വെള്ളിത്തിരയുടെ മന്ദസ്മിതം മാഞ്ഞിട്ട് 30 വർഷം

"എന്റെ സിനിമാജീവിതം വളരെ ഹ്രസ്വമായിരുന്നു; വെറും നാല് വർഷത്തിനുള്ളിൽ ഇരുന്നൂറിലധികം സിനിമകളിൽ ഞാൻ അഭിനയിച്ചു. സ്വാഭാവികമായും, എന്റെ വിജയത്തിൽ അസൂയയുള്ള പലരും ഉണ്ടാകാം. എന്നെക്കുറിച്ചുള്ള ദുഷ്പ്രചാരണങ്ങൾക്ക് പിന്നിൽ അവരാണെന്നാണ് എനിക്ക് തോന്നുന്നത്. "
വശ്യമായ നോട്ടവും ചടുലമായ ചുവടുകളും കൊണ്ട് ഒരു കാലഘട്ടത്തിന്റെ വെള്ളിത്തിരയെ കീഴടക്കിയ സിൽക്ക് സ്മിത ഓർമയായിട്ട് മൂന്ന് പതിറ്റാണ്ട്. ‘ഗ്ലാമർ താരം’ എന്ന ഒറ്റ വിശേഷണത്തിൽ ഒതുക്കാനാകാത്ത വ്യക്തിത്വമായിരുന്നു സ്മിത. സ്വന്തം നിലയിൽ സിനിമയിൽ ഇടം വെട്ടിപ്പിടിച്ച അഭിനേതാവാണ് അവർ. ഇന്ത്യൻ സിനിമയിലെ താരസങ്കൽപ്പങ്ങളെ തന്നെ മാറ്റിമറിച്ച സാന്നിധ്യം. ആന്ധ്രാപ്രദേശിലെ ഏളൂരിലെ ഒരു സാധാരണ ജീവിതത്തിൽനിന്ന് വിജയലക്ഷ്മി വഡ്‌ലപതി ‘സിൽക്ക് സ്മിത’യായി മാറിയ യാത്ര സിനിമാക്കഥയെപ്പോലും വെല്ലുന്നതാണ്.

1980കളിലും 90കളുടെ തുടക്കത്തിലും സിൽക്ക് സ്മിതയെ അവഗണിക്കുക അസാധ്യമായിരുന്നു. ഒരു സിനിമയുടെ വിജയം നിർണ്ണയിക്കാൻ അവരുടെ പേരിന് കഴിയുമായിരുന്നു എന്നതാണ് യാഥാർഥ്യം. സ്മിതയുടെ നൃത്തരംഗങ്ങൾ മാത്രം മതിയായിരുന്നു പ്രേക്ഷകരെ തിയേറ്ററുകളിലെത്തിക്കാൻ. നിർമാതാക്കൾ അവരുടെ ഡേറ്റുകൾക്കായി കാത്തിരിക്കാൻ പോലും തയ്യാർ.
അക്കാലത്ത് പുറത്തുനിന്നൊരാൾക്ക് താരപദവിയിലെത്താൻ ഏറെ പ്രയാസമുള്ള ഒരു മേഖലയാണ് സിനിമ. ഒരു ചെറിയ ഗ്രാമത്തിലെ ദരിദ്ര കുടുംബത്തിൽ നിന്നുള്ള സ്ത്രീയുടെ കാര്യമാണെങ്കിൽ പറയുകയും വേണ്ട. എന്നിട്ടും, ചുരുക്കം ചിലർക്ക് മാത്രം സങ്കൽപ്പിക്കാൻ കഴിയുന്ന തരത്തിലുള്ള ഒരു കരിയർ കെട്ടിപ്പടുക്കാൻ സിൽക്ക് സ്മിതയ്ക്ക് സാധിച്ചു. കുട്ടിക്കാലത്ത് സ്കൂൾ പഠനം ഉപേക്ഷിച്ച് ഉപജീവനത്തിനായി ജോലി ചെയ്യേണ്ടി വന്ന അവസ്ഥയിൽ നിന്ന് ദക്ഷിണേന്ത്യൻ സിനിമയിലെ ഏറ്റവും പ്രശസ്തമായ മുഖങ്ങളിലൊന്നായി പിന്നീട് സ്മിത മാറി.
പഠനം നിർത്തി, 14ാം വയസിൽ വിവാഹം

പത്താം വയസ്സിൽ സ്മിതയ്ക്ക് പഠനം നിത്തേണ്ടിവന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിൽ വളർന്ന സ്മിതയ്ക്ക് വീട്ടുകാര്യങ്ങളിൽ അമ്മയെ സഹായിക്കുന്നതിനായി ചെറിയ പ്രായം മുതൽ ജോലി ചെയ്യേണ്ടിവന്നു. നാലാം ക്ലാസ് മാത്രമാണ് സ്കൂൾ വിദ്യാഭ്യാസം. പതിനാലാം വയസിൽ വിവാഹിതയായി. സ്മിതയേക്കാൾ വളരെ പ്രായം കൂടിയ ഒരാളായിരുന്നു വരൻ. തന്റെ വിവാഹമാണെന്നുപോലും തിരിച്ചറിയാനാകാത്ത പ്രായത്തിലായിരുന്നു സ്മിത. ഭർത്താവിൽ നിന്നും അയാളുടെ കുടുംബത്തിൽ നിന്നും അവൾക്ക് പീഡനങ്ങൾ നേരിടേണ്ടി വന്നു. രണ്ട് വർഷത്തിന് ശേഷം വിവാഹ ജീവിതം അവസാനിപ്പിച്ചു.
പിന്നീട് സ്വന്തം നിലയിൽ ജീവിതം കെട്ടിപ്പടുക്കാനുള്ള ശ്രമത്തിലായിരുന്നു അവർ. തുടക്കത്തിൽ ചില വീടുകളിൽ ജോലി ചെയ്തു. പിന്നീട് ചില സിനിമ സെറ്റുകളിൽ 'ടച്ച്-അപ്പ് ആർട്ടിസ്റ്റ്' ആയി. ആ തൊഴിലാണ് അവരെ സിനിമ ലോകത്തേക്ക് അടുപ്പിച്ചത്. സിനിമ മോഹവുമായി അമ്മായിയോടൊപ്പം മദ്രാസിലേക്ക് ചേക്കേറി. ചലച്ചിത്രകാരൻ വിനു ചക്രവർത്തിയുമായി നടന്ന ഒരു യാദൃശ്ചിക കൂടിക്കാഴ്ചയാണ് സ്മിതയുടെ ജീവിതം മാറ്റിമറിച്ചത്.
സിനിമയുടെ മായിക ലോകത്തേക്ക്
സ്മിതയ്ക്ക് അഭിനയം, നൃത്തം എന്നിവയിൽ വിനു ചക്രവർത്തി പരിശീലനം നൽകി. ഒടുവിൽ ആന്റണി ഈസ്റ്റ്മാന്റെ 'ഇണയെ തേടി' എന്ന ചിത്രത്തിൽ സ്മിതയ്ക്ക് ഒരു വേഷം ലഭിച്ചു. എന്നാൽ, ആ ചിത്രം വളരെ വൈകിയാണ് പുറത്തിറങ്ങിയത്. അപ്പോഴേക്കും 'പുഷ്യരാഗം', 'സരസ്വതീയാമം', 'കരിമ്പന' തുടങ്ങിയ നിരവധി മലയാള ചിത്രങ്ങളിൽ അവർ അഭിനയിച്ചുകഴിഞ്ഞിരുന്നു. ആദ്യ കാലങ്ങളഴിൽ സ്മിതയ്ക്ക് പ്രധാന വേഷങ്ങളൊന്നും ലഭിച്ചിരുന്നില്ല.

