30 May Tuesday

"തെറിപ്പൂരം നടത്തി എന്നെ നിശബ്‌ദയാക്കാമെന്നാണ്‌ സംഘപരിവാറുകാരുടെ വിചാരം; പക്ഷേ, പോരാ, തീരെപ്പോരാ' - കെ ആർ മീര

വെബ് ഡെസ്‌ക്‌Updated: Thursday Apr 2, 2020

അതിഥി തൊഴിലാളികൾക്കെതിരെ നടക്കുന്ന പ്രചരണങ്ങൾക്കെതിരെ സംസാരിച്ചതിന്റെ പേരിൽ രൂക്ഷമായ സൈബർ ആക്രമണം നേരിടുകയാണ്‌ സാഹിത്യകാരി കെ ആർ മീര. നിർമാണ മേഖലയിലടക്കം നട്ടെല്ലായ അതിഥി തൊഴിലാളികൾക്കെതിരെ സംഘപരിവാറുകാരാണ്‌ പ്രചരണം നടത്തുന്നത്‌. വസ്‌തുതാവിരുദ്ധമായ കാര്യങ്ങൾ ഉൾപ്പെടുത്തിയ ഒരു പോസ്‌റ്റ്‌ മനോരമയിൽ മീരയുടെ മേലുദ്ദ്യോഗസ്ഥനായിരുന്ന ക്രിസ്‌ തോമസ്‌ കഴിഞ്ഞദിവസം ഷെയർ ചെയ്യുകയുണ്ടായി. കെ ആർ മീരയുടെ മറുപടി വായിക്കാം.

എച്ച്ഡിഎഫ്‌സിയിലെ സെയില്‍സ് ഓഫിസര്‍ എന്ന് അവകാശപ്പെടുന്ന ചെങ്ങന്നൂര്‍ സ്വദേശി ജയേഷ് കുമാറിന്‍റെ പോസ്റ്റ്. അത് മനോരമയില്‍ എന്‍റെ മേലുദ്യോഗസ്ഥനായിരുന്ന ക്രിസ് തോമസ് ഷെയര്‍ ചെയ്‌തു‌. ലയ തങ്കച്ചന്‍ എഴുതുന്നതായിട്ടാണ്. എന്നെ നിശ്ശബ്ദയാക്കുകയാണ് ലക്ഷ്യം. പരമാവധി ശ്രമിച്ചിട്ടുണ്ട്. പക്ഷേ, പോരാ, തീരെപ്പോരാ.

ജയേഷ് കുമാറിന്‍റെ പോസ്റ്റിനു താഴെ എനിക്ക് എതിരെ തെറിപ്പൂരമാണ്. പോസ്റ്റ് ഷെയര്‍ ചെയ്ത് ആനന്ദിക്കുന്നവരെല്ലാം കുലസ്ത്രീകളും സംഘപരിവാറുകാരും. അതില്‍ ഞാന്‍ സന്തോഷിക്കുന്നു. ഈ കൊറോണ കാലത്ത് സംഘപരിവാറുകാര്‍ അത്യധികം അസ്വസ്ഥരാണ്. അവരുടെ വിഷം തല്‍ക്കാലം ഇങ്ങനെ ചീറ്റട്ടെ. ഒരു റിലാക്സേഷന്‍ കിട്ടുന്നെങ്കില്‍ കിട്ടട്ടെ.

വിഷത്തിന്‍റെ വീര്യം അറിയാന്‍ ഇന്നലെ ജയേഷ് കുമാര്‍ എനിക്ക് എതിരേയുള്ള പോസ്റ്റിനു പിന്നാലെ ഇട്ട പോസ്റ്റുകള്‍ മാത്രം മതി. ഹിന്ദുവര്‍ഗീയതയുടെ നിര്‍ലജ്ജ പ്രകടനം. ‘‘അതിഥി അതിര്‍ത്തി അടച്ചു, അതിഥിഭക്ഷണം ഇനി കിട്ടോ’’ എന്ന് ഒരു പോസ്റ്റ്. –സ്വന്തം നാട്ടുകാര്‍ക്കുള്ള ഭക്ഷണം തടഞ്ഞ് കര്‍ണാടകം അതിര്‍ത്തി അടച്ചതിലുള്ള ആഹ്ലാദമാണ്. പൃഥ്വിരാജ് ജോര്‍ദാനില്‍ കുടുങ്ങിപ്പോയതിനെ കുറിച്ച് ‘പാവാട വിപ്ലവത്തിന്‍റെ നേതാവ് ജോര്‍ദാനില്‍ കുടുങ്ങി’ എന്നും. ബാക്കിയുള്ളതു പറയാന്‍ കൊള്ളില്ല. മൊത്തം ഇസ്ലാം വിരുദ്ധത. ഇത്രയും മനുഷ്യവിരുദ്ധതയുമായി ഈ മനുഷ്യന്‍ എങ്ങനെ ജീവിക്കുന്നു? എങ്ങനെ ഒരു ബാങ്കില്‍ ജോലി ചെയ്യുന്നു?

