ജീവിതമാണ് സിനിമയാകുന്നത്

കെ എ നിധിൻ നാഥ്
Published on Apr 12, 2026, 12:47 AM | 3 min read
ഇൗ വർഷത്തെ ഏറ്റവും വലിയ വിജയമായി മാറുകയാണ് വാഴ 2. ഇൗ വിജയത്തിനുപിന്നിൽ നിർണായക സ്വാധീനമായി തിരക്കഥയെഴുതിയ വിപിൻദാസുണ്ട്. സംവിധായകനും തിരക്കഥാകൃത്തും നിർമാതാവായുമെല്ലാം വിപിൻ മലയാളസിനിമയിൽ സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞു. തന്റെ ഒപ്പമുള്ളവരെക്കൂടി സിനിമയിലേക്ക് കൈപിടിക്കാനും അദ്ദേഹം വഴി കണ്ടെത്തുന്നുണ്ട്. അതിന്റെ സാക്ഷ്യമാണ് വാഴ. വിപിൻദാസ് സംസാരിക്കുന്നു.
വാഴയുടെ തുടർച്ച
ആദ്യം എഴുതിയത് വാഴയായിരുന്നു. അതിനുശേഷമാണ് വാഴയുടെ തുടർച്ചയായി ജയ ജയ ജയ ജയഹേ എഴുതിയത്. ജയ ജയ ജയ ജയഹേയുടെ ആദ്യ പോസ്റ്ററുകളിൽ ‘ബയോപിക് ഓഫ് മില്യൺ വിമൻ’ എന്നുണ്ടായിരുന്നു. വാഴ, ജയ ജയ ജയ ജയഹേ, വാഴ 2 എല്ലാം പ്രത്യേക കഥയുള്ളവയല്ല. എല്ലാം ആളുകളുടെ ജീവിതമാണ്. വാഴ അവരുടെ ജീവിതത്തിൽ പക്വത വരുന്നതുവരെയുള്ള കാലമാണ്. ജയ ജയ ജയ ജയഹേ ചെറുപ്പത്തിൽ കല്യാണം കഴിഞ്ഞ് അത് വിവാഹമോചനത്തിൽ എത്തുന്നതുവരെയുള്ള കാലമാണ്. പഴയപോലെയല്ല ജെൻ സീ കുട്ടികൾ. അവർക്ക് തിരിച്ചറിവുണ്ടാകാൻ 30 വയസ്സൊന്നും ആകണ്ട. 22 വയസ്സിൽ അവർക്ക് കാര്യങ്ങൾ മനസ്സിലാകും.
സംഭവങ്ങൾ
കഥയ്‌ക്കപ്പുറം ചുറ്റുപാടും നടക്കുന്ന കാര്യങ്ങളും സംഭവങ്ങളുമാണ് സിനിമയാക്കുന്നത്. സമൂഹമാധ്യമങ്ങളിൽ കാണുന്ന സംഭവങ്ങളടക്കം നമ്മുടെ രീതിയിലേക്കു മാറ്റി ഉപയോഗിക്കുകയാണ് ചെയ്യുന്നത്. കാണുന്ന സംഭവങ്ങൾ നമ്മുടെ വീക്ഷണത്തിൽ നോക്കി, അതിന്റെ ശരി–തെറ്റ് നോക്കിയാണ് ചെയ്യുന്നത്. വാഴ 2ൽ ബിജുക്കുട്ടന്റെ കഥാപാത്രം പടക്കം പൊട്ടിക്കുന്ന രംഗം അങ്ങനെ ഒന്നാണ്. എല്ലാവരും സമൂഹമാധ്യമങ്ങളിൽ കണ്ട് ചിരിച്ച സംഭവമാണ്. പക്ഷേ, അത് മകന്റെ വീക്ഷണത്തിൽ അവതരിപ്പിച്ചു.
