ഐഎഫ്എഫ്കെയിൽ ഇത്തവണ ഋതിക് ഘട്ടക്കിന്റെ നാല് ചിത്രങ്ങളും

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 30ാമത് ഐഎഫ്എഫ്കെയിൽ ഋത്വിക് ഘട്ടക്കിന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച നാല് ചിത്രങ്ങൾ പ്രദർശിപ്പിക്കും. ഘട്ടക്കിന്റെ വിഖ്യാതമായ വിഭജനത്രയത്തിലെ മൂന്ന് ചിത്രങ്ങളും പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കോമൾ ഗാന്ധാർ, തിതാഷ് ഏക് തി നദിർ നാം, സുബർണരേഖ, മേഘെ ധക്ക താര എന്നീ ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്.
നാലു ചിത്രങ്ങളുടെയും 4കെയാണ് പ്രദർശിപ്പിക്കുന്നത്. മാർട്ടിൻ സ്‌കോർസെസിയുടെ വേൾഡ് സിനിമാ പ്രൊജക്റ്റിന്റെ ഭാഗമായി ഇറ്റലിയിലെ റെസ്റ്ററേഷൻ ലാബറട്ടറിയിലാണ് 'തിതാഷ് ഏക് തി നദിർ നാം' 4കെയിലേക്ക് മാറ്റിയത്. നാഷണൽ ഫിലിം ആർക്കൈവ്‌സ് ഓഫ് ഇന്ത്യയാണ് മറ്റു മൂന്നു ചിത്രങ്ങളും 4 കെയിൽ പുതുക്കിയത്.
ഘട്ടക്കിന്റെ ഏറ്റവും പ്രശസ്തമായ ചിത്രങ്ങളിലൊന്നാണ് 1960ലെ 'മേഘ ധക്ക താര' (മേഘാവൃതമായ നക്ഷത്രം). 'വിഭജന ത്രയം' എന്നു വിളിക്കപ്പെടുന്ന ചിത്രങ്ങളിലേ ആദ്യത്തേതാണ് ഈ ചിത്രം. കുടുംബത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും ഏറ്റെടുക്കേണ്ടിവരുന്ന നീതയെന്ന യുവതിയുടെ സഹനങ്ങളുടെ കഥയാണിത്. വിഭജനത്രയത്തിലെ രണ്ടാമത്തെ സിനിമയായ കോമൾ ഗാന്ധാർ (1961) പുരോഗമന നാടകക്കൂട്ടായ്മയായ ഇപ്റ്റയിലെ രാഷ്ട്രീയ ഭിന്നതകൾ, വിഭജനത്തിന്റെ സംഘർഷങ്ങൾ എന്നിവ അവതരിപ്പിക്കുന്നു. വിഭജനാനന്തര ബംഗാളിന്റെ പശ്ചാത്തലത്തിൽ അഭയാർഥികളാക്കപ്പെട്ടവരുടെ വൈകാരികമായ അതിജീവനശ്രമങ്ങൾ സുബർണരേഖ (1962) അവതരിപ്പിക്കുന്നു. സ്വാതന്ത്ര്യപൂർവ ഇന്ത്യയിലെ തിതാഷ് നദിക്ക് സമീപത്ത് ജീവിക്കുന്ന മാലോ എന്ന മുക്കുവസമൂഹത്തിന്റെ ജീവിതപ്രശ്നങ്ങളാണ് തിതാഷ് ഏക് തി നദിർ നാം (1973) ചർച്ചയ്ക്കെടുക്കുന്നത്.
മേളയുടെ മുഖ്യവേദിയായ ടാഗോർ തിയേറ്റർ പരിസരത്ത് ഘട്ടക്കിന് സ്മരണാഞ്ജലിയായി എക്‌സിബിഷനും സംഘടിപ്പിക്കും. ഋതിക് ഘട്ടക്കിന്റെ 100 ചിത്രങ്ങൾ ഉൾപ്പെടുത്തിയ പ്രദർശനം പശ്ചിമബംഗാൾ ഇൻഫർമേഷൻ ആൻഡ് കൾച്ചറൽ അഫയേഴ്‌സ് ഡിപ്പാർട്ട്‌മെന്റിന്റെ സഹകരണത്തോടെയാണ് സംഘടിപ്പിക്കുന്നത്.








0 comments