ഇയാളുടെ വാളില്‍ നേരെ ചൊവ്വെ മാന്യമായി എഴുതിയ ഏക പോസ്റ്റ് ലയ തങ്കച്ചന്‍റെ പേരിലുള്ളതാണ്. ബാക്കിയെല്ലാം ഒന്നോ രണ്ടോ വാക്യങ്ങളില്‍ വികല മലയാളത്തിലുള്ളവ. ലയ തങ്കച്ചന്‍റെ പോസ്റ്റ് ഏതായാലും ഇയാളുടെ സൃഷ്ടിയാകാന്‍ വഴിയില്ല. ജയേഷ് കുമാര്‍ വിചാരിച്ചാല്‍ അത്രയും കൂടില്ല. എന്നുവച്ച്, ലയയുടെ കുറിപ്പ് എഴുതിയതു ക്രിസ് തോമസും അല്ല. ഇത്രയും ഹൃദയസ്പൃക്കായ ഫിക്ഷന്‍ എഴുതാന്‍ ക്രിസ് തോമസിന് ശേഷിയില്ല.

ലയ തങ്കച്ചന്‍ ഫേസ് ബുക്കില്‍ ഇല്ല. ക്രിസ് തോമസ് ഷെയര്‍ ചെയ്ത ജയേഷ് കുമാറിന്‍റെ പോസ്്റില്‍ മാത്രമേയുള്ളൂ. പക്ഷേ, സംഘപരിവാറുകാര്‍ക്കു പതിവില്ലാത്ത മാന്യതയുണ്ട്, ലയ തങ്കച്ചന്. മാന്യതയും സത്യസന്ധതയും ധാര്‍മികതയും സംഘപരിവാറുകാര്‍ ചര്‍ച്ചകളില്‍ പ്രകടിപ്പിക്കുന്ന ദിവസമാണ് എന്‍റെ സ്വപ്നം. അതാണ് ഗാന്ധിജിയുടെ രാമരാജ്യം.

അപ്പോള്‍, ഇതാ, ലയ തങ്കച്ചന്‍റെ കുറിപ്പിനുള്ള മറുപടി. ക്ഷമയുള്ളവര്‍ വായിക്കുക. . :

1. ലയ തങ്കച്ചന്‍ ഡിഗ്രി കഴിഞ്ഞ് ആറു മാസത്തെ ഒരു തൊഴിലധിഷ്ഠിത കോഴ്സിനു പഠിക്കുകയാണത്രേ. പന്നിക്കുഴി പാലത്തിന് കിഴക്കിറങ്ങി റെയില്‍വേ ട്രാക്കിന് അടുത്തായി അഞ്ചു സെന്‍റ് വളപ്പില്‍ ചെറുതെങ്കിലും വൃത്തിയുള്ള വീട്ടില്‍ താമസിക്കുന്നു എന്നും പറയുന്നു. രണ്ടു സെന്‍റിലെ പുറമ്പോക്ക് കൂടി ചേര്‍ത്ത് ഏഴ് സെന്‍റ് കൈവശാവകാശത്തില്‍ ഉണ്ട്. നാലു വർഷം മുമ്പു മാത്രമാണ് ലയയുടെ വീട്ടിൽ കുക്കിംഗ് ഗ്യാസ് എത്തിയത്. അതുവരെ ലയയുടെ അമ്മ ശേഖരിച്ചു കൊണ്ടുവരുന്നത് തികയാത്തതിനാൽ കഞ്ഞിക്കുഴിക്കു സമീപത്തെ വിറകു കടയിൽനിന്ന് ആഴ്ചയിൽ രണ്ടു തവണ വിറക് തൂക്കി വാങ്ങുമായിരുന്നു, ലയയുടെ പെയിന്‍റിങ് പണിക്കാരനായ അച്ഛൻ.

