25 March Saturday

വർഗീയ ധ്രുവീകരണത്തിനുള്ള ശ്രമം

വെബ് ഡെസ്‌ക്‌Updated: Thursday Jan 31, 2019


ലോക‌്സഭാ തെരഞ്ഞെടുപ്പ് അടുക്കുന്തോറും വലിയതോതിൽ വർഗീയ ധ്രുവീകരണം സൃഷ്ടിക്കാൻ കേന്ദ്രഭരണത്തിന് നേതൃത്വം നൽകുന്ന ബിജെപിയും സംഘപരിവാറും ശ്രമിക്കുകയാണ്. മുത്തലാഖ് ബില്ലും പൗരത്വ ഭേദഗതി നിയമവും പാർലമെന്റിൽ അവതരിപ്പിച്ചതും ഇതിന്റെ ