03 February Friday

തൊഴിലുറപ്പ് പദ്ധതി തകര്‍ക്കരുത്

വെബ് ഡെസ്‌ക്‌Updated: Saturday Jan 9, 2016

മഹാത്മാഗാന്ധി ദേശീയഗ്രാമീണതൊഴിലുറപ്പ് പദ്ധതി ഗ്രാമീണജനതയുടെ ആശാകേന്ദ്രമാണ്. തൊഴിലില്ലായ്മ രൂക്ഷമായ ഒരു രാജ്യമാണിത്. കേരളത്തിലെ തൊഴിലില്ലായ്മ ദേശീയ ശരാശരിയേക്കാള്‍ വളരെ കൂടുതലാണ്. അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മയും കൂടുതലുള്ള സംസ്ഥാനമാണ് കേരളം. പുതിയ തൊഴില്‍സാധ്യത കുറഞ്ഞുവരികയാണ്. പുതിയ വ്യവസായങ്ങളില്ല, പഴയതുതന്നെ നഷ്ടം വരുത്തിച്ച് പൂട്ടാനുള്ള ശ്രമത്തിലാണ് യുഡിഎഫ് സര്‍ക്കാര്‍. ഇത്തരം ഒരു സാഹചര്യത്തിലാണ് ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പ്രസക്തി വര്‍ധിക്കുന്നത്. തൊഴിലുറപ്പ് പദ്ധതിയില്‍ ബഹുഭൂരിപക്ഷവും സ്ത്രീകളാണ് തൊഴില്‍ചെയ്യുന്നത്. 

യുപിഎ സര്‍ക്കാര്‍ ഇടതുപക്ഷത്തെ ആശ്രയിച്ച് ഭരണം നടത്തുന്ന കാലത്താണ് പദ്ധതി ആരംഭിച്ചത്. അതും മനസ്സില്ലാമനസ്സോടെയാണ് മന്‍മോഹന്‍സിങ് സര്‍ക്കാര്‍ ഗ്രാമീണതൊഴിലുറപ്പ് പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചത്. ഇടതുപക്ഷത്തിന്റെ കടുത്ത സമ്മര്‍ദത്തിന്റെ ഫലമായാണ് ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കാന്‍ ഒന്നാം യുപിഎ സര്‍ക്കാര്‍ തയ്യാറായതെന്ന വസ്തുത പലര്‍ക്കും അറിയില്ല. ഒരു വര്‍ഷത്തില്‍ 100 ദിവസം തൊഴില്‍ നല്‍കുമെന്നാണ് തീരുമാനം. എന്നാല്‍, ശരാശരി 50 ദിവസംപോലും തൊഴില്‍ നല്‍കാന്‍ സാധിച്ചിട്ടില്ല. വേതനം വളരെ തുച്ഛമാണ്. പട്ടിണിക്കൂലിപോലും തൊഴില്‍ചെയ്യുന്നവര്‍ക്ക് ലഭിക്കുന്നില്ല. തൊഴിലുറപ്പ് പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികള്‍ സംഘടന രൂപീകരിക്കുകയും സമരം ചെയ്യുകയും ചെയ്തതിന്റെ ഫലമായി ഇപ്പോള്‍ തൊഴില്‍ ചെയ്യുന്നവര്‍ക്ക് 229 രൂപയാണ് കൂലിയായി ലഭിക്കുന്നത്. ഇത്രയും തുച്ഛമായ തുക അന്നത്തെ അന്നത്തിനുപോലും മതിയാകില്ല. പ്രത്യേകിച്ച് നിത്യോപയോഗവസ്തുക്കളുടെ ക്രമാതീതമായ വിലക്കയറ്റംകാരണം.

കേരളത്തില്‍മാത്രം 30 ലക്ഷത്തിലധികം കുടുംബങ്ങള്‍ തൊഴിലുറപ്പ് പദ്ധതിയില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും 16 ലക്ഷം പേര്‍ക്കാണ് നാമമാത്രമായെങ്കിലും തൊഴില്‍ ലഭിക്കുന്നത്. തൊഴിലെടുക്കുന്നവര്‍ക്ക് ജോലിസ്ഥലത്ത് ഭക്ഷണം ലഭിക്കില്ല. വീട്ടില്‍നിന്ന് ഭക്ഷണം പാകംചെയ്ത് കൊണ്ടുപോകണം. കുഞ്ഞുണ്ണിമാസ്റ്റര്‍ പറഞ്ഞ ഡെപ്പിച്ചോറ്. അത്യന്തം ദയനീയമായ ഈ അവസ്ഥയില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ തൊഴില്‍ചെയ്യാന്‍ പോകുന്നതുതന്നെ മറ്റ് ഗതിയില്ലാത്തതുകൊണ്ടാണ്. ഈ സാഹചര്യത്തില്‍ കൂലി ലഭിക്കാതെ കുടിശ്ശിക വരുത്തിയാല്‍ തൊഴിലാളികളെന്ത് ചെയ്യും. മൂന്നുംനാലും മാസം പട്ടിണിവേതനം കുടിശ്ശികയാണ്. കേരളത്തില്‍മാത്രം 30 കോടി രൂപയിലധികം കൂലിക്കുടിശ്ശിക തൊഴിലാളികള്‍ക്ക് ലഭിക്കാനുണ്ട്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഈ പാവപ്പെട്ട തൊഴിലാളികളുടെ കാര്യത്തില്‍ ഒരു താല്‍പ്പര്യവും കാണിക്കുന്നില്ല. കാര്‍ഷികമേഖലയിലെ എല്ലാ തൊഴിലുകളും തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാല്‍മാത്രമേ നിശ്ചിത ദിവസം തൊഴില്‍ ലഭിക്കൂ. ഇപ്പോള്‍ ലഭിക്കുന്ന തുച്ഛമായ വേതനം വര്‍ധിപ്പിക്കണമെന്നും പ്രതിവര്‍ഷം 200 ദിവസം തൊഴില്‍ നല്‍കണമെന്നും തൊഴിലാളികള്‍ ന്യായമായ ആവശ്യം ഉന്നയിച്ചിട്ടുള്ളത് അധികൃതരുടെ അടിയന്തര ശ്രദ്ധ പതിയേണ്ട പ്രശ്നമാണ്.

