10 June Saturday

ലോകം റഷ്യയിൽ

വെബ് ഡെസ്‌ക്‌Updated: Thursday Jun 14, 2018


പരീക്ഷണങ്ങൾക്കോ കണക്കുകൂട്ടലുകൾക്കോ ഇനി സമയമില്ല. നാലുവർഷമായി കരുതിവച്ച ആയുധങ്ങൾ തേച്ചുമിനുക്കി 32 ടീം റഷ്യയിലെ അങ്കത്തട്ടിൽ ഇറങ്ങി. എതിരാളിയുടെ വലയിൽ പന്തെത്തിക്കാനും എതിർവലയിൽ നിറയുന്ന ഗോളുകളുടെ എണ്ണത്തിന്റെ ബലത്തിൽ ലോകകിരീടാവകാശികളാകാനും വിട്ടുവീഴ്ചയില്ലാത്ത പോരാട്ടമാണിനി. വരുന്ന 30 നാൾ ഭൂഗോളമൊന്നാകെ കാറ്റുനിറച്ച തുകൽപ്പന്തിനു ചുറ്റും കറങ്ങും. ലോകകപ്പിന്റെ ആവേശത്തിരയിൽ കേരളവും അലിഞ്ഞുചേർന്നു. റഷ്യയെന്നു കേൾക്കുമ്പോൾ സോവിയറ്റ് നാടും ബാലസാഹിത്യവും ലെനിനും ടോൾസ്റ്റോയിയും ദസ്തയോവ്സ്കിയും നിറയുന്ന മലയാളിമനസ്സിൽ ഇനി ആ പേര് നിറയ്ക്കുക കാൽപ്പന്തിന്റെ ആരവങ്ങളാകും.

1929ൽ ഫിഫ സെക്രട്ടറിയായിരുന്ന ഹെൻറി ഡിലനോയിയുടെ മനസ്സിൽ വിരിഞ്ഞ ആശയമാണ് ഫുട്ബോൾ ലോകകപ്പ്. അന്ന് ഫിഫ അംഗങ്ങളായിരുന്ന 30 രാജ്യങ്ങളിൽ അഞ്ചുകൂട്ടർ ആ ആശയത്തെ എതിർത്തു. എന്നാൽ, ഇന്ന് യുഎന്നിനേക്കാൾ അംഗബലമുള്ള സംഘടനയായി വളർന്ന ഫിഫയിൽ ആരും ഈ ലോകമേളയിൽനിന്ന‌് മാറിനിൽക്കില്ല. അത്രയേറെ പ്രചാരമുണ്ട് ലോകത്തെ ഏറ്റവും ജനകീയമായ കളിക്ക്. ലോകംമുഴുവൻ ഇതുപോലെ ആഘോഷമാക്കുന്ന മറ്റൊരു സന്ദർഭം സർവമേഖലകൾ പരിഗണിച്ചാലും ഉണ്ടാകില്ല. ഫുട്ബോളിന്റെ നാലുവർഷത്തെ വികാസഗതിയുടെ അളവുകോലാണ് ലോകകപ്പ്. അതിന്റെ 21‐ാം പതിപ്പിനാണ് റഷ്യ വേദിയാകുന്നത്. ചരിത്രത്തിലാദ്യമായി ഈ ഭൂപ്രദേശം ഫുട്ബോൾ ലോകകപ്പിന് അരങ്ങൊരുക്കുമ്പോൾ കളിയും കളിക്കാരും ഒട്ടേറെ നിർണായക ചർച്ചയ‌്ക്ക് വഴിവയ‌്ക്കുന്നു. ഒപ്പം രാഷ്ട്രീയ, സാമൂഹ്യ, സാമ്പത്തിക രംഗങ്ങളിലും ഈ കളി ചലനങ്ങളുണ്ടാക്കുകയും ചർച്ചയാകുകയും ചെയ്യുന്നു.

