22 July Monday

ആ ജനാധിപത്യഹത്യക്ക്‌ അറുപതാണ്ട്

വെബ് ഡെസ്‌ക്‌Updated: Wednesday Jul 31, 2019

കേരളീയ  രാഷ്ട്രീയ‐ സാമൂഹ്യ‐സാംസ്‌കാരികരംഗങ്ങളെ   ആഴത്തിൽ മുറിവേൽപ്പിച്ച  "വിമോചനസമര'ത്തെ തുടർന്ന്  ഇ എം എസ് സർക്കാരിനെ അട്ടിമറിച്ച ജനാധിപത്യധ്വംസനത്തിന് ആറു പതിറ്റാണ്ട്. രാഷ്ട്രീയവും സാമ്പത്തികവും സാമൂഹികവും  വിദ്യാഭ്യാസപരവുമായ  അനേകം ചലനങ്ങളുടെ സാകല്യമായിരുന്നു ആധുനികകേരളം. എന്നാൽ, "വിമോചനസമരം" അതിൽനിന്നുള്ള ഭയാനകമായ പിൻനടത്തമായി.  ഇതിന് ജാതി‐ മത, രാഷ്ട്രീയപ്രസ്ഥാനങ്ങളും മാധ്യമങ്ങളും  നൽകിയ  പിന്തുണ ഇപ്പോഴും നിരവധി ചോദ്യങ്ങളുയർത്തുന്നുണ്ട്.  പലമട്ടിലുള്ള ജനാധിപത്യവിരുദ്ധ സമരങ്ങൾക്ക്  വലതുപക്ഷം ശ്രമിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ പ്രത്യേകിച്ചും.  കൃത്രിമമായ ആത്മീയതയും അരാഷ്ട്രീയവാദവും യുക്തിചിന്തയോടുള്ള എതിർപ്പും അക്രമസമരങ്ങളുമടക്കം ഇന്ന് അരങ്ങേറുകയാണ്. 1957ലെ സർക്കാരിന്റെ  ജനോപകാരപ്രദങ്ങളായ നിയമങ്ങളുടെ തുടർച്ചയായി പിണറായി സർക്കാർ ഏറ്റെടുക്കുന്ന ദീർഘദൃഷ്ടിയുള്ള നടപടികളോട് യുഡിഎഫ്‐ ബിജെപി കൂട്ടുകച്ചവടവും അവരെ പിന്തുണയ്‌ക്കുന്ന മാധ്യമമേലാളന്മാരും തികഞ്ഞ അസഹിഷ്‌ണുത കാണിക്കുകയാണ്. "വിമോചനസമര’ കാലയളവിലെന്നവണ്ണം അസത്യങ്ങളും അർധസത്യങ്ങളും തുടർച്ചയായി എഴുന്നള്ളിക്കുകയുംചെയ്യുന്നു.

വിശ്വാസഭീകരതയും മൂലധനരാഷ്ട്രീയവും  നാടിന്റെ ശാന്തി കെടുത്താൻ ശ്രമം തുടരുന്നുമുണ്ട്. ശബരിമലയുടെപേരിൽ അത് അക്രമാസക്തമായി. 28 മാസംമാത്രം നിലനിന്ന ആദ്യസർക്കാർ അംഗീകരിച്ചതും പിന്നീട് സർവതോമുഖ പുരോഗതിക്ക് ഊർജവുമായത്  കാർഷികബന്ധ ബില്ലാണ്.  നേട്ടത്തിന്റെ മറ്റൊരു തൂവലായത്  വിദ്യാഭ്യാസബിൽ. ഭൂവുടമകളിൽ ഒരുവിഭാഗം  ഭൂ‐വിദ്യാഭ്യാസ ബില്ലുകളെ   സംശയത്തോടെയാണ് കണ്ടത്.

കാർഷികബില്ലിന്റെ ഫലമായി അധികാരഭ്രഷ്ടമായ ജന്മിതാൽപ്പര്യവും വിദ്യാഭ്യാസബില്ലിന്റെപേരിൽ ജാതി‐മത പ്രമാണിമാരും "വിമോചന സമരം’ നയിക്കുന്നതിലേക്കാണെത്തിയത്. അതിന്  ഉത്തേജനംപകർന്ന് കോൺഗ്രസ് നേതൃത്വവും ഒരു പരിധിവരെ പ്രധാനമന്ത്രി നെഹ്റുവും.  കേന്ദ്രത്തിന്റെ  "അസംതൃപ്തി’  ആദ്യംമുതൽ തലപൊക്കി.  സ്വതന്ത്ര എംഎൽഎമാരെ വശത്താക്കാൻ നോക്കിയെങ്കിലും ആരും  കൂറുമാറിയില്ല. ഉപതെരഞ്ഞെടുപ്പ് നടന്ന ദേവീകുളം  സീറ്റ് പിടിച്ചെടുക്കാൻ നടത്തിയ ശ്രമവും പരാജയപ്പെട്ടു. എല്ലാം വിഫലമായപ്പോൾ   കമ്യൂണിസ്റ്റ് വിരുദ്ധ ശക്തികളെ ഒരു കുടക്കീഴിൽ കൊണ്ടുവരികയായിരുന്നു. മലയാള മനോരമ, ദീപിക തുടങ്ങിയ  പത്രങ്ങൾ കലാപത്തിന്   എരിവുപകർന്നു.   പ്രക്ഷോഭം പലയിടത്തും അതിരുവിട്ടു. 1959 ജൂലൈ 31ന്    കേന്ദ്രം   ഭരണഘടനയുടെ  356–-ാം വകുപ്പുപയോഗിച്ച് മന്ത്രിസഭ പിരിച്ചുവിട്ടു. കോൺഗ്രസും ജാതി‐മത ശക്തികളും ഇളക്കിവിട്ട അരാജകത്വനടപടികൾ മറച്ചുപിടിച്ചായിരുന്നു  അത്. ഇന്ത്യൻ ജനാധിപത്യത്തിന് തീരാക്കളങ്കം ചാർത്തിയ  ദിനം.

