16 July Tuesday

മനുഷ്യത്വത്തിന്റെ ആഗോളമുഖം

വെബ് ഡെസ്‌ക്‌Updated: Monday Dec 27, 2021


വർണവിവേചനത്തിനും വംശീയതയ്‌ക്കുമെതിരെ ദക്ഷിണാഫ്രിക്കയിൽ നെൽസൺ മണ്ടേലയ്‌ക്കൊപ്പം തോളോടുതോൾചേർന്ന്‌ പൊരുതിയ ഡസ്‌മണ്ട്‌ ടുട്ടുവും ഓർമയായി. 90–-ാംവയസ്സിൽ കേപ്‌ടൗണിൽ ഞായറാഴ്‌ചയായിരുന്നു അന്ത്യം. ക്രിസ്‌തീയ പുരോഹിതൻ, അധ്യാപകൻ, പ്രഭാഷകൻ, -മനുഷ്യാവകാശ പ്രവർത്തകൻ എന്നീ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച ടുട്ടുവിനെ ലോകം ശ്രദ്ധിച്ചത്‌ ദക്ഷിണാഫ്രിക്കയിലെ വെള്ളന്യൂനപക്ഷ ഭരണത്തിനെതിരെ അവിടത്തെ ജനത നടത്തിയ പോരാട്ടത്തിന്റെ നായകരിൽ ഒരാളെന്ന നിലയിലാണ്‌. ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്‌ നേതാവായ നെൽസൺ മണ്ടേല ജയിലിൽ അടയ്‌ക്കപ്പെട്ടപ്പോൾ വർണവിവേചന വിരുദ്ധ സമരത്തിന്‌ പുറത്ത്‌ നേതൃത്വം നൽകിയത്‌ ഡസ്‌മണ്ട്‌ ടുട്ടുവായിരുന്നു. ഗാന്ധിജി മുന്നോട്ടുവച്ച അഹിംസാ സിദ്ധാന്തത്തെ മുറുകെ പിടിച്ച ടുട്ടു എഎൻസിയുടെ സായുധപോരാട്ടങ്ങളെ പിന്തുണയ്‌ക്കാൻ വിസമ്മതിക്കുകയും ചെയ്‌തു.

വർണവിവേചന വിരുദ്ധസമരത്തെ പിന്തുണയ്‌ക്കേണ്ടിയിരുന്നതിനു പകരം വെള്ളഭരണവുമായി സഹകരിച്ച്‌ പോകുന്ന മതസംവിധാനവുമായി ആർച്ച്‌ ബിഷപ് പദവിവരെ വഹിച്ച ടുട്ടു നിരന്തരം കലഹിച്ചു. കൊളോണിയൽ ഭരണത്തിനെതിരെ ദക്ഷിണാഫ്രിക്കയിൽ യോജിച്ച പോരാട്ടത്തിന്‌ വേദി ഒരുക്കുന്നതിലും ഡസ്‌മണ്ട്‌ ടുട്ടുവിന്‌ നേതൃപരമായ പങ്കുണ്ട്‌. ആഫ്രിക്കൻ നാഷണൽ കോൺഗ്രസും ദക്ഷിണാഫ്രിക്കൻ കമ്യൂണിസ്‌റ്റ്‌ പാർടിയും തമ്മിൽ ഐക്യം സ്ഥാപിക്കുന്നതിനുപിന്നിൽ പ്രവർത്തിച്ച പ്രധാന വ്യക്തികളിൽ ഒരാളും ടുട്ടുവായിരുന്നു. ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെയും ഭാഗമാകാതെ തന്നെ വർണവിവേചനത്തിനെതിരായ പോരാട്ടത്തിന്റെ മുന്നണിയിൽ അദ്ദേഹം നിലയുറപ്പിച്ചു. -ബെഞ്ചമിൻ മൊളോയിസ്‌പോലുള്ള എണ്ണമറ്റ പോരാളികളുടെ രക്തസാക്ഷിത്വത്തിലൂടെയാണ്‌ ദക്ഷിണാഫ്രിക്ക വെള്ള ന്യൂനപക്ഷ ഭരണത്തിൽനിന്ന്‌ മോചിതമായത്‌.