– വായിച്ച് എന്റെ ഹൃദയം ഉരുകി. ഞാന്‍ എഴുതിയത് ഡല്‍ഹിയില്‍നിന്നുള്ള മൈഗ്രന്‍റ് ലേബറേഴ്സ് അനുഭവിക്കുന്ന യാതനകളെ കുറിച്ച്. ലയമോള്‍ പറയുന്നത് എന്‍റെ വീടിന്‍റെ വലിപ്പത്തെക്കുറിച്ച്. ലയമോള്‍ സ്വന്തം വീടിന്‍റെ കാര്യവും പറയുന്നു. പക്ഷേ, ലയമോളുടെ ചെറുതെങ്കിലും വൃത്തിയുള്ള വീട് സ്ഥിതി ചെയ്യുന്ന പന്നിക്കുഴി പാലം കോട്ടയത്ത് ആര്‍ക്കും അറിയില്ല. ഇപ്പോള്‍ ലയ മോള്‍ക്ക് മോദിജിയുടെ ഉജ്വല പദ്ധതിയില്‍ ഗ്യാസ് കിട്ടി. പക്ഷേ, ഇന്ത്യയിലെ 22% പേര്‍ ദാരിദ്ര്യരേഖയ്ക്കു കീഴിലാണ്. മതിലുകെട്ടി മറയ്ക്കപ്പെടാന്‍ വിധിക്കപ്പെട്ടവര്‍. അവര്‍ക്ക് റീഫില്‍ സിലിണ്ടര്‍ വാങ്ങാന്‍ പണമുണ്ടാകുമോ?

2. ലയ കോളജിലേക്ക് നടന്നു പോകുന്നത് ശാസ്ത്രി റോഡ് കുറുകെ കടന്ന് എന്‍റെ വീടിനു മുന്നിലൂടെയുള്ള മുടുക്കുവഴി കയറ്റം കയറിയാണത്രേ.

– ലയമോള്‍ പറയുന്ന പന്നിക്കുഴി പാലം കഞ്ഞിക്കുഴി ഭാഗത്താണെങ്കില്‍ അവിടെ നിന്ന് ബസേലിയോസിലോ ബി.സി.എമ്മിലോ എത്താന്‍ മനോരമ സ്റ്റോപ്പില്‍ ഇറങ്ങിയാല്‍ മതി. എന്‍റെ വീടിനു മുമ്പിലെ മുടുക്കു വഴി കയറേണ്ടതില്ല. എന്‍റെ വീടിനു മുമ്പിലെ മുടുക്കു വഴിയിലൂടെ കോളജില്‍പോകുന്ന പെണ്‍കുട്ടികളെ ഞാന്‍ കണ്ടിട്ടില്ല. ഒഴിഞ്ഞ വഴിയില്‍ കാണാറുള്ളത് ടീനേജുകാരായ കമിതാക്കളെ മാത്രമാണ്. എങ്കിലും ലയ മോള്‍ ഒരു ഇന്ത്യന്‍ പൗരനാണ്. ഏതു പൊതുവഴിയിലൂടെയും ലയമോള്‍ക്ക് നടക്കാനുള്ള സ്വാതന്ത്ര്യം ഭരണഘടന ഉറപ്പു തരുന്നുണ്ട്. അതുകൊണ്ടാണ് ഭരണഘടന നിലനില്‍ക്കണമെന്ന് എന്നെപ്പോലെയുള്ളവര്‍ ആഗ്രഹിക്കുന്നതും സംഘപരിവാറുകാരുടെ വിദ്വേഷം ഏറ്റുവാങ്ങുന്നതും. പക്ഷേ, മനസ്സിലാകാത്തത് മറ്റൊന്നാണ് : റോഡില്‍നിന്ന് അല്‍പം ഉള്ളിലേക്ക് നീങ്ങിയ എന്റെ വീടു കാണാന്‍ വേണ്ടി എന്തിനായിരിക്കും ലയ മോള്‍ ഇത്രയേറെ പാടുപെട്ടത്? ഏതായാലും ഇഷ്ടം കൊണ്ടല്ല.

4. എന്‍റെ വീടിനെ ലയമോള്‍ വിശേഷിപ്പിക്കുന്നത് ഒരു ‘സൗധം’ എന്നാണ്.

