06 June Tuesday

പരാതികളില്ലാത്ത മദ്യനയം

വെബ് ഡെസ്‌ക്‌Updated: Thursday Feb 27, 2020


സർക്കാരുകളുടെ മദ്യനയം സാധാരണ വാതിൽ തുറക്കാറുള്ളത് വിവാദങ്ങളിലേക്കാണ്. നയത്തിൽ ഉള്ളതും ഇല്ലാത്തതും ആദ്യം വാർത്തയാകും; പിന്നാലെ വിവാദമാകും. അതാണ് പതിവ്. എന്നാൽ, എൽഡിഎഫ്  സർക്കാർ ചൊവ്വാഴ്ച 2020–-21ലേക്കുള്ള മദ്യനയം പ്രഖ്യാപിച്ചു. അന്തിച്ചർച്ച ‘പ്രമുഖരുടെ’ കുത്തുവാക്കുകൾക്കുപോലും അവസരം കൊടുക്കാതെ ദിവസം കടന്നുപോകുകയും ചെയ്തു. തങ്ങൾ ഉണ്ടാകുമെന്നു പ്രവചിച്ച ചിലത് നയത്തിൽ കണ്ടില്ലെന്ന ചില മാധ്യമങ്ങളുടെ വിലാപം മാത്രമാണ് ബാക്കിയായത്.

2016ൽ അധികാരമേറ്റ എൽഡിഎഫ് സർക്കാർ ഭരണത്തിന്റെ ആദ്യവർഷം മദ്യനയത്തിന്റെ കാര്യത്തിൽ തിരക്കുകൂട്ടിയില്ല. നിലവിലുണ്ടായിരുന്ന നയം തുടർന്നു. എന്നാൽ, 2017 ജൂണിൽ സമഗ്രമായ നയം സർക്കാർ പ്രഖ്യാപിച്ചു. വേണ്ടത്ര കൂടിയാലോചനയ്‌ക്കും ചർച്ചകൾക്കുംശേഷം പ്രഖ്യാപിച്ച ഈ നയം ഏറെ പ്രശംസ നേടി. സാധാരണ ഇത്തരം വിഷയങ്ങളിൽ മുഖപ്രസംഗം എഴുതാറില്ലാത്ത ദേശീയ ദിനപത്രമായ ‘ദ ഹിന്ദു’ പ്രായോഗിക നടപടിയെന്നാണ്‌ മദ്യനയത്തെ വിശേഷിപ്പിച്ചത്. മലയാള പത്രങ്ങൾക്കും ഇതേ അഭിപ്രായം പറയേണ്ടിവന്നു. യുഡിഎഫിലെ ചിലർ പോലും നയത്തെ അനുകൂലിച്ചു.

മദ്യനയം ഇങ്ങനെ പരക്കെ അംഗീകരിക്കപ്പെടാൻ കാരണമുണ്ടായിരുന്നു. മദ്യമേഖലയിൽ അത്രയേറെ മലീമസമായ ഒരുകാലം പിന്നിട്ടാണ് എൽഡിഎഫ് അധികാരമേറ്റത്. രണ്ടു തരത്തിലായിരുന്നു പ്രശ്നങ്ങൾ. കോൺഗ്രസിലെ ഗ്രൂപ്പുപോരിന് മദ്യനയം ആയുധമാക്കിയതായിരുന്നു ഒന്ന്. പാർടിക്കുള്ളിലെ തർക്കത്തിനൊടുവിൽ ബാറുകളെല്ലാം അടച്ചുപൂട്ടുന്ന അവസ്ഥ വന്നു. മദ്യനയം നടപ്പാക്കുന്നതിന്റെ മറവിൽ നടന്ന അഴിമതിയാണ് രണ്ടാമത്തേത്. അടച്ചുപൂട്ടിയ ബാറുകൾ തുറപ്പിക്കാൻ കോടികളുടെ കോഴ നടന്നതായി ആരോപണം വന്നു. രണ്ടു മന്ത്രിമാർ പ്രതിക്കൂട്ടിലായി. ബാർ അടച്ചതിന്റെ പേരിൽ മദ്യനിരോധനത്തിനായി നിലകൊള്ളുന്നുവെന്ന് മേനി നടിക്കുകയും മറുവശത്ത് അടച്ച ബാർ തുറക്കാൻ കോടികൾ കൈക്കൂലി വാങ്ങുകയുമാണ് യുഡിഎഫ് നേതാക്കൾ ചെയ്തത്. 2016ലെ തെരഞ്ഞെടുപ്പിൽ വിഷയം സജീവ ചർച്ചയായി. സ്ഥിരമായി ജയിക്കുന്ന മണ്ഡലത്തിൽ അന്നത്തെ എക്സൈസ് മന്ത്രി ദയനീയമായി തോൽക്കുകയും ചെയ്തു. ഇങ്ങനെ ജനങ്ങൾ തള്ളിക്കളഞ്ഞ മദ്യനയം പാടേ മാറ്റിയാണ് എൽഡിഎഫ് സർക്കാർ പുതിയ നയം കൊണ്ടുവന്നത്.

