18 July Thursday

ഐക്യത്തോടെ പുനർ നിർമിക്കാം

വെബ് ഡെസ്‌ക്‌Updated: Saturday Sep 1, 2018


പ്രളയംതീർത്ത മഹാഗർത്തത്തിൽനിന്ന് കേരളത്തെ വീണ്ടെടുക്കുന്നതിനുള്ള പോരാട്ടത്തിൽ വിജയംവരെ  ഒരേ വികാരത്തോടെ, ഒരേ ആവേശത്തോടെ, ഒരേ ഊർജത്തോടെ ലോകമെങ്ങുമുള്ള മലയാളി അണിചേരും എന്ന പ്രഖ്യാപനമാണ് കേരള നിയമസഭയിൽ വ്യാഴാഴ്ച മുഴങ്ങിയത്.  ‘തകർന്നവരല്ല, അതിജീവിച്ചു കുതിക്കുന്നവരാണ് നാം, ഐക്യത്തോടെനിന്ന് നമ്മുടെ നാടിനെ പുനർനിർമിക്കാം 'എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആഹ്വാനം നിയമസഭ ഒന്നടങ്കമാണ് ഏറ്റെടുത്തത്. സഭ പ്രത്യേക സമ്മേളനം ചേർന്ന് ഏകകണ്ഠമായി അംഗീകരിച്ച പ്രമേയം അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്: ‘എല്ലാത്തരം വിഭാഗീയചിന്താഗതികൾക്കും അതീതമായി കേരളത്തെ പുനർനിർമിക്കാനുള്ള ദൃഢനിശ്ചയത്തോടെ ഒരു പുതിയ കൂട്ടായ്മയും യോജിപ്പിന്റെ ഒരു പുതിയ സംസ്‌കാരവും ഉയർന്നുവരുന്നുവെന്നതിൽ ഈ സഭ അഭിമാനവും സന്തോഷവും രേഖപ്പെടുത്തുന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങളിലും കേരളത്തിന്റെ പുനർനിർമാണത്തിലും എല്ലാവരും ഒരുമിച്ചുനിന്ന് ഒറ്റക്കെട്ടായി പ്രവർത്തിച്ചുകൊണ്ട് മുന്നേറണമെന്ന് ഈ സഭ ആഹ്വാനംചെയ്യുന്നു.'  നിയമസഭയിൽനിന്നുയർന്ന ഈ വികാരം ഓരോ കേരളീയന്റെയും ഹൃദയത്തിൽനിന്നുള്ളതാണ്. ചർച്ചയിൽ  വിമർശനവും  കുറ്റപ്പെടുത്തലും അവയ്ക്കുള്ള കർക്കശമായ മറുപടിയും ഉണ്ടായിരുന്നു; ഇടയ‌്ക്ക‌് ബഹളം ഉയർന്നിരുന്നു. എന്നാൽ, സമ്മേളനം അവസാനിക്കുമ്പോൾ ഇനി എന്തു ചെയ്യണം എന്നതിലും ഇതുവരെയുള്ള യോജിപ്പ് എങ്ങനെയല്ലാം ശക്തിപ്പെടുത്തണം എന്നതിലും ഭരണപ്രതിപക്ഷഭേദമില്ലാത്ത അഭിപ്രായ ഐക്യമാണ് കാണാനായത്.
മുഖ്യമന്ത്രി  പിണറായി വിജയൻ പ്രമേയം അവതരിപ്പിച്ച്, ജൂലൈ, ആഗസ‌്ത‌് മാസങ്ങളിൽ കേരളം നേരിട്ട അതീവ ഗുരുതരമായ സാഹചര്യങ്ങൾ വിശദീകരിക്കുക മാത്രമല്ല, നാളത്തെ കേരളം എങ്ങനെ ആകണം എന്ന ക്രിയാത്മകചർച്ചയുടെ അനിവാര്യതയ‌്ക്ക‌് അടിവരയിടുക കൂടിയാണ് ചെയ്തത്.

