21 July Sunday

മുഖമുദ്ര ജനക്ഷേമം

വെബ് ഡെസ്‌ക്‌Updated: Saturday Feb 3, 2018

ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാരിന്റെ ജനോന്മുഖ വീക്ഷണവും സാമ്പത്തികവിദഗ്ധനായ ഡോ. തോമസ് ഐസക് എന്ന ധനമന്ത്രിയുടെ കാര്യപ്രാപ്തിയും ഒരുപോലെ പ്രകടമാക്കുന്നതാണ് സംസ്ഥാന ബജറ്റ്. ഇടിയുന്ന നികുതിവരുമാനവും ഉയരുന്ന ചെലവുകളും ചേർന്ന് ധനമന്ത്രിയുടെ ജോലി ഏറെ ദുഷ്കരമാക്കിയ പരിതഃസ്ഥിതിയിലാണ് ഈ വർഷത്തെ ബജറ്റ് അവതരിപ്പിച്ചത്. എന്നാൽ, സാമ്പത്തികഞെരുക്കം ജനങ്ങളുടെ അടിയന്തര ആവശ്യങ്ങൾ നിർവഹിക്കുന്നതിനും സംസ്ഥാനത്തിന്റെ സാമ്പത്തികവികസനത്തിന് അടിത്തറപാകുന്നതിനും തടസ്സമായില്ല. ക്ഷേമപദ്ധതികൾ ഒന്നുപോലും ചുരുക്കിയില്ലെന്നുമാത്രമല്ല കൂടുതൽപേരെ ക്ഷേമപദ്ധതികൾക്കുകീഴിൽ കൊണ്ടുവരുന്നതിനും ബജറ്റ് ലക്ഷ്യമിടുന്നു. 

എല്ലാ വിഭാഗം ജനങ്ങളുടെയും ആവശ്യങ്ങൾ തൊട്ടറിഞ്ഞ് പരിഹാരങ്ങൾ കാണാൻ ബജറ്റ് ശ്രമിക്കുന്നുണ്ട്. അതുകൊണ്ട് ഓരോ വിഭാഗത്തിനും ബജറ്റ് അവർക്കുവേണ്ടി അവതരിപ്പിച്ചതാണെന്ന് അവകാശപ്പെടാം. കണ്ണീരും കൈയുമായി കഴിയുന്ന ലക്ഷക്കണക്കിന് കെഎസ്ആർടിസി പെൻഷൻകാർക്ക് ബജറ്റ് ആശ്വാസം പകരുന്നു. പെൻഷൻ മാർച്ച് 31നുമുമ്പ് കൊടുത്തുതീർക്കുമെന്ന് ഉറപ്പുനൽകുന്നു. ജില്ലാ സഹകരണ ബാങ്കുകളുടെ കൈവശം കോടിക്കണക്കിന് നിക്ഷേപമുണ്ട്. പ്രസ്തുത ബാങ്കുകളുമായി സഹകരിച്ച് വായ്പയെടുത്താണ് പ്രശ്നം പരിഹരിക്കുന്നത്. ആറുമാസത്തിനകം ബാങ്കുകളോടുള്ള ബാധ്യത തീർക്കുമെന്നും ബജറ്റ് ഉറപ്പുനൽകുന്നു. കെഎസ്ആർടിസിയുടെ വിപുലീകരണത്തിനുള്ള പദ്ധതികളും ബജറ്റിലുണ്ട്. കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച ആയിരം പുതിയ ബസുകൾ ഉടൻ നിരത്തിലിറങ്ങും. കിഫ്ബിവഴി പണം നൽകി, വരുംവർഷം രണ്ടായിരം ബസുകൾകൂടി നിരത്തിലിറങ്ങും. ലക്ഷക്കണക്കിന് ജനങ്ങളുടെ യാത്രാപ്രശ്നങ്ങൾ പരിഹരിക്കുന്നതാണ് ഈ ശ്രമങ്ങൾ.

ഓഖിദുരന്തം തകർത്തെറിഞ്ഞ തീരദേശമേഖലയ്ക്ക് രണ്ടായിരം കോടി രൂപയുടെ വികസന പാക്കേജ് ബജറ്റ് മുന്നോട്ടുവയ്ക്കുന്നു. കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച തീരദേശറോഡ് വികസനത്തിനുപുറമെയാണിത്. തീരദേശവികസന പാക്കേജിന്റെ വിശദ പദ്ധതിരേഖ തയ്യാറാക്കാൻ ആഗോള അംഗീകാരമുള്ള ഏജൻസിയെ ഏൽപ്പിക്കും. അതിനായി പത്തുകോടി രൂപ വകയിരുത്തിയിട്ടുണ്ട്. മത്സ്യമേഖലയോടുള്ള എൽഡിഎഫ് സർക്കാരിന്റെ പ്രതിബദ്ധത തെളിയിക്കുന്നതാണ് മേൽതീരുമാനങ്ങൾ.

