29 March Wednesday

ചിന്ത ജെറോമിന്റെ ഡോക്‌ടറേറ്റ്‌; സ്ത്രീകൾ സമൂഹത്തിൽ മുന്നേറുന്നതിന്റെ ബേജാറ് കൂടിയുണ്ട് ചിലർക്ക്‌

വെബ് ഡെസ്‌ക്‌Updated: Thursday Aug 19, 2021

യൂത്ത് കമ്മീഷൻ ചെയർപെഴ്‌സണായിരിക്കെത്തന്നെ ജെആർഎഫ് ഫെലോഷിപ്പ് തുകയും കൈപ്പറ്റി യുജിസി മാനദണ്ഡങ്ങൾ ലംഘിച്ചു എന്നൊരു ഗുരുതരമായ ആരോപണവും കൂട്ടത്തിൽ കണ്ടു. ഒരു പൊതുപ്രവർത്തകയ്ക്ക് നേരെയുള്ള അത്തരത്തിലൊരു ആക്ഷേപത്തിന് വിശദീകരണം നൽകേണ്ടതുണ്ടെന്ന് തോന്നുന്നു. മിലാഷ്‌ സി എൻ എഴുതുന്നു.

സഖാവ് ഡോക്‌ട‌ർ ചിന്താ ജെറോമിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ...

ഔദ്യോഗികമായും സംഘടനാപരമായുമുള്ള വലിയ ചുമതലകൾ നിർവ്വഹിക്കുന്നതിനിടെയിലും ഇംഗ്ലീഷ് സാഹീത്യത്തിലെ പിഎച്ച്ഡി കരസ്ഥമാക്കുക എന്നത് വലിയ അഭിനന്ദനമർഹിക്കുന്ന നേട്ടമാണ്. നമ്മളോട് വിയോജിപ്പുള്ളവരോടും അവരുടെ നേട്ടങ്ങളിൽ ഐക്യദാർഡ്യം പ്രകടിപ്പിക്കുകയാണ് സാമാന്യമര്യാദ. അത്തരം മര്യാദകളൊന്നും സിപിഎമ്മുകാരോട് പാടില്ലല്ലോ. അതാകാം, ഇന്നലെ മുതൽ കുറെ പേർ നിർത്താതെ ഓരിയിടുന്നത്. മിക്കതും സ്ഥിരം ചൊറിച്ചിലിന്റെ ഭാഗമാണ്. അവയൊന്നും മറുപടിയും അർഹിക്കുന്നില്ല. യൂത്ത് കമ്മീഷൻ ചെയർപെഴ്‌സണായിരിക്കെത്തന്നെ ജെആർഎഫ് ഫെലോഷിപ്പ് തുകയും കൈപ്പറ്റി യുജിസി മാനദണ്ഡങ്ങൾ ലംഘിച്ചു എന്നൊരു ഗുരുതരമായ ആരോപണവും കൂട്ടത്തിൽ കണ്ടു. ഒരു പൊതുപ്രവർത്തകയ്ക്ക് നേരെയുള്ള അത്തരത്തിലൊരു ആക്ഷേപത്തിന് വിശദീകരണം നൽകേണ്ടതുണ്ടെന്ന് തോന്നുന്നു.

2011 മുതൽ കേരളസർവകലാശാലയിൽ ഗവേഷണം ചെയ്‌തുവരികയായിരുന്നു ചിന്ത. 2014ലെ യുജിസി - നെറ്റ് പരീക്ഷ എഴുതിയാണ് ചിന്ത യുജിസി ജെആർഎഫ് നേടുന്നത്. നെറ്റ് പരീക്ഷയിൽ രാജ്യത്തെത്തന്നെ ഉയർന്ന മാർക്ക് നേടുന്ന കുറച്ച് പേർക്കാണ് ജെആർഎഫ് അവാർഡ് ചെയ്യപ്പെടുന്നത്.  ഇംഗ്ലീഷ് സാഹിത്യത്തിൽ ജെആർഎഫ് ലഭിക്കുന്നത് ചെറിയ നേട്ടമല്ല. സംഘടനാപ്രവർത്തനവും പഠനവും ഒരേ പോലെ മികച്ച രീതിയിൽ നടത്തിയ എസ്എഫ്ഐ സഖാക്കളുടെ മറ്റൊരുദാഹരണമാണ് ചിന്തയും. 2014 നവംബർ മുതൽ കേരളസർവകലാശാലയുടെ ഗവേഷണം റെലിൻക്വിഷ് ചെയ്‌ത് യുജിസി ജെആർഎഫ് ആരംഭിച്ചു (ഇമേജ് 1).