പ്രളയക്കെടുതിയെ നേരിടുന്നതിന്റെ മൂന്നുഘട്ടങ്ങളായ  രക്ഷാ പ്രവർത്തനം, പുനരധിവാസം, പുനർനിർമാണം എന്നിവയെക്കുറിച്ചുള്ള വിശദീകരണമായിരുന്നു മുഖ്യന്ത്രിയുടെ പ്രസംഗം. രക്ഷാപ്രവർത്തനം പൂർത്തിയായിരുന്നു. പുനരധിവാസം പുരോഗമിക്കുന്നു. ഇനി വേണ്ടത് പുനർനിർമാണത്തെക്കുറിച്ചുള്ള ഗൗരവമായ ചിന്തയും ഇടപെടലുമാണ് എന്നാണ‌് അദ്ദേഹം പറഞ്ഞത്. അതിലേക്കുള്ള നിർദേശങ്ങളാണ് അംഗങ്ങളിൽനിന്ന് ക്ഷണിച്ചതും. ചർച്ച പൂർത്തിയായപ്പോൾ, മുഖ്യമന്ത്രി  തന്നെ ചൂണ്ടിക്കാട്ടിയതുപോലെ  പുതുകേരളസൃഷ്ടിക്കുള്ള നിർദേശങ്ങൾ വേണ്ടത്ര ഉയർന്നുവന്നില്ല എന്നത് യാഥാർഥ്യമാണ്. എന്നാൽ, ശാസ്ത്രീയവും പ്രായോഗികവുമായ   പുനർനിർമാണ പ്രവർത്തനത്തിന് അടിത്തറയിടുന്ന ചർച്ചയാണുണ്ടായത്. നാശനഷ്ടങ്ങളുടെയും പുനരധിവാസ പുനർനിർമാണ പ്രവർത്തനങ്ങളുടെയും കൃത്യമായ കണക്കുകൾ തയ്യാറാക്കാൻ   വിദഗ്ധർ ഉൾപ്പെടുന്ന  പ്രത്യേക ഏജൻസിയെ ചുമതലപ്പെടുത്തണമെന്ന സഭയുടെ ആവശ്യം അതിന്റെ ഫലമാണ്.

സാമ്പത്തികസ്രോതസ്സ് എന്ത്, ഏതുതരത്തിലുള്ള പുനർനിർമാണം ആണ് അഭികാമ്യം,  അതിനുള്ള അസംസ്‌കൃതവസ്തുക്കൾ  എങ്ങനെ കണ്ടെത്തും, ജനങ്ങളുടെ  ജീവനോപാധികൾ ഏതൊക്കെ രീതിയിൽ ഉറപ്പുവരുത്തും എന്നീ ചോദ്യങ്ങൾക്കാണ് ഉത്തരം കണ്ടെത്തേണ്ടത്  എന്ന് മുഖ്യമന്ത്രി  സഭയിൽ ആവർത്തിച്ചുപറഞ്ഞു.  എല്ലാവരുടെയും പങ്കാളിത്തത്തോടെയാകണം മുന്നോട്ടുള്ള പ്രയാണം എന്ന എൽഡി എഫ് സർക്കാരിന്റെ ജനാധിപത്യസമീപനവും നിർബന്ധബുദ്ധിയുമാണ് ആ വാക്കുകളിൽ പ്രതിഫലിച്ചത്.   പ്രധാനപ്പെട്ട  പ്രശ്‌നം  പണം കണ്ടെത്തൽതന്നെയാണ്.  

നാടിനെ സംരക്ഷിക്കുന്നതിന്  എല്ലാം മറന്ന് ഇറങ്ങണം  എന്ന ബോധം ഒാരോ കേരളീയനിലും  വളർന്നുവന്നിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ലോകത്തിന്റെ നാനാ കോണുകളിൽനിന്നെത്തുന്ന സംഭാവനകൾ ആ ഉറച്ച ബോധത്തെയും ബോധ്യത്തെയുമാണ് പ്രതിബിംബിപ്പിക്കുന്നത്.  അതിജീവിക്കും  എന്ന ആത്മവിശ്വാസം സർക്കാരിന്  ലഭിക്കുന്നതും ആ സ്രോതസ്സിൽ  നിന്നാണ്. ഒരുമാസത്തെ വേതനം നൽകണമെന്ന ആശയം മുഖ്യമന്ത്രി മുന്നോട്ടുവച്ചപ്പോൾ ആവേശകരമായ പ്രതികരണമാണുണ്ടായത്. മലയാളികൾ മാത്രമല്ല, തമിഴ്നാടുൾപ്പെടെയുള്ള അയൽ സംസ്ഥാനങ്ങളിലുള്ളവരും രാജ്യത്തിന്റെ അതിർത്തിക്ക് പുറത്തുള്ളവരും ആ ആഹ്വാനം ഹൃദയപൂർവം ഏറ്റെടുത്തു. ഗവർണർ തന്റെ മാസശമ്പളം നൽകി അതിന‌് പ്രാരംഭംകുറിച്ചു. 