– ലയമോള്‍ക്ക് ആയിരം നന്ദി. ലയ മോള്‍ടെ പോസ്റ്റ് ഷെയര്‍ ചെയ്ത് എന്‍റെ മുമ്പിലെത്തിച്ച ക്രിസ് തോമസ് ഒന്നിനു പിറകെ ഒന്നായി വീടുകള്‍ പണിയുകയും ലാഭത്തില്‍ വില്‍ക്കുകയും വീണ്ടും പണിയുകയും ചെയ്തിരുന്ന കാലത്ത് എനിക്കു വീടോ ഒരു തുണ്ടു ഭൂമിയോ ഉണ്ടായിരുന്നില്ല. ലയ മോള്‍ക്കുള്ളതു പോലെ ചെറുതെങ്കിലും വൃത്തിയുള്ള വീട് എന്‍റെയും സ്വപ്നമായിരുന്നു. രണ്ട് കോളജ് അധ്യാപകരുടെ മകളായിരുന്നിട്ടും മനോരമയില്‍ ജോലി ചെയ്യുന്ന കാലത്ത് ഞങ്ങളുടെ കുടുംബം വാടകവീട്ടിലായിരുന്നു. മനോരമയില്‍ ജോലി കിട്ടി, വിവാഹം കഴിഞ്ഞ് അഞ്ചാറു കൊല്ലം കൂടി വാടകവീടുകളില്‍ താമസിച്ച ശേഷമാണ് എസ്.ബി.ടിയില്‍നിന്ന് ( എച്ച്.ഡി.എഫ്. സിയില്‍നിന്നല്ല) ഹൗസിങ് ലോണ്‍ എടുത്ത് ഒരു മൂന്നു മുറി വീട് പണിതത്. അതു പറഞ്ഞപ്പോഴാണ് ഓര്‍ത്തത്, ഹൗസിങ് ലോണ്‍ മൂന്നു മാസത്തെ ഗഡു ഇപ്പോള്‍ത്തന്നെ മുടക്കമുണ്ട്. മണപ്പുറം ഫിനാന്‍സില്‍ രണ്ടു പണയത്തിന്‍റെ പലിശയും കുടിശികയുണ്ട്. അതുകൊണ്ട് നാളെയെക്കുറിച്ച് വേവലാതിപ്പെടുന്ന മൈഗ്രന്‍റ് ലേബറേഴ്സിന്‍റെ സങ്കടങ്ങള്‍ എനിക്കു മനസ്സിലാകും. പക്ഷേ, നമ്മുടെയെല്ലാം ആകുലതകള്‍ പറയാതെ മനസ്സിലാക്കി ക്ഷേമം ഉറപ്പുവരുത്താനാണ് ജനാധിപത്യവ്യവസ്ഥയില്‍ ഒരു പ്രധാനമന്ത്രിയും ഗവണ്‍മെന്‍റും. ഇത്രയും മൈഗ്രന്‍റ് ലേബറേഴ്സും അവരുടെ കുടുംബങ്ങളും ഡല്‍ഹിയിലും പരിസരത്തും ഉണ്ടെന്ന് ഗവണ്‍മെന്‍റ് അറിഞ്ഞിരുന്നില്ലേ? ഗുജറാത്തിലെ വേദനിക്കുന്ന കോടീശ്വരന്‍മാര്‍ മാത്രമല്ല ഈ രാജ്യത്തുള്ളത് എന്ന് ലയമോള്‍ പോലും ഓര്‍ത്തില്ലേ?
എനിക്ക് ഒരു മകളേയുള്ളൂ എന്നു ലയ മോള്‍ കണ്ടെത്തിയതു ശരി. പക്ഷേ, ഞങ്ങള്‍ മൂന്നു പേര്‍ മാത്രമല്ല, ഈ കൊട്ടാരം വീട്ടില്‍ താമസം. ഇവിടെ എല്ലാ മുറിയിലും ആളുണ്ട്. എനിക്ക് ഒരു എഴുത്തുമുറി കൂടി പണിയാന്‍ അന്നു പണം തികഞ്ഞില്ല. കൃത്യമായി നികുതി അടയ്ക്കുന്നവര്‍ക്കൊന്നും കയ്യില്‍ പണം കാണില്ല, ലയമോളേ. അല്ലെങ്കില്‍പ്പിന്നെ വല്ല ബി.ജെ.പി. സ്ഥാനാര്‍ഥിയോ മറ്റോ ആയി മല്‍സരിക്കണം. ഈ രാജ്യത്തെ കോടിക്കണക്കിനു ദരിദ്രര്‍ക്കുവേണ്ടി എനിക്കു ചെയ്യാവുന്ന ഏറ്റവും വലിയ കാര്യം കൃത്യമായി നികുതി അടയ്ക്കുകയാണ്. ഞാനതു ചെയ്യുന്നുണ്ട്. പക്ഷേ, ഒരു വിദ്യാര്‍ത്ഥിനി മാത്രമായ ലയമോള്‍ക്ക് നികുതി വെട്ടിപ്പില്‍ ഇത്രയേറെ പരിജ്ഞാനം ആരാണ് പകര്‍ന്നു തന്നത്?

4. ഡല്‍ഹിയില്‍നിന്ന് യു.പിയിലേക്കും മറ്റും പുറപ്പെട്ട മൈഗ്രന്‍റ് ലേബറേഴ്സിനെ കുറിച്ച് ഞാന്‍ ഒരു പോസ്റ്റ് ഇട്ടതിനെ തുടര്‍ന്നാണു ലയമോള്‍ക്ക് എന്‍റെ ‘കാപട്യം’ ബോധ്യപ്പെട്ടത്.

