ad
Deshabhimani

കലാമൂല്യവും കച്ചവടവും ഒന്നിച്ചുവരണം

krishand
avatar
കെ എ നിധിൻ നാഥ്‌ [email protected]

Published on Mar 02, 2026, 09:50 AM | 3 min read

​ആഖ്യാനത്തിലും ഘടനയിലും പുതിയ ഇടപെടൽ നടത്തിയാണ്‌ കൃഷാന്ദ്‌ മലയാളസിനിമയിലേക്ക്‌ എത്തിയത്‌. ആദ്യസിനിമ ‘വൃത്താകൃതിയിലുള്ള ചതുരം’ ഐഎഫ്‌എഫ്‌ഐയുടെ മത്സരവിഭാഗത്തിൽ പ്രദർശിപ്പിച്ചു. പിന്നീട്‌ എത്തിയ ‘ആവാസവ്യൂഹം’ ചലച്ചിത്രമേളയുടെ ജനകീയ സിനിമയായി മാറി. അവാർഡുകളും ഒപ്പമെത്തി. പിന്നീട്‌ പുരുഷപ്രേതം, സംഘർഷഘടന, നാലരസംഘം തുടങ്ങിയ സിനിമകളും വെബ്‌സീരീസുകളുമായി തന്റേതായ അടയാളം മലയാളസിനിമയിൽ സൃഷ്ടിച്ചു. മലയാളസിനിമയുടെ നടപ്പുരീതികളെ നിരന്തരം പുതുക്കുന്ന കൃഷാന്ദിന്റെ പുതിയ ചിത്രം ‘മസ്‌തിഷ്‌കമരണം’ തിയറ്ററിലെത്തി. സംവിധായകനപ്പുറം തിരക്കഥാകൃത്ത്‌, നിർമാതാവ്‌, വിഎഫ്‌എക്‌സ്‌ ഇങ്ങനെ സിനിമയുടെ പല മേഖലകളിലും അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ട്‌. തന്റെ സിനിമാസങ്കൽപ്പങ്ങളെക്കുറിച്ച്‌ കൃഷാന്ദ്‌ സംസാരിക്കുന്നു.


വിർച്വൽ റിയാലിറ്റി ലോകം


2046ൽ നടക്കുന്ന കഥയാണ്‌ മസ്‌തിഷ്‌കമരണം. മകൻ മരിച്ച ഒരാൾ സമാധാനം കണ്ടെത്താൻ വിർച്വൽ റിയാലിറ്റി ഗെയിമിൽ എത്തുന്നതും അതിനൊപ്പം ഒരു സിനിമാനടിയുടെ ജീവിതവുമാണ്‌ സിനിമ പറയുന്നത്‌. സയൻസ്‌ ഫിക്‌ഷനുകൾ കാണുകയും വായിക്കുകയും ചെയ്‌തതിൽനിന്നാണ്‌ ഇ‍ൗ രീതിയിലുള്ള സിനിമ ഉണ്ടായത്‌. കുറച്ച്‌ കാലംമുന്പ്‌ ആലോചിച്ച സിനിമയാണ്‌. പക്ഷേ, അന്നത്‌ നടക്കാനുള്ള സാധ്യതയുണ്ടായിരുന്നില്ല. പിന്നീട്‌ ഗഗനചാരി വന്നു. അതിന്റെ എക്‌സിക്യൂട്ടീവ്‌ പ്രൊഡ്യൂസറായി. ഗഗനചാരിക്ക്‌ കിട്ടിയ സ്വീകാര്യത ഇ‍ൗ സിനിമ ചെയ്യാൻ വഴിയൊരുക്കി. മസ്‌തിഷ്‌കമരണത്തിന്റെ ആശയം ആളുകൾക്ക്‌ സ്വീകരിക്കാൻ കഴിയുമെന്ന്‌ തോന്നി. സിനിമയുടെ നിർമാതാവ്‌ അജിത്‌ വിനായകയുടെ പിന്തുണകൂടിയാണ്‌ ഇതിന സഹായകമായത്‌.


