രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ കാറിനുള്ളിൽ മരിച്ച നിലയിൽ; സംഭവം ജമ്മുവിലെ റംബാൻ ജില്ലയിൽ

ശ്രീനഗര്‍:ജമ്മു കശ്മീരിലെ റംബാൻ ജില്ലയിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ കാറിനകത്ത് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ജില്ലാ പൊലീസ് ആസ്ഥാനത്തിന് കീഴിൽ സേവനം അനുഷ്ഠിച്ചിരുന്ന ഹെഡ് കോൺസ്റ്റബിൾ ഫരീദ് അഹമ്മദ്, സെലക്ഷൻ ഗ്രേഡ് കോൺസ്റ്റബിൾ മുഹമ്മദ് യാഖൂബ് എന്നിവരാണ് മരിച്ചത്.
ചൊവ്വാഴ്ച ബട്ടോട്ട് സന മേഖലയിലെ സിയാറത്ത് മോറിന് സമീപത്താണ് സംഭവം. JK-19/5299 രജിസ്ട്രേഷനുള്ള ഫിയറ്റ് ഫിയാസ് കാറിനകത്താണ് ഇരുവരെയും കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചു എങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു.
മരണം സംബന്ധിച്ച് അന്വേഷണം തുടരുകയാണ്. പോസ്റ്റ് മോര്‍ടത്തിന് ശേഷമാണ് മരണകാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങളിലേക്ക് എത്താൻ കഴിയൂ എന്ന് ജില്ലാ പെലീസ് മേധാവി വ്യക്തമാക്കി. വിഷവാതകം ശ്വസിച്ചത് ഉൾപ്പെടെ കാരണങ്ങൾ സംശയിക്കുന്നു.









0 comments