മറ്റൊരു വീക്ഷണം
വാർത്തകൾ, തലക്കെട്ടുകൾ വലിയ രീതിയിൽ തെറ്റിദ്ധാരണ ഉണ്ടാക്കുന്നുണ്ട്. ‘പപ്പടത്തിന് അടി’ അതുപോലെ ഒരു സംഭവമാണ്. അതിനു പല കാരണങ്ങളും ഉണ്ടാകും. ഇൗഗോമുതൽ പലതും കാണും. എന്നാൽ, അതിനെ മാധ്യമങ്ങൾ ഇങ്ങനെ അവതരിപ്പിച്ചത് മാധ്യമങ്ങളുടെ മൂല്യച്യുതിയുടെ ഭാഗമായാണ്. യൂട്യൂബ്, റീൽ സ്വഭാവത്തിലേക്ക് വാർത്തകൾ മാറുന്നു. എന്തുകൊണ്ട് നടന്നു എന്ന് അന്വേഷിക്കുന്നില്ല. വാർത്താചാനലുകളുടെ പെരുമാറ്റം ഉള്ളടക്കങ്ങൾ സൃഷ്ടിക്കാൻമാത്രമാണ്. മാധ്യമങ്ങൾ അവരുടെ ധർമം കാണിക്കുന്നില്ല. ഇതെല്ലാം മുൻനിർത്തിയാണ് സംഭവങ്ങളുടെ മറ്റൊരു വീക്ഷണം സിനിമയിലൂടെ അവതരിപ്പിക്കുന്നത്.
തെറ്റുചെയ്‌തു എന്നാണ് പറയുന്നത്. പക്ഷേ, എന്തുകൊണ്ട് തെറ്റുചെയ്‌തു എന്ന് നോക്കുന്നില്ല. ജയ ജയ ജയ ജയഹേ വിവാഹമോചനം എന്തിന് ചെയ്‌തു എന്നാണ് കാണിക്കുന്നത്. ഭാര്യ ഭർത്താവിനെ അടിച്ചു; വിവാഹമോചനം നടന്നു, എന്നതിനപ്പുറം പുരുഷാധിപത്യത്തിന്റെ പ്രശ്‌നങ്ങളുണ്ട്. അതാണ് കാണിക്കാൻ ശ്രമിച്ചത്. ശരി–തെറ്റ് എന്നതിനപ്പുറം എന്താണ് അവരെ അതിലേക്ക് നയിച്ചത് എന്നാണ് നോക്കേണ്ടത്.
റീൽസ് പരിപാടി വേണ്ട
പണിയെടുത്താൽ സിനിമ നന്നാകുമെന്നാണ് എന്റെ വിശ്വാസം. തോൽവിയിൽനിന്നു കയറിവന്ന ആളാണ് എന്നതിനാൽ പേടിയാണ്. നന്നായി ഷൂട്ട് ചെയ്യുക, എഡിറ്റ് ചെയ്യുക, സംഗീതം ചെയ്യുക. അഭിനയം കൃത്യമാകുന്നതുവരെ ചെയ്യിപ്പിക്കുക. ശരിയാകാത്തത് വീണ്ടും ചെയ്യും. 45 ദിവസം കുറഞ്ഞ ബജറ്റിൽ ചെയ്‌ത സിനിമയാണ് വാഴ 1. ആഗ്രഹിക്കുന്നതെല്ലാം ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. 115 ദിവസം വളരെ പ്ലാൻ ചെയ്‌ത് ചിത്രീകരിച്ച സിനിമയാണ് വാഴ 2. ഇതുപോലെ ബജറ്റ് ഉണ്ടായിരുന്നുവെങ്കിൽ വാഴ 1 ഇതുപോലെ മികച്ചതാകുമായിരുന്നു. വാഴ 1 പുതിയ ആളുകളായിരുന്നു. അതിന്റെ പരിമിതിയും റിസ്‌കും ഉണ്ടായിരുന്നു. വാഴ 2 അതില്ലായിരുന്നു. വിജയം ഉറപ്പിച്ച് ചെയ്‌ത സിനിമയുമാണ്. റീൽസ് പരിപാടി വേണ്ടെന്ന് തീരുമാനിച്ചാണ് വാഴ2 ചെയ്‌തത്. അതിനായി അവരെ കൃത്യമായി പരിശീലിപ്പിച്ചു. നന്നായി ഗൃഹപാഠം നടത്തിയാണ് സിനിമ ചെയ്‌തത്.
