21 March Tuesday

ജനക്ഷേമത്തിലൂന്നി എൽഡിഎഫ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Nov 25, 2020

അധികാര വികേന്ദ്രീകരണത്തിന് ഇടതുപക്ഷ ജനാധിപത്യമുന്നണി നടപ്പാക്കിയ ഏറ്റവും അനുപമമായ പ്രസ്ഥാനമായിരുന്നു ജനകീയാസൂത്രണം. ആ പ്രസ്ഥാനത്തിന്റെ രജത ജൂബിലി വേളയിൽ സംസ്ഥാനത്ത് നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ജനങ്ങൾക്ക് മുന്നിൽ സമർപ്പിക്കുന്ന പ്രകടനപത്രിക  സമാനതകളില്ലാത്ത, സവിശേഷമായ കർമപരിപാടികളുടേതാണ്.

ആധുനിക കേരളത്തിന് അടിസ്ഥാനമിട്ട ഒട്ടേറെ പരിപാടികൾ നടപ്പാക്കിയത് 1957ൽ അധികാരത്തിൽ വന്ന ഇ എം എസ് മന്ത്രിസഭയാണ്. കൃഷി, വിദ്യാഭ്യാസം, തൊഴിൽ, അധികാരവികേന്ദ്രീകരണം എന്നീ മേഖലകളിലെല്ലാം കാതലായ മാറ്റങ്ങൾ കൊണ്ടുവന്നത് ആ സർക്കാരായിരുന്നു. ആ അടിത്തറയിലൂന്നി പിണറായി സർക്കാർ ജനക്ഷേമത്തിന്റെയും വികസനത്തിന്റെയും പുതിയ ചരിത്രം കുറിക്കുന്ന അവസരത്തിലാണ് ഇക്കുറി തദ്ദേശ തെരഞ്ഞെടുപ്പ്. ജനങ്ങളെയാകെ ഒരുമിച്ച് അണിനിരത്തി, തദ്ദേശ ജനാധിപത്യത്തിന്റെ അർഥപൂർണമായ നിർവഹണത്തിലൂടെ ഈ വികസനമുന്നേറ്റവും ജനക്ഷേമപരിപാടികളും മുന്നോട്ടുകൊണ്ടുപോകാൻ കഴിയുന്നതാണ് എൽഡിഎഫിന്റെ പ്രകടനപത്രിക.‘വികസനത്തിന് ഒരു വോട്ട്, സാമൂഹ്യമൈത്രിക്ക് ഒരു വോട്ട്’ എന്നതാണ് മുദ്രാവാക്യം.

പാവപ്പെട്ടവരുടെ, സാധാരണ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളെല്ലാം പരിഹരിക്കാനുള്ള കൃത്യമായ പരിപാടിയുണ്ടെന്നത് എൽഡിഎഫിന്റെ പ്രകടനപത്രികയെ വേറിട്ടതാക്കുന്നു.  എല്ലാവർക്കും പെൻഷൻ, വീട്, കുടിവെള്ളം, വെളിച്ചം, ഭക്ഷണം, മിനിമം വരുമാനം എന്നിവ ഉറപ്പുവരുത്തുകയാണ് പ്രധാന ലക്ഷ്യം. പാവപ്പെട്ടവർക്കെല്ലാം വീട്, പരിസ്ഥിതി സംരക്ഷണം, മാലിന്യനിർമാർജനം, കാർഷികോൽപ്പാദന വർധന എന്നിവയ്‌ക്കെല്ലാം ഊന്നൽ നൽകുന്ന പ്രകടനപത്രിക 10 ലക്ഷം പേർക്ക് തൊഴിലും അഞ്ചുലക്ഷം വീടും ഉറപ്പുനൽകുന്നു.  സാമൂഹ്യപെൻഷൻ 1500 രൂപയായി വർധിപ്പിക്കുന്നതും ദാരിദ്ര്യം തുടച്ചുനീക്കാൻ ഓരോ കുടുംബത്തിനും മൈക്രോ പ്ലാൻ പ്രഖ്യാപിച്ചതും സുപ്രധാന ചുവടുകളാണ്.

