്നില്ലേ? പാർലിമെൻ്റിൽ ആധാർ ഡാറ്റ ചോർച്ചയുടെ പേരിൽ സ്വകാര്യതക്കും ഡാറ്റ സുരക്ഷക്കും ഘോര ഘോരം വാദിച്ച എം ബി രാജേഷിന് ഇപ്പോൾ അവസരവാദ നിലപാടല്ലേ?.

സ്വകാര്യത വളരെ പ്രധാനമാണ്. മൗലികാവകാശവുമാണ്. ഏത് വ്യക്തിവിവരങ്ങളുടേയും സുരക്ഷ പ്രധാനം തന്നെയാണ്. സി.പി.എം അക്കാര്യത്തിൽ മറ്റാർക്കുമില്ലാത്തത്ര ഏറ്റവും ദൃഡമായ, വിട്ടുവീഴ്ചയില്ലാത്ത നിലപാടുള്ള പാർട്ടിയാണ്. അതു കൊണ്ടാണ് അടിയന്തിര സാഹചര്യത്തിലെ കാരാറാണെങ്കിലും മുകളിൽ ചൂണ്ടിക്കാണിച്ച MSAയിലെ 2.1 വ്യവസ്ഥ ഉറപ്പു വരുത്തിയത്.പിന്നെ ബയോമെട്രിക്ക് ഉൾപ്പെടെയുള്ള വിവരങ്ങൾ ഉൾക്കൊള്ളുന്ന ആധാറും കോവിഡുമായി ബന്ധപ്പെട്ട അപ്പോഴത്തെ ആരോഗ്യനിലയുടെ വിവരവും ഒരു പോലെയാണെന്ന കോൺഗ്രസിൻ്റെ വാദമുണ്ടല്ലോ അതിനെ നമിക്കുന്നു. ആധാർ തുടങ്ങി വെച്ച കോൺഗ്രസും, ഹ്യുമൻ DNA പ്രൊഫൈലിങ്ങ് നിയമം കൊണ്ടുവരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രിയായിരിക്കെ ലോക്സഭയിൽ രേഖാമൂലം മറുപടി നൽകിയ മുല്ലപ്പള്ളിയും സ്വകാര്യതയെക്കുറിച്ച് പ്രസംഗിക്കുന്നതിനേക്കാൾ വലിയ അശ്ലീലം മറ്റെന്താണ്? സ്വകാര്യത മൗലികാവകാശമല്ലെന്ന് സുപ്രീം കോടതിയിൽ ശക്തിയുക്തം വാദിച്ച മോദി സർക്കാരിനെ മറന്ന് ബി.ജെ.പി.യും സ്വകാര്യതയുടെ പ്രാധാന്യത്തെ കുറിച്ച് ക്ലാസ് എടുക്കാൻ ഇറങ്ങിയിട്ടുണ്ട്. ആ മോദി സർക്കാരിൻ്റെ ആരോഗ്യ സേതു ആപ് ഉപയോഗിച്ച് നിങ്ങളുടെ സഞ്ചാര വിവരം വരെ സർക്കാരിനും ഏജൻസികൾക്കും അപ്പപ്പോൾ അറിയാം. അതുമായി താരതമ്യപ്പെടുത്താവുന്ന എന്ത് സ്വകാര്യതാ ലംഘനമാണ് കേരളത്തിൽ?

