23 March Thursday

'ദയവ് ചെയ്‌ത് ഇത്തരം മെസേജുകള്‍ ചിന്തിച്ച് മനസ്സിലാക്കുക'; ക്യാന്‍സര്‍ ചികിത്സയുടെ വ്യാജസന്ദേശത്തെക്കുറിച്ച് ഡോ ഷിംന അസീസ്

വെബ് ഡെസ്‌ക്‌Updated: Monday Jan 29, 2018

കൊച്ചി > ക്യാന്‍സര്‍ രോഗ വിദഗ്‌ധന്‍ ഡോ. വി പി ഗംഗാധരന്റെ പേരും ചിത്രവും ഉപയോഗിച്ച് പ്രചരിക്കുന്ന വ്യാജസന്ദേശത്തെക്കുറിച്ച് പ്രതികരണവുമായി ഡോ. ഷിംന അസീസ്. ഡോ. വി പി ഗംഗാധരന്റെ ചിത്രം ഉപയോഗിച്ചാല്‍ കിട്ടുന്ന വിശ്വാസ്യത ഓര്‍ത്തായിരിക്കും അദ്ദേഹം മനസ്സാവാചാ അറിയാത്ത കാര്യം പ്രചരിപ്പിക്കുന്നത്. അടിസ്ഥാനരഹിതമായ വാര്‍ത്തകളില്‍ വഞ്ചിതരാകരുതെന്നും ഇത്തരം മെസ്സേജുകളുടെ ഉള്ളടക്കം ചിന്തിച്ച് മനസ്സിലാക്കണമെന്നും ഷിംന ഫേസ്‌‌‌ബുക്ക് പോസ്റ്റില്‍ പറയുന്നു. വ്യാജ സന്ദേശത്തിനെതിരെ ഡോ. വി പി ഗംഗാധരന്‍ സൈബര്‍സെല്ലില്‍ പരാതി നല്‍കിയിട്ടുണ്ട്.

ഫേസ്‌‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

വി.പി ഗംഗാധരന്‍ സാറിന്റെ പേരില്‍ കാന്‍സറിനുള്ള അദ്ഭുതചികിത്സ എന്ന മൂന്ന് പോയിന്റുകളുമായൊരു മെസേജ് സോഷ്യല്‍ മീഡിയ കൈയടക്കിയിരിക്കുന്നു. പേരെടുത്തൊരു കാന്‍സര്‍ രോഗവിദഗ്ധന്റെ ഫോട്ടോ പിറകിലൊട്ടിച്ചാല്‍ കിട്ടുന്ന വിശ്വാസ്യത ഓര്‍ത്താവണം ഗംഗാധരന്‍ സര്‍ മനസ്സാവാചാ അറിയാതൊരു കാര്യം അദ്ദേഹത്തിന്റെ പേരില്‍ പ്രചരിക്കുന്നത്.

ഉള്ളതങ്ങ് പറയാം.. പഞ്ചസാര കഴിച്ചില്ലെങ്കില്‍ കാന്‍സര്‍ പടരില്ല എന്ന ആദ്യ പോയിന്റ്. പഞ്ചസാര ആയാലും ചോറായാലും ചപ്പാത്തിയായാലും കാര്‍ബോഹൈഡ്രേറ്റ് വിഭാഗത്തിലെ എന്ത് സാധനമായാലും ശരീരത്തിലെത്തിയാല്‍ ഒടുക്കം ഗ്ലൂക്കോസായി മാറും. ശരീരത്തിന്റെ സകലപ്രവര്‍ത്തനങ്ങള്‍ക്കുമുള്ള ഇന്ധനമാണ് ഗ്ലൂക്കോസ്. ആമാശയത്തിലെത്തുമ്പോള്‍ പഞ്ചസാരത്തരി പെറുക്കിയെടുത്ത് 'ഹായ് നമുക്ക് കാന്‍സറിന് തിന്നാന്‍ കൊടുക്കാം' എന്ന് തീരുമാനിക്കാനുള്ള മെക്കാനിസം അവിടെയില്ല. അസംബന്ധമാണിത്. പഞ്ചസാര കഴിക്കാതിരുന്നാല്‍ കാന്‍സര്‍ തടയാനാവില്ല.