കാർഷിക, കാർഷികേതര മേഖലകളിലായി 10 ലക്ഷം പേർക്ക് തൊഴിൽ നൽകുമെന്ന പ്രഖ്യാപനം എല്ലാ വിഭാഗം ജനങ്ങൾക്കും, പ്രത്യേകിച്ച്‌ യുവജനങ്ങൾക്ക് വലിയ പ്രതീക്ഷ നൽകുന്നതാണ്. സുഭിക്ഷ കേരളം പദ്ധതിയുടെയും നൂറിനത്തിലെ തൊഴിൽ പരിപാടികളുടെയും വിജയം അനുഭവമായി എടുത്താൽ ഈ പ്രഖ്യാപനം യാഥാർഥ്യമാക്കാൻ ഒരു പ്രയാസവുമുണ്ടാകില്ലെന്ന് ഉറപ്പിക്കാം. പ്രാദേശികതലത്തിൽ തൊഴിൽ സൃഷ്ടിക്കാൻ കഴിയുന്ന ഏജൻസിയാണ് കുടുംബശ്രീയെന്ന് ഇതിനകം തെളിയിച്ചിട്ടുണ്ട്. കുടുംബശ്രീ മുഖേന, ഒട്ടേറെ തൊഴിലവസരങ്ങൾ ഒരുക്കാനാകും. അയ്യൻകാളി തൊഴിലുറപ്പ് പദ്ധതിപ്രകാരം അഭ്യസ്തവിദ്യരായ യുവതീയുവാക്കൾക്ക്  ഇന്റേൺഷിപ് അല്ലെങ്കിൽ അപ്രന്റിസ്ഷിപ് നൽകാനുള്ള പരിപാടി ശ്രദ്ധേയമാണ്. വിഖ്യാത സാമ്പത്തിക ശാസ്ത്രജ്ഞൻ ജോൺ ഡ്രീസ് മുന്നോട്ടുവച്ച ആശയമാണിത്. പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളായ പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കും മത്സ്യത്തൊഴിലാളികൾ, കൈവേലക്കാർ എന്നിവർക്കും പ്രത്യേക പരിഗണന നൽകുന്നു.

തദ്ദേശഭരണത്തെ സദ്ഭരണമാക്കാൻ ക്രിയാത്മകമായ ഒട്ടേറെ നടപടികൾ പ്രകടനപത്രിക പ്രഖ്യാപിച്ചിട്ടുണ്ട്. തദ്ദേശസ്ഥാപനങ്ങൾ വഴിയുള്ള എല്ലാ സേവനങ്ങളും മികവുറ്റതാക്കും. എല്ലാ വീട്ടിലും ഇന്റർനെറ്റും ലാപ്ടോപ്പും എത്തിക്കും. ആരോഗ്യമേഖലയിൽ പുതിയ കുടുംബാരോഗ്യ കേന്ദ്രങ്ങളെ അടിസ്ഥാനമാക്കി മുന്നോട്ടുവയ്ക്കുന്ന ജനകീയാരോഗ്യയജ്ഞം  പ്രത്യേക പ്രാധാന്യമർഹിക്കുന്നു. എല്ലാ പൗരന്മാരുടെയും ആരോഗ്യ ഡാറ്റാ ബേസുണ്ടാക്കും, ആരോഗ്യ ഇൻഷുറൻസ് വ്യാപകമാക്കും, കോവിഡ് വാക്സിൻ ഫലപ്രദമായി എത്തിക്കും എന്നീ പ്രഖ്യാപനങ്ങൾ ജനകീയാരോഗ്യ സംരക്ഷണത്തിനുള്ള പ്രധാന നടപടികളായി വിലയിരുത്താം.