എന്നാൽ, വർണവിവേചന വിരുദ്ധ പോരാട്ടം കറുത്തവരും വെള്ളക്കാരും തമ്മിലുള്ള വംശീയയുദ്ധമായി വഴുതിപ്പോകാതിരിക്കാനും ടുട്ടു അതീവ ജാഗ്രത പുലർത്തി. നെൽസൺ മണ്ടേലയ്‌ക്കൊപ്പം ‘മഴവിൽ രാഷ്ട്രം’ എന്ന സങ്കൽപ്പം ടുട്ടുവും ശക്തമായി മുന്നോട്ടുവച്ചു. സ്വതന്ത്രമായ ദക്ഷിണാഫ്രിക്ക എല്ലാവിഭാഗം ജനങ്ങളുടേതുമാണെന്ന ആശയമാണ്‌ ഇതുവഴി പ്രചരിപ്പിക്കപ്പെട്ടത്‌. വെള്ളക്കാരെല്ലാം ശത്രുക്കളാണെന്ന സങ്കുചിതബോധം വളരാതിരിക്കാനുള്ള ജാഗ്രതയാണ്‌ അവർ പുലർത്തിയത്‌. ഈ ചിന്താഗതിയിൽനിന്നാണ്‌ ട്രൂത്ത്‌ ആൻഡ്‌ റീകൺസിലിയേഷൻ കമീഷൻ(ടിആർസി) രൂപംകൊള്ളുന്നത്‌. സ്വാതന്ത്ര്യത്തിനുശേഷം 1994ൽ നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ച്‌ നെൽസൺ മണ്ടേല പ്രസിഡന്റായപ്പോഴാണ്‌ ടിആർസിക്ക്‌ രൂപം നൽകിയത്‌. ലോകത്തിന്‌ അതുവരെ പരിചിതമല്ലാതിരുന്ന ഈ സംവിധാനത്തിന്റെ ആദ്യതലവൻ ഡസ്‌മണ്ട്‌ ടുട്ടുവായിരുന്നു. വർണവിവേചനകാലത്തെ മനുഷ്യാവകാശ ലംഘനങ്ങളുടെ അതിവൈകാരികമായ വിചാരണയായിരുന്നു ടിആർസിയിൽ നടന്നത്‌. വർണവിവേചനം സൃഷ്‌ടിച്ച ആഴത്തിലുള്ള മുറിവുകൾ ഉണക്കാൻ മാനസികമായി മനുഷ്യരെ തയ്യാറാക്കുന്നതിൽ ടിആർസി വഹിച്ച പങ്ക്‌ നിസ്‌തുലമായിരുന്നു. പ്രത്യേകിച്ചും ടുട്ടു വഹിച്ച പങ്ക്‌. ദയയുടെ, കാരുണ്യത്തിന്റെ പ്രതീകമായി ടുട്ടു മാറി. അദ്ദേഹത്തിന്റെ ജീവിതത്തിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ഏട്‌ ഇതായിരുന്നുവെന്ന്‌ ഗാർഡിയൻപോലുള്ള മാധ്യമങ്ങൾ വിലയിരുത്തിയിട്ടുണ്ട്‌.

സാമ്രാജ്യത്വത്തിന്റെ മനുഷ്യത്വവിരുദ്ധമായ എല്ലാ പ്രവർത്തനത്തെയും ടുട്ടു നിശിതമായി വിമർശിക്കുകയുണ്ടായി. പലസ്‌തീനികൾക്കെതിരെ ഇസ്രയേൽ നടത്തുന്ന അധിനിവേശങ്ങളെ അദ്ദേഹം വിമർശിച്ചു. ഇറാഖിനെതിരെ അമേരിക്ക നടത്തിയ യുദ്ധത്തെയും തുറന്നെതിർത്തു. അനീതി നടക്കുമ്പോൾ നിഷ്‌പക്ഷവേഷം കെട്ടുന്നത്‌ അടിച്ചമർത്തുന്നവരെ സഹായിക്കലാകുമെന്ന്‌ ടുട്ടു ഓർമിപ്പിച്ചു. നെൽസൺ മണ്ടേലയ്‌ക്കുശേഷം ദക്ഷിണാഫ്രിക്കയിൽ അധികാരത്തിലെത്തിയ താബോ എംബക്കിയുടെയും ജേക്കബ്‌ സുമയുടെയും തെറ്റായ ചെയ്‌തികളെ തുറന്നെതിർക്കാനും ടുട്ടു മടിച്ചില്ല. മണ്ടേല വിശേഷിപ്പിച്ചപോലെ ഡസ്‌മണ്ട്‌ ടുട്ടുവിന്റെ ശബ്‌ദം എപ്പോഴും ശബ്‌ദമില്ലാത്തവരുടെ ശബ്‌ദമാണ്‌. അതാണ്‌ ഇപ്പോൾ നിലച്ചിരിക്കുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top