01 October Sunday

മലപ്പുറത്തെ ലീഗ് പിന്നോട്ട് നടത്തിയ കഥ; ലീഗ് പ്രമേയത്തില്‍നിന്ന് ചീന്തിയെടുത്ത ഒരു ഏട് ഉള്‍പ്പെടെ

വെബ് ഡെസ്‌ക്‌Updated: Saturday Mar 18, 2017

മലപ്പുറം ഉപതെരഞ്ഞെടുപ്പിലെ ഇടതുപക്ഷ സ്ഥാനാര്‍ഥിയായി അഡ്വ. എം ബി ഫൈസലിനെ പ്രഖ്യാപിച്ചു. രാജ്യത്തെ പുതിയ സാഹചര്യത്തില്‍ ഇടതുപക്ഷത്തിന്റെ വിജയം അനിവാര്യമാണെന്നും മലപ്പുറത്തിന് നല്‍കാന്‍ കഴിയുന്നത് വലിയ സന്ദേശമാണെന്നുമാണ് എം ബി ഫൈസലിന്റെ ആദ്യ പ്രതികരണം. ഈ വികാരം ഉള്‍ക്കൊണ്ടുകൊണ്ടുള്ള പ്രതികരണങ്ങളാണ് സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്ന് ഉണ്ടാകുന്നത്.

രാജ്യം നേരിടുന്ന തീവ്ര ഹിന്ദുത്വ ഭീഷണിയെ നേരിടേണ്ടത് ന്യൂനപക്ഷ വര്‍ഗീയതയിലൂടെ അല്ല എന്ന് സോഷ്യല്‍ മീഡിയയും ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല, മുസ്ലിം ലീഗ് ഭരണം മലപ്പുറത്തിനെ എത്രമാത്രം പിന്നോട്ടടിച്ചു എന്ന കാര്യകാരണങ്ങള്‍ അവര്‍ എണ്ണിപ്പറയുന്നു. ഇതിന് അവലംബമായത് മുസ്ലിം ലീഗ് തന്നെ പാസാക്കിയ പ്രമേയവും ജില്ലാ പഠന പ്രബന്ധവുമാണ്.

രാജ്യത്തിന് മലപ്പുറത്തിന് നല്‍കാനാവുന്ന സന്ദേശത്തിനപ്പുറം പിന്നോക്കാവസ്ഥയില്‍നിന്ന് കരകയറാന്‍ ഇടതുപക്ഷത്തിന്റെ വിജയം അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടുന്ന   Asy Aseeb Puthalath ന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

'കേരളത്തിലെ മുസ്ലിങ്ങള്‍ക്ക്‌ തലയുയര്‍ത്തി നില്‍ക്കാനുള്ള അന്തസുണ്ടാക്കി തന്നത്‌ ഇന്‍ഡ്യന്‍ യുണിയന്‍ മുസ്ലിം ലീഗാണടോ..'

ലീഗാരോട്‌ രാഷ്ട്രീയം പറഞ്ഞാല്‍, ബൈത്തുറഹ്മ രണ്ട്‌ വീതം മൂന്ന് നേരം, തങ്ങളുടെ കറാമത്ത്‌ 1 വീതം 2 നേരം ഗുളിക വായിലേക്കിട്ട്‌ ശേഷം വെള്ളമൊഴിക്കുന്ന ക്ലൈമാക്സിലെ പഞ്ച്‌ ഡയലോഗിതാണ്. മുസ്ലിങ്ങള്‍ക്ക്‌ ഉണ്ടാക്കി തന്ന ഗഥ.

അതെന്താണെന്ന് സ്പെസിഫിക്കായി പറയാമോ എന്ന് ചോദിച്ചാല്‍ വീണ്ടും പറയും ബൈത്തുറഹ്മ, വേങ്ങരയില്‍ ബസ്‌ സ്റ്റോപ്പില്‍ ഫ്രീ വൈഫൈ, വെയിറ്റിംഗ്‌ ഷെഡ്‌ എന്നൊക്കെ. അത്രേ ഒള്ളു. അതിനപ്പുറം ഒന്നുമില്ല.

ഒരു നാട്ടില്‍ നിന്ന് ജയിച്ച്‌ പോകുന്ന ജനപ്രതിനിധികള്‍, അവരില്‍ നിന്നുണ്ടാവുന്ന ഭരണാധികാരികള്‍ എന്തെങ്കിലും ആ നാടിനായി ചെയ്തുവെങ്കില്‍ അതാദ്യം കാണേണ്ടത്‌ വിദ്യാഭ്യാസ മേഖലയിലോ ആരോഗ്യമേഖലയിലോ വ്യവസായമേഖലയിലോ ആവണം. എന്തുണ്ട്‌ മലപ്പുറത്ത്‌.? ലീഗാര്‍ മുസ്ലിങ്ങള്‍ക്ക്‌ എന്തേലും ചെയ്തെങ്കില്‍ മലപ്പുറത്ത്‌ അത്‌ കാണണ്ടേ..?