സ്ത്രീ ശാക്തീകരണവും സ്വാതന്ത്ര്യവും തദ്ദേശ ജനാധിപത്യത്തിന്റെ നിർണായക ലക്ഷ്യങ്ങളിൽ ഒന്നാണ്.  ജനകീയാസൂത്രണത്തിലും തദ്ദേശ ജനാധിപത്യത്തിലും വലിയ പങ്കുവഹിച്ച പരിപാടിയാണ് കുടുംബശ്രീ. അതുകൊണ്ടുതന്നെ, കേരളത്തെ സ്ത്രീ സൗഹൃദമാക്കുന്നതിനും സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനും കുടുംബശ്രീ മുഖേന പ്രത്യേക പ്രോജക്ടുകൾ നടപ്പാക്കുമെന്ന് പറയുന്നത് മറ്റൊരു  ചുവടുവയ്പാണ്.

പ്രകൃതിസംരക്ഷണത്തിനും മാലിന്യനിർമാർജനത്തിനും എൽഡിഎഫ് മുന്തിയ പരിഗണനതന്നെ നൽകുന്നുണ്ട്. പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും ഖരമാലിന്യ സംസ്കരണം സമ്പൂർണമാക്കും. പൊതു ടോയ്‌ലറ്റുകൾ, സെപ്ടേജ് ട്രീറ്റ്മെന്റ് പ്ലാന്റുകൾ എന്നിവ എല്ലായിടത്തും സ്ഥാപിക്കും. തോടും പുഴയും ശുചീകരിക്കൽ, മരം വച്ചുപിടിപ്പിക്കൽ എന്നിവ പ്രകടനപത്രികയിലെ എടുത്തുപറയേണ്ട പരിപാടികളാണ്.

പ്രാദേശിക ദുരന്തനിവാരണ മാനേജ്മെന്റ് പരിഷ്കരിക്കും. ദുരന്തങ്ങൾ നേരിടാൻ ഓരോ പ്രദേശത്തെയും സജ്ജമാക്കും. ദുരന്തനിവാരണത്തിൽ തദ്ദേശസ്ഥാപനങ്ങൾക്ക് വലിയ സ്ഥാനം നൽകുന്നത് രാജ്യത്ത് കേരളത്തിൽ മാത്രമാണെന്നും ഇതോടൊപ്പം അറിയണം.

എൽഡിഎഫ് പ്രകടനപത്രികയ്‌ക്ക് രണ്ടു ദിവസം മുന്നേ പ്രഖ്യാപിച്ച യുഡിഎഫ് പ്രകടനപത്രികയിൽ ഇങ്ങനെ ദീർഘവീക്ഷണത്തോടെ പരിപാടികളൊന്നും കണ്ടില്ല.  ഗ്രാമങ്ങളെയും നഗരങ്ങളെയും ശക്തിപ്പെടുത്തുമെന്ന് പറയുന്ന തിൽ അധികാര വികേന്ദ്രീകരണത്തിനും സ്ത്രീ ശാക്തീകരണത്തിനും പരിപാടികളൊന്നുമില്ല. സ്ത്രീ ശാക്തീകരണത്തിന് പ്രത്യേക പരിപാടി നടപ്പാക്കുമെന്ന്  പറയുന്നവർ സംവരണത്തിന് പുറത്ത് സ്ത്രീകൾക്ക് സീറ്റ് നൽകാൻപോലും തയ്യാറല്ലെന്നത് കാണേണ്ടതുണ്ട്.  സ്ത്രീകൾക്ക് വലിയ പരിഗണന നൽകി എൽഡിഎഫ് സ്വീകരിച്ച മാതൃകാപരമായ നിലപാട് ജനങ്ങൾ മനസ്സിലാക്കിയിട്ടുണ്ട്.

ചുരുക്കിപ്പറഞ്ഞാൽ, കേരളത്തിന്റെ മണ്ണും വെള്ളവും കാടുമടങ്ങുന്ന പ്രകൃതിയും മനുഷ്യരുടെ ജീവനും ജീവിതവും സംരക്ഷിക്കാൻ  കൃത്യമായ പരിപാടികളുള്ളതാണ് എൽഡിഎഫ് പ്രകടനപത്രിക. യുഡിഎഫിന് അങ്ങനെയൊരു പരിപാടിയില്ല.

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top