ചെറുനാരങ്ങ പിഴിഞ്ഞ് കുടിച്ചാല്‍ ധാരാളം വൈറ്റമിന്‍ സി കിട്ടും. കൂട്ടത്തില്‍ കുറച്ച് ധാതുലവണങ്ങളും ഇങ്ങ് പോരും. പണ്ട് ലിനസ് പോളിങ്ങ് എന്ന ഇരട്ട നോബല്‍ സമ്മാനജേതാവ് വൈറ്റമിന്‍ സി അധിക അളവില്‍ ഉപയോഗിക്കുന്നത് ജലദോഷം മുതല്‍ കാന്‍സര്‍ വരെ തടയുമെന്ന് പ്രചരിപ്പിച്ചിരുന്നു. മതിയായ തെളിവുകള്‍ ഇല്ലാത്തതിനാല്‍ അന്നേ ശാസ്ത്രലോകം അത് തള്ളിക്കളഞ്ഞതാണ്. അതിന്റെ പുതിയ വേര്‍ഷനായ നാരങ്ങ പിഴിഞ്ഞ് കുടിക്കല്‍ പ്രചരിപ്പിച്ച ശ്രീനിവാസന്‍ ചെറിയൊരു ആരോഗ്യപ്രശ്നം വന്നപ്പോള്‍ ചെന്നു കിടന്നത് സൂപ്പര്‍സ്പെഷ്യാലിറ്റി ആശുപത്രിയിലാണ്. ഗംഗാധരന്‍ സാറിന്റെ ചിത്രത്തോടെയുള്ള ഈ മെസേജ് വിശ്വസിച്ച് കീമോതെറാപ്പിയേക്കാള്‍ 1000 മടങ്ങ് 'ഫലപ്രദമായ' നാരങ്ങ പിഴിഞ്ഞ് കുടിക്കലിനെ ഏറ്റെടുത്ത് കീമോതെറാപ്പി ഒഴിവാക്കി രോഗിയുടെ ജീവന്‍ അപകടത്തിലായാല്‍ മെസേജ് നിര്‍മ്മാതാവ് ഉത്തരം പറയുമോ ! അതിന് ഇജ്ജാതി മെസേജൊക്കെ ആര് പടച്ചു വിടുന്നെന്ന് ആര്‍ക്കറിയാമല്ലേ? 'സാമൂഹ്യസേവനം' ചെയ്യുന്ന സാമൂഹ്യവിരുദ്ധര്‍. ഇത്തരം കപടപ്രചാരകരെ കണ്ടുപിടിച്ച് പൂട്ടുന്ന നിയമനടപടിയാണ് വേണ്ടത്. ആരോടു പറയാനാണ്

മൂന്ന് സ്പൂണ്‍ ഓര്‍ഗാനിക് വെളിച്ചെണ്ണ രാവിലേം വൈകുന്നേരോം കുടിച്ചോളാന്‍ പറഞ്ഞിട്ടുണ്ട്. എല്ലാ വെളിച്ചെണ്ണയും ഓര്‍ഗാനിക്കല്ലേ? വിര്‍ജിന്‍ കോക്കനട്ട് ഓയിലാണോ എന്തോ ഉദ്ദേശിച്ചത്... അതോ വീട്ടില്‍ തന്നെ ഉണ്ടാക്കിയ വെളിച്ചെണ്ണയോ. ഇനി വെളിച്ചെണ്ണ വിറ്റുപോകാന്‍ വല്ല കൊപ്രക്കച്ചവടക്കാരനും ഉണ്ടാക്കിയ മെസേജാണോ ആവോ !

അടിസ്ഥാനരഹിതമാണ് ഈ പറഞ്ഞതും. ദയവ് ചെയ്‌ത് ഇത്തരം മെസേജുകളുടെ ഉള്ളടക്കം ചിന്തിച്ച് മനസ്സിലാക്കാന്‍ ശ്രമിക്കുക. ഗംഗാധരന്‍ സാറിനെപ്പോലെ കാന്‍സര്‍ ചികിത്സാരംഗത്തെ ഒരു അതികായന്റെ പേര് ഇതിലേക്ക് വലിച്ചിഴച്ച ആ മഹദ്വ്യക്തിത്വം ജനജീവിതം അപകടത്തിലേക്ക് തള്ളി വിടുന്നത് തടയാനുള്ള ശ്രമമാണ് ഇവിടെയുള്ള ഈ കുറിപ്പ്.

ദയവായി ഇത്തരം കുപ്രചരണങ്ങളിലും അശാസ്ത്രീയതയിലും മയങ്ങി വീഴരുത്. നിങ്ങള്‍ക്ക് രോഗമുണ്ടാക്കുന്ന പ്രമുഖരെല്ലാം അവര്‍ക്ക് രോഗം വരുമ്പോള്‍ ഓടുന്നത് ലോകത്ത് കിട്ടാവുന്നതില്‍ ഏറ്റവും മികച്ച ചികിത്സ ഉള്ളിടത്തേക്കാണ്. ഹെഗ്ഡേയും ശ്രീനിവാസനുമെന്നല്ല, ജീവനില്‍ കൊതിയുള്ള ആരും ഇത് തന്നെ ചെയ്യും.

എന്നിട്ടും പഠിക്കാതെ നമ്മള്‍ മെസേജുകള്‍ ഫോര്‍വാര്‍ഡ് ചെയ്‌തുകൊണ്ടേ ഇരിക്കും. കൊതിയോടെ വായിച്ചു തീര്‍ത്ത ഗംഗാധരന്‍ സാറിന്റെ പുസ്‌തകത്തിന്റെ പേരാണ് ഓര്‍മ്മ വരുന്നത്, 'ജീവിതമെന്ന അദ്ഭുതം'. നശിപ്പിക്കരുത്...

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top