23 July Tuesday

വേറിട്ട ചില കോഴ്‌സുകള്‍

വെബ് ഡെസ്‌ക്‌Updated: Wednesday Jun 22, 2022

ഡിജിറ്റൽ മാർക്കറ്റിങ്‌

ഡിജിറ്റൽ മാർക്കറ്റിങ്ങിൽ മൂന്നു വർഷ ബിബിഎ, ബിഎസ്‌സി, ബിഎ പ്രോഗ്രാമും ഡിപ്ലോമ സർട്ടിഫിക്കറ്റ് ഹ്രസ്വകാല പ്രോഗ്രാമുകളുമുണ്ട്. കോഴ്സ് പൂർത്തിയാക്കിയവർക്ക് ഡിജിറ്റൽ, മാർക്കറ്റിങ്‌ മാനേജർ, ബ്രാൻഡ് മാനേജർ, സോഷ്യൽ മീഡിയ മാനേജർ, ഓൺലൈൻ കണ്ടന്റ്‌ ഡെവലപ്പർ, ബിസിനസ്‌ അനലിസ്റ്റ്, സ്പെഷ്യലിസ്റ്റ്, സെർച്ച് എൻജിൻ ഓപ്റ്റിമൈസേഷൻ സ്പെഷ്യലിസ്റ്റ്, വെബ് ഡിസൈനർ, പ്രൊഫഷണൽ ബ്ലോഗർ തുടങ്ങിയ വിവിധ തലങ്ങളിൽ പ്രവർത്തിക്കാം.
പ്ലസ്‌ ടു പൂർത്തിയാക്കിയവർക്ക് ബിരുദ കോഴ്സിന് ചേരാം. എംബിഎ, എംഎസ്‌സി പ്രോഗ്രാമുകളുമുണ്ട്. ഐഐഎം, കൊൽക്കത്ത, ഡൽഹി സ്കൂൾ ഓഫ് കമ്യൂണിക്കേഷൻ, ഡൽഹി യൂണിവേഴ്സിറ്റി, ഐഐഎം, ലഖ്നൗ എന്നിവ രാജ്യത്തെ പ്രധാനപ്പെട്ട ഡിജിറ്റൽ മാർക്കറ്റിങ്‌ കോഴ്സുകൾ നടത്തുന്ന സ്ഥാപനങ്ങളാണ്.

മോളിക്കുലാർ ബയോളജി

ഈ വർഷം ഏറ്റവും കൂടുതൽ ശാസ്ത്ര ഗവേഷണ ഫലങ്ങൾ പുറത്തിറങ്ങുന്ന മേഖലകളിലൊന്നാണ്‌ മോളിക്കുലാർ ബയോളജി. ഡിഎൻഎ, ആർഎൻഎ, പ്രോട്ടീൻ സിന്തസിസ്‌, സെൽബയോളജി, ജീനോമിക്സ്, ബയോകെമിസ്ട്രി എന്നിവ കോഴ്സിലുൾപ്പെടും. കൃഷി, ആരോഗ്യം, ക്ലിനിക്കൽ റിസർച്ച്, ജനറ്റിക്സ്, എപ്പിഡമിയോളജി, ബയോമെഡിക്കൽ തുടങ്ങിയ മേഖലകളിൽ കോഴ്സ് പൂർത്തിയാക്കിയവർക്ക് അവസരങ്ങളുണ്ട്. ജൈവശാസ്ത്ര മേഖലയിൽ താൽപ്പര്യമുള്ള വിദ്യാർഥികൾക്ക് പ്ലസ്‌ ടുവിന് ശേഷം ബിഎസ്‌സി മോളിക്കുലാർ ബയോളജി കോഴ്സിനു ചേരാം. ബിരുദാനന്തര എംഎസ് പ്രോഗ്രാമുകൾ രാജ്യത്തിനകത്തും വിദേശത്തുമുണ്ട്. ബിഎസ്‌സി 4 വർഷ (ഓണേഴ്സ്), 3 വർഷ പ്രോഗ്രാമുകളുണ്ട്. മെഡിക്കൽ ഗവേഷണ രംഗത്തെ ഭാവിതൊഴിലുകൾ മോളിക്കുലാർ ബയോളജി മേഖലയിലാണ്.

ഡാറ്റാ സയൻസ്

വിവര സാങ്കേതിക വിദ്യ, ഡാറ്റ അനലിറ്റിക്സ്, നെറ്റ് വർക്കിങ്‌, സെക്യൂരിറ്റി എന്നിവയിൽ പ്രവർത്തിയ്ക്കാനുതകുന്ന കരിക്കുലം ഡാറ്റാ സയൻസ് കോഴ്സിന്റെ പ്രത്യേകതകളാണ്. ഐടി, ഡാറ്റാ ബേസ് ചുറ്റുപാടുകൾ, വെബ് ഡെവലപ്പ്മെന്റ്, ടെക്നിക്കൽ റൈറ്റിങ്‌ എന്നിവയ്ക്ക് ഡാറ്റാ സയൻസ് ഏറെ പ്രയോജനപ്പെടും. ബിഎസ്‌സി 3–-4 വർഷ ഡാറ്റാ സയൻസ് പ്രോഗ്രാമുകളുണ്ട്. ബിടെക്‌ വിത്ത് ഡാറ്റ സയൻസ് സ്പെഷ്യലൈസേഷനുമുണ്ട്. പ്ലസ്‌ ടു മാത്തമാറ്റിക്സ്, കംപ്യൂട്ടർ സയൻസ് പഠിച്ചവർക്ക് ഡാറ്റ സയൻസ് ബിരുദം/ഇന്റഗ്രേറ്റഡ് എംഎസ്‌സി പ്രോഗ്രാമുകൾക്ക് ചേരാം.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്

