തിരുവനന്തപുരം> രാഷ്ട്രീയ വിമര്‍ശനത്തിന്റെ മറവില്‍ "മനംപുരട്ടല്‍ ഉളവാക്കുന്ന സാമൂഹ്യമാധ്യമ വ്യവഹാരങ്ങള്‍'ക്കെതിരെ എം ബി രാജേഷ് എം പി. ഭിന്നലിംഗ വ്യക്തിത്വമുള്ള ശീതള്‍ ശ്യാമിനെ അവഹേളിക്കുന്നവിധം "സഖാക്കളെന്ന ലേബല്‍ വഹിക്കുന്ന ചിലരി'ട്ട ഫേസ്‌ബുക്ക് പോസ്റ്റിന്റെ പേരില്‍ ശീതളിനോട് മാപ്പ് ചോദിച്ചാണ് രാജേഷിന്റെ പോസ്റ്റ്: പൂര്‍ണരൂപം താഴെ.
പ്രിയപ്പെട്ട ശീതള്‍ ശ്യാം നാം തമ്മില്‍ നേരിട്ടു കണ്ടിട്ടില്ല. പരിചയപ്പെട്ടിട്ടുമില്ല. . എങ്കിലും ഈ കുറിപ്പിന് പ്രേരണയായത് താങ്കളാണ്. ഇതിനു മുമ്പ് പലപ്പോഴും വിചാരിച്ചിട്ടുള്ളതാണ് മലയാളികളുടെ മനംപുരട്ടല്‍ ഉളവാക്കുന്ന സാമൂഹ്യ മാധ്യമ വ്യവഹാരങ്ങളെ വിചാരണക്ക് വിധേയമാക്കണമെന്ന്. കഴിഞ്ഞ ദിവസം ശീതളിനുണ്ടായ അനുഭവം ആ തോന്നല്‍ വീണ്ടും ശക്തമാക്കി. ശീതളിന്റെ ഫോട്ടോ ദുരുപയോഗിച്ച് സഖാക്കളെന്ന ലേബല്‍ വഹിക്കുന്ന ചിലര്‍ ചെയ്ത ഒരു അനീതിക്ക് ആദ്യം ക്ഷമാപണം. എഫ്.ബിയിലെ സ്വയം പ്രഖ്യാപിത സഖാക്കളുടെ അസ്വീകാര്യമായ രീതിയെയും ശൈലിയെയും കുറിച്ചാണ് സ്വയം വിമര്‍ശനം. ഇടതുപക്ഷ മേല്‍വിലാസമണിഞ്ഞു കൊണ്ട് എഫ്.ബി.യില്‍ ചിലര്‍ നടത്തുന്ന പരാമര്‍ശങ്ങളും ഇടപെടലുകളും ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ മാനവികതയും നീതിബോധവും ഉള്‍ക്കൊള്ളാത്തവയാണ്.
ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ നൈതികത സ്ത്രീകള്‍, ഭിന്ന ലിംഗക്കാര്‍, ഭിന്ന ശേഷിയുള്ളവര്‍, ദളിതര്‍, ആദിവാസികള്‍ തുടങ്ങിയ സമൂഹത്തിലെ പാര്‍ശ്വവല്ക്കരിക്കപ്പെട്ടവരോടെല്ലാം ഐക്യപ്പെടുന്നതാണ്. ഭിന്നാഭിപ്രായമുള്ളവരോടും അത് വിട്ടുവീഴ്ചയില്ലാതെ പ്രകടിപ്പിക്കുമ്പോള്‍ തന്നെ മാന്യമായിട്ടായിരിക്കണം അത് ചെയ്യേണ്ടത്. നിലപാടിനെ എതിര്‍ക്കുന്നതിനു പകരം വ്യക്തിഹത്യയും സ്വഭാവഹത്യയും അംഗീകരിക്കാനാവില്ല. വ്യക്തിപരമായ സവിശേഷതകള്‍ ഉയരക്കൂടുതലോ കുറവോ, തൊലിയുടെ നിറമോ ശാരീരികമായ എന്തെങ്കിലും വിഷമതകളോ പരിഹാസ വിധേയമാക്കുന്നത് എഫ്.ബി.യില്‍ വ്യാപകമായി കാണാറുണ്ട്. നീതിബോധമുള്ള ഒരാള്‍ക്കും ചെയ്യാനാവാത്തതാണിത്. ഇ.എം.എസ്സിന്റെ ആശയങ്ങളെയും വാദമുഖങ്ങളെയും നേരിടാന്‍ കഴിയാതിരുന്ന എതിരാളികള്‍ അദ്ദേഹത്തിന്റെ വിക്കിനെ പരിഹസിച്ചിരുന്നു.