ത്രീസ്റ്റാറിനും അതിനു മുകളിലും സ്റ്റാർ ക്ലാസിഫിക്കേഷനുള്ള ഹോട്ടലുകൾക്ക് ബാർ ലൈസൻസ് അനുവദിക്കുകയും എഫ്എൽ 3, എഫ്എൽ 2 ലൈസൻസുള്ള ഹോട്ടലുകൾക്ക് ആവശ്യമുള്ള സന്ദർഭങ്ങളിൽ നിയമപരമായ ഫീസ് നൽകി മദ്യം വിളമ്പുന്നതിന് അനുവാദം നൽകുകയുമാണ് സർക്കാർ ചെയ്തത്.

എല്ലാ ബാറും വീണ്ടും തുറന്ന് എൽഡിഎഫ് സംസ്ഥാനത്ത് മദ്യമൊഴുക്കുമെന്നൊക്കെ പ്രചരിപ്പിച്ചവർ ഉണ്ടായിരുന്നു. എന്നാൽ, ത്രീസ്റ്റാറിനും അതിനു മുകളിലും സ്റ്റാർ ക്ലാസിഫിക്കേഷനുള്ള ഹോട്ടലുകൾക്ക് ബാർ ലൈസൻസ് അനുവദിക്കുകയും എഫ്എൽ 3, എഫ്എൽ 2 ലൈസൻസുള്ള ഹോട്ടലുകൾക്ക് ആവശ്യമുള്ള സന്ദർഭങ്ങളിൽ നിയമപരമായ ഫീസ് നൽകി മദ്യം വിളമ്പുന്നതിന് അനുവാദം നൽകുകയുമാണ് സർക്കാർ ചെയ്തത്. യുഡിഎഫിന്റെ മദ്യനയത്തെ തുടർന്ന് വളർച്ച താഴോട്ടായ ടൂറിസം മേഖലയ്ക്കും ഈ നയം ഏറെ ജീവൻ നൽകി.

സുപരീക്ഷിതമായ ഈ നയത്തിന്റെ തുടർച്ചയാണ് ചൊവ്വാഴ്ച മന്ത്രിസഭ അംഗീകരിച്ച മദ്യനയം. കള്ളുവ്യവസായത്തിന് ആവശ്യമായ സംരക്ഷണം നൽകുകയും ഒപ്പം മദ്യശാലകളുടെയും ബാറുകളുടെയും  ലൈസൻസ് ഫീസ് ന്യായമായ തോതിൽ വർധിപ്പിക്കുകയുമാണ് നയത്തിൽ ചെയ്തത്. തെങ്ങിൽനിന്നു ലഭിക്കുന്ന കള്ളിന്റെ അളവ് ദിനംപ്രതി രണ്ടു ലിറ്ററായി ഉയർത്തി നിശ്ചയിച്ചത് ഇക്കാര്യത്തിൽ പഠനം നടത്തിയ ലളിതാംബിക കമ്മിറ്റിയുടെ ശുപാർശ അംഗീകരിച്ചാണ്. നിലവിൽ പ്രവർത്തിക്കുന്ന കള്ളുഷാപ്പുകൾക്ക് ദൂരപരിധി ബാധകമാക്കില്ലെന്നും തീരുമാനിച്ചു. കൂട്ടത്തിൽ മറ്റൊരു സുപ്രധാന നടപടിയും മന്ത്രിസഭ കൈക്കൊണ്ടു. കേരള അബ്‌കാരി തൊഴിലാളി ക്ഷേമനിധി ബോർഡിലെ നിയമനങ്ങൾ പിഎസ്‌സിക്ക് വിടാനുള്ള തീരുമാനമാണിത്.

