ട്രോളുകൾക്കൊടുവിൽ 'പരം സുന്ദരി' ഒടിടിയിലേക്ക്

കൊച്ചി: മലയാളികൾ ഈയടുത്ത് ഏറ്റവും കൂടുതൽ വിമർശിച്ച ചിത്രമാണ് പരം സുന്ദരി. സിദ്ധാർഥ് മൽഹോത്ര, ജാൻവി കപൂർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി തുഷാർ ജലോട്ട സംവിധാനം ചെയ്ത ചിത്രം വലിയ ചർച്ചാ വിഷയമായിരുന്നു. ചിത്രത്തിൽ മലയാളി പെൺകുട്ടിയായാണ് ജാൻവി എത്തുന്നത്. എന്നാൽ സിനിമ അവതരിപ്പിക്കുന്ന മലയാളി പെൺകുട്ടി സങ്കൽപവും ജാൻവിയുടെ കഥാപാത്രത്തിന്‍റെ ഡയലോഗുകളും വലിയ രീതിയിൽ ട്രോളുകൾ ഏറ്റുവാങ്ങിയിരുന്നു.
ഇപ്പോഴിതാ സിനിമയുടെ ഒടിടി റീലീസ് സംബന്ധിച്ച വിവരങ്ങളാണ് പുറത്തുവരുന്നത്. ആഗസ്റ്റ് 29ന് റിലീസ് ചെയ്‍ത ചിത്രം ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ഒക്ടോബര്‍ 24ന് സ്‍ട്രീമിങ് ആരംഭിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
റൊമാന്റിക് കോമഡി ജോണറിലുള്ള ചിത്രത്തിന്‍റെ, ട്രെയിലറും ഗാനങ്ങളും പുറത്തുവന്നതോടെ വലിയ വിമർശനമാണ് ചിത്രത്തിന് നേരിടേണ്ടി വന്നത്. കത്തോലിക്ക വികാരങ്ങളെ വ്രണപ്പെടുത്തുന്നതിനാൽ ചിത്രത്തിലെ ഒരു രംഗം നീക്കം ചെയ്യണമെന്ന് ക്രിസ്ത്യൻ സംഘടനയായ വാച്ച്ഡോഗ് ഫൗണ്ടേഷൻ ആവശ്യപ്പെട്ടിരുന്നു. സിനിമയിൽ നിന്ന് മാത്രമല്ല, പ്രൊമോഷണൽ വിഡിയോകളിൽ നിന്നും, ട്രെയിലറിൽ നിന്നും, ഗാനങ്ങളിൽ നിന്നും ഈ രംഗം നീക്കം ചെയ്യണമെന്നും അവർ ആവശ്യപ്പെട്ടു.
സിദ്ധാർഥ് മൽഹോത്രക്കും ജാൻവി കപൂറിനും ഒപ്പം സഞ്ജയ് കപൂർ, മൻജോത് സിങ്, ഇനായത് വർമ, രഞ്ജി പണിക്കർ, സിദ്ധാർഥ ശങ്കർ തുടങ്ങിവർ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ആർഷ് വോറയാണ് ചിത്രത്തിന്‍റെ സഹ രചയിതാവ്. മാഡോക്ക് ഫിലിംസിന്റെ ബാനറിൽ ദിനേശ് വിജൻ ആണ് പരം സുന്ദരി നിർമിച്ചത്. സംഗീതം സച്ചിൻ-ജിഗറും ശാന്തന കൃഷ്ണൻ രവിചന്ദ്രൻ ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നു. മനീഷ് പ്രധാനാണ് എഡിറ്റർ.









0 comments