എന്തായാലും പുരോഗമന വാദികള്‍ക്കും ഇടതുപക്ഷക്കാര്‍ക്കും ആ സംസ്കാര ശൂന്യത ചേരില്ല. ഇടതുപക്ഷമെന്നു അവകാശപ്പെടുന്നവരുടെ വാക്കും പ്രവൃത്തി യും ഇടതുപക്ഷ നൈതികത ഉയര്‍ത്തിപ്പിടിക്കുന്നതാവണം. തെറിയുടെ സംഘി ഭാഷയില്‍ നിന്ന് സഖാക്കള്‍ ഏറെ അകലവും ഉയരവും പാലിക്കേണ്ടതുണ്ട്. ഇടതുപക്ഷ നൈതികത ഉള്‍ക്കൊളളാതെ സംഘപരിവാര്‍ ശൈലിയില്‍ സാമൂഹിക മാധ്യമങ്ങളിലെ ചര്‍ച്ചകളില്‍ ഇടപെടുകയും ഭിന്നാഭിപ്രായമുള്ളവരെ അധിക്ഷേപിക്കുകയും ചെയ്യുന്ന ചിലരെ കാണുമ്പോള്‍ ഇങ്ങനെയുള്ള മിത്രങ്ങള്‍ ഉണ്ടായാല്‍ ഇടതുപക്ഷത്തിന് വേറെ ശത്രുക്കള്‍ എന്തിന് എന്ന് തോന്നാറുണ്ട്. ഫേസ്ബുക്ക് അടക്കമുള്ള സാമൂഹികമാധ്യമങ്ങള്‍ ആശയവിനിമയത്തിനും സംവാദത്തിനുമുതകുന്ന ഒരു പ്രധാന പൊതുഇടമാണ്. എന്നാല്‍ മറ്റ് പൊതുഇടങ്ങളെക്കാളെല്ലാം മലിനമാണ് ഇന്നിവിടം. സംവാദങ്ങളില്‍ പുലര്‍ത്തേണ്ട ജനാധിപത്യ മര്യാദ, സഹിഷ്ണുത, പരസ്പര ബഹുമാനം, ഔചിത്യം ഇതൊന്നും ഒട്ടും ബാധകമല്ലാത്ത ഒരു തെറിത്തെരുവായി ഫേസ്ബുക്ക് ഇന്ന് മാറിത്തീരുന്നു. വ്യക്തിപരമായ കടന്നാക്രമണങ്ങളും അധിക്ഷേപങ്ങളുമാണവിടെ ഭരിക്കുന്നത്. ഭിന്നനിലപാടുള്ളവരെ തെറിവിളിച്ച് നിശ്ശബ്ദരാക്കുന്ന കുടിലതന്ത്രം ആസൂത്രിതവും സംഘടിതവുമായി നടപ്പാക്കുന്നത് സംഘപരിവാര്‍ വക്താക്കളാണ്. ഏറ്റക്കുറച്ചിലുകളുണ്ടാവാമെങ്കിലും മറ്റുള്ളവരും ഈ സമീപനത്തില്‍ നിന്ന് തീര്‍ത്തും മുക്തരല്ല.
വ്യക്തിപരമായ കടന്നാക്രമണങ്ങള്‍ക്ക് നിരന്തരം വിധേയനാവേണ്ടി വന്നിട്ടുള്ളയാളാണ് ഞാന്‍. അതിനെ അവജ്ഞയോടെ അവഗണിക്കലാണ് പതിവ്. സംഘപരിവാറുകാരാണ് എന്നെ സംഘടിതമായി ആക്രമിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത്. എന്നാല്‍ മാധ്യമത്തിലെ റജീനയുടെ വെളിപ്പെടുത്തലുകളോടും മുത്തലാഖിനോടും പ്രതികരിച്ച് ഞാനിട്ട പോസ്റ്റുകള്‍ക്കു താഴെയുള്ള പ്രതികരണങ്ങളുടെ ഭാഷയും സ്വഭാവവും സംഘപരിവാറിന്റെതുമായി അദ്ഭുതപ്പെടുത്തുന്ന സാദൃശ്യമുള്ളതായിരുന്നു.
തെറിവിളികള്‍ക്കു പിന്നിലുള്ളത് ജനാധിപത്യവിരുദ്ധതയും മനോവൈകൃതവും അധമസംസ്‌ക്കാരവും മാത്രമല്ല അറിവില്ലായ്മ കൂടിയാണ്. രാഷ്ട്രീയ ചര്‍ച്ചകളില്‍ പ്രത്യേകിച്ചും. എതിര്‍നിലപാട് തുറന്നു കാണിക്കാനും സ്വന്തം നിലപാട് യുക്തിസഹമായി സ്ഥാപിക്കാനും കഴിയാത്ത നിരാശയും നിസ്സഹായതയും തെറിവിളി കൊണ്ട് ശമിപ്പിക്കുകയാണ്.തെറിവിളി വിവരദോഷിയുടെ ആയുധമാണെന്ന് അര്‍ത്ഥം . അതൊരു രാഷ്ട്രീയ പ്രവര്‍ത്തനമല്ല, ഏത് വിഡ്ഢിക്കും ചെയ്യാവുന്ന അരാഷ്ട്രീയ കര്‍മ്മമാണ്. ഒരു രാഷ്ട്രീയവും അങ്ങനെ പ്രതിരോധിക്കാനുമാവില്ല. പുരോഗമനവാദികള്‍ എന്ന് അവകാശപ്പെടുന്നവരെങ്കിലും ഇത് തിരിച്ചറിഞ്ഞു പെരുമാറണം. മലയാളിയുടെ സോഷ്യല്‍ മീഡിയയിലെ പെരുമാറ്റവും ഭാഷയും നിശിതമായി വിചാരണ ചെയ്യപ്പെടട്ടെ. മറ്റേതു മാധ്യമവും വിമര്‍ശിക്കപ്പെടുന്നത് പോലെ സാമൂഹിക മാധ്യമ വ്യവഹാരങ്ങളും വിമര്‍ശിക്കപ്പെടട്ടെ. ഉത്തരവാദിത്തം ഇല്ലാതെ ആരെയും ഭര്‍ത്സിക്കാനും സ്വന്തം ജീര്‍ണ്ണത വെളിപ്പെടുത്താനും ഉള്ള സ്ഥലമാണിതെന്ന ധാരണ തിരുത്തപ്പെടണം.. ഒരു മെച്ചപ്പെട്ട സംവാദ ഭാഷ ഉയര്‍ന്നു വരണം.