ഈ കൂട്ടായ്മയെ തുരങ്കംവയ‌്ക്കാനുള്ള ശ്രമങ്ങൾ ചില കോണുകളിൽ നിന്ന് ഉണ്ടാകുന്നുണ്ട്. കേരളം രക്ഷപ്പെടരുത് എന്നാഗ്രഹിക്കുന്നവരും നശിച്ചുപോകട്ടെ എന്ന് ശപിക്കുന്നവരും ഉണ്ട്. ഫണ്ട് കൊടുക്കരുതെന്ന് നാടാകെ പറഞ്ഞുനടക്കുന്നവരുണ്ട്. എതിർത്താലേ സ്വന്തം കടമ നിർവഹിക്കപ്പെടൂ എന്ന് തെറ്റിദ്ധരിക്കുന്നവരും അതിനായി സ്വയം പരിഹാസ്യരാകുന്നവരുമുണ്ട്. അത്തരക്കാരുടെയൊന്നും ശബ്ദം മലയാളിയുടെ ഹൃദയത്തിൽ തട്ടുന്നില്ല. അപശബ്ദങ്ങൾക്ക‌് ചെവികൊടുക്കാതെ മുന്നേറുകയാണ്  കേരളീയൻ.   സുപ്രീംകോടതി ജഡ്ജിമാർ കേരളത്തിനുവേണ്ടി  പാടുമ്പോഴും അറബ് നാട്ടിൽ ഫണ്ട് ശേഖരണം നടക്കുമ്പോഴും അമേരിക്കയിൽനിന്ന് പണം സ്വരൂപിച്ച‌് മുഖ്യമന്ത്രിയെ ഏൽപ്പിക്കാൻ യുവാക്കളുടെ സംഘം എത്തുമ്പോഴും കമ്മലും സമ്പാദ്യക്കുടുക്കയും ഭൂസ്വത്തും  പെൻഷനും ശമ്പളവും ദുരിതാശ്വാസ നിധിയിലേക്ക് ചേർക്കാൻ ആബാലവൃദ്ധം മുന്നോട്ടു വരുമ്പോഴും ലോകത്തിന്റെ   പിന്തുണയും സഹായവും  നമുക്ക് തൊട്ടറിയാനാകുന്നു.

നാളത്തെ കേരളത്തെയാണ് നിർമിക്കേണ്ടത്. അത് പ്രളയത്തിന് മുമ്പുള്ള അവസ്ഥയിലേക്കുള്ള തിരിച്ചുപോക്കല്ല. പുതിയ കാലത്തിന്റെ ആ കടമ ഏറ്റെടുത്ത്‌  വിജയിപ്പിക്കാനാകണമെങ്കിൽ  ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും തുടർന്നുള്ള പുനരധിവാസ പുനർനിർമാണ പ്രവർത്തനങ്ങൾക്കും ആവശ്യമായ സാമ്പത്തിക സ്രോതസ്സുകൾ കണ്ടെത്തിയേതീരൂ. അതിനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട് എന്നാണ‌്‌ മുഖ്യമന്ത്രി സഭയെ അറിയിച്ചത്.   കേരളത്തെ സ്‌നേഹിക്കുന്ന എല്ലാവരും ഈ മഹായത്‌നത്തിൽ സജീവ പങ്കാളികളാകും എന്ന  ദൃഢ വിശ്വാസമാണ് നിയമസഭ അംഗീകരിച്ച പ്രമേയത്തിന്റെ കാതൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top