തൃത്താലയുടെ ഫെമിനിച്ചി

ബിജി ബാലകൃഷ്ണൻ
Published on Nov 09, 2025, 02:38 AM | 2 min read
മികച്ച നടിക്കുള്ള ഈ വർഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചത് തൃത്താല സ്വദേശിയായ ഷംല ഹംസയ്‌ക്കായിരുന്നു. ‘ഫെമിനിച്ചി ഫാത്തിമ’ എന്ന സിനിമയിലെ അഭിനയമായിരുന്നു ഷംലയെ അവാർഡിന് അർഹയാക്കിയത്. സ്ത്രീ പുരുഷ സമത്വത്തിൽ നിന്ന് വ്യത്യസ്തമായി നിലകൊള്ളുന്ന പുരുഷന്റെ ഇടപെടലുകൾക്ക് നേരെ സ്വാതന്ത്ര്യ ബോധത്തിന്റെ പുതിയ വഴികൾ എങ്ങനെ തേടണം എന്ന് ഷംല ഈ സിനിമയിലൂടെ പറയാതെ പറയുന്നുണ്ട്. ഈ സിനിമയ്‌ക്കുവേണ്ടി ഷംല പ്രത്യേക തയ്യാറെടുപ്പുകളൊന്നും നടത്തിയിട്ടില്ല. ഫാത്തിമ എന്ന കഥാപാത്രത്തിന് അനുസരിച്ചുള്ള രൂപഭാവങ്ങളെല്ലാം ഷംലയിൽ ഉണ്ടായിരുന്നു എന്ന് പറയാം.
സ്ത്രീക്ക് എപ്പോഴും മാറാം
സ്വന്തം കുടുംബത്തിലെയോ ബന്ധത്തിലെയോ പരിസരത്തെയോ തന്നെയുള്ള അടുത്തറിയുന്ന കഥാപാത്രമായിരുന്നു ഫാത്തിമ എന്ന് ഷംല പറയുന്നു. അതുകൊണ്ട് തന്നെ അഭിനയം വളരെ രസവും ആസ്വാദ്യവും അനായാസവുമായെന്ന് തിരിച്ചറിയുന്നു. പൊന്നാനി കടപ്പുറവും പരിസര പ്രദേശങ്ങളും ഷംല അതിവേഗത്തിൽ പ്രേക്ഷക ഹൃദയത്തിലെത്തിച്ചു. ഒരു ശക്തമായ ആശയത്തെ ലളിതമായി എങ്ങനെ ആവിഷ്‌കരിക്കാമെന്ന് ആ നടിയുടെ മുഖഭാവങ്ങളിൽനിന്ന് നമുക്ക് വായിച്ചെടുക്കാൻ സാധിക്കും. സ്വന്തം നിലപാടെടുക്കുന്ന സ്ത്രീകളെ പൊതുവേ ഫെമിനിച്ചികൾ എന്ന് വിളിക്കാറുണ്ട്. പക്ഷേ ഈ സിനിമ സ്ത്രീയുടെ മാത്രം സിനിമയാകുന്നില്ല എന്നും, സ്ത്രീക്ക് എപ്പോൾ വേണമെങ്കിലും മാറാൻ പറ്റുമെന്നും ഷംല പറയുന്നുണ്ട്. സ്ത്രീ എപ്പോൾ മാറണമെന്ന് തീരുമാനിക്കുന്നത് അവളുടെ കാഴ്ചപ്പാടുകളുടെ ശക്തിയിലൂടെയാണെന്ന് അവർ ഈ അവസരത്തിൽ പറയുന്നു. ഫെമിനിച്ചി ഫാത്തിമയിൽനിന്ന് തികച്ചും വ്യത്യസ്ത സ്വഭാവമാണ് ഷംലയ്‌ക്കുള്ളത്. എന്നാൽ ഒരു പ്രത്യേക സന്ദേശം ഈ സിനിമയിലൂടെ സമൂഹത്തിന് നൽകാൻ കഴിഞ്ഞതിൽ സന്തോഷവതിയാണ്.

ചിന്തയാണ് തിളക്കം
എൻജിനിയറിങ് ബിരുദധാരിയാണ്. പതിനൊന്നു വർഷമായി ദുബായിൽ ജോലി ചെയ്യുകയാണ്. മീഡിയയിൽ നിൽക്കാനുള്ള ഇഷ്ടം കാരണം പാട്ടെഴുതി നോക്കി, എന്നാൽ ഷംലയ്‌ക്ക് ലഭിച്ചത് അഭിനയമായിരുന്നു. ആയിരത്തൊന്നു നുണകൾ എന്ന സിനിമയുടെ ഓഡീഷൻ ദുബായിൽ
ഉണ്ടായിരുന്നു. അതിലൂടെ സെലക്ഷൻ ലഭിച്ചാണ് സിനിമാ ജീവിതത്തിലേക്കു വരുന്നത്. ആയിരത്തൊന്നു നുണകൾ എന്ന സിനിമയുടെ കൂട്ടായ്മ വഴിയാണ് ഫെമിനിച്ചി ഫാത്തിമ ചെയ്യാൻ തീരുമാനിച്ചത്. കുടുംബത്തിന്റെ നല്ല പിന്തുണയും ഷംലയ്‌ക്ക് ലഭിച്ചിരുന്നു. ആറു മാസം പ്രായമുള്ള കുഞ്ഞിനെയുംകൊണ്ടാണ് ഷൂട്ടിങ്ങിന് പോയത്. തികച്ചും പരിചയമുള്ള, നമ്മുടെ ഇടയിൽ തന്നെയുള്ള ഒരു കഥാപാത്രമായതിനാൽ അഭിനയം അനായാസമായെന്ന് പറയുന്നു. വായനയോടും വരയോടും ഷംനയ്‌ക്ക് താൽപ്പര്യമുണ്ട്. ഏത് ഇൻഡസ്ട്രിയിൽ നിൽക്കുകയാണെങ്കിലും അതിനുവേണ്ടി കഠിനാധ്വാനം ചെയ്യണമെന്നും പൂർണമായി സമർപ്പിക്കണമെന്നും പറയുന്നു. സ്വന്തം കഴിവുകളിൽ സ്ത്രീ ആത്മവിശ്വാസം പുലർത്താനും സ്വാതന്ത്ര്യബുദ്ധിയോടെ നിലകൊള്ളാനും ശ്രമിച്ചാൽ സ്ത്രീ താനെ തിളങ്ങി നിൽക്കുമെന്നും ഷംന പറയുന്നു. ഈ ഒരു ചിന്തയാണ്, തിളക്കമാണ് ഷംനയുടെ അഴക്.









0 comments