ജീവിക്കാനുള്ള അവകാശവും മൗലികാവകാശമാണ്. ജീവന് ഭീഷണി ഉണ്ടായാൽ അത് പരിഹരിക്കലാണ് പ്രധാനം. ജീവിച്ചിരിക്കുന്നു എന്നുറപ്പാക്കിയാലേ സ്വകാര്യതക്കുള്ള മൗലികാവകാശം അനുഭവിക്കാനാവൂ. സഞ്ചരിക്കാനും സംഘം ചേരാനുമൊക്കെയുള്ള മൗലികാവകാശങ്ങളും പ്രധാനമല്ലേ? അതിനേക്കാൾ പ്രധാനമാണിപ്പോൾ പകർച്ചവ്യാധിയിൽ നിന്ന് മനുഷ്യരെ രക്ഷിക്കുക എന്നതുകൊണ്ടല്ലേ ആ മൗലികാവകാശത്തെക്കുറിച്ചൊന്നും തൽക്കാലം വാദിക്കാതെ എല്ലാവരും 40 ദിവസം വീട്ടിൽ അടങ്ങിയിരിക്കാൻ സമ്മതിച്ചത്. ഡ്രോൺ ഉപയോഗിച്ച് നിരീക്ഷിക്കുന്നതിൽ ഇപ്പോൾ നാം സ്വകാര്യതാ ലാഘനം കാണുന്നില്ലല്ലോ?അത് ഇപ്പോഴത്തെ സ്ഥിതിയുടെ ഗൗരവം തിരിച്ചറിയുന്നതു കൊണ്ടല്ലേ.എന്നിട്ടും ഡാറ്റ സുരക്ഷയും സ്വകാര്യതയും കർശനമായി ഉറപ്പു വരുത്തി സർക്കാർ സ്വീകരിച്ച ഒരു നടപടിയിൽ മാത്രം പെരും നുണയുണ്ടാക്കി പ്രചരിപ്പിക്കുന്നത് ദുരന്തകാലത്തെ രാഷ്ട്രീയ വിളവെടുപ്പു ശ്രമമാണ്.ഈ അസാധാരണ സാഹചര്യങ്ങളിൽ സ്വീകരിച്ച നടപടികളും സമീപനവും എക്കാലത്തേക്കും ഉള്ളതുമല്ല.സാധാരണ നിലയിലേക്ക് സ്ഥിതിഗതികൾ മാറുമ്പോൾ ഇതേ നില തുടരേണ്ടതുമില്ല.

9. കേരളം ഉപയോഗിച്ചതിനു സമാനമായ SaaS അപ്ലിക്കേഷൻ ഇപ്പോൾ രാജസ്ഥാൻ സർക്കാർ ഉപയോഗിക്കുന്നില്ലേ? യു.എസ്.കമ്പനിയായ ടാബ്ലു രാജസ്ഥാന് നൽകുന്ന സേവനം എന്താണ്?. ഇതിലൊന്നും ഇല്ലാത്ത സുരക്ഷാ | സ്വകാര്യതാ പ്രശ്നം ഇവിടെ മാത്രം വരുന്നത് രാഷ്ട്രീയമല്ലാതെ വേറെന്താണ്?

10. WHO ക്കും സ്പ്രിങ്ക്ളർ സൗജന്യമായി അപ്ലിക്കേഷൻ ലഭ്യമാക്കിയ കാര്യം ഞാൻ പറഞ്ഞത് മഹാ വിഡ്ഡിത്തമാണത്രേ. WH0 ക്ക് ഡാറ്റ അനാലിസിസ് അല്ലത്രേ ഇവർ നൽകുന്ന സേവനം. ഡാഷ്ബോർഡും ചാർട്ടും ഉണ്ടാക്കൽ മാത്രമാണെന്ന്!!! കോൺഗ്രസ് നേതാവ് മാത്രമായ ആൾക്ക് അതൊക്കെ പറയാം.എന്നാൽ IT കമ്പനിയിലെ സാധാരണ ജീവനക്കാരൻ എന്ന മേൽവിലാസം മാത്രം വെച്ച് സ്വയം പ്രഖ്യാപിത വിദഗ്ദ്ധൻ ചമയുന്ന മുറി വൈദ്യൻ അതു പറഞ്ഞത് ഞെട്ടിച്ചു. ഡാറ്റ അനലൈസ് ചെയ്തല്ലേ വിദഗ്ദ്ധോ ഡാഷ്ബോർഡും ചാർട്ടും ഉണ്ടാക്കുന്നത്? ഞാൻ വിദഗ്ദ്ധനൊന്നുമല്ലപ്പ.സംശയം കൊണ്ട് ചോദിച്ചതാ. പിന്നെ ഇതേ സേവനമാണ് കേരളത്തിനും ലഭ്യമാക്കുന്നത് എന്ന് IT വകുപ്പ് പറയുന്നുമുണ്ട്. വിദഗ്ദ്ധൻ മറ്റൊരു ചർച്ചയിൽ ചോദിച്ച വേറൊരു മണ്ടത്തരം, ക്ലൗഡ് സുരക്ഷിതമാണെന്നു പറഞ്ഞവർ എന്തിനാണിപ്പോൾ ഡാറ്റ ക്ലൗഡിൽ നിന്ന് മാറ്റുന്നത് എന്നാണ് ? സി-ഡിറ്റിനും ക്ലൗഡ് അക്കൗണ്ടാണെന്നും ക്ലൗഡിലാണിത് പൂർണ്ണതോതിൽ പ്രവർത്തിപ്പിക്കാനാവുക എന്ന് ആരെങ്കിലും ആ മുറി വൈദ്യനൊന്ന് പറഞ്ഞു കൊടുക്കു.