സാങ്കേതികവിദ്യയുടെ ആധിക്യത്തിലും തനിമയും വിശുദ്ധിയും കാത്തുസൂക്ഷിക്കാൻ ലോകകപ്പിനാകുന്നുവെന്നത് പ്രധാനമാണ്. ഫിഫ ഇക്കാര്യത്തിൽ അബദ്ധങ്ങളില്ലാതിരിക്കാൻ ഏറെ ശ്രദ്ധിക്കുന്നു. എത്രത്തോളം വികാരപരമായാണ് കളിയാസ്വാദകർ ലോകകപ്പിനെ കാണുന്നതെന്ന് ഫിഫയ്ക്ക് നന്നായി അറിയാം. ജീവിതവും ഫുട്ബോളും അത്രമേൽ ഇഴചേർന്നുനിൽക്കുന്നതിനാലാണ് ഈ കളി ഇത്രയേറെ ജനകീയമായത്. ജീവിതത്തിന്റെ സകല അനിശ്ചിതത്വവും സാഫല്യങ്ങളും ആഘോഷങ്ങളും പ്രതിസന്ധികളും വേദനയും ഫുട്ബോളിലുമുണ്ട്. വീടിനും വാഹനത്തിനും ശരീരത്തിലും ഇഷ്ട ടീമിന്റെ നിറംപൂശി ആരാധകർ ഫുട്ബോളിനായി സ്വയം സമർപ്പിക്കുന്നതും ഈ അഭേദ്യബന്ധത്തിന്റെ അടിയൊഴുക്കിനാലാണ്.

ജർമനി, ബ്രസീൽ, അർജന്റീന, സ്പെയിൻ എന്നിവർ പതിവുപോലെ  പ്രവചനക്കാരുടെയും വാതുവയ‌്പുകാരുടെയും പട്ടികയിൽ മുന്നിലാണ്. ലോക ഫുട്ബോളിൽ നിറഞ്ഞുനിൽക്കുന്ന ഒന്നാംകിട താരങ്ങളുടെ ബാഹുല്യമാണ് ഈ ടീമുകളെ കപ്പിനായുള്ള പോരാട്ടത്തിൽ മുന്നിൽനിർത്തുന്നത്. നിലവിലെ ചാമ്പ്യന്മാരായ ജർമനി ഇത്തവണയും ശക്തരുടെ നിരയാണ്. മിറോസ്ലാവ് ക്ലോസെയെപ്പോലുള്ള വമ്പന്മാർ വിട്ടുപോയെങ്കിലും ഡ്രാക്സലറെപ്പോലുള്ള പുതുമുഖങ്ങൾ എതിരാളികളിൽ ഭയം നിലനിർത്തുന്നു. ബ്രസീലും അർജന്റീനയും കഴിഞ്ഞതവണത്തെ തോൽവികൾക്ക് പകരംവീട്ടാനും പ്രതാപം തിരിച്ചുപിടിക്കാനും ഉറപ്പിച്ചാണ് വരുന്നത്. പോർച്ചുഗൽ, ഫ്രാൻസ്, ഉറുഗ്വേ, ബെൽജിയം, കൊളംബിയ തുടങ്ങിയവർ വമ്പന്മാരെ ഞെട്ടിച്ച് കിരീടത്തിൽ കൈവയ‌്ക്കാൻ കരുത്തുള്ളവർ. അസ‌്തിത്വ പ്രഖ്യാപനത്തിന‌് വെമ്പുന്ന ആഫ്രിക്കയും ഏഷ്യയുമാണ് എന്നും കറുത്തകുതിരകളുടെ പട്ടികയിൽ വരുന്നത്. കാമറൂണും നൈജീരിയയും തെളിച്ച വഴിയിലൂടെ ഏറെ മുന്നോട്ടുപേകാൻ കഴിയാത്തതിന്റെ ക്ഷീണം മാറ്റാൻ ഈജിപ്തും സെനഗലും മറ്റും കച്ചമുറുക്കുന്നു. 2002ൽ അത്ഭുതം കാണിച്ച ദക്ഷിണ കൊറിയയുടെ പിന്മുറക്കാരാകാൻ പോരാടുന്ന ഏഷ്യൻശക്തികൾ വമ്പന്മാരുടെ വഴിമുടക്കാൻ പോന്നവർ.

നെയ്മർ, മെസി, റൊണാൾഡോ എന്ന പതിവ‌് സൂപ്പർതാര ന്യൂക്ലിയസിൽനിന്ന് ഫുട്ബോൾ ആരാധന വഴിമാറുന്നതിന്റെ തുടക്കം റഷ്യയിലാകും. മെസിക്കും റൊണാൾഡോയ്ക്കും ഇത് ചിലപ്പോൾ അവസാന ലോകകപ്പാകും. പകരക്കാർക്ക് കടന്നുവരാൻ ഏറ്റവും നല്ല അവസരമാണിത്. കെവിൻ ഡിബ്രുയിൻ, ജോഷ്വ കിമ്മിച്, എഡൻ ഹസാർഡ്, ഫിലിപ്പെ കുടിന്യോ, മാർക്കോ അസൻസിയോ തുടങ്ങിയവർ നാളെയുടെ താരങ്ങളായേക്കും.

