സമൂഹമാധ്യമങ്ങൾക്ക് കൂച്ചുവിലങ്ങ്

ഒരു ജനതയ്ക്ക് അവകാശലംഘനങ്ങളെക്കുറിച്ചും വിവേചനത്തെക്കുറിച്ചും അടിച്ചമർത്തലുകളെക്കുറിച്ചും ബോധ്യമുണ്ടാകുകയും അതിനെതിരെയുള്ള ചെറുത്തുനിൽപ്പിന് അവർ സജ്ജരാകുകയും ചെയ്യുമ്പോൾ തീർച്ചയായും ഭരണകൂടത്തിന് അലോസരമുണ്ടാകും. അജയ്യരാണ് തങ്ങളെന്ന് ഇത്രയുംകാലം വിശ്വസിച്ചുപോന്നവരാണ് ആർഎസ്എസ് നിയന്ത്രിക്കുന്ന കേന്ദ്രസർക്കാർ. വർഗീയതയുടെയും കോർപറേറ്റുവൽക്കരണത്തിന്റെയും അപകടകരമായ സംയോജനത്തിൽനിന്ന് ഉയിർക്കൊള്ളുന്ന ജനവിരുദ്ധ നയങ്ങൾക്കും വിദ്വേഷപ്രചാരണങ്ങൾക്കുമെതിരെ കുറച്ചുവർഷങ്ങളായി രൂപപ്പെടുന്ന രോഷത്തിൽ അടിപതറിയെന്ന് സംഘപരിവാറിന് ബോധ്യപ്പെട്ട് തുടങ്ങിയിട്ടുണ്ട്. ജീവൽപ്രശ്നങ്ങൾ മുൻനിർത്തി സംഘടിക്കുന്ന ജനതയെ വർഗീയധ്രുവീകരണംകൊണ്ട് ഭിന്നിപ്പിക്കാൻ കഴിയുന്ന കാലം കഴിഞ്ഞുവെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് സമൂഹമാധ്യമങ്ങളെ കത്രികപ്പൂട്ടിട്ട് നിയന്ത്രിക്കാനുള്ള പുതിയ ശ്രമം.
ഐടി നിയമത്തിലെ 79–ാം വകുപ്പുപ്രകാരം സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾക്ക് ലഭിക്കുന്ന നിയമപരമായ പരിരക്ഷയായ "സേഫ് ഹാർബർ' വ്യവസ്ഥയിൽ വൻതോതിലുള്ള മാറ്റങ്ങൾ കൊണ്ടുവരാനൊരുങ്ങുകയാണ് കേന്ദ്ര ഇലക്ട്രോണിക്സ്–വിവരസാങ്കേതിക മന്ത്രാലയം. ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം, യൂട്യൂബ്, എക്സ് തുടങ്ങിയ പ്ലാറ്റ്ഫോമുകളിലെ ഉള്ളടക്കത്തിന്റെ പേരിൽ ലഭിക്കുന്ന നിയമപരമായ പരിരക്ഷ എടുത്തുകളയുകയോ പരിമിതപ്പെടുത്തുകയോ ചെയ്യുകയാണ് ലക്ഷ്യം.
കർഷകവിരുദ്ധമായ മൂന്നു നിയമനിർമാണങ്ങൾക്കെതിരെ ഇന്ത്യൻ കർഷകർ നടത്തിയ ഐതിഹാസിക സമരം. ധർമേന്ദ്ര പ്രധാന്റെ രാജിയിൽ കലാശിച്ച നീറ്റ് ക്രമക്കേടുകൾക്കെതിരെയുള്ള ജന്തർമന്തറിലെ വിദ്യാർഥി–യുവജന പ്രക്ഷോഭം.
എസ്ഐആർ എന്ന കുതന്ത്രത്തിലൂടെ ബിജെപിക്ക് തെരഞ്ഞെടുപ്പുവിജയം ഉറപ്പാക്കാൻ ശ്രമിക്കുന്ന ഗ്യാനേഷ് കുമാറിനെതിരെ തുടരുന്ന രാജ്യവ്യാപകസമരം–ഇവയിലെല്ലാം സമൂഹമാധ്യമങ്ങൾ വഹിക്കുന്ന പങ്ക് നിർണായകമാണ്. ലെഗസി മീഡിയ എന്ന വിശേഷണമുള്ള പരന്പരാഗത മാധ്യമങ്ങൾ ഏറെക്കുറെ മോദിയുടെ ലാളന ആസ്വദിക്കുന്ന ‘ഗോദിമീഡിയ’യായി പരിവർത്തനം ചെയ്ത ഘട്ടത്തിൽ, സമരസന്ദേശം കൈമാറുന്നതും വസ്തുതകൾവച്ച് സർക്കാരിനെ ഏതൊരു പൗരർക്കും ചോദ്യംചെയ്യാൻ അവസരം ലഭിക്കുന്നതും സമൂഹമാധ്യമങ്ങളിലൂടെയാണ്.