11. നിയമ നടപടി യുടെ അധികാര പരിധി ന്യൂയോർക്കിലാകാമോ?. ഇന്ത്യയിൽ ആകാമെന്നു വെച്ചാൽ അതിന് ഏതാനിയമം?ഐ.ടി.ആക്ട് 43 - Aയില്ലേ എന്ന് ചിലർ.അത് നടപ്പാക്കാനാവാത്തതു (en forcible) കൊണ്ട് ഇതുവരെ ഒരു കേസും ആ വകുപ്പ് അനുസരിച്ച് ഇന്ത്യയിൽ ഉണ്ടായിട്ടില്ല എന്ന് നിയമ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.ഫലത്തിൽ ഉപയോഗശൂന്യമായ വകുപ്പ് ഉപയോഗിച്ച് നിയമനടപടി സ്വീകരിക്കാനാണ് ഉപദേശം. എന്തു കൊണ്ട് ന്യു യോർക്ക്? സോഫ്റ്റ് വെയർ ലൈസൻസിങ്ങ്, ഡേറ്റ സുരക്ഷ സംബന്ധിച്ച വികസിതമായ കരാർ നിയമം, വേഗത്തിലുള്ള തീർപ്പ് എന്നിവ ന്യു യോർക്കിന് മുൻഗണന നൽകുന്നു. കരാർ ലംഘനത്തിനുള്ള പിഴ, നഷ്ടപരിഹാരം എന്നിവ വളരെ കൂടുതലുമാണ്.കേംബ്രിഡ്ജ് അനലിറ്റിക്ക കേസിൽ ഫേസ്ബുക്കിന് 5 ബില്യൺ ഡോളർ പിഴയുണ്ടായത് ഓർക്കുക. ലോ കമ്മീഷൻ ഓഫ് ഇന്ത്യയുടെ 188-ാം റിപ്പോർട്ടിൽ ന്യൂയോർക്ക് നിയമ വ്യവസ്ഥയുടെ വാണിജ്യ തർക്കപരിഹാര രംഗത്തെ മികവിനെക്കുറിച്ച് വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. പുട്ട സ്വാമി കേസിലെ വിധിന്യായത്തിൽ അമേരിക്കയുടെ സ്വകാര്യത- ഡേറ്റ സുരക്ഷാ നിയമങ്ങളുടെ സമഗ്രതയെക്കുറിച്ച് നമ്മുടെ സുപ്രീം കോടതിയും പറയുന്നുണ്ട്.

മാത്രമല്ല റിലയൻസും ഇന്ത്യാ സർക്കാരും തമ്മിലുള്ള ഒരു PSC തർക്കപരിഹാരത്തിൻ്റെ വേദി ലണ്ടനായിരുന്നു! വിദേശ കമ്പനി അല്ലാതിരുന്നിട്ടും. കോൺഗ്രസ് സർക്കാരിൻ്റെ കാലത്താണിത് നിശ്ചയിച്ചത് എന്നും ഓർക്കണം. ഇങ്ങനെ നിരവധി ഉദാഹരണങ്ങളുണ്ട്‌.

മുകളിൽ അക്കമിട്ട് നിരത്തിയത് വസ്തുതകൾ മാത്രമാണ്. അവസാനിപ്പിക്കാം. അസാധാരണ സാഹചര്യത്തിൽ ലക്ഷക്കണക്കിനാളുകളുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്താൻ ദീർഘവീക്ഷണത്തോടെയും ഉദ്ദേശ ശുദ്ധിയോടെയും ചടുലമായും സർക്കാർ സ്വീകരിച്ച ഒരു നടപടിയെക്കുറിച്ച് പ്രതിപക്ഷം നടത്തുന്ന അപവാദ പ്രചരണം നാടിനോടുള്ള മഹാപാതകമാണ്. കേരള സർക്കാരിനും മുഖ്യമന്ത്രിക്കും ലഭിച്ച ആഗോള അംഗീകാരത്തിലുള്ള സഹിക്കാനാവാത്ത രാഷ്ട്രീയ അസൂയയുടെ വൈറസാണ് പ്രതിപക്ഷത്തെ ബാധിച്ചിരിക്കുന്നത്.ഈ പ്രതിപക്ഷത്തെ ചരിത്രം ഒറ്റുകാരെന്ന് വിലയിരുത്തും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top