Deshabhimani

ഇന്ത്യൻ സിനിമയുടെ റിബൽ സ്റ്റാർ; പ്രഭാസിന് ഇന്ന് ജന്മദിനം: ഫൗസിയും സ്പിരിറ്റും ഉൾപ്പെടെ വരാനിരിക്കുന്നത് വമ്പൻ സിനിമകൾ

Prabhas.jpg
വെബ് ഡെസ്ക്

Published on Oct 23, 2026, 01:39 PM | 2 min read

തിരുവനന്തപുരം: റിബൽ സ്റ്റാർ, ഡാർലിംഗ് എന്നൊക്കെ ആരാധകർ സ്നേഹത്തോടെ വിളിക്കുന്ന പാൻ ഇന്ത്യൻ സൂപ്പർ താരം പ്രഭാസിന് ഇന്ന് 47-ാം പിറന്നാൾ. ബാഹുബലിയിലൂടെ ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ താരമായി മാറിയ പ്രഭാസിന്റേതായി ഇനി വരാനിരിക്കുന്നതെല്ലാം വമ്പൻ ബഡ്ജറ്റിലൊരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രങ്ങളാണ്.


സംവിധായകൻ ഹനു രാഘവപുടിയുടെ 'ഫൗസി', സന്ദീപ് റെഡ്ഡി വംഗയുടെ 'സ്പിരിറ്റ്', കൂടാതെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളായ 'കൽക്കി 2898 എഡി', 'സലാർ' എന്നിവയുടെ രണ്ടാം ഭാഗങ്ങൾ എന്നിവയാണ് ലോകമെമ്പാടുമുള്ള ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന പുതിയ പ്രഭാസ് ചിത്രങ്ങൾ. റൊമാന്റിക് വാർ ഡ്രാമയായി ഒരുങ്ങുന്ന 'ഫൗസി'യാണ് ഇതിൽ ഏറ്റവും ശ്രദ്ധേയമായ പ്രോജക്ട്.


1940-കളിലെ കാലഘട്ടത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൽ ഒരു ആസാദ് ഹിന്ദ് ഫൗജ് സൈനികന്റെ വേഷത്തിലാണ് പ്രഭാസ് എത്തുന്നത്. നവാഗതയായ ഇമാൻവിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. മിഥുൻ ചക്രവർത്തി, ജയാപ്രദ, അനുപം ഖേർ, സജ്ജാദ് ദെലഫ്രൂസ് തുടങ്ങിയ വലിയൊരു താരനിരയും ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.


മൈത്രി മൂവി മേക്കേഴ്‌സും ടി-സീരീസും ചേർന്ന് നിർമ്മിക്കുന്ന ഫൗസിക്ക് 500 മുതൽ 700 കോടി രൂപ വരെയാണ് മുതൽമുടക്ക് കണക്കാക്കുന്നത്. 2026 ഡിസംബർ 3-ന് ചിത്രം തിയേറ്ററുകളിൽ എത്തുമെന്നാണ് ഔദ്യോഗിക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ആനിമൽ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകൻ സന്ദീപ് റെഡ്ഡി വംഗ ഒരുക്കുന്ന ചിത്രമാണ് 'സ്പിരിറ്റ്'.


സന്ദീപ് വംഗയും പ്രഭാസും ആദ്യമായി ഒന്നിക്കുന്ന ഈ ചിത്രം ഒരു കോപ്പ് ആക്ഷൻ ത്രില്ലറാണ്. ചിത്രത്തിൽ വളരെ പരുക്കനായ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് പ്രഭാസ് അഭിനയിക്കുന്നത്. തൃപ്തി ഡിമ്രിയാണ് ചിത്രത്തിലെ നായിക.


2027 മാർച്ചിൽ റിലീസ് ചെയ്യാൻ ആദ്യം തീരുമാനിച്ചിരുന്ന സ്പിരിറ്റ്, പിന്നീട് മാറ്റിവെക്കുകയും ഇപ്പോൾ 2027 ഒക്ടോബർ 29-ന് ദീപാവലി റിലീസായി തിയേറ്ററുകളിൽ എത്തിക്കാനും ആണ് അണിയറപ്രവർത്തകർ ലക്ഷ്യമിടുന്നത്. ഇവയ്ക്ക് പുറമെ ഇന്ത്യൻ ബോക്സ് ഓഫീസിൽ ആയിരം കോടിയിലധികം കളക്ഷൻ നേടിയ കൽക്കി 2898 എഡിയുടെയും, സൂപ്പർ ഹിറ്റായ സലാറിന്റെയും രണ്ടാം ഭാഗങ്ങളും അണിയറയിൽ ഒരുങ്ങുന്നുണ്ട്.


നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന കൽക്കി 2898 എഡി പാർട്ട് 2-ന്റെ ചിത്രീകരണം നിലവിൽ പുരോഗമിക്കുകയാണ്. ഭൈരവ എന്ന കഥാപാത്രമായി പ്രഭാസ് വീണ്ടും എത്തുമ്പോൾ 2027-ലോ 2028-ലോ ചിത്രം റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.


കെജിഎഫ് സംവിധായകൻ പ്രശാന്ത് നീൽ ഒരുക്കുന്ന സലാർ പാർട്ട് 2 ശൗര്യാംഗ പർവ്വത്തിന്റെ ചിത്രീകരണം ഉടൻ തന്നെ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2028-ഓടെ ഈ ചിത്രവും തിയേറ്ററുകളിൽ എത്തിയേക്കും. വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെയും വമ്പൻ പ്രോജക്റ്റുകളിലൂടെയും വരും വർഷങ്ങളിൽ ഇന്ത്യൻ സിനിമയിൽ പ്രഭാസിന്റെ ഒരു വലിയ തേരോട്ടം തന്നെയായിരിക്കും കാണാൻ സാധിക്കുക



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home