ആളോഹരി വരുമാനത്തിലും അടിസ്ഥാനസൗകര്യങ്ങളിലും ഏറ്റവും പിന്നാക്കം, പതിനാലാമത്‌ നില്‍ക്കുന്ന ജില്ലയാണ് മലപ്പുറം.

ജനസംഖ്യാനുപാതികമായി വ്യവസായങ്ങളോ, തൊഴില്‍ നല്‍കുന്ന സംരഭങ്ങളോ, വിദ്യാഭ്യാസ സ്ഥാപനങ്ങളോ ഹോസ്പിറ്റലുകളോ ആ നാട്ടിലില്ല.
താരതമ്യേന തൊട്ട്‌ മുന്‍പില്‍ നില്‍ക്കുന്ന കാസര്‍ഗ്ഗോഡ്‌, വയനാട്‌, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ ഒരു ലക്ഷം ജനത്തിനു 12 ഹോസ്പിറ്റലുകള്‍, 11 ഹൈസ്കൂളുകള്‍, 1 കോളേജ്‌ എന്നിങ്ങനെയുള്ളപ്പോള്‍ മലപ്പുറത്തെ ഒരു ലക്ഷം ജനത്തിനു 6 ഹോസ്പിറ്റല്‍, 4 ഹൈസ്കൂള്‍, 0.3 കോളേജ്‌ എന്നിങ്ങനെയാണ് ഉള്ളത്‌.

അതായത്‌, മറ്റു പിന്നാക്ക ജില്ലകളില്‍ ഒരു സ്കൂള്‍ സീറ്റോ കോളേജ്‌ സീറ്റോ ലക്ഷ്യമാക്കി രണ്ടോ മൂന്നോ ആളുകള്‍ ഓട്ടോയില്‍ വരുമ്പോള്‍ ആ ഒരു സീറ്റിനായി മലപുറത്ത്‌ പത്ത്‌ പേര്‍ ബസില്‍ വരും. ഒരു ഹോസ്പിറ്റല്‍ കിടക്കയില്‍ ഒന്നോ രണ്ടോ പേര്‍ കിടക്കുമ്പോള്‍ മലപ്പുറത്ത്‌ അത്‌ നാലഞ്ചുപേരാകും.

(അവലംബം: മലപ്പുറം ജില്ലാ വിഭജിക്കാന്‍ ലീഗുകാരുടെ തന്നെ ജില്ലാപഞ്ചായത്ത്‌ പാസാക്കിയ പ്രമേയം, മലപ്പുറം ജില്ലാ പഠനപ്രബന്ധം)

അപ്പോ, അടവച്ച്‌ വിരിയിച്ചെടുക്കുന്ന പോലെ ആരു ഭരിച്ചാലും ഒന്നര ഡസന്‍ എം എല്‍ എമാരെ, 2 എം പിമാരെ പറഞ്ഞയക്കുന്ന, അയ്യഞ്ച്‌ കൊല്ലം മാറി മാറി വ്യവസായവും വിദ്യാഭ്യാസവുമടക്കം നാലഞ്ച്‌ സംസ്ഥാനമന്ത്രിസ്ഥാനം, കേന്ദ്രമന്ത്രിസ്ഥാനം തുടങ്ങിയവ അലങ്കരിച്ച ലീഗിന്റെ സ്വന്തം മലപ്പുറത്തിന്റെ വികസനചരിത്രമാണാ മുകളില്‍ പറഞ്ഞത്‌. സ്കൂളില്ല, കൊളേജില്ല, ഹോസ്പിറ്റലില്ല, വ്യവസായങ്ങളില്ല, അടിസ്ഥാന സൗകര്യങ്ങളില്ല. ശരാശരിയില്‍ വയനാടിനും ഇടുക്കിക്കും കാസര്‍ഗ്ഗൊഡിനും, പത്തനംതിട്ടക്കും പിന്നില്‍. ഏറ്റവും പിറകില്‍, പതിനാലാമത്‌.

