25 July Thursday

മഹാത്മാവിന്റെ ഓർമകളിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 2, 2018


ഉറങ്ങുന്നവന് നിയമം ഒരിക്കലും സംരക്ഷണം നൽകുന്നില്ല; നീതി ലഭിക്കാൻ ഉണർന്നിരിക്കണം എന്നാണ് ഗാന്ധിജി ഓർമിപ്പിച്ചത്. മോഹൻ ദാസ് കരംചന്ദ് ഗാന്ധിയുടെ നൂറ്റിയമ്പതാം ജന്മവാർഷികം ഓരോ ഇന്ത്യക്കാരനും നൽകുന്ന സന്ദേശം  ഉണർന്നിരിക്കുക എന്നതു തന്നെയാണ്. ഗാന്ധിജിയെ തിരസ‌്കരിച്ച‌്  ഗാന്ധിഘാതകരെ സ്വീകരിക്കുന്ന രാഷ്ട്രീയം രാജ്യത്തെ വരിഞ്ഞുമുറുക്കുന്ന കാലത്ത് മഹാത്മാവിന്റെ   ജീവിതവും സന്ദേശവും വീണ്ടും വീണ്ടും വായിക്കുക എന്നത‌് ഒരനിവാര്യതയാകുന്നു.  ജനാധിപത്യവും  പൗരസ്വാതന്ത്ര്യവും മതനിരപേക്ഷതയും ജീവിക്കാനുള്ള അവകാശംപോലും കവർന്നെടുക്കപ്പെടുമ്പോൾ,  ചരിത്രവും മാനവികതയും ചവിട്ടിമെതിക്കപ്പെടുമ്പോൾ ഇന്ത്യക്കാരൻ ഗാന്ധിജിയിലേക്കുതന്നെ നോക്കേണ്ടതുണ്ട്. ജനസംഖ്യയിൽ രണ്ടാംസ്ഥാനത്തുള്ള  ഈ  മഹാരാജ്യത്തെ കൊളോണിയൽ കാലത്തുനിന്ന് സ്വാതന്ത്ര്യത്തിലേക്ക് നയിച്ച  ദേശീയപ്രസ്ഥാനത്തിന് ജനകീയമുഖം നൽകിയ  മഹാത്മാവിന്റെ  പാദമുദ്രകളിലേക്കുനോക്കുക, അതിൽനിന്ന് ഊർജം ഉൾക്കൊള്ളുക, പുതിയ സമരത്തിന് അത് ഇന്ധനമാക്കുക എന്നതാണ് ഇന്നിന്റെ കർത്തവ്യം. അതുതന്നെയാണ് ഗാന്ധിസ് മൃതിയുടെ പ്രാധാന്യവും. 