പ്രതീക്ഷിത വരുമാനത്തിൽ ഇടിവുണ്ടായാലും പാവങ്ങളുടെ ആനുകൂല്യങ്ങൾക്കും സഹായങ്ങൾക്കും കുറവുണ്ടാകില്ലെന്ന് ബജറ്റ് ഉറപ്പുനൽകുന്നു. സമ്പൂർണ സാമൂഹികസുരക്ഷയാണ് ബജറ്റിന്റെ ഏറ്റവും പ്രധാന വശം. എല്ലാവർക്കും വീട്, നല്ല ഭക്ഷണം, മെച്ചപ്പെട്ട വിദ്യാഭ്യാസം, ജീവിതശൈലീരോഗങ്ങൾക്കടക്കം സൗജന്യചികിത്സ, സാമൂഹ്യ പെൻഷൻ എന്നിവയാണ് സമ്പൂർണ സാമൂഹികസുരക്ഷാ പദ്ധതിയുടെ സുപ്രധാന കണ്ണികൾ. വാസയോഗ്യമായ വീടില്ലാത്ത 4,21,073 പേരുണ്ടെന്ന് കണക്കാക്കപ്പെടുന്നു. ഭൂരഹിതരായ 3,38,450 പേർക്കും പുതുതായി വീട് നിർമിക്കണം. ഇപ്പോൾ ലിസ്റ്റിലുള്ള ഭൂമിയുള്ള 1.76 ലക്ഷം ഭവനരഹിതർക്കും വീട് നിർമിച്ചുനൽകുന്നതിന് ബജറ്റ് ലക്ഷ്യമിടുന്നു.

ആരോഗ്യമേഖലയുടെ പ്രശ്നപരിഹാരത്തിനും വികസനത്തിനും ബജറ്റ് പ്രത്യേക പരിഗണന നൽകുന്നുണ്ട്. താങ്ങാനാകാത്ത ചികിത്സാച്ചെലവുകൾ നിരവധി കുടുംബങ്ങളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുന്നു. ഈ സാഹചര്യത്തിൽ ആരോഗ്യമേഖലയിലെ നടപടികൾ ഓരോന്നും ആശ്വാസം പകരുന്നവയാണ്. ആരോഗ്യരംഗത്ത് ഡോക്ടർമാരുടെയും നേഴ്സുമാരുടെയും പാരാമെഡിക്കൽ സ്റ്റാഫിന്റെയും നിരവധി പോസ്റ്റുകൾ ഇതിനകം സൃഷ്ടിച്ചുകഴിഞ്ഞിട്ടുണ്ട്. ക്യാൻസർ ഓരോ വർഷവും നിരവധിപേരുടെ ജീവൻ അപഹരിക്കുന്ന പശ്ചാത്തലത്തിൽ, 80 ശതമാനം ക്യാൻസർ രോഗികൾക്കും ചികിത്സ നൽകാനുള്ള പ്രാപ്തി ഉണ്ടാക്കത്തക്കവിധം പൊതുമേഖല ആരോഗ്യസംവിധാനം ശക്തിപ്പെടുത്താനുള്ള തീരുമാനം സ്വാഗതാർഹമാണ്. എല്ലാ ജില്ലാ ആശുപത്രികളിലും കാത്ത് ലാബ്, ഓപ്പറേഷൻ തിയറ്റർ തുടങ്ങിയ സൗകര്യങ്ങളോടുകൂടി കാർഡിയോളജിവകുപ്പ് ആരംഭിക്കുന്നതിനും ബജറ്റ് നിർദേശിക്കുന്നു. എല്ലാ മെഡിക്കൽ കോളേജുകളിലും ഓങ്കോളജി ഡിപ്പാർട്മെന്റുകൾ ആരംഭിക്കാനും മലബാർ ക്യാൻസർ സെന്ററിനെ ആർസിസി നിലവാരത്തിലേക്ക് ഉയർത്താനും കൊച്ചിയിൽ പുതിയ ഒരു ക്യാൻസർ സെന്റർ തുടങ്ങാനും ബജറ്റ് നിർദേശിക്കുന്നു.

സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ഒരു വൻ വിജയഗാഥയാണ്. പൊതുവിദ്യാഭ്യാസമേഖലയിൽനിന്ന് അൺ എയ്ഡഡ് മേഖലയിലേക്ക് വിദ്യാർഥികളുടെ ഒഴുക്ക് തടയാനായി എന്നുമാത്രമല്ല, 1.4 ലക്ഷം കുട്ടികൾ അൺ എയ്ഡഡ് സ്കൂളിൽനിന്ന് വിടുതൽ വാങ്ങി പൊതുവിദ്യാലയങ്ങളിൽ ചേരുകയും ചെയ്തു. ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാരിന് ലഭിച്ച ഏറ്റവും വലിയ ജനകീയ അംഗീകാരമാണിത്. സ്കൂൾ നവീകരണത്തിന് ബജറ്റ് 970 കോടി രൂപ വകയിരുത്തുന്നു.
സ്ത്രീശാക്തീകരണത്തിന് നൽകുന്ന പ്രാമുഖ്യം ശ്രദ്ധേയമാണ്. ബജറ്റിന്റെ 14.6 ശതമാനം തുക വനിതാവികസനവുമായി ബന്ധപ്പെട്ട പദ്ധതികൾക്കായി നീക്കിവയ്ക്കുന്നു. കഴിഞ്ഞവർഷത്തേതിനേക്കാൾ 3.1 ശതമാനം കൂടുതലാണിത്.

ഇന്ത്യയിൽ പട്ടികജാതി‐ വർഗങ്ങളിൽപ്പെട്ടവർ ആകെ ജനസംഖ്യയുടെ 25.2 ശതമാനമാണ്. എന്നാൽ, കേന്ദ്രപദ്ധതിയുടെ 11.5 ശതമാനംമാത്രമാണ് ആ വിഭാഗത്തിനായി നീക്കിവയ്ക്കുന്നത്. കേരളത്തിൽ പട്ടികജാതി വിഭാഗത്തിൽ ഒമ്പതുശതമാനവും പട്ടികവർഗത്തിൽ 1.45 ശതമാനംപേരുമാണുള്ളത്. സംസ്ഥാന ബജറ്റ് പട്ടികജാതി ഘടക പദ്ധതിക്ക് 9.8 ശതമാനവും പട്ടികവർഗ ഉപപദ്ധതിക്ക് 2.83 ശതമാനവും നീക്കിവയ്ക്കുന്നു. അതായത് ആകെയുള്ള ജനസംഖ്യാനുപാതത്തേക്കാൾ കൂടുതൽ തുക ബജറ്റ് നീക്കിവയ്ക്കുന്നു. കേന്ദ്ര‐ സംസ്ഥാന സർക്കാരുകളുടെ സമീപനവ്യത്യാസം ഇതിലൂടെ പ്രകടമാകുന്നുണ്ട്.

സർക്കാർ അധികാരത്തിൽ വരുമ്പോൾ പൊതുമേഖല സ്ഥാപനങ്ങളുടെ വാർഷികനഷ്ടം 202.135 കോടി രൂപയായിരുന്നു. രണ്ടുവർഷം പിന്നിട്ടപ്പോൾ നഷ്ടം നികത്തി എന്നുമാത്രമല്ല, 40 കോടി രൂപ ലാഭവും ഉണ്ടാക്കി. 40 പൊതുമേഖല സ്ഥാപനങ്ങളിൽ പതിനാലെണ്ണവും ലാഭത്തിലാണ്. പൊതുമേഖല സ്ഥാപനങ്ങൾ നഷ്ടമേ ഉണ്ടാക്കൂ, സ്വകാര്യസ്ഥാപനങ്ങൾക്കേ ലാഭമുണ്ടാക്കാൻ കഴിയൂ എന്ന പ്രചാരണത്തിന്റെ മുനയൊടിക്കുന്നതാണ് മേൽപ്പറഞ്ഞ കണക്കുകൾ. 2019‐20ൽ ഉൽപ്പാദനം തുടങ്ങുംവിധം ക്യാൻസർ മരുന്ന് നിർമാണ ഫാക്ടറി ആരംഭിക്കാനുള്ള തീരുമാനം സ്വാഗതാർഹമാണ്. പ്രാരംഭചെലവുകൾക്കായി 20 കോടി രൂപ മാറ്റിവച്ചിട്ടുണ്ട്. കേന്ദ്ര സ്ഥാപനങ്ങളായ എഫ്എസിടിയും എച്ച്എംടിയും ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റും പോലുള്ളവ വിൽപ്പനയ്ക്ക് വയ്ക്കുമ്പോൾ പൊതുമേഖല സ്ഥാപനങ്ങളെ ലാഭകരമായി പ്രവർത്തിപ്പിച്ച് മാതൃകകാട്ടുകയാണ് എൽഡിഎഫ് സർക്കാർ.

നവ ഉദാരവൽക്കരണനയങ്ങൾക്ക് വ്യക്തമായും ബദൽ നിർദേശിക്കുന്ന പദ്ധതികളും പ്രഖ്യാപനങ്ങളുമാണ് സംസ്ഥാന ബജറ്റിൽ ഉടനീളമുള്ളത്. സാമ്പത്തികഞെരുക്കം ഉയർത്തിക്കാട്ടി ജനങ്ങളെ പിഴിയുന്നതിനുപകരം, അവർക്ക് ആശ്വാസം നൽകുന്ന പദ്ധതികളാണ് ബജറ്റ് മുന്നോട്ടുവയ്ക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top