ഇടതുസര്‍ക്കാരുകള്‍ അതത്‌ കാലത്ത്‌ ചെയ്തതിനപ്പുറം മലപ്പുറത്തിനോ മുസ്ലിങ്ങള്‍ക്കോ ലീഗ്‌ എന്ത്‌ കൊടുത്തെന്ന് എണ്ണിപ്പറയുന്ന ഒരു ലീഗുകാരനെ കാണിച്ച്‌ തരാമോ..? ഇടത്‌ സര്‍ക്കാര്‍ ചെയ്തവയുടെ ലിസ്റ്റുണ്ട്‌. ന്യൂനപക്ഷവികസനത്തിനു നല്‍കുന്ന സ്കീം ചൂണ്ടിക്കാട്ടി പത്തുമ്മക്കും ഖദീജക്കും കിട്ടും, കൗസല്യക്ക്‌ കിട്ടില്ല എന്ന് പറഞ്ഞു നടക്കുന്ന സംഘികള്‍ (അവര്‍ക്ക്‌ മുന്നോക്ക, പിന്നാക്ക, ദളിത്‌, ന്യൂനപക്ഷ വികസന കോര്‍പ്പറേഷനൊക്കെ ഉണ്ടെന്നും അതിലെ സ്കീം അവര്‍ക്കേ കിട്ടൂ എന്നും അറിയാഞ്ഞിട്ടല്ല) ഉള്ളോണ്ട്‌ ലിസ്റ്റ്‌ എണ്ണിപ്പറയുന്നില്ല. അല്ലെങ്കില്‍ അതെടുത്ത്‌ വിവാഹഫോട്ടോയുടെം ബര്‍ത്ത്ഡേ വിഷസിന്റേം അടിയില്‍ വരെ കോപ്പി പേസ്റ്റ്‌ ചെയ്യും അവന്മാര്‍. വിഷം കുത്തിവക്കാനുള്ളതാണേ. അതല്ലേ അറിയൂ.

പിന്നെ, പറയുമ്പോ എല്ലാം പറയണമല്ലോ, ലീഗ്‌ കേരളത്തിലെ മുസ്ലിങ്ങള്‍ക്ക്‌ ഒന്നും തന്നില്ല എന്ന് പറയുന്നില്ല.
നല്ല ചീത്തപ്പേരുണ്ടാക്കി തന്നിട്ടുണ്ട്‌.
വളരെ സെക്യുലറായ ഒരു ജനതയെ സംശയത്തോടെ നോക്കികാണാന്‍ മറ്റുള്ളവര്‍ക്ക്‌ അവസരം കൊടുതിട്ടുണ്ട്‌.
ബി ജെ പിക്ക്‌ വളരാനുള്ള വളം ദിനവും സപ്ലൈ ചെയ്യുന്നുണ്ട്‌.
ഹജ്ജ്‌ ക്വോട്ട വിറ്റിട്ടുണ്ട്‌.
ഗള്‍ഫില്‍ പോയി എല്ലുമുറയെ പണിയെടുത്ത്‌ രക്ഷപെട്ട കൂട്ടരുടെ കഞ്ഞിയില്‍ അവകാശം പറയുന്നുണ്ട്‌.
അവരുടെ ചോരകുടിച്ച്‌ വളരുന്നുണ്ട്‌.
മാനവികതയുടെ രാഷ്ട്രീയത്തിനുമേല്‍ മതരാഷ്ട്രീയം കൊണ്ട്‌ കൊഞ്ഞനം കുത്തിക്കാണിക്കുന്നുമുണ്ട്‌.

ഒന്നുകില്‍ നാം ഒരു ജനപ്രതിനിധിയെ തിരഞ്ഞെടുക്കുന്നത്‌ നാടിനു ഗുണമുണ്ടാകാന്‍ ആവണം. അല്ലെങ്കില്‍ സമൂഹത്തിനു വ്യക്തമായ സന്ദേശം നല്‍കാനോ, ചിലതിനുള്ള പ്രതിരോധം തീര്‍ക്കാനോ ആവണം. ലീഗുകാരന്‍ ജയിച്ചാല്‍ നാടിനെന്ത്‌ കിട്ടുമെന്ന് ലീഗാര്‍ പാസാക്കിയ മുകളിലെ പ്രമേയം പറയുന്നുണ്ട്‌. അതുകൊണ്ട്‌ അത്‌ വിടാം. ബാക്കിയുള്ളത്‌, സന്ദേശമാണ്.

സംഘപരിവാരശക്തികള്‍ രാജ്യത്തിന്റെ മുക്കിലും മൂലയിലും ജയിച്ച്‌ കയറുമ്പൊള്‍ താടിക്ക്‌ കൈ കൊടുത്ത്‌, ഉത്തരേന്ത്യയിലെ ജനങ്ങളെ കളിയാക്കി, മലപ്പുറത്തെ ജനങ്ങള്‍ പിറ്റേ ദിവസം കോണിക്ക്‌ പോയി കുത്തിയാല്‍, അതിന്റെ സന്ദേശം ഇത്രേയുള്ളു. 'ഉത്തരേന്ത്യയിലെ മണ്ടന്‍ സംഘികളേ, നിങ്ങള്‍ നാടിനൊരു ഗുണവുമില്ലാത്ത ബി ജെ പിക്കാരനെ ജയിപ്പിക്കുമെങ്കില്‍ അതേ പോലെ ഇവിടെ ലീഗുകാരനെ ജയിപ്പിക്കാനും ഞങ്ങള്‍ക്കറിയാം' എന്ന്. ഭൂരിപക്ഷ വര്‍ഗ്ഗീയതക്ക്‌ ന്യൂനപക്ഷ വര്‍ഗ്ഗീയതകൊണ്ട്‌ ഞങ്ങള്‍ തിരിച്ചടിക്കുമെന്ന്.