കൂടെയുള്ളവരും ഒപ്പം
എല്ലാ സിനിമയും സംവിധാനം ചെയ്യണമെന്ന് നിർബന്ധമില്ല. എന്നേക്കാൾ സിനിമയോട് അഭിനിവേശമുള്ള പിള്ളേരുണ്ട്. അവരെക്കൂടി സിനിമയിലേക്ക് കൊണ്ടുവരണം. എന്റെകൂടെ നിൽക്കുന്നവർക്ക് അതിനുള്ള പ്ലാറ്റ്‌ഫോം ഒരുക്കാനാണ് നിർമാണക്കന്പനി തുടങ്ങിയത്. എഴുതി സംവിധാനം ചെയ്യുന്നത് ടെൻഷൻ ഫ്രീയാണ്. വേറെ ആളുകൾക്കായി എഴുതുമ്പോൾ ഞാൻ വിചാരിച്ചപോലെ വരുമോ എന്ന ടെൻഷൻ വരും. സിനിമ കഴിയുന്നതുവരെ ടെൻഷൻ കാണും. എന്നാൽ, എഴുതി കഴിഞ്ഞശേഷം ചിത്രീകരണം നടക്കുമ്പോൾ പോകാറില്ല. ഞാൻ സംവിധാനം ചെയ്യുമ്പോൾ എല്ലാവരുടെയും നിർദേശങ്ങൾ എടുക്കും. പക്ഷേ, തീരുമാനങ്ങൾ എന്റേതാകും. എന്ത് ചെയ്യുന്നു എന്നതിനപ്പുറം സിനിമയുടെ ഭാഗമാകുക എന്നതാണ് പ്രധാനം.
അന്താക്ഷരി രണ്ടാംഭാഗം
എന്റെ അടുത്ത് വരുന്നവരെല്ലാം തമാശപ്പടം ചെയ്യാനാണ് പറയുന്നത്. അന്താക്ഷരിപോലെ പടം ചെയ്യാൻ അവസരം കിട്ടുന്നില്ല. ആരും ത്രില്ലർ ആവശ്യപ്പെടുന്നില്ല. അന്താക്ഷരിയുടെ രണ്ടാംഭാഗം മനസ്സിലുണ്ട്. എന്തായാലും അത് ചെയ്യും. ഇപ്പോൾ പ്രേക്ഷകർ കാണുന്ന സിനിമ ഞാൻ നേരത്തേ എഴുതിയതാണ്. വാഴ 2 രണ്ടുവർഷംമുന്പ് എഴുതിയതാണ്. അതിനാൽത്തന്നെ ഉടൻ ട്രാക്ക് മാറ്റമുണ്ടാകില്ല. അടുത്തദിവസങ്ങളിൽ രണ്ട് സിനിമകൾ അനൗൺസ് ചെയ്യും.
പാളിച്ചകൾ തിരുത്തണം
പരാജയമുണ്ടായാൽ അതിൽനിന്നു തിരിച്ചറിവുണ്ടാകുക എന്നതാണ് പ്രധാനം. അതിൽ തിരുത്തലുണ്ടാകാൻവേണ്ടി പ്രവർത്തിക്കുക എന്നതാണ് എന്റെ രീതി. ഭാഗ്യമില്ലാത്തതുകൊണ്ടാണ് സിനിമ പരാജയപ്പെട്ടത്, വിധിയാണ് എന്നൊക്കെ പറഞ്ഞാൽ അവിടെ ഇരിക്കുകയേ ഉള്ളൂ. കൃത്യമായ രീതിയിൽ കാര്യങ്ങൾ മനസ്സിലാക്കി, തെറ്റുകളും പാളിച്ചകളും തിരുത്തി മുന്നോട്ടുപോകണം. വിജയിച്ച സിനിമകളിലും നമ്മൾ പ്രതീക്ഷിച്ച സ്ഥലങ്ങളിൽ കൈയടി കിട്ടിയിട്ടുണ്ടാകില്ല. പ്രതീക്ഷിക്കാത്ത സ്ഥലങ്ങളിൽ കിട്ടുകയും ചെയ്യും; ഇതെല്ലാം പരിശോധിക്കണം.










0 comments