27 July Saturday

മതഭീകരസംഘങ്ങളെ നട്ടുനനച്ച് വളർത്തുന്നതിൽ മാധ്യമങ്ങളുടെ പങ്ക് പരിശോധിക്കണം‐ അശോകൻ ചരുവിൽ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Monday Dec 20, 2021

എന്തെങ്കിലും വിധത്തിലുള്ള സംഘർഷത്തിന്റെ ഭാഗമായിട്ടല്ല ആലപ്പുഴ ജില്ലയുടെ രണ്ടു ഭാഗങ്ങളിലായി രണ്ടു കൊലപാതകങ്ങൾ നടന്നത്. സൗകര്യത്തിനു കിട്ടുന്ന ഒരു എസ്‌ഡിപിഐ നേതാവിനെ കൊല്ലണമെന്നായിരിക്കും ആർഎസ്എസ് തീരുമാനിച്ചിട്ടുണ്ടാവുക. പ്രതികാരമായി ഏതെങ്കിലുമൊരു ബിജെപി നേതാവിനെ കൊല്ലുവാൻ എസ്‌ഡിപിഐ തീരുമാനിച്ചു. നാളെയത് സൗകര്യത്തിന് കിട്ടുന്ന ഏതെങ്കിലും ഒരു മുസ്ലീമിനെ; ഹിന്ദുനാമധാരിയെ കൊല്ലുന്ന രീതിയിലേക്ക് വളർന്നേക്കാം. സംഘർഷമുണ്ടാക്കാൻ അതുമതി എന്ന് അവർക്ക് നിശ്ചയയമുണ്ട്.

മതഭീകരസംഘങ്ങളെ സംസ്ഥാനത്ത് നട്ടുനനച്ച് വളർത്തി പരിപാലിക്കുന്നതിൽ കേരളത്തിലെ മാധ്യമങ്ങൾ വഹിച്ചുകൊണ്ടിരിക്കുന്ന പങ്ക് പരിശോധിക്കപ്പെടേണ്ടതുണ്ട്. ആസൂത്രിതമായ രണ്ട് കൊലപാതകങ്ങളാണ് ഇരു മതഭീകര സംഘങ്ങളും നടത്തിയിരിക്കുന്നത്. മതത്തിന്റെ പേരിൽ വൈകാരികാന്തരീക്ഷം സൃഷ്ടിച്ച് കലാപമുണ്ടാക്കാൻ ശ്രമിക്കുന്ന സംഘങ്ങളെ കൃത്യമായി വിലയിരുത്തി വിമർശിക്കേണ്ട സമയമാണ് ഇത്. എന്നാൽ ഒരുവിഭാഗം മാധ്യമങ്ങൾ അതിനു തയ്യാറാവുന്നില്ല.

മതഭീകരരെ രക്ഷിക്കാനും അതിനുവേണ്ടി തങ്ങൾക്ക് ജന്മവിരോധമുള്ള ഇടതുപക്ഷത്തേയും സംസ്ഥാന സർക്കാരിനേയും പ്രതിയാക്കാനുമാണ് അവർ തീരുമാനിച്ചിരിക്കുന്നത്. ഇപ്പോൾ മാത്രമല്ല, എല്ലാ കാലത്തും മതവർഗ്ഗീയ ശക്തികളെ ജനരോഷത്തിൽ നിന്ന് രക്ഷപ്പെടുത്തുന്ന ദൗത്യമാണ് ഒരു വിഭാഗം മാധ്യമങ്ങൾ നിർവഹിച്ചിട്ടുള്ളത്. മതധ്രുവീകരണം പൂർണമായാൽ ജനാധിപത്യപ്രസ്ഥാനങ്ങൾ അപ്രസക്തമാകുമെന്ന് മൂലധനരാഷ്‌ട്രീയത്തിന്റെ ഉപജാപകരായ മാധ്യമങ്ങൾ സ്വപ്‌നം കാണുന്നു.

എന്തെങ്കിലും വിധത്തിലുള്ള സംഘർഷത്തിന്റെ ഭാഗമായിട്ടല്ല ആലപ്പുഴ ജില്ലയുടെ രണ്ടു ഭാഗങ്ങളിലായി രണ്ടു കൊലപാതകങ്ങൾ നടന്നത്. സൗകര്യത്തിനു കിട്ടുന്ന ഒരു എസ്‌ഡിപിഐ നേതാവിനെ കൊല്ലണമെന്നായിരിക്കും ആർഎസ്എസ് തീരുമാനിച്ചിട്ടുണ്ടാവുക. പ്രതികാരമായി ഏതെങ്കിലുമൊരു ബിജെപി നേതാവിനെ കൊല്ലുവാൻ എസ്‌ഡിപിഐ തീരുമാനിച്ചു. നാളെയത് സൗകര്യത്തിന് കിട്ടുന്ന ഏതെങ്കിലും ഒരു മുസ്ലീമിനെ; ഹിന്ദുനാമധാരിയെ കൊല്ലുന്ന രീതിയിലേക്ക് വളർന്നേക്കാം. സംഘർഷമുണ്ടാക്കാൻ അതുമതി എന്ന് അവർക്ക് നിശ്ചയയമുണ്ട്.

വർഷങ്ങൾക്ക് മുമ്പ് ഞങ്ങളുടെ കാട്ടൂരിൽ ഒരു മതാധ്യാപകൻ കൊല്ലപ്പെട്ട സംഭവം ഓർക്കുമല്ലോ. ഒരു ഫുട്ബോൾ മത്സരത്തിൽ ഉണ്ടായ വാക്കുതർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ ഒരു ആർഎസ്എസ് പ്രവർത്തകന് വെട്ടേറ്റു. തുടർന്ന് പോലീസ് എല്ലാ ആരാധനാലയങ്ങൾക്കും നാട്ടിലെ പ്രധാനനേതാക്കളുടെ വീടുകൾക്കും സംരക്ഷണം ഏർപ്പെടുത്തി. പക്ഷേ ഇതൊന്നുമറിയാതെ, വാതിലില്ലാത്ത ഒരു ചായ്പ്പുമുറിയിൽ അന്തിയുറങ്ങിയിരുന്ന പാവം അധ്യാപകൻ കൊല്ലപ്പെട്ടു. മതവർഗ്ഗീയ സംഘങ്ങളുടെ രീതി അങ്ങനെയാണ്.

പ്രിയപ്പെട്ട മാധ്യമ മേധാവികളേ, കണ്ണിൽ കരടായി തോന്നുന്ന ഇടതുപക്ഷത്തിനും അവരുടെ സംസ്ഥാനസർക്കാരിനും എതിരായ വിമർശനങ്ങൾ നിങ്ങൾ തുടർന്നോളൂ. പക്ഷേ അതിന്റെ സൗകര്യത്തിനു വേണ്ടി അപായകരവും മാരകവുമായ മതവർഗ്ഗീയ ഭീകരസംഘങ്ങളെ പാൽ കൊടുത്ത് വളർത്തരുത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top