–– ഭക്ഷണവും വെള്ളവും പാര്‍പ്പിടവുമില്ലാതെ സ്വന്തം ഗ്രാമങ്ങളിലേക്കു നടന്നു നീങ്ങുന്ന ലക്ഷക്കണക്കിനു മനുഷ്യര്‍. അവരുടെ ദൈന്യം നിറഞ്ഞ ദൃശ്യങ്ങളും അവരുടെ തോളിലിരുന്ന് തളര്‍ന്നുറങ്ങുന്ന കുഞ്ഞുങ്ങളുടെ ഹൃദയം പിളര്‍ക്കുന്ന ചിത്രങ്ങളും. അതെന്നെ അലട്ടിയതു കൊണ്ടാണ് ഞാന്‍ ആ കുറിപ്പ് എഴുതിയത്. ആ കുറിപ്പു ഞാന്‍ എഴുതുമ്പോള്‍ പായിപ്പാട്ടെ തൊഴിലാളികള്‍ നിരത്തില്‍ ഇറങ്ങിയിരുന്നില്ല. എവിടെയുള്ളവരോ ആകട്ടെ, തൊഴിലാളികളുടെ കഷ്ടപ്പാട് നേരിട്ട് അറിയാവുന്ന ലയമോള്‍ ആയിരുന്നില്ലേ വാസ്തവത്തില്‍ അവര്‍ക്കു വേണ്ടി കൂടുതല്‍ ഉച്ചത്തില്‍ ശബ്ദമുയര്‍ത്തേണ്ടിയിരുന്നത് ? എന്തുകൊണ്ടാണ് ലയമോള്‍ക്ക് അവരോടു ദയവു തോന്നാത്തത്?

5. ലയ മോള്‍ ഞാന്‍ ‍ജോലി ചെയ്തിരുന്ന മലയാള മനോരമയെ വിശേഷിപ്പിക്കുന്നത് ‘കുത്തക സ്ഥാപനം’ എന്നാണ്.

–ഈ ‘കുത്തകസ്ഥാപനത്തില്‍’ തന്നെയാണ് ലയമോളുടെ പോസ്റ്റ് ഷെയര്‍ ചെയ്ത ക്രിസ് തോമസും ജോലി ചെയ്തിരുന്നത്. ആ ‘കുത്തക സ്ഥാപന’ത്തിലെ ജോലി ഞാന്‍ ഉപേക്ഷിച്ചത് എന്തിനാണെന്ന് ലയമോള്‍ക്ക് എങ്ങനെ അറിയാം? വളരെ സൂക്ഷ്മമായി റിസര്‍ച്ച് ചെയ്ത് കണ്ടെത്തിയതാണെന്നു തോന്നുന്നു. ‘എഴുത്തില്‍ പൂര്‍ണമായി ശ്രദ്ധിക്കാന്‍ വേണ്ടി’യാണോ അതോ ഞാനുള്‍പ്പെടെ അഞ്ച് എഴുത്തുകാര്‍ക്ക് കഥയും കവിതയും എഴുതുന്നതിനു വിലക്ക് ഏര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ചു ഞാന്‍ രാജി വച്ചതാണോ എന്ന് ലയ മോള്‍ ഈ പോസ്റ്റ് ഷെയര്‍ ചെയ്ത അന്നത്തെ ന്യൂസ് എഡിറ്റര്‍ കൂടിയായ ക്രിസ് തോമസിനോടു ചോദിക്കുക. ചെയ്യേണ്ട നന്‍മ ഏതാണെന്നറിഞ്ഞിട്ടും അതു ചെയ്യാതിരിക്കുന്നവന്‍ പാപം ചെയ്യുന്നു എന്ന ബൈബിള്‍ വാക്യം കേട്ടിട്ടുണ്ടെങ്കില്‍ ക്രിസ് തോമസ് സത്യസന്ധമായി ഉത്തരം നല്‍കാതിരിക്കുകയില്ല. . പക്ഷേ, ഞാന്‍ ജോലി ചെയ്തതോ രാജി വച്ചതോ അല്ലല്ലോ ഇവിടുത്തെ പ്രശ്നം. ലക്ഷക്കണക്കിന് മൈഗ്രന്‍റ് ലേബറേഴ്സിന്‍റെ ദുരിതമല്ലേ? രാജ്യത്തെ ഗ്രസിക്കുന്ന പകര്‍ച്ചവ്യാധിയല്ലേ? തകരുന്ന സമ്പദ് രംഗമല്ലേ? എത്ര നാള്‍ ഇങ്ങനെ വിഷയം മാറ്റും, ലയമോളേ?

6.. തന്‍റെ അച്ഛന്‍ പഴയ ബൈക്ക് ഓടിക്കുമ്പോഴും പെട്രോള്‍ വിലയെപ്പറ്റി താനോ വീട്ടുകാരോ ഇതുവരെ പരാതി പറഞ്ഞിട്ടില്ല എന്ന് ലയമോള്‍ പറയുന്നു. അന്താരാഷ്ട്ര വിപണിയില്‍ വില കുറയുമ്പോള്‍ വില കുറയ്ക്കാതെ സര്‍ക്കാര്‍ നേടുന്ന ലാഭം ഇന്ത്യ എല്ലാവരുടേതുമാണ് എന്നു ബോധ്യപ്പെടുത്താനാണ് ചെലവിടുന്നത് എന്ന് അറിയാവുന്നതിനാലാണത്രേ ലയമോള്‍ പരാതിപ്പെടാത്തത്.