വോട്ടെടുപ്പിലൂടെ അധികാരത്തിലെത്തിയ സർക്കാരിനെ വീഴ്‌ത്തിയതിൽ   ഭാഗഭാക്കായ ചിലരിൽ പിന്നീട് കുറ്റബോധവുമുണ്ടായി.  "വിമോചന സമരം’ സംഭവിക്കാൻ പാടില്ലാത്ത വീഴ്‌ചയാണെന്നാണ്   എ വി കുട്ടിമ്മാളുഅമ്മ പറഞ്ഞത്. അത്  തെറ്റായിപ്പോയെന്ന് കെ ശങ്കരനാരായണനും അഭിപ്രായപ്പെട്ടു.  എന്നാൽ, എ കെ ആന്റണിയെ പോലുള്ളവരാകട്ടെ, കമ്യൂണിസ്റ്റ് വിരുദ്ധതയെന്ന പഴകിയ ആയുധം ഇപ്പോഴും  ചുഴറ്റുകയാണ്. രാജ്യത്തെ ഉഴുതുമറിക്കുന്ന ജീവൽ പ്രശ്നങ്ങളിൽ മൗനം നടിക്കുന്ന അദ്ദേഹം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് സംഘർഷവുമായി ബന്ധപ്പെട്ട് അതിവാചാലനായത് പഴയ "മഹാസഖ്യ’ത്തിന്റെ പ്രചോദനത്തിലാണ്.  സാമ്രാജ്യത്വവും അതിന്റെ ചാര ഏജൻസിയായ സിഐഎയും ഇന്ത്യൻ ഭരണവർഗവും പ്രതിലോമശക്തികളും  ജാതി‐മത യാഥാസ്ഥിതികത്വത്തെയും മൂലധനതാൽപ്പര്യങ്ങളെയും ഇളക്കിവിട്ട് "വിമോചനസമരം" പ്രഖ്യാപിച്ചതിൽ ആന്റണിക്ക്  ഒരു കുറ്റബോധവും തോന്നുന്നില്ലെന്നത് വിചിത്രമാണ്.

രണ്ടാം മോഡി ഭരണത്തിൽ രാജ്യമാകെ ചോരയൊലിപ്പിക്കുന്ന ആൾക്കൂട്ടവധങ്ങളും പശുവിന്റെ പേരിലുള്ള ഭീകരതയും നിയമങ്ങൾ ഫാസിസ്റ്റ് ഊന്നലോടെ മാറ്റിമറിക്കുന്നതും  ആർഎസ്എസ് തുടങ്ങുന്ന സൈനിക സ്‌കൂളുകളും ആ "ദേശീയ’ നേതാവിനെ അലട്ടുന്നേയില്ല. കോൺഗ്രസ് തുടങ്ങിവച്ച  "ആയാറാം ഗയാറാം' രാഷ്ട്രീയം കർണാടകത്തിലും ഗോവയിലും മഹാരാഷ്ട്രയിലും കോമാളിവേഷത്തിലെത്തുന്നതിലും അദ്ദേഹം നിശ്ശബ്ദമാണ്‌.  ഭരണഘടനയുടെ 356–-ാം വകുപ്പ് ദുരുപയോഗപ്പെടുത്തി കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ് സർക്കാരിനെ അട്ടിമറിച്ചതിൽനിന്ന് ആ പാർടി ഒരു പാഠവും ഉൾക്കൊണ്ടിട്ടില്ല. ചുരുക്കത്തിൽ 1959 ജുലൈ 31 കേരളചരിത്രത്തിലെ ഏറ്റവും ഭയാനകമായ ജനാധിപത്യ അട്ടിമറിയുടെ ദിനമായിരുന്നു. ഇടതുപക്ഷശക്തികൾക്കെതിരായ ബഹുമുഖങ്ങളായ കടന്നാക്രമണങ്ങളെ തിരിച്ചറിയാനും പ്രതിരോധിക്കാനും ആ ഓർമ നിശ്ചയമായും കരുത്തുപകരേണ്ടതുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top