ദീർഘമായ പോരാട്ടത്തിനൊടുവിൽ രാജ്യം സ്വാതന്ത്ര്യലബ്ധിയിലെത്തുമ്പോൾ  ഗാന്ധിജി ദുഃഖിതനായിരുന്നു. 1947 ആഗസ്ത്  15ന്  ചെങ്കോട്ടയിൽ ത്രിവർണപതാക ഉയരുമ്പോൾ ആഘോഷങ്ങളിലൊന്നും പങ്കെടുക്കാതെ സ്വാതന്ത്ര്യസമരനായകൻ കൊൽക്കത്തയിലായിരുന്നു. രാജ്യം ഒന്നായി നിൽക്കണമെന്നും ദരിദ്രനാരായണന്മാരില്ലാത്തതും സമാധാനം പുലരുന്നതും ആകണമെന്നും മഹാത്മാവ് ആഗ്രഹിച്ചു. വിഭജനത്തിന്റെ മുറിവിൽനിന്ന് രക്തമൊഴുകിയപ്പോൾ ഏറ്റവുമധികം വേദനിച്ചത് ഗാന്ധിജിയുടെ ഹൃദയമായിരുന്നു. രാജ്യം നേരിടുന്ന വിപത്ത് എന്താണെന്നും അതിന്റെ  തീവ്രത എത്രത്തോളമാണെന്നുമുള്ള  തിരിച്ചറിവുമായാണ്  സ്വാതന്ത്ര്യത്തിന്റെ ആഘോഷമുഹൂർത്തത്തിൽത്തന്നെ, വർഗീയ കലാപങ്ങളുടെ   ചോരവീണ  തെരുവുകളിലൂടെ ഗാന്ധിജി നടന്നത്.  മതസൗഹാർദത്തിന്റെ  സന്ദേശമുയർത്തി നടത്തിയ ആ യാത്ര സ്വാതന്ത്ര്യാനന്തര  ഇന്ത്യയ‌്ക്ക‌് എക്കാലത്തേക്കുമുള്ള ആഹ്വാനമായിരുന്നു. വർഗീയത എന്ന മഹാവിപത്തിനെ എല്ലാം ത്യജിച്ചു നേരിടാനുള്ളതാണ് ആ ആഹ്വാനം.
ഗാന്ധിജി വിമർശത്തിനതീതനായിരുന്നില്ല. ഗാന്ധിയൻ ദർശനം എല്ലാറ്റിനുമുള്ള പരിഹാരവുമല്ല. പക്ഷേ അതിൽ   എല്ലാവർക്കും ഉൾക്കൊള്ളാനുള്ള ഊർജമുണ്ട്.  തന്നെ കമ്യൂണിസ്റ്റ് ആക്കിയത് രാഷ്ട്രീയ ജീവിതത്തിന്റെ  ആദ്യകാലത്ത് സ്വായത്തമാക്കിയ ഗാന്ധിയൻമൂല്യങ്ങൾ ആണെന്ന് അഭിമാനത്തോടെയാണ് ഇ എം എസ് പറഞ്ഞത്. കമ്യൂണിസ്റ്റുകാരാണ് എന്ന നിലയിൽ താൻ  ജീവിതത്തിൽ പ്രാവർത്തികമാക്കുന്ന  തൊഴിലാളിവർഗരാഷ്ട്രീയം മഹാത്മാവിന്റെ  ദരിദ്രനാരായണസേവയുടെ ഉയർന്ന രൂപമാണ് എന്നും ഇ എം എസ് അർഥശങ്കയില്ലാതെ പറഞ്ഞിട്ടുണ്ട‌്.

സത്യം, അഹിംസ, ദരിദ്രനാരായണസേവ തുടങ്ങിയവയായിരുന്നു  ഗാന്ധിജിയുടെ സമരായുധങ്ങൾ. അവതന്നെയാണ്,  ദേശീയ സ്വാതന്ത്ര്യമുന്നേറ്റത്തിന് ശക്തമായ ബഹുജന അടിത്തറ ഉണ്ടാക്കാൻ അദ്ദേഹം ഫലപ്രദമായി ഉപയോഗിച്ചത്.  ഇന്ത്യയിലെമ്പാടുമുള്ള തൊഴിലാളികളും കൃഷിക്കാരും ദേശീയസ്വാതന്ത്ര്യസമരത്തിന്റെ  പാതയിലേക്ക് നയിക്കപ്പെട്ടത് ഗാന്ധിജിയുടെ നേതൃത്വത്തിലാണ്.  പിന്നോക്കംനിൽക്കുന്ന ജനലക്ഷങ്ങളിൽ  രാഷ്ട്രീയബോധം പകർന്ന  ത്യാഗസന്നദ്ധതയുടെയും പോരാട്ടത്തിന്റെയും സമർപ്പണത്തിന്റെയും പാതയിലേക്ക്  കൈപിടിച്ചുയർത്താൻ ഗാന്ധിജിക്ക‌് കഴിഞ്ഞു. രാഷ്ട്രപിതാവായി മഹാത്മാവ് ഉയരുന്നത് അതുകൊണ്ടാണ്.