–ഇപ്പോള്‍ സംഗതി വ്യക്തമായി. പെട്രോള്‍ വില കുറഞ്ഞിരിക്കുകയായതു കൊണ്ട് ചെറിയൊരു എമൗണ്ട് കൂട്ടിയിട്ടുണ്ടാകും എന്നല്ലാതെ വില കൂടുന്നില്ല എന്നു കേന്ദ്രമന്ത്രി വി. മുരളീധരന്‍ പറഞ്ഞതിന്‍റെ അര്‍ത്ഥം മനസ്സിലായി. പണ്ടു പെട്രോള്‍ വിലയ്ക്കെതിരെ സമരം ചെയ്തിരുന്നവര്‍ ഇപ്പോള്‍ വില കൂടുന്നത് രാജ്യത്തിനു വേണ്ടി സഹിക്കണം എന്നു പറയുന്നതു സംബന്ധിച്ചുള്ള ആശയക്കുഴപ്പവും തീര്‍ന്നു.

9.. ‘‘ ഒരു മഹാമാരി പടർന്നുപിടിക്കുന്നു എന്ന ഭീഷണി വന്ന സാഹചര്യത്തിൽ പെട്ടെന്ന് രാജ്യം അടച്ചിടേണ്ടി വന്നതിന് പിന്നാലെ ഉണ്ടാകുന്ന അപ്രതീക്ഷിത അസൗകര്യങ്ങൾ കൂടി രാജ്യം അതിജീവിക്കണം എന്ന പ്രാർത്ഥനയാണു ഞങ്ങള്‍ക്ക് ’’ എന്ന് ലയ മോള്‍ എഴുതുന്നു. അതായത്, ‘‘മൂന്നാഴ്ചത്തെ ഭക്ഷണവും സൗജന്യ താമസ സൗകര്യവും സർക്കാരുകൾ ഉറപ്പു നൽകിയിട്ടും പാവം ഡല്‍ഹിയിലെ തൊഴിലാളികളെ തെറ്റിദ്ധരിപ്പിച്ച് തെരുവിലിറക്കി അവരുടെ പേരിൽ വിലാപകാവ്യം രചിക്കുന്ന’’ എന്നെപ്പോലെയുള്ളവരെ ഓര്‍ത്ത് ലയമോളുടെ ഹൃദയം തകര്‍ന്നിരിക്കുന്നു. അതിൽ നിന്ന് എന്തെങ്കിലും അവാർഡ് കിട്ടാൻ ഉണ്ടെങ്കിൽ ആയിക്കോളൂ എന്നു ലയമോള്‍ ശകാരിക്കുന്നു.

