മിസോറാം മുൻ ഗവർണർ സ്വരാജ് കൗശൽ അന്തരിച്ചു

ന്യൂഡൽഹി: മിസോറാം മുൻ ഗവർണറും മുതിർന്ന അഭിഭാഷകനുമായ സ്വരാജ് കൗശൽ (73) അന്തരിച്ചു. ഉച്ചകഴിഞ്ഞ് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തെ എയിംസിൽ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയിൽ വച്ച് മരണം സ്ഥിരീകരിച്ചു. അന്തരിച്ച മുൻ കേന്ദ്രമന്ത്രി സുഷമാ സ്വരാജ് പങ്കാളിയാണ്. ബിജെപി എംപി ബാൻസുരി സ്വരാജ് മകളാണ്.
1952 ജൂലൈ 12 ന് സോളനിലാണ് ജനനം. ഡൽഹിയിലും ചണ്ഡീഗഡിലും പഠിനം. ക്രിമിനൽ അഭിഭാഷകനായി സേവനമനുഷ്ഠിച്ചു. 1990 നും 1993 നും ഇടയിൽ മിസോറാം ഗവർണറായി. 1998 നും 2004 നും ഇടയിൽ ഹരിയാന വികാസ് പാർടിയുടെ നേതാവും പാർലമെന്റ് അംഗവുമായിരുന്നു. 1998-99 ലും 2000-2004 ലും രാജ്യസഭാംഗമായിരുന്നു.
സ്വരാജ് കൗശലിന്റെ സംസ്കാരം ലോധി റോഡ് ശ്മശാനത്തിൽ നടക്കുമെന്ന് ഡൽഹി ബിജെപി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. 1975ലായിരുന്നു സ്വരാജ് കൗശലും സുഷമ സ്വരാജുമായുള്ള വിവാഹം. 2019 ഓഗസ്റ്റ് 6 ന് ന്യൂഡൽഹിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു സുഷമ സ്വരാജിന്റെ മരണം.








0 comments