തൊഴിലുറപ്പ് പദ്ധതി പൊളിക്കാന്‍ രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് ശ്രമം തുടങ്ങിയിരുന്നു. മോഡിസര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ പദ്ധതിയുടെ ദുര്‍ഗതി ആരംഭിച്ചെന്നു പറയാം. ബജറ്റ് തുക ഗണ്യമായി വെട്ടിക്കുറച്ചു. തൊഴിലുറപ്പ് പദ്ധതി ഫലപ്രദമായി നടപ്പാക്കിയ ത്രിപുര സര്‍ക്കാര്‍ ഇപ്പോള്‍ വിഷമിക്കുകയാണ്. ഒരു ദേശീയ ഇംഗ്ളീഷ് പത്രം റിപ്പോര്‍ട്ട്ചെയ്തതു ഫണ്ടില്ലാത്തതുമൂലം തൊഴിലുറപ്പ് പദ്ധതി കാര്യമായ ഞെരുക്കം അനുഭവിക്കുകയാണ് എന്നാണ്. കേന്ദ്രഗ്രാമവികസന മന്ത്രി ബീരേന്ദ്രസിങ് 500 കോടി രൂപ പദ്ധതിയുടെ നടത്തിപ്പിനായി അനുവദിക്കണമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയോട് ആവശ്യപ്പെട്ട് കത്തയച്ചിരുന്നുപോലും. കുടിശ്ശിക കൊടുത്തുതീര്‍ക്കാന്‍ സഹായിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കുടിശ്ശിക തീര്‍ക്കാന്‍ ചുരുങ്ങിയത് 5000 കോടി രൂപയെങ്കിലും ഉടന്‍ അനുവദിക്കണമെന്നുമാണ് ഗ്രാമവികസനമന്ത്രി ആവശ്യപ്പെട്ടത്. വ്യവസായത്തിന് പശ്ചാത്തല സൌകര്യമൊരുക്കാന്‍ വേണ്ടത്ര തുക ബജറ്റില്‍ ഉള്‍പ്പെടുത്താന്‍ പറയുന്ന ധനമന്ത്രി ഗ്രാമീണ ദരിദ്രജനതയെ സഹായിക്കാന്‍ സന്മനസ്സ് കാണിക്കുന്നില്ല. കേന്ദ്രസര്‍ക്കാരിന് കോര്‍പറേറ്റുകള്‍ നല്‍കാനുള്ള ലക്ഷക്കണക്കിനു കോടിരൂപ കാര്യക്ഷമതയോടെ പിരിച്ചെടുത്താല്‍ തൊഴിലുറപ്പ് പദ്ധതിക്ക് ഇന്നത്തേതിലും നാലിരട്ടി തുക അനുവദിക്കാനും പൊതുവിതരണസംവിധാനം ഏര്‍പ്പെടുത്താനും മറ്റ് ഒട്ടേറെ ജനോപകാരപ്രദമായ കാര്യങ്ങള്‍ ചെയ്യാനും പണത്തിനും വിഷമമില്ല. അതിന് മോഡിസര്‍ക്കാര്‍ തയ്യാറല്ല. തൊഴിലാളികള്‍ക്കുവേണ്ടിയല്ല വന്‍കിടക്കാരായ തൊഴിലുടമകള്‍ക്കുവേണ്ടിയാണ് മോഡി ഭരണം നടത്തുന്നതെന്ന് വ്യക്തം. മാംസഭക്ഷണം വൈകാരിക വിഷയമാക്കി സാധാരണജനങ്ങളെ പട്ടിണികിടക്കാന്‍ പ്രേരിപ്പിക്കുന്ന മോഡി സര്‍ക്കാരിന് വര്‍ഗീയ അജന്‍ഡയല്ലാതെ ജനക്ഷേമത്തിന്റെ അജന്‍ഡയൊന്നും ഇല്ലെന്നും ഇതിനകം വ്യക്തമായിക്കഴിഞ്ഞു. തൊഴിലുറപ്പ് പദ്ധതിയില്‍ അംഗങ്ങളായ എല്ലാവരും സ്വന്തം സംഘടനയില്‍ അണിനിരന്ന് ജനപിന്തുണയോടെ സമരരംഗത്തിറങ്ങിയാല്‍ മാത്രമേ തൊഴിലുറപ്പ് പദ്ധതി സംരക്ഷിക്കാന്‍ കഴിയൂ എന്ന തിരിച്ചറിവാണ് ആവശ്യം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top