–ലയ മോളേ, മനുഷ്യരായാല്‍ ഒരു മന:സാക്ഷി വേണ്ടേ? ഒരു വലിയ വിപത്ത് ഒഴിവാക്കാന്‍ അസത്യം പറയുന്നതില്‍ തെറ്റില്ല. പക്ഷേ, സാധുക്കളുടെ ജീവന്‍ പന്താടരുത്. കൊറോണ വൈറസ് ചൈനയില്‍നിന്ന് പടര്‍ന്നു പിടിച്ചു തുടങ്ങിയത് ഡിസംബറില്‍ അല്ലേ? കേന്ദ്രഗവണ്‍മെന്‍റ് ഉത്തരവാദിത്തവും ഭരണനൈപുണ്യവും പ്രകടിപ്പിക്കേണ്ടിയിരുന്നത് അറിഞ്ഞതു മുതല്‍ രാജ്യാന്തര ഫ്ലൈറ്റുകള്‍ നിയന്ത്രിച്ചു കൊണ്ടായിരുന്നില്ലേ? ഇത്രയും മാസങ്ങള്‍ കഴിഞ്ഞു. എന്തെങ്കിലും മുന്നൊരുക്കം കേന്ദ്രം നടത്തിയോ? ചൈനയുടെയും സൗത്ത് കൊറിയയുടെയും അനുഭവത്തില്‍നിന്നു കഴിയുന്നത്ര ടെസ്റ്റുകള്‍ നടത്തുക മാത്രമേ രക്ഷയുള്ളൂ എന്നു വ്യക്തമായിട്ടും കാര്യമായെന്തെങ്കിലും ചെയ്തോ? ലോക് ഡൗണ്‍ പകുതിയായിട്ടും പരിശോധനാ കിറ്റുകളോ മാസ്കുകളോ തയ്യാറാക്കാന്‍ നടപടിയുണ്ടോ? നിസ്സാമുദ്ദീനില്‍ കൊറോണ പടരാന്‍ ഇടയാക്കിയ മര്‍ക്കസ് പോലും കേന്ദ്രഗവണ്‍മെന്‍റിന്‍റെ മൂക്കിനു കീഴെയായിരുന്നു. ലയമോള്‍ടെയും സംഘപരിവാരത്തിന്‍റെയും കുഴപ്പം ഇതാണ്. ചെറിയ കാര്യങ്ങള്‍ പെരുപ്പിച്ചു പറയും. വലിയ കാര്യങ്ങള്‍ കാണുകയുമില്ല. നമ്മുടെ നാട്ടിലെ ജനങ്ങള്‍ നേരിടുന്ന ഭീകരമായ രോഗഭീഷണിയല്ല ലയമോളുടെ പ്രധാന പ്രശ്നം. എന്‍റെ വീടാണ്. അതിനു വേണ്ടി വീടിന്‍റെ സര്‍വ്വേ നമ്പര്‍ വരെ ചികഞ്ഞെടുക്കും. എനിക്കിനി വല്ല അവാര്‍ഡും കിട്ടാനുണ്ടോ എന്നു ഗവേഷണം നടത്തും. അവാര്‍ഡ് മോഹം കൊണ്ടാണ് ഞാന്‍ എഴുതുന്നത് എന്നു വിളിച്ചുകൂവും. ലയ മോളേ, എനിക്കിനി കിട്ടാന്‍ കേന്ദ്ര ഗവണ്‍മെന്‍റിന്‍റെയോ കേരള ഗവണ്‍മെന്‍റിന്‍റെയോ സാഹിത്യ അവാര്‍ഡുകള്‍ ഒന്നുമില്ല. ഇനി രാജ്യസഭാ സീറ്റു മാത്രമേ മുന്നിലുള്ളൂ. അതെനിക്കു വേണ്ടാഞ്ഞിട്ടാണ്. വേണമായിരുന്നെങ്കില്‍ ഒരു മിസ് കോള്‍ പോരേ? ലോക്ഡൗണ്‍ കഴിഞ്ഞ് ലയ മോള്‍ എന്‍റെ വീട്ടില്‍ വരണം. ധാരണകള്‍ മാറും.

10. ലയ മോളുടെ അവസാന വരിയാണ് ഏറ്റവും മികച്ചത്. അതിന് കോട്ടയം കഞ്ഞിക്കുഴി മുതല്‍ രാമന്‍ ചിറ വരെ നീളമുള്ളതിനാല്‍ ഞാന്‍ ആവര്‍ത്തിക്കുന്നില്ല. പോയിന്‍റുകള്‍ പറയാം –

** വിശാലമായ ജീവിതസൗകര്യങ്ങളില്‍ ആറാടി ജീവിക്കുന്ന ഞാന്‍ പാവങ്ങളെ കുറിച്ചു സംസാരിക്കേണ്ടതില്ല എന്നു ലയ മോള്‍ ഉത്തരവിടുന്നു.

–അതുകൊണ്ടാണോ ലയമോളേ, സംഘപരിവാറുകാര്‍ സാധു തൊഴിലാളികള്‍ക്കുവേണ്ടി ഒരക്ഷരം മിണ്ടാത്തത് ?

**കപടവിലാപങ്ങള്‍ അതിബുദ്ധിജീവികളുടേതാണ് എന്നു തിരിച്ചറിഞ്ഞു എന്നു ലയമോള്‍ കുറ്റപ്പെടുത്തുന്നു.

––ലയമോളേ, മറിച്ചാണ്. കപടവിലാപങ്ങള്‍ അതിബുദ്ധിയെ അപ്രസക്തമാക്കും.

*** എന്‍റെ ഭര്‍ത്താവിന്‍റെ ഈ മാസത്തെ ശമ്പളത്തില്‍ പകുതിയും എന്‍റെ റോയല്‍റ്റിയില്‍ കുറച്ചും പിന്നെ അവാര്‍ഡ് സമ്പാദ്യങ്ങള്‍ സ്ഥിരനിക്ഷേപമായിട്ടുണ്ടെങ്കില്‍ അതും പ്രധാനമന്ത്രിയുടെയോ മുഖ്യമന്ത്രിയുടെയോ ദുരിതാശ്വാസഫണ്ടിലേക്കു നല്‍കണം എന്നു ലയമോള്‍ കല്‍പ്പിക്കുന്നു.