ഡീപ്‌ ലേർണിങ്‌, അപ്ലൈഡ് എഐ, മെഷീൻ ലേർണിങ്‌, എഐ എൻജിനിയറിങ്‌, എഐ ഫോർ ബിസിനസ്‌ മുതലായവ ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ വരുന്ന പ്രധാനപ്പെട്ട കോഴ്സുകളാണ്. കോഴ്സ് പൂർത്തിയാക്കുന്നവർക്ക് ഐടി വ്യവസായ, ഡാറ്റ മേഖലകളിൽ ഗവേഷകർ, എൻജിനിയർ, ഡാറ്റാ മൈനിങ്‌ ആൻഡ്‌ അനാലിസിസ് വിദഗ്‌ധർ, മെഷീൻ ലേർണിങ്‌ എൻജിനിയർ, ഡാറ്റ സയന്റിസ്റ്റ്, ബിസിനസ്‌ ഇന്റലിജൻസ്, ഡെവലപ്പർ തുടങ്ങി നിരവധി തസ്തികകളിൽ തൊഴില്‍ സാധ്യതയുണ്ട്. പ്ലസ്‌ ടു മാത്തമാറ്റിക്സ്, കംപ്യൂട്ടർ സയൻസ് പഠിച്ച വിദ്യാർഥികൾക്ക് ബിരുദ പ്രോഗ്രാമിന് ചേരാം. 4 വർഷ ബിഎസ്‌സി (ഓണേഴ്സ്) ബിടെക്‌, 3 വർഷ ബിസിഎ പ്രോഗ്രാമുകളുണ്ട്. ബിടെക്‌ എഐ, മെഷീൻ ലേർണിങ്‌ ബിഎസ്‌സി പ്രോഗ്രാമുകളുണ്ട്.

കുലിനറി ആർട്‌സ്

മൂന്നു വർഷ ബിരുദ, ഡിപ്ലോമ പ്രോഗ്രാമുകൾ കുലിനറി ആർട്‌സിലുണ്ട്. കോഴ്സ് പൂർത്തിയാക്കിയവർക്ക് എക്സിക്യൂട്ടീവ് ഷെഫ്, ബാൻക്വെറ്റ് ഷെഫ്, ഫുഡ് പ്രൊഡക്ഷൻ മാനേജർ ഷെഫ്, കാറ്ററിങ്‌ മാനേജർ, ബേയ്ക്കർ, ഫുഡ് സ്റ്റൈലിസ്റ്റ്, കുലിനറി ആർട്ടിസ്റ്റ് തുടങ്ങി വിവിധ തലങ്ങളിൽ ലോകത്തെമ്പാടും അവസരങ്ങളുണ്ട്.

ആക്ച്വറിയൽ സയൻസ്

ബിരുദ–-ബിരുദാനന്തര പ്രോഗ്രാമുകൾ ആക്ച്വറി സയൻസിലുണ്ട്. പ്ലസ്‌ ടു മാത്തമാറ്റിക്സ് ഗ്രൂപ്പെടുത്ത വിദ്യാർഥികൾക്ക് ബിഎസ്‌സി ആക്ച്വറിയൽ സയൻസ് കോഴ്സിന് ചേരാം. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആക്ച്വറീസ് ഓഫ് ഇന്ത്യ നടത്തുന്ന പരീക്ഷ (ACET)വഴിയാണ് വിദ്യാർഥി കളെ തെരഞ്ഞെടുക്കുന്നത്. വർഷത്തിൽ മൂന്നു തവണ പരീക്ഷ നടത്തും. വെബ്‌സൈറ്റ്‌: www.atcuariesindia.com

ഫുഡ് ടെക്നോളജി

പ്ലസ്‌ ടു സയൻസ്‌ ഗ്രൂപ്പെടുത്തവർക്ക് ഫുഡ് ടെക്നോളജി ബിടെക്‌, ബിഎസ്‌സി പ്രോഗ്രാമുകൾക്ക് ചേരാം. ജെഇഇ മെയിൻ സ്കോറിലൂടെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി, തഞ്ചാവൂർ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി ആൻഡ്‌ എന്റർപ്രണർഷിപ്‌ മാനേജ്മെന്റിന് ചേരാം. രാജ്യത്തെ കാർഷിക, വെറ്ററിനറി, ഫിഷറീസ് സർവകലാശാലകളിലും ബിടെക്‌ ഫുഡ് ടെക്നോളജി കോഴ്സുണ്ട്.

കോഴ്സ് പൂർത്തിയാക്കിയവർക്ക് ഫുഡ് പ്രോസസിങ്‌ ഇൻഡസ്ട്രി, ഫുഡ് റീട്ടെയിൽ ഓൺലൈൻ ഫുഡ് കമ്പനികൾ, ഗവേഷണ സ്ഥാപനങ്ങൾ, അക്കാദമിക്‌ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പ്രവർത്തിക്കാം. ബിരുദശേഷം എംടെക്കിനും അവസരങ്ങളുണ്ട്. ബിഎസ്‌സി ഫുഡ് ആൻഡ്‌ ന്യൂട്രീഷ്യൻ പൂർത്തിയാക്കിയവർക്ക് ബിരുദാനന്തര പഠനത്തിനുശേഷം ഡയറ്റീഷ്യനാകാം. വിദേശത്ത് ഏറെ ഗവേഷണ സാധ്യതയുള്ള മേഖലയാണ് ഫുഡ് സയൻസ്. ഫുഡ് സയൻസ്, പാക്കേജിങ്‌, ബ്രാൻഡിങ്‌, റീട്ടെയിൽ, ഇ–-കൊമേഴ്സ് രംഗത്ത് ഏറെ അവസരങ്ങളുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top