വിഎഫ്‌എക്‌സ് മനസ്സിലുള്ളതുപോലെ 100 ശതമാനവും ചെയ്യാൻ പറ്റില്ല. ബജറ്റ്‌ പ്രധാന പ്രതിസന്ധിയാണ്‌. ഹോളിവുഡ്‌ ബജറ്റിൽ നമുക്ക്‌ സിനിമ ഒരുക്കാൻ കഴിയില്ല. ഒരുപാട്‌ വിഎഫ്‌എക്‌സുള്ള സിനിമയാണ്‌. വിഎഫ്‌എക്‌സ് ഇല്ലാത്ത രംഗങ്ങൾ കുറവാണ്‌. 700ലധികം അത്തരം ഷോട്ടുകളുണ്ട്‌. വിഎഫ്‌എക്‌സ് ചെയ്യാനായി വേറെ ഒരാളെ നോക്കിയിരുന്നു. അയാളെ കിട്ടിയില്ല. പിന്നെ ഞാൻതന്നെ സൂപ്പർവൈസ്‌ ചെയ്‌തു. ഒരുപാട്‌ സ്റ്റുഡിയോസ്‌ ഉപയോഗിച്ചാണ്‌ അത്‌ ചെയ്‌തത്‌. ‘സംഭവവിവരണം നാലരസംഘം’ ചെയ്‌തപ്പോൾ വിഎഫ്‌എക്‌സ്‌ ഉപയോഗിച്ചിരുന്നു. കുറച്ച്‌ ത്രീഡി സീനുകളൊക്കെ ചെയ്‌തു. അത്‌ ചെയ്‌തപ്പോൾ എനിക്ക്‌ അത്‌ കഴിയുമെന്ന്‌ അതിലൂടെ മനസ്സിലായി. നമ്മുടെ നാട്ടിൽ വിഎഫ്‌എക്‌സ്‌ ചെയ്യാൻ കഴിയുന്ന സ്റ്റുഡിയോസ്‌ ഇല്ല എന്നത്‌ പ്രതിസന്ധിയാണ്‌.


പേരുകൾ


ലിറ്ററേച്ചർ സ്വഭാവമുള്ള പേരുകളോട്‌ താൽപ്പര്യമുണ്ട്‌. ഒരു പേരിന്‌ പല അർഥമുള്ളവ ഉപയോഗിക്കാനും ഇഷ്ടമാണ്‌. സിനിമ ആളുകൾക്ക്‌ ഇഷ്ടമായാൽ ഇങ്ങനെയുള്ള പേരുകളും ഗുണം ചെയ്യുമെന്നാണ്‌ കരുതുന്നത്‌. ചിലപ്പോൾ പേര്‌ ആദ്യംതന്നെ കിട്ടും. ചിലപ്പോൾ പല ആലോചനകളിൽനിന്നായിരിക്കും. ചില പേരുകൾ മറ്റുള്ളവരിൽനിന്നാണ്‌ കിട്ടിയിട്ടുള്ളത്‌. മലയാളം പേരും ഇംഗ്ലീഷ്‌ പേരും തമ്മിൽ ബന്ധമില്ലാത്ത രീതിയിലാണ്‌ ഉപയോഗിക്കുന്നത്‌. അനുരാഗ്‌ കശ്യപിന്റെ ‘മൻമർസിയാൻ’ ‘ഹസ്‌ബന്റ്‌സ്‌ മെറ്റീരിയൽ’ എന്നായിരുന്നു ഉപയോഗിച്ചിരുന്ന പേര്‌. ഇങ്ങനെയുള്ളവയും പ്രചോദനമായിട്ടുണ്ട്‌. സിനിമയുടെ പേര്‌ ഗൂഗിൾ ചെയ്‌താൽ വേറെ അർഥം കിട്ടും. ഇതെല്ലാം മനസ്സിൽ കണ്ടാണ്‌ പേരിടുന്നത്‌.


​​കഥപറയൽ


ഞാൻതന്നെ നിർമാതാവാകുമ്പോൾ എനിക്ക്‌ എന്റെ എല്ലാ രീതികളും പരീക്ഷിക്കാം. കലയോട്‌ ഞാൻ 100 ശതമാനവും നീതിപുലർത്തണം. അവതരണരീതിയിലെല്ലാം മറ്റു കാര്യങ്ങൾ നോക്കാതെ ബോൾഡായ തീരുമാനങ്ങളെടുക്കാം. പക്ഷേ, വേറെ ഒരാൾ നിർമാതാവാകുന്പോൾ നേരിട്ട്‌ കഥ പറയണം. അവർക്ക്‌ മുടക്കുമുതൽ തിരിച്ചുകിട്ടണം. മസ്‌തിഷ്‌കമരണം ഞാൻ സഹനിർമാതാവുമാത്രമാണ്‌. ഇതിൽ നേരിട്ടാണ്‌ കഥ പറയുന്നത്‌. ചില പരിപാടികൾ ചിലപ്പോൾ പ്രതീക്ഷിച്ചപോലെ വരില്ല. സംഭവവിവരണം നാലരസംഘത്തിന്റെ അവസാനത്തിൽ അങ്ങനെ സംഭവിച്ചിട്ടുണ്ട്‌. അതേസമയം, സംഘർഷഘടന വളരെ ഇഷ്ടപ്പെട്ട്‌ ചെയ്‌തതാണ്‌.


