കോൺഗ്രസിനെ നാണംകെടുത്തിയ 'രാഹുൽ- ഷാഫി ബ്രിഗേഡ്'; പരാതികൾ അന്നേ പൂഴ്ത്തി

തിരുവനന്തപുരം: കേരളത്തിന് കേട്ടുകേൾവിയില്ലാത്ത ഗുരുതര കുറ്റകൃത്യങ്ങൾ ചെയ്ത രാഹുൽ മാങ്കൂട്ടത്തിലിനെ തുടക്കം മുതൽ സംരക്ഷിച്ചുനിർത്തിയത് കോൺഗ്രസിലെ പ്രബല വിഭാഗം. പരാതികൾ ഒന്നൊന്നായി പുറത്തുവന്നിട്ടും മാങ്കൂട്ടത്തിലിനെ തള്ളിപ്പറയാൻ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും യുഡിഎഫ് കൺവീനർ അടൂർ പ്രകാശും തയ്യാറായിരുന്നില്ല. വര്‍ക്കിങ് പ്രസിഡന്‍റായ എ പി അനില്‍കുമാറും അവസാനനിമിഷംവരെ മാങ്കൂട്ടത്തിലിനൊപ്പം നിന്നു. വ്യാഴാഴ്ച മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യഹർജി തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയതോടെ ഗത്യന്തരമില്ലാതെയാണ് കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കിയത്.
എന്നാൽ, വർഷങ്ങൾക്ക് മുൻപേ മാങ്കൂട്ടത്തിലിനെതിരായ പരാതികൾ ഉയർന്നുവന്നിട്ടും അത് മൂടിവെച്ചതിലൂടെ കോൺഗ്രസിനെയാകെ പൊതുമധ്യത്തിൽ നാണംകെടുത്തിയത് കെപിസിസി വർക്കിങ് പ്രസിഡന്റും മാങ്കൂട്ടത്തിലിന്റെ ഗോഡ്ഫാദർ എന്ന് കോൺഗ്രസുകാർതന്നെ വിശേഷിപ്പിക്കുന്ന ഷാഫി പറമ്പിലാണ്. യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനം മുതിർന്ന നേതാക്കളുടെ കടുത്ത എതിർപ്പിനെ മറികടന്നേ ഷാഫി മാങ്കൂട്ടത്തിലിനെ ഏൽപ്പിക്കുകയായിരുന്നു. അന്ന്, പ്രസിഡന്റ് സ്ഥാനത്തേക്ക് ഉമ്മൻചാണ്ടി നിർദേശിച്ച പേര്പോലും ഷാഫി ഉറ്റസുഹൃത്തിനെ വാഴിക്കാനായി വെട്ടി. വ്യാജ തിരിച്ചറിയൽകാർഡുകൾ നിർമിച്ച് വിവാദത്തിലായ യൂത്ത് കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ മാങ്കൂട്ടത്തിൽ വിജയിച്ചത് ചോദ്യംചെയ്യപ്പെടാനാകാത്തവിധം ഷാഫി സംരക്ഷണകവചമൊരുക്കിയതിനാലാണ്. തുടർന്ന് നടന്ന പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ഡിസിസിയുടെ എതിർപ്പ് അവഗണിച്ച് മാങ്കൂട്ടത്തിലിന് ഷാഫി സീറ്റ് പിടിച്ചുനൽകുകയും ചെയ്തു. വയനാട് ദുരന്തബാധിതരെ സഹായിക്കാനെന്ന പേരിൽ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തിൽ നടത്തിയ ഫണ്ട് തട്ടിപ്പിലും കോൺഗ്രസ് ഉത്തരമില്ലാതെ അലയുമ്പോൾ ഷാഫിക്ക് മാത്രമാണ് കൂസലില്ലാത്തത്.
ലൈംഗികപീഡന ആരോപണങ്ങൾ ഉയരുകയും പരാതിയിൽ കേസെടുക്കുകയും ചെയ്തിട്ടും മാങ്കൂട്ടത്തിലിനെ തള്ളിപ്പറയാൻ ഷാഫി തയ്യാറായില്ല. മാങ്കൂട്ടത്തിലിന്റെ സ്വഭാവവൈകൃതത്തെക്കുറിച്ച് ഷാഫിക്ക് നേരത്തെ അറിവുണ്ടായിരുന്നു. തന്നോടും മാങ്കൂട്ടത്തിൽ മോശമായി പെരുമാറായിയെന്നും അതിനെക്കുറിച്ച് അന്ന് യൂത്ത് കോൺഗ്രസ് പ്രസിഡന്റായിരുന്ന ഷാഫിയോട് പരാതിപ്പെട്ടെന്നും വെളിപ്പെടുത്തിയത് കെപിസിസി സംസ്കാര സാഹിതി സെക്രട്ടറിയും മുൻ യൂത്ത് കോൺഗ്രസ് നേതാവുമായ എം എ ഷഹനാസ് ആണ്. മാങ്കൂട്ടത്തിലിനെതിരെ പല പരാതികളും ഷാഫിക്ക് ലഭിച്ചിരുന്നുവെന്നും ഷഹനാസ് പറഞ്ഞിട്ടുണ്ട്. എന്നാൽ രേഖാമൂലം തനിക്ക് പരാതി ലഭിച്ചില്ലെന്ന് ഒഴുക്കൻമട്ടിൽപറഞ്ഞ് ഒഴിയുകയാണ് ഷാഫി ചെയ്തത്. ഒരുപക്ഷേ മുൻപ് ലഭിച്ച മുന്നറിയിപ്പിൽ ഷാഫി നടപടി എടുത്തിരുന്നെങ്കിൽ മാങ്കൂട്ടത്തിലിന്റെ അതിക്രമങ്ങൾക്ക് കൂടുതൽ സ്ത്രീകൾ ഇരകൾ ആകില്ലായിരുന്നു.
മാങ്കൂട്ടത്തിലിനും ഷാഫിക്കും സോഷ്യൽമീഡിയയിൽ പിആർ വർക് നടത്തുന്നത് ഒരേസംഘമാണ്. മാങ്കൂട്ടത്തിലിനെതിരെ ആരോപണമുന്നയിക്കുന്നവരെയും പരാതിപ്പെട്ട അതിജീവിതകളെപ്പോലും സൈബർ ആക്രമണത്തിനിരയാക്കുന്നതും ഇതേ ബ്രിഗേഡുകൾ തന്നെ. വൻതുക ചെലവഴിച്ചാണ് തങ്ങൾക്കെതിരെ സംസാരിക്കുന്ന നേതാക്കളെപ്പോലും സോഷ്യൽമീഡിയവഴി വ്യക്തിഅധിക്ഷേപം നടത്തുന്നത്.








0 comments