ഗോളടിക്കാനുള്ള കൂട്ടായ പരിശ്രമം എന്ന നിലയിൽനിന്ന് കളി ഏറെ മാറി. ഇന്ന് ഗോളടിക്കുന്നവനെ കൂട്ടായി ചെറുക്കുന്നതിനാണ് ഫുട്ബോൾ തന്ത്രങ്ങളിൽ മുൻഗണന. പ്രതിരോധിക്കാനും മധ്യനിരയിൽ എതിരാളികളെ കാലേക്കൂട്ടി തടയാനും ഒപ്പം കളിമെനയാനും മികവുള്ള ടീമിനാകും സാധ്യത. കഴിഞ്ഞ ലോകകപ്പിൽ ജർമനിയും അതിനുമുമ്പ് ഇറ്റലിയും സ്പെയിനും ഇതു തെളിയിച്ചതാണ്. ഇത്തവണ അതിനുപോന്ന ഒട്ടേറെ ടീമുണ്ട്. എന്നാൽ, കൃത്യസമയത്ത് ഫോമിലാകുക എന്നത് പ്രധാനമാണ്. ഒപ്പം അൽപ്പം ഭാഗ്യവും. നല്ല കളിക്കാരുള്ളതുകൊണ്ടുമാത്രം ഇതുപോലെ നീണ്ട, കടുത്ത ടൂർണമെന്റിൽ ജയിക്കാനാകില്ല. സാഹചര്യം അറിഞ്ഞ് തന്ത്രങ്ങൾ സ്വീകരിക്കാനും കളിക്കിടയിൽത്തന്നെ തന്ത്രങ്ങൾ മാറ്റാനും പോന്ന കളിയുടെ മർമം അറിയുന്ന പരിശീലകരും വേണം.

സാങ്കേതികരംഗത്തെ പുരോഗതി അടിമുടി ദൃശ്യമാകുന്ന ലോകകപ്പാകുമിത്. റഫറിമാരെ സഹായിക്കാൻ വീഡിയോ അസിസ്റ്റ‌് അടക്കമുള്ള സൗകര്യങ്ങളുണ്ടാകും. കളിക്കിടെതന്നെ എതിരാളിയുടെ നീക്കങ്ങളും കളിരീതിയും വിശകലനം ചെയ്യുന്ന കംപ്യൂട്ടർ വിദഗ്ധർ പല ടീമിനുമുണ്ട്. അതനുസരിച്ചാകും കളിക്കിടയിൽ തന്ത്രം മെനയുന്നത്.

പണക്കൊഴുപ്പുമായി കൂടിക്കുഴയുന്നതാണ് ഇന്ന് ലോകഫുട്ബോൾ. അതിൽനിന്ന് മാറിനടക്കുക അസാധ്യം. കളിക്കാരും ക്ലബ്ബുകളും കളിനടത്തിപ്പുകാരും വൻകിട കോർപറേറ്റുകളും ചേർന്നുള്ള ഒരു സംഘമാണ് എല്ലാത്തിനും ചുക്കാൻപിടിക്കുന്നത്. ഈ ലോകകപ്പിൽനിന്ന് ഫിഫ പ്രതീക്ഷിക്കുന്ന വരുമാനം 33,360 കോടി രൂപയാണ്. കഴിഞ്ഞതവണ 32,037 കോടിയായിരുന്നു. ഇത്തവണ ഇറ്റലിക്കും അമേരിക്കയ‌്ക്കും യോഗ്യത നേടാനാകാതെ പോയത് പരസ്യവരുമാനത്തെ ബാധിച്ചു.

ലോകകപ്പിൽ ആര‌് ജേതാക്കളായാലും ഇത് വ്ളാദിമിർ പുടിന്റെയും റഷ്യയുടെയും ലോകകപ്പായിരിക്കും. ലോകകപ്പ് വേദിയായി നിശ്ചയിക്കപ്പെട്ട അന്നുമുതൽ പാശ്ചാത്യശക്തികൾ നടത്തുന്ന കടുത്ത പ്രചാരണങ്ങൾ അതിജീവിച്ചാണ് റഷ്യ ലോകകപ്പ് നടത്തുന്നത്. അതിഗംഭീരമായ തയ്യാറെടുപ്പാണ് രാജ്യം നടത്തിയിരിക്കുന്നത്. ടൂർണമെന്റ് സംഘാടനം കേമമായാൽ ലോകശക്തിയെന്ന നിലയിലേക്കുള്ള റഷ്യയുടെ തിരിച്ചുവരിന് അത് വലിയ ഊർജംപകരും. അതുകൊണ്ടുതന്നെ ആ അർഥത്തിലും ലോകം റഷ്യയിലേക്കുതന്നെ നോക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top