print edition ബാര്‍ ലെെസന്‍സ് കുറ്റം എൽഡിഎഫിന്റെ തലയിലിടാൻ ശ്രമിച്ചു

തിരുവനന്തപുരം:
ബാർ ലൈസൻസുമായി ബന്ധപ്പെട്ട വിവാദം വിചിത്രമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മന്ത്രി അറിയാതെ ലൈസൻസ് നൽകാൻ എക്‌സൈസ് കമീഷണർക്ക് അധികാരം നൽകിയത് എൽഡിഎഫ് സർക്കാരാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഉമ്മൻചാണ്ടി സർക്കാരാണ് 2011 ജൂലൈ 19ന് എഫ്‌എൽ 7 എന്ന പുതിയ കാറ്റഗറി കൊണ്ടുവന്നത്. ലൈസൻസ് നൽകാൻ കമീഷണർക്ക് അധികാരം കൊടുത്തത് ഉമ്മൻചാണ്ടി സർക്കാരാണ്. ഇത്രയും വ്യക്തമായ തെളിവുള്ളപ്പോഴാണ്, ഇരിക്കട്ടെ എൽഡിഎഫ് സർക്കാരിന്റെ പിടലിക്ക് എന്ന നിലപാടെടുത്തത്.
വസ്‌തുതകൾ തെറ്റിദ്ധാരണാജനകമായി അവതരിപ്പിക്കാനുള്ള മിടുക്കാണ് മുഖ്യമന്ത്രി പ്രകടിപ്പിക്കുന്നത്.
എൻഎച്ച്‌എമ്മിലെ പിരിച്ചുവിടൽ മനുഷ്യത്വരഹിതമാണ്. 2016ൽ എൽഡിഎഫ് സർക്കാർ വരുമ്പോൾ വിവിധ മേഖലകളിൽ താൽക്കാലിക ജീവനക്കാരുണ്ടായിരുന്നു. അവരെ പിരിച്ചുവിടാനല്ല സർക്കാർ തയ്യാറായത്. ഒട്ടേറെ രംഗങ്ങളിൽ പിരിച്ചുവിടൽ തുടരുകയാണ്. വർഷങ്ങളായി ജോലിചെയ്യുന്നവരെയാണ് പിരിച്ചുവിടുന്നത്. ഇത് അവരുടെ കുടുംബങ്ങളെ മാത്രമല്ല, സർവീസുകളെയും ബാധിക്കും.
സംഘപരിവാർ ഉയർത്തുന്ന ആക്ഷേപത്തിലേക്ക് ഉന്നത വിദ്യാഭ്യാസമന്ത്രികൂടി എത്തുന്നത് നിർഭാഗ്യകരമാണ്. ഉന്നത വിദ്യാഭ്യാസമന്ത്രി നേരത്തെ രാജ്യത്തെ വിദ്യാർഥി പ്രസ്ഥാനത്തിന്റെ നേതാവായിരുന്ന ആളാണ്. ഇത്തരം പ്രശ്‌നങ്ങൾ പരിഹരിക്കാൻ വിദ്യാർഥി താൽപര്യം മുൻനിർത്തി മുൻകൈയെടുക്കേണ്ട ആളാണ്. അതുണ്ടാകുന്നില്ല എന്നത് നിർഭാഗ്യകരമാണ്.
മന്ത്രിമന്ദിരങ്ങളിലെ
അറ്റകുറ്റപ്പണി ആവശ്യം
മന്ത്രിമന്ദിരം ആവശ്യമായ അറ്റകുറ്റ പണി നടത്തുന്നതുകൊണ്ട് എന്താണ് തകരാറെന്ന് പിണറായി ചോദിച്ചു. മന്ത്രി മന്ദിരങ്ങളായ പല കെട്ടിടങ്ങളുടെയും അവസ്ഥ ശോചനീയമാണ്. ആവശ്യം അറിഞ്ഞ് അറ്റകുറ്റപ്പണി നടത്തണം. അതുമായി പൊരുത്തപ്പെടാൻ മാധ്യമങ്ങൾക്കും കഴിയണം.താൻ ഇപ്പോഴും വാടകവീട്ടിലാണ് താമസിക്കുന്നത്. രണ്ടാഴ്‌ചകൊണ്ട് മാറാൻ കഴിയുമെന്നായിരുന്നു കരുതിയത്.
കന്റോൺമെന്റ് ഹൗസ് താമസിക്കാൻ പറ്റുന്ന അവസ്ഥയിലല്ല. താനങ്ങോട്ട് മാറിയിട്ടാണ് തീപിടിച്ചതെങ്കിൽ മാധ്യമങ്ങൾ എന്തൊക്കെ പറയുമായിരുന്നു. തന്റെ പേരിൽ എന്തൊക്കെ കഥകളുണ്ടാക്കുമായിരുന്നു– പിണറായി ചോദിച്ചു.
വൈദ്യുതി മന്ത്രി നിസ്സഹായൻ
തിരുവനന്തപുരം
: വൈദ്യുതി മന്ത്രിയുടെ നിലപാടിനെ മുഖ്യമന്ത്രി തള്ളുന്നത് കൂട്ടുത്തരവാദിത്വത്തിന്റെ ലംഘനമാണെന്ന് പിണറായി വിജയൻ പറഞ്ഞു. വൈദ്യുതി വാങ്ങുന്നതിൽ മന്ത്രി സണ്ണി ജോസഫിന്റെ സമീപനം നാടിന്റെ താൽപ്പര്യത്തിന് യോജിക്കുന്നതാണ്. ഹിമാചൽ വൈദ്യുതിയാണ് അഭികാമ്യം എന്ന നിലപാടാണ് അദ്ദേഹമെടുത്തതായി കാണുന്നത്. അത് തള്ളുന്ന സമീപനമാണ് മുഖ്യമന്ത്രിയുടേത്.
മന്ത്രിസഭയിലെ ഒരംഗത്തിന് മുഖ്യമന്ത്രിയെ പരസ്യമായി തള്ളിപ്പറയാനാകില്ല. മന്ത്രിയുടെ വിഷമവും നിസ്സഹായാവസ്ഥയും മനസിലാകും. എന്നാൽ, അദ്ദേഹം രേഖപ്പെടുത്തിയ വിയോജിപ്പ് ഇല്ലാതാകില്ല –പിണറായി പറഞ്ഞു.








0 comments