27 July Saturday

കൂടൽ മാണിക്യം ക്ഷേത്രത്തിലെ ഈ വിവേചനം അവസാനിപ്പിക്കാൻ സമയമായില്ലേ?; രേണു രാമനാഥ്‌ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Jan 29, 2022

രേണു രാമനാഥ്‌

രേണു രാമനാഥ്‌

ഗുരുവായൂർ ദേവസ്വത്തിലെ ജോലിക്ക്‌ ബ്രാഹ്മണദേഹണ്ഡക്കാരെ ആവശ്യമുണ്ടെന്ന പരസ്യം മന്ത്രി ഇടപെട്ട്‌ റദ്ദാക്കിയ പശ്ചാത്തലത്തിൽ  ഇരിങ്ങാലക്കുട കൂടൽ മാണിക്യം ക്ഷേത്രത്തിൽ കൂടിയാട്ടം അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട്‌ നിലനിൽക്കുന്ന വിവേചനത്തെ കുറിച്ച്‌ മാധ്യമപ്രവർത്തകയും കലാനിരൂപകയും ആയ  രേണു രാമനാഥ്‌ എഴുതുന്നു. ചാക്യാര്‍, നമ്പ്യാര്‍ സമുദായങ്ങളില്‍ പെട്ടവര്‍ക്ക് മാത്രമേ ഇപ്പോഴും ഇവിടെ കൂടിയാട്ടം അവതരിപ്പിക്കാന്‍ കഴിയൂ.

ഗുരുവായൂർ ദേവസ്വത്തിലെ ബ്രാഹ്മണദേഹണ്ഡക്കാർ ചർച്ചാവിഷയമായിരിക്കുന്ന പശ്ചാത്തലത്തിൽ മറ്റൊരു ജാതിവിഷയം ഒന്ന് ഉന്നയിക്കട്ടെ. കേരളത്തിലെ ഏറ്റവും വലിയതും ഏറ്റവും പ്രധാനപ്പെട്ടതുമായ രണ്ട് കൂത്തമ്പലങ്ങൾ ഇരിങ്ങാലക്കുട കൂടൽ മാണിക്യം ക്ഷേത്രത്തിലും, തൃശൂർ വടക്കുന്നാഥൻ ക്ഷേത്രത്തിലുമാണ്‌. നൂറ്റാണ്ടുകൾ പഴക്കമുള്ള കൂടിയാട്ടമെന്ന കലാരൂപം നിലനിന്നത് ക്ഷേത്രകലയെന്ന രീതിയിൽ അതിന്‌ കിട്ടിപ്പോന്ന സംരക്ഷണം വഴിയാണെന്നതിൽ ആർക്കും സംശയമില്ല.  പക്ഷെ, ഇരുപതാം നൂറ്റാണ്ടിന്റെ പകുതിയോടെ, പലതരം പ്രതിസന്ധികളെ നേരിട്ട് ചുരുങ്ങിച്ചുരുങ്ങി വന്ന ഈ കലാരൂപം പിന്നീട് ഉയർത്തെണീക്കുന്നത് കേരള കലാമണ്ഡലത്തിൽ നടന്ന പരിഷ്കാരപ്രക്രിയയിലൂടെ, ജാതിയുടെ മതിലുകൾ ഭേദിച്ച് പുറത്തു വന്നതിലൂടെയാണല്ലോ.
 
കൂടിയാട്ട കലാകാരർ അനുവർത്തിച്ചു പോന്ന എല്ലാ ജാതീയമായ ചട്ടക്കൂടുകളെയും നിയമങ്ങളെയും ലംഘിച്ചതിലൂടെയാണ്‌ ആ കലാരൂപം ആധുനിക ലോകത്ത് സുപ്രധാനമായ സ്ഥാനവും അംഗീകാരവും നേടിയെടുക്കുന്നതിൽ വിജയിച്ചത്.  ഇന്ന് യുണസ്കോവിന്റെ അംഗീകാരം - Oral and Intangible Heritage of Humanity -നേടിയെടുക്കാനായത് ജാതിയുടെയും വിശ്വാസത്തിന്റെയും ആചാരത്തിന്റെയും മതിൽക്കെട്ടുകളിൽ ഒതുങ്ങിക്കിടന്നതു കൊണ്ടല്ല.
 
പക്ഷെ, ഈ ആധുനികയുഗത്തിലും വളരെ വലിയൊരു വിരോധാഭാസമാണ്‌ കൂടിയാട്ട കലാകാരർ നേരിടുന്നത് എന്ന് പറയാതെ വയ്യ. കേരള കലാമണ്ഡലത്തിൽ കൂടിയാട്ടം പാഠ്യവിഷയമാക്കിയത്‌ മുതൽ, പരമ്പരാഗത സമുദായങ്ങളിൽപ്പെടാത്ത നിരവധി കലാകാരന്മാരും കലാകാരികളുമാണ്‌ ഈ കലാരൂപത്തിന്റെ നിലനിൽപ്പിന്‌ വഴി തെളിച്ചതെന്ന വസ്‌തുത ആർക്കും നിഷേധിക്കാനാവില്ലല്ലോ.   

പക്ഷെ, ഏറ്റവും മനോഹരമായ, പ്രാചീനമായ അരങ്ങിന്റെ ഉദാഹരണങ്ങളായ ഇരിങ്ങാലക്കുടയിലെയും വടക്കുന്നാഥനിലെയും കൂത്തമ്പലങ്ങളെ ഇപ്പോഴും നിയന്ത്രിക്കുന്നത് ജാതിനിയമങ്ങൾ ആണെന്നത് ഏറ്റവും ലജ്ജാകരമായ വസ്തുതയായേ കാണാനാവൂ.  അന്തർദ്ദേശീയതലത്തിൽ പ്രശസ്‌ത‌രായ കപിലാ വേണു, സൂരജ് നമ്പ്യാർ തുടങ്ങിയവർ ഉൾപ്പെടെ ഒരു വലിയനിര കൂടിയാട്ട കലാകാരന്മാർക്കും കലാകാരികൾക്കും ഇന്നും ഈ കൂത്തമ്പലങ്ങളിൽ കൂടിയാട്ടമോ, നങ്ങ്യാർകൂത്തോ, ചാക്യാർകൂത്തോ അവതരിപ്പിക്കാൻ സാധിച്ചിട്ടില്ല.  

കൂടിയാട്ടമെന്ന കലാരൂപം ഇന്ന് ആധുനിക നാടകവേദിയുടെ പരിശീലനപദ്ധതികളിൽ വളരെ പ്രധാനപ്പെട്ട സ്ഥാനം നേടിയിട്ടുണ്ട്.  ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള അനേകം സ്ഥാപനങ്ങളിൽ സ്വദേശികളും വിദേശികളുമായ നിരവധി കലാകാരർ കൂടിയാട്ടം പരിശീലിക്കുന്നുണ്ട്. എന്നിട്ടും, കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് അരങ്ങുകൾ ബഹുഭൂരിപക്ഷം കൂടിയാട്ട കലാകാരർക്കും നിഷേധിക്കപ്പെട്ടിരിക്കുന്നുവെന്നത് തിരുത്താൻ സമയമായില്ലേ? ആ തിരുത്ത് ഇരിങ്ങാലക്കുടയിൽ നിന്നു തന്നെ തുടങ്ങേണ്ടതല്ലേ?


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top