യുജിസി -ജെആർഎഫ് ലഭിച്ച ചിന്ത ഗവേഷണം തുടരുന്നതിനിടെയിലാണ് 2016 ഒക്ടോബറിൽ സംസ്ഥാന യുവജന കമ്മീഷൻ ചെയർപെഴ്സണായി നിയമിതയാകുന്നത്. ഇതേത്തുടർന്ന്, ജെആർഎഫ് റെലിൻക്വിഷ് ചെയ്യുന്നതിനും ഫുൾ ടൈം രജിസ്ട്രേഷൻ പാർട്ട് ടൈം ആക്കി മാറ്റുന്നതിനുമുള്ള അപേക്ഷ ചിന്ത കേരള സർവകലാശാലക്ക് നൽകി. 2017 ജനുവരി 17 ലെ ഉത്തരവ് പ്രകാരം കേരള സർവകലാശാല ഈ അപേക്ഷ അംഗീകരിച്ച് 2016 ഒക്ടോബർ 14 തിയതി പ്രാബല്യത്തിൽ യുജിസി -ജെആർഎഫ് റെലിങ്ക്വിഷ് ചെയ്യാൻ അനുവദിച്ചു. 2016 മെയ് വരെയുള്ള ഫെലോഷിപ്പ് മാത്രമാണ് ചിന്തക്ക് അനുവദിച്ചിട്ടുള്ളത് എന്ന് ഈ ഉത്തരവിൽ വ്യക്തമായും പരാമർശിക്കുന്നുണ്ട് (ഇമേജ് 2).

2017 മാർച്ച് 18ന് ചേർന്ന സിൻഡിക്കേറ്റ് യോഗം ഗവേഷണം പാർട്ട് ടൈമായി മാറ്റുന്നതിനുള്ള ചിന്തയുടെ അപേക്ഷ പരിഗണിക്കുകയും അനുമതി നൽകുകയും ചെയ്‌തു. തുടർന്ന് 2016 ഒക്ടോബർ 14 മുതൽ പാർട്ട് ടൈം സ്കോളറായി ചിന്തയെ അംഗീകരിച്ച് ഉത്തരവ് ഇറക്കുകയും ചെയ്തിട്ടുണ്ട് (ഇമേജ് 3).

അതായത്, യുവജന കമ്മീഷൻ ചെയർപെഴ്‌സൺ ആയ കാലം മുതൽ പാർട്ട് ടൈം ഗവേഷക എന്ന് രീതിയിലാണ് ചിന്ത ഗവേഷണം പൂർത്തിയാക്കിയത്. ജെആർഎഫ് സംബന്ധമായ എന്തെങ്കിലും ആനുകൂല്യങ്ങൾ ഈ കാലയളവിൽ കൈപ്പറ്റിയിട്ടുമില്ല.