ഇതൊക്കെ ലയമോള്‍ക്ക് സ്വന്തം പാര്‍ട്ടിയോടു പറയാന്‍ ധൈര്യമുണ്ടോ? അധികാരത്തിലേറിയതു മുതല്‍ ഒരു കൊല്ലത്തിനിടയില്‍ ബി.ജെ.പിക്ക് ഉണ്ടായ വരുമാന വര്‍ധനയെത്രയാണ്? നോട്ട് നിരോധനത്തിനു ശേഷം മൊത്തം രാജ്യം പിന്നോട്ടടിച്ചപ്പോഴും പാര്‍ട്ടിക്ക് 81 ശതമാനം വരുമാന വര്‍ധനയെവിടെ നിന്നാണ്? പാര്‍ട്ടിയുടെ സംഭാവനകളില്‍ എണ്‍പതു ശതമാനവും പുറത്തു പറയാത്ത പണമായതിനെ കുറിച്ച് എന്തു പറയാനുണ്ട്? കള്ളപ്പണം നിയന്ത്രിക്കാന്‍ പ്രതിജ്ഞാബദ്ധമായ പാര്‍ട്ടി എന്തുകൊണ്ട് തങ്ങള്‍ക്കു കിട്ടുന്ന സംഭാവനകള്‍ സുതാര്യമാക്കിയില്ല എന്നോ കേരളത്തില്‍ ഒരു എം.എല്‍.എ. മാത്രമുള്ള ബി.ജെ.പിയുടെയും ഇവിടുത്തെ പ്രാദേശിക നേതാക്കളുടെയും ആസ്തി എത്രയാണെന്നോ ഞാന്‍ ചോദിക്കുന്നില്ല. ബി.ജെ.പി. വിചാരിച്ചാല്‍ എത്ര നിസ്സാരമായി മൈഗ്രന്‍റ് ലേബേറേഴ്സിനെയും ഈ രാജ്യത്ത് ദാരിദ്ര്യ രേഖയ്ക്കു കീഴിലള്ളവരെയും സഹായിക്കാവുന്നതേയുള്ളൂ.

അക്ഷരങ്ങളിലൂടെ മാത്രം കിട്ടുന്ന എന്‍റെ സമ്പാദ്യം കൊണ്ട് എന്തു വേണമെന്ന് തീരുമാനിക്കേണ്ടത് ഞാനാണെങ്കിലും അതിന്‍റെ പേരില്‍ ആര്‍ക്കും മറുപടി കൊടുക്കാന്‍ എനിക്കു ബാധ്യതയില്ലെങ്കിലും ലയയ്ക്കും ലയയുടെ സംഘത്തിനും റിലാക്സേഷന്‍ കിട്ടാന്‍ വേണ്ടി ഒരു കാര്യം പറയാം – സാമ്പത്തികമായി വലിയ ബുദ്ധിമുട്ടുണ്ടായിരുന്നിട്ടും ‘സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ’ എന്ന എന്‍റെ നോവലിന്‍റെ റോയല്‍റ്റിയായ ഒന്നേമുക്കാല്‍ ലക്ഷം രൂപ ഞാന്‍ പ്രളയ കാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഡിസി ബുക്സ് മുഖേന അടയ്ക്കുകയുണ്ടായി. മലയാളത്തിലെ മറ്റൊരു എഴുത്തുകാരനും എഴുത്തുകാരിയും ഇത്രയും തുക നല്‍കിയിട്ടില്ല എന്നാണ് എന്‍റെ അറിവ്.

ഇനി ഇതു കൊണ്ടും ലയ മോള്‍ക്കു തൃപ്തിയായില്ലേ? എങ്കില്‍, ഈ ഭൂമിയില്‍ ഏതെങ്കിലും ഒരു ബാങ്കില്‍ എനിക്കു സ്ഥിരനിക്ഷേപമുണ്ടെങ്കില്‍ അതിന്‍റെ പകുതി ലയ മോളെടുത്തോ.

എന്നിട്ട് ഈ വരികള്‍ കൂടി ഉറക്കെ ചൊല്ലാന്‍ മറക്കരുത് :

പൂവിട്ടു വാഴ്ത്തിയനുകൂലികളാദരിക്കാം
ശൂലത്തിലേറ്റിയെതിരാളികള്‍ നിഗ്രഹിക്കാം
ഖേദം പ്രമോദമിവവേണ്ടനിതാന്തശാന്ത-
ഭാവം ജപിക്ക പരിപാവനസംഘമന്ത്രം!!!!

വാല്‍ക്കഷ്ണം. : ലയ മോളുടെ പേരില്‍ ആരോ എഴുതി ജയേഷ് കുമാര്‍ പോസ്റ്റ് ചെയ്ത ഹൃദയസ്പര്‍ശിയായ കഥ ക്രിസ് തോമസിന്‍റെയോ ജയേഷ് കുമാറിന്‍റെയോ പേജുകളില്‍ വായിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top