അത്‌ ഞാൻ നിർമിച്ച സിനിമയാണ്‌. അതിൽ എനിക്ക്‌ ഇഷ്ടമുള്ള രീതിയിലാണ്‌ പൂർണമായും ചെയ്‌തിട്ടുള്ളത്‌. യുദ്ധം കാണിക്കാതെ യുദ്ധത്തെക്കുറിച്ച്‌ സംസാരിക്കുന്ന സിനിമയാണ്‌ സംഘർഷഘടന. യുദ്ധത്തിലെ ധീരത കാണിക്കാതെ, ഒരു യുദ്ധവിരുദ്ധ സിനിമ എന്ന നിലയിലാണ്‌ ഒരുക്കിയത്‌.


​തയ്യാറെടുപ്പ്‌


കഥപറയുന്ന രീതിയിലാണ്‌ മാറ്റമുണ്ടാകുന്നത്‌. എല്ലാ സിനിമകളിലും ദൃശ്യഭാഷയുണ്ട്‌. അത്‌ പീക്കിൽ എത്തുമ്പോൾ സാച്ചുറേറ്റഡാകും. ഒന്ന്‌ മറ്റൊന്നിനെ സഹായിക്കുന്ന രീതിയിലാണ്‌ ദൃശ്യഭാഷയെ ഉപയോഗിക്കുന്നത്‌. സിനിമ തുടങ്ങുന്നതിനുമുന്പുതന്നെ കോൺസെപ്‌റ്റ്‌ ആർട്ട്‌ തയ്യാറാക്കും. തിരക്കഥയുടെ പൂർണമായ സ്റ്റോറി ബോർഡ്‌ ഒരുക്കും. സങ്കീർണമായ രംഗങ്ങളുടെ അനിമേഷനും ചെയ്യും. എല്ലാ കാര്യങ്ങളും ഒരുക്കിയശേഷമാണ്‌ ചിത്രീകരണം തുടങ്ങുക.


​ആദ്യതവണ നമുക്ക്‌ എല്ലാവരുടെയും കഴിവ്‌ മനസ്സിലാക്കാൻ കഴിയില്ല. 30–35 ദിവസമാണ്‌ ചിത്രീകരണം ഉണ്ടാകുക. അതിനിടയിൽ ഒരു സ‍ൗഹൃദമാണ്‌ ഉണ്ടാകുക. അടുത്ത വർക്കാകുമ്പോഴേക്കും കഴിവും സാധ്യതയും അറിയാൻ കഴിയും. വീണ്ടും വീണ്ടും ഒപ്പം വർക്ക്‌ ചെയ്യുന്ന പ്രവർത്തനത്തിലൂടെ കാര്യങ്ങൾ കൂടുതൽ രസകരമാകും.


മോഹൻലാൽ സിനിമ


ആദ്യസിനിമ വൃത്താകൃതിയിലുള്ള ചതുരം ചെയ്യുമ്പോഴും ആർട്ട്‌ ഹ‍ൗസ്‌ എന്ന്‌ തരംതിരിക്കാൻ പറ്റാത്ത സിനിമ ചെയ്യണമെന്നാണ്‌ ആഗ്രഹിച്ചിരുന്നത്‌. കലാമൂല്യവും കച്ചവടവും ഒന്നിച്ച്‌ കൊണ്ടുപോകണം. ഒരു ല‍ൗ സ്റ്റോറി ചെയ്യുന്നുണ്ട്‌. ദർശനയെ കേന്ദ്രകഥാപാത്രമാക്കി ആക്‌ഷൻ സിനിമ, മസ്‌തിഷ്‌കമരണം, സംഭവവിവരണം നാലരസംഘം എന്നിവയുടെ രണ്ടാംഭാഗം തുടങ്ങിയവ ആലോചനയിലുണ്ട്‌. മോഹൻലാൽ സിനിമയുടെ ചർച്ചകൾ നടക്കുകയാണ്‌. മണിയൻപിള്ള രാജുവാണ്‌ നിർമാതാവ്‌. നീരജും ഞാനും അതിന്റെ പണികളിലാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home