ശമ്പളം സംബന്ധിച്ചുള്ള ചില പരാമർശങ്ങൾക്കും സാന്ദർഭികമായി മറുപടി പറഞ്ഞു പോകണം. യുവജനകമ്മീഷൻ ചെയർപെഴ്സണായി ചുമതലയേൽക്കുമ്പോൾ ചിന്തക്ക് ലഭിച്ചിരുന്ന ശമ്പളം 50,000 രൂപ ആയിരുന്നു. ആ കാലയളവിൽ പ്രതിമാസം ലഭിച്ചിരുന്ന ഫെലോഷിപ്പ് തുക വീട്ടുവാടക അലവൻസ് ഉൾപ്പെടെ അതിലേറെ വരും. അത് തന്നെ അഞ്ച് മാസത്തെ കുടിശിക തുക കിട്ടാനുള്ളത് കൂടി വേണ്ടെന്ന് വെച്ചാണ് ജെആർഎഫ് റെലിൻക്വിഷ് ചെയ്യാൻ അപേക്ഷ നൽകിയത്. പാർട്ടി ഏൽപ്പിച്ച ചുമതല ഏറ്റെടുക്കുന്നതിനായി ഇത്തരം ധനപരമായ നഷ്ടങ്ങൾ ചിന്താ ജെറോം പരിഗണിച്ചിട്ടില്ല. ഇരട്ടശമ്പളം വാങ്ങി എന്നൊക്കെ അവരെ ആക്ഷേപിക്കുന്നത് എത്രത്തോളം തരംതാഴ്ന്ന പ്രവൃത്തിയാണെന്ന് ഓർക്കണം.
ഒരാളുടെ രാഷ്ട്രീയത്തെ വിമർശിക്കാം. അയാളുടെ പ്രസംഗത്തെയോ സംസാരരീതിയെയോ ഒക്കെ ട്രോളാം. അതൊക്കെ നടക്കട്ടെ. പക്ഷെ, ഒരാൾ കഷ്‌ട‌‌പ്പെട്ട് നേടിയ ഒരു നേട്ടത്തെ ഇകഴ്ത്താനും വിമർശിക്കാനും നടക്കുന്നത് ഒട്ടും നല്ല കാര്യമല്ല. ഒരു വസ്‌തുതയും അന്വേഷിക്കാതെ കേരളസർവകലാശാല രാഷ്ട്രീയസ്വാധീനം വെച്ച് പിഎച്ച്ഡി അവാർഡ് ചെയ്തെന്നൊക്കെയാണ് എഴുതി മറിക്കുന്നത്.

താലിബാനെ വെളുപ്പിക്കാൻ നടക്കുന്നതിനിടെ സൈബർ ലോകത്തിന്റെ ശ്രദ്ധ തിരിക്കാനാകും ചിലർ ഈ സാഹിത്യം എഴുതിവിട്ടത്. പടച്ചു വിടുന്നത് ഏത് ദജ്ജാലായാലും അതെടുത്ത് ഒട്ടിച്ചു നടക്കുന്ന യുഡിഎഫ് സൈബറണികളുടെ അവസ്ഥയാണ് പരിതാപകരം. ഇനി അഞ്ചു വർഷത്തേക്ക് അധികാരം കിട്ടാത്തതിന്റെ ഫ്രസ്ട്രേഷൻ മാത്രമല്ല ഇവറ്റകൾക്ക്. ബിരിയാണിച്ചെമ്പിന്റെ മൂടി മാത്രമായി ഇവന്മാർ കാണുന്ന സ്ത്രീകൾ സമൂഹത്തിൽ മുന്നേറുന്നതിന്റെ ബേജാറ് കൂടിയുണ്ട്. ബിരിയാണിക്ക് ഉള്ളിയരിഞ്ഞ് കൊടുക്കാൻ 'താലിബാൻ ഒരു വിസ്‌മയം' ടീമുകളും കൂട്ടിനുണ്ടല്ലോ.

ഇടതുപക്ഷത്തെ പ്രവർത്തകരോ അവരുടെ ജീവിതപങ്കാളികളോ നേടുന്ന അക്കാദമികയോഗ്യതകളൊക്കെ മോശമാണെന്ന് പറഞ്ഞു നടക്കുന്ന യുഡിഎഫ് സൈബറണികൾക്ക് മെയ് 2ന് ശേഷവും നേരം വെളുത്തിട്ടില്ല എന്നതിൽ ഞങ്ങൾക്ക് സന്തോഷമേയുള്ളൂ. ഇലക്ഷൻ കാലത്ത് എംബി രാജേഷിന്റെ പങ്കാളിയുടെ നിയമനമൊക്കെ ആഘോഷിച്ച ബാലകരാമസേന പണി തുടരട്ടെ. അതൊക്കെ ഓർത്ത് സ്പീക്കറുടെ മുറിയിലിരുന്ന് എംബി രാജേഷ് ചിരിക്കുന്നുണ്ടാകും. തോറ്റ എംഎൽഎ നാട്ടിലെ അക്ഷയ സെന്ററുകൾക്ക് വലിയ വെല്ലുവിളി സൃഷ്‌ടിക്കാനുള്ള പോരാട്ടത്തിലാണെന്ന് കേട്ടു. NB : യുവജനകമ്മീഷൻ കഴിഞ്ഞ 5 വർഷം എന്ത് ചെയ്‌തു എന്ന് ഈ ലിങ്കിൽ പോയാൽ മനസിലാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top