മോദിസർക്കാരിന്റെ ജനവിരുദ്ധതയെ തുറന്നുകാട്ടാൻ മുഖ്യധാരാ മാധ്യമങ്ങൾ ഭയന്ന് പിന്മാറിനിൽക്കുമ്പോൾ, ധ്രുവ് റാഠിയെയും രവീഷ് കുമാറിനെയുംപോലുള്ള അസംഖ്യം സ്വതന്ത്ര മാധ്യമപ്രവർത്തകരുടെ ഇടപെടലുകൾ വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലെ സാധാരണക്കാർക്കിടയിൽ വലിയ സ്വാധീനം സൃഷ്ടിക്കാനാകുന്നുണ്ട്. കർഷകസമരഭൂമിയിൽ സ്ഫോടനാത്മക ഇടപെടൽ നടത്തിക്കൊണ്ടിരിക്കെ ‘ന്യൂസ് ക്ലിക്ക്’ എന്ന വാർത്താപോർട്ടലിന്റെ പത്രാധിപർ പ്രബീർ പുർകായസ്ത അടക്കമുള്ളവരെ കള്ളക്കേസ് ചുമത്തി കൽത്തുറുങ്കിലടയ്ക്കുകയും ആ മാധ്യമത്തെ ഏതാണ്ട് ഞെക്കിക്കൊല്ലുകയും ചെയ്തത്, സമൂഹമാധ്യമങ്ങളെ നിയന്ത്രിക്കാൻ മോദിസർക്കാർ ശ്രമിക്കുന്ന ഇൗ ഘട്ടത്തിൽ നമ്മളോർമിക്കണം. ബ്രസീലിൽ തീവ്രവലതുപക്ഷത്തിന് തിരിച്ചടി നൽകാൻ ഇടതുപക്ഷത്തിന് കഴിഞ്ഞതിന് പ്രധാന കാരണങ്ങളിലൊന്ന് സമൂഹമാധ്യമങ്ങൾ വഴി ബദൽ പ്രചാരണം ഫലപ്രദമായി നടത്തിയതാണ്. ഇന്ത്യയിൽ ജനകീയ ആശയപ്രചാരണം ശക്തിപ്രാപിക്കുന്നത് അടിയന്തരമായി തടയേണ്ടതുണ്ടെന്ന് മോദിസർക്കാർ കരുതാൻ ഇതും ഇടയാക്കി.
സർക്കാരിനെ വിമർശിക്കുന്ന ഉള്ളടക്കങ്ങളോ പൊലീസോ സംഘപരിവാറുകാരോ നടത്തുന്ന അതിക്രമങ്ങൾ വ്യക്തമാക്കുന്ന ദൃശ്യങ്ങളോ സർക്കാർനയങ്ങളെ വിമർശിക്കുന്ന രാഷ്ട്രീയപാർടികളുടെ പോസ്റ്റുകളോ പ്രചരിപ്പിച്ചാൽ നിയമനടപടി നേരിടേണ്ടിവരുമെന്ന ഭീതി ജനങ്ങളിൽ സൃഷ്ടിക്കുകയാണ് മോദിസർക്കാരിന്റെ ലക്ഷ്യം. ഭരണഘടനയുടെ 19(1) അനുച്ഛേദം വാഗ്ദാനം ചെയ്യുന്ന അഭിപ്രായസ്വാതന്ത്ര്യത്തിനും ആവിഷ്കാരസ്വാതന്ത്ര്യത്തിനും കൂച്ചുവിലങ്ങ് വീഴുകയാകും ഇൗ ഭേദഗതിയുടെ ആത്യന്തികഫലം. സാങ്കേതികവിദ്യയുടെ ദുരുപയോഗം തടയാനുള്ള നടപടിയായിമാത്രം ഇതിനെ കാണാനാകില്ല.
ആവിഷ്കാരസ്വാതന്ത്ര്യം, പൗരാവകാശങ്ങൾ, വിവരങ്ങളുടെ ജനാധിപത്യപരമായ കൈമാറ്റം, ഭരണകൂടത്തിന്റെ അധികാരപരിധി എന്നിവയുമായി ബന്ധപ്പെട്ട നിർണായക രാഷ്ട്രീയപ്രശ്നമാ
ണിത്.
വസ്തുതാവിരുദ്ധമായ വിവരങ്ങൾ, വിദ്വേഷപ്രചാരണം, വർഗീയത, വ്യാജവാർത്തകൾ, ഓൺലൈൻ തട്ടിപ്പുകൾ, സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ സൈബർ അതിക്രമങ്ങൾ എന്നിവ സമൂഹമാധ്യമങ്ങളിലെ പുഴുക്കുത്തുകളാണ്. അവയെ തീർച്ചയായും നിയന്ത്രിക്കേണ്ടതുണ്ട്. എന്നാൽ, പ്രശ്നപരിഹാരത്തിനായി ഭരണകൂടത്തിന് പരിധികളില്ലാത്ത അധികാരം നൽകുന്നത് ആപത്താണ്. വിമർശങ്ങൾ തടയുന്നതല്ല, പൗരരുടെ സുരക്ഷ ഉറപ്പാക്കലാകണം നിയന്ത്രണത്തിന്റെ ലക്ഷ്യം. ഡിജിറ്റൽ ജനാധിപത്യം ഭരണകൂടത്തിന്റെ ഔദാര്യമല്ല.








0 comments