രാജ്യം അടുത്ത അരനൂറ്റാണ്ട് ബിജെപിതന്നെ ഭരിക്കുമെന്ന   പ്രഖ്യാപനം കഴിഞ്ഞദിവസം നാം കേട്ടു. ദളിതരെയും മുസ്ലിങ്ങളെയും  അടിച്ചുകൊല്ലുന്ന,  വർഗീയസംഘർഷങ്ങൾ പതിവായി മാറിയ,  ജനാധിപത്യത്തെയും ഭരണഘടനയെയും ആഴങ്ങളിലേക്ക്  തള്ളുന്ന ഭരണത്തിന് ഇനിയും അരനൂറ്റാണ്ട് ആയുസ്സുണ്ടെന്ന് ഭരണകക്ഷിയുടെ അധ്യക്ഷൻ സ്വപ‌്നംകാണുമ്പോൾ, അതിൽ വലിയ അപായസൂചനകൾ അടങ്ങിയിട്ടുണ്ട‌്.  കോർപറേറ്റുകൾക്കും തട്ടിപ്പുകാർക്കും  പാദസേവ ചെയ്യുന്ന,  അവരിൽനിന്ന് അവിഹിതസഹായങ്ങൾ പറ്റുന്ന ഭരണത്തിന് തുടർച്ചയുണ്ടാകണമെങ്കിൽ അസാധാരണമായത‌് സംഭവിക്കണം. രാജ്യത്തെ രണ്ടാക്കിമാറ്റിയാണ് കോളനിവാഴ‌്ച അവസാനിച്ചതെങ്കിൽ, ഈ ഭരണത്തുടർച്ചയ‌്ക്ക‌് ജനങ്ങളെ വർഗീയമായി വിഭജിക്കണം; ആൾക്കൂട്ടക്കൊലകളും കലാപങ്ങളും തുടരണം. അതിലേക്കുള്ള സൂചനകളാണ് കേന്ദ്രഭരണം കൈയാളുന്ന ശക്തികളിൽ നിന്നുണ്ടാകുന്നത്.  ഈ സമയത്ത‌് ഇന്ത്യക്കാരന‌്  ഓർമ വരേണ്ട പേരുകളിൽ ആദ്യത്തേതുതന്നെയാണ് ഗാന്ധിജിയുടേത്. ജീവിത ദുരിതങ്ങൾ വർധിച്ചുവരുമ്പോഴും  വിലക്കയറ്റവും  തൊഴിലില്ലായ്മയും  പുതിയ ഉയരങ്ങൾ കീഴടക്കുമ്പോഴും, എങ്ങനെ മോചനം എന്ന ചിന്തയിൽ വെളിച്ചം പകരുന്നതും ദിശ കാട്ടുന്നതും  ഗാന്ധിജിയുടെ ഓർമകളാണ്.

ഗാന്ധിജിയെ സ്മരിക്കുമ്പോൾ കോൺഗ്രസിനെയും പരാമർശിക്കേണ്ടതുണ്ട്. കൊലചെയ്യപ്പെടുന്നതിന‌് മണിക്കൂറുകൾക്ക് മുമ്പാണ് കോൺഗ്രസ് എന്ന സംഘടന പിരിച്ചുവിടുകയും ലോക സേവകസംഘം എന്ന പുതിയ സംഘടന രൂപപ്പെടുത്തുകയും വേണമെന്ന് ഗാന്ധിജി എഴുതിയത്. 

അവസാന നാളുകളിൽ മഹാത്മാവിനെ  ദുഃഖിപ്പിച്ച പ്രധാന വിഷയം  കോൺഗ്രസ് ഭരണാധികാരികളുടെ അപചയമായിരുന്നു.  കോൺഗ്രസ് അധികാരം കൈയാളുന്ന പാർടിയാകരുതെന്ന് അദ്ദേഹം ആഗ്രഹിച്ചു. പുതിയൊരു സംഘടനയുടെ രൂപരേഖ തയ്യാറാക്കുന്നതിനിടയിലാണ് ഗോഡ്‌സെയുടെ വെടിയുണ്ടകൾ ആ ജീവനെടുത്തത്. ഗാന്ധിജി എന്ത് ഭയപ്പെട്ടു, അത് സംഭവിച്ചിരിക്കുന്നു,  ദിശാബോധം നഷ്ടപ്പെട്ടതും ശുഷ്കവുമായ ആൾക്കൂട്ടമായി കോൺഗ്രസ‌്‌ നാശത്തിലേക്ക‌് നീങ്ങുന്നു.  ഗാന്ധിജിക്ക‌് വധശിക്ഷ വിധിച്ചവർക്ക‌് രാജ്യഭാരം ലഭിക്കാൻ  ഒത്താശ ചെയ‌്ത പാർടിയാണിന്ന‌് കോൺഗ്രസ‌്. 

ഗാന്ധിജിസ‌്മരണ എന്നതുതന്നെ പോരാട്ടത്തിനുള്ള ആഹ്വാനമായി നെഞ്ചേറ്റാനുള്ളതാണ് ഇന്നത്തെ ഇന്ത്യയുടെ സാഹചര്യം. അതിജീവനത്തിനുള്ള  ആ സമരത്തിൽ അണിചേരും എന്ന പ്രതിജ്ഞയാണ് മനുഷ്യനെ സ്നേഹിക്കുന്ന ഓരോ ഭാരതീയനും ഗാന്ധിജിക്ക‌് നൽകാൻ കഴിയുന്ന ഏറ്റവും വിലമതിപ്പുള്ള ആദരം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top