ഇത്തരത്തിൽ മദ്യരംഗത്ത് തികച്ചും പ്രായോഗികവും അതേസമയം അമിത മദ്യ ഉപയോഗത്തിനു വഴിയൊരുക്കാത്തതുമായ നയം സർക്കാർ തുടരുകയാണ്. മദ്യവർജനത്തിനായുള്ള ബോധവൽക്കരണം എൽഡിഎഫ്‌ പ്രകടനപത്രികയിൽ വാഗ്‌ദാനം ചെയ്‌തതുപോലെ സജീവമായിത്തന്നെ മുന്നോട്ടുകൊണ്ടുപോകുകയും ചെയ്യുന്നു.

2014-–-15ൽ ബാർ ഹോട്ടലുകൾ ഒഴിവാക്കിയപ്പോൾ 220.58 ലക്ഷം കെയ്‌സ് മദ്യം സംസ്ഥാനത്ത് വിതരണം ചെയ്യപ്പെട്ടിരുന്നു

എങ്കിലും യുഡിഎഫ് സർക്കാർ ബാർ അടച്ചുപൂട്ടിയതോടെ മദ്യ ഉപയോഗം കുറഞ്ഞിരുന്നെന്ന്  വിശ്വസിക്കുന്നവരും പ്രചരിപ്പിക്കുന്നവരും ഇന്നുമുണ്ട്. അവർ അറിയേണ്ട കണക്കുകൾ കഴിഞ്ഞദിവസം  നിയമസഭയിൽത്തന്നെ വന്നിരുന്നു. മുൻ യുഡിഎഫ് സർക്കാരിന്റെ മദ്യനയം മദ്യ ഉപയോഗം കുറച്ചിട്ടില്ലെന്ന് മന്ത്രി ടി പി രാമകൃഷ്ണൻ കണക്കുകൾ ഉദ്ധരിച്ചാണ് സഭയിൽ വ്യക്തമാക്കിയത്. 2014-–-15ൽ ബാർ ഹോട്ടലുകൾ ഒഴിവാക്കിയപ്പോൾ 220.58 ലക്ഷം കെയ്‌സ് മദ്യം സംസ്ഥാനത്ത് വിതരണം ചെയ്യപ്പെട്ടിരുന്നു. എന്നാൽ, ബാറുകളൊക്കെ അനുവദിച്ചതിനുശേഷം 2018–--19ൽ 216.34 ലക്ഷം കെയ്‌സ് മദ്യം മാത്രമാണ് കേരളത്തിൽ വിതരണം ചെയ്തതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

ചുരുക്കത്തിൽ കേരളത്തിന്‌ അനുയോജ്യമായ മദ്യനയവുമായി സർക്കാർ മുന്നോട്ടുപോകുകയാണ്‌. മദ്യനയത്തെയോ ബാർ അനുവദിക്കലിനെയോ ചൊല്ലി ഒരു അഴിമതി ആരോപണത്തിനുപോലും അവസരം നൽകാതെ സർക്കാർ അഞ്ചാം വർഷത്തേക്ക്‌ കടക്കുന്നു. അങ്ങേയറ്റം അഴിമതിയിൽ മുങ്ങിയ യുഡിഎഫ്‌ കാലത്തുനിന്ന്‌ ഈ മേഖല എത്ര മാറിയെന്ന നേർചിത്രം പകർന്നുകൊണ്ട്‌ സർക്കാർ മുന്നോട്ടുപോകുകയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top