മതവര്‍ഗ്ഗീയരാഷ്ട്രീയം പറയുന്ന ബി ജെ പിയുടെ മുഖത്ത്‌ നോക്കി കുഞ്ഞാലിക്കുട്ടി പാര്‍ലമെന്റില്‍ കണ്ണിറുക്കിക്കാണിക്കും എന്നല്ലാതെ, വാ തുറന്നെതിര്‍ക്കാന്‍, ഒന്ന് കലഹിക്കാന്‍ അയാളെക്കൊണ്ട്‌ പറ്റില്ല. പരിമിതികള്‍ ഉണ്ടെന്ന് തുറന്ന് പറഞ്ഞതല്ലേ ചെങ്ങായി.

ഈ കാലഘട്ടം ആവശ്യപ്പെടുന്നത്‌ സംഘപരിവാരത്തിനെതിരായ പ്രതിരോധമാണ്. ആ പ്രതിരോധത്തിനു പരിമിതിയുള്ളവനെയല്ല, മതരാഷ്ട്രീയത്തിന്റെ പ്രതിനിധിയെയല്ല, ഇന്‍ഡ്യ മുഴുവന്‍ പ്രതീക്ഷയോടെ നോക്കിക്കാണുന്ന പാവക്ക പോലെ തെക്ക്‌ കിടക്കുന്ന ഈ കൊച്ച്‌ കേരളത്തില്‍ നിന്ന് പറഞ്ഞയക്കേണ്ടത്‌. അത്‌ മാനവികതയുടെ രാഷ്ട്രീയം പറയുന്ന, സംഘിനെ നഖശിഖാന്തം എതിര്‍ക്കുന്ന ഒരുവനെയായിരിക്കണം. ഒരു കമ്യൂണിസ്റ്റുകാരനെയായിരിക്കണം.

ലീഗിന്റെ ജയം, വലിയ ഭൂരിപക്ഷം, ഇവ ബി ജെ പിയുടെ കൂടെ ആവശ്യമാണ്. ലീഗിനു കിട്ടുന്ന വോട്ട്‌ ചൂണ്ടിക്കാണിച്ച്‌ വേണം സംഘിനിവിടെ വളരാന്‍. ലീഗിനു കിട്ടുന്ന വോട്ടനുസരിച്ച്‌ വേണം, അവര്‍ക്ക്‌ അവരുടെ വിഷത്തിന്റെ വീര്യം കൂട്ടാന്‍.

സഖാക്കളേ,
നമ്മള്‍ പോരാടുന്നത്‌ ഇരുവര്‍ഗ്ഗീയതയോടുമാണ്.
അതുകൊണ്ട്‌, നമുക്ക്‌ രാഷ്ട്രീയം പറയാം,
വികസനത്തിന്റെ രാഷ്ട്രീയം,
സ്ത്രീപക്ഷ രാഷ്ട്രീയം,
വര്‍ഗ്ഗീയവിരുദ്ധ രാഷ്ട്രീയം,
മതനിരപേക്ഷ രാഷ്ട്രീയം
മാനവികതയുടെ രാഷ്ട്രീയം.

നമുക്കാ രാഷ്ട്രീയം പറഞ്ഞുകൊണ്ടേയിരിക്കാം.

സൂചനകള്‍ കിട്ടിത്തുടങ്ങിയിരിക്കുന്നു മലപ്പുറത്തിന്റെ മണ്ണില്‍ നിന്ന്.
ലീഗല്ലാതെ മറ്റന്ത്‌ എന്ന് അവര്‍ ചിന്തിച്ച്‌ തുടങ്ങിയിരിക്കുന്നു.
തിരിഞ്ഞ്‌ നിന്ന് അവരോട്‌ ചോദ്യങ്ങള്‍ ചോദിക്കുന്നു.

ലീഗ്‌ ഒരു വലിയ തെറ്റായിരുന്നുവെന്ന് ആ ജനത തിരിച്ചറിയുന്ന കാലം വരിക തന്നെ ചെയ്യും.
മലപ്പുറം ചുവന്ന് തുടുത്ത്‌
ചെങ്കൊടി പാറുക തന്നെ ചെയ്യും.
ഇന്നല്ലെങ്കില്‍ നാളെ..

മുന്നോട്ട്‌ സഖാക്കളേ, മുന്നോട്ട്‌..


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top