1979 ൽ തമിഴ് ചലച്ചിത്രമായ വണ്ടിച്ചക്രത്തിലെ "സിൽക്ക്" എന്ന കഥാപാത്രത്തോടെ എല്ലാം മാറിമറിഞ്ഞു. ശിവകുമാറും സരിതയും പ്രധാന വേഷങ്ങളിലെത്തിയ ആ ചിത്രത്തിൽ ഗ്ലാമറസ് കഥാപാത്രത്തെയാണ് സ്മിത അവതരിപ്പിച്ചത്. അന്ന് സിൽക്കിന് ശബ്ദം നൽകിയത് പ്രശസ്ത നടി ഹേമ മാലിനിയും. സ്മിതയുടെ പ്രകടനം അതിവേഗം ശ്രദ്ധ നേടി. പിന്നീട് സ്മിതയ്ക്കൊപ്പം സിൽക്ക് എന്ന പേരും അലിഞ്ഞു ചേർന്നു.
ഒരു സ്വഭാവനടിയാകാൻ ആഗ്രഹിച്ചിരുന്ന വിജയലക്ഷ്മി പിന്നീട് ഗ്ലാമറസ് വേഷങ്ങളുടെ അവസാന വാക്കായ സിൽക്ക് സ്മിതയായി. "നിർമാതാക്കളെയും സംവിധായകരെയും പിണക്കാൻ എനിക്ക് കഴിയില്ല, അതിനാൽ ഞാൻ ആ വേഷങ്ങൾ സ്വീകരിക്കുന്നത് തുടർന്നു. എങ്കിലും എന്റെ ലക്ഷ്യം ഇപ്പോഴും ഒരു സ്വഭാവ നടിയാകുക എന്നതാണ്"- ഫിലിം ഫെയറിന് നൽകിയ ഒരു അഭിമുഖത്തിൽ ഒരിക്കൽ സ്മിത പറഞ്ഞു.
സിൽക്ക് സ്മിത വെറുമൊരു ഗ്ലാമർ താരം മാത്രമല്ലെന്ന് സിനിമാലോകം പെട്ടെന്നുതന്നെ തിരിച്ചറിഞ്ഞു. അവർ സ്വന്തം നിലയിൽ ഒരു വലിയ ആകർഷണശക്തിയായി മാറിയിരുന്നു. അവരുടെ നൃത്തരംഗങ്ങൾ ഏറെ ജനപ്രിയമായി. ഓരോ നോട്ടവും ചുവടുകളും പ്രേഷകർക്ക് ആവേശമായി. ഏകദേശം 18 വർഷം നീണ്ട കരിയറിനിടയിൽ 450ലധികം ചിത്രങ്ങളിൽ സ്മിത അഭിനയിച്ചു.
ഏറ്റവും വിലയുള്ള താരം
അക്കാലത്ത് ഏറ്റവുമധികം പ്രതിഭലം വാങ്ങുന്ന നടിയായിരുന്നു സ്മിത. ഡിമാൻഡിന് അനുസൃതമായ പ്രതിഫലം വാങ്ങാൻ സ്മിതയ്ക്ക് സാധിച്ചിരുന്നു. ഒരു നൃത്തരംഗത്തിന് ഏകദേശം 50,000 രൂപയാണ് അവർക്ക് ലഭിച്ചിരുന്നത്. ചില ദിവസങ്ങളിൽ രണ്ടോ മൂന്നോ ഗാനരംഗങ്ങളിൽ വരെ സ്മിത അഭിനയിച്ചിരുന്നു.
1982-ൽ പുറത്തിറങ്ങിയ 'മൂൺട്രു മുഖം' എന്ന ചിത്രത്തിൽ രജനീകാന്തിനൊപ്പം അഭിനയിച്ചതോടെ, ദക്ഷിണേന്ത്യൻ സിനിമയിലെ ഏറ്റവും പ്രമുഖ ഗ്ലാമർ താരങ്ങളിലൊരാളെന്ന നിലയിൽ സ്മിത സ്ഥാനമുറപ്പിച്ചു.
ഒടുവിൽ ആ തീരുമാനങ്ങൾ
1990കളുടെ അവസാനത്തോടെ സ്മിതയുടെ താരപദവി മങ്ങിത്തുടങ്ങി. യുവതാരങ്ങളെത്തിയതോടെ സ്മിത പതിയെ വെള്ളിത്തിരയിൽ നിന്ന് ഒഴിവാക്കപ്പെട്ടുതുടങ്ങിയിരുന്നു. കുറഞ്ഞ പ്രതിഫലത്തിൽ അഭിനയിക്കാൻ പലരും തയാറായതോടെ സ്മിതയെ തേടിയെത്തിയ സംവിധായകർ പതിയെ പിൻവലിഞ്ഞു. ഔദ്യോഗിക ജീവിതത്തിലെ തളർച്ചയ്‌ക്കൊപ്പം വ്യക്തിപരവും സാമ്പത്തികവുമായ പ്രതിസന്ധികളും സ്മിതയെ തളർത്തി.

പണം നിക്ഷേപിച്ച മൂന്ന് സിനിമകളുടെ പരാജയം സ്മിതയെ സാമ്പത്തികമായി കൂടുതൽ വരിഞ്ഞുമുറുക്കി. നാല് കോടിയിലധികം അക്കാലത്ത് സ്മിതയ്ക്ക് നഷ്ടപ്പെട്ടതായി സിനിമ ലോകം പറയുന്നു. 1996 സെപ്തംബർ 23നാണ് സിൽക്ക് സ്മിതയെ ചെന്നൈയിലെ അപ്പാർട്മെന്റിൽ മരിച്ച ചെയ്ത നിലയിൽ കണ്ടെത്തുന്നത്. ആത്മഹത്യയാണെന്ന നിഗമനത്തിലായിരുന്നു പൊലീസ്. എങ്കിലും ആ മരണം സിനിമ ലോകത്തിന് വിശ്വസിക്കാനാവുമായിരുന്നില്ല.
അന്ന് വെറും 35 വയസ്സ് മാത്രമായിരുന്നു സ്മിതയ്ക്ക്. ദാരിദ്ര്യത്തിന്റെ അടിത്തട്ടിൽ നിന്ന് അശ്രാന്ത പരിശ്രമത്തിലൂടെ പ്രശസ്തിയുടെയും സമ്പത്തിന്റെയും ഉയരങ്ങളിലെത്തിയ ആ ജീവിതം എങ്ങനെയാണ് അപ്രതീക്ഷിതമായി ദുരന്തത്തിൽ അവസാനിച്ചത് എന്ന ചോദ്യം ഇന്നും ബാക്കിയാകുന്നു. അവരുടെ മരണം പല സംശയങ്ങൾക്കും ചോദ്യങ്ങൾക്കും വഴി തുറന്നെങ്കിലും വ്യക്തമായ ഉത്തരങ്ങൾ ലഭിച്ചില്ല. വിചിത്രമായി, ജീവിച്ചിരിക്കുമ്പോൾ ലഭിച്ചതിനേക്കാൾ വലിയ അംഗീകാരവും ആഘോഷവുമാണ് മരണശേഷം സ്മിതയെ തേടിയെത്തിയത്. അങ്ങനെ, ഉത്തരം കിട്ടാത്ത ചോദ്യങ്ങളോടൊപ്പം ഇന്നും ഓർമ്മിക്കപ്പെടുന്ന ഒരു പ്രതിഭയായി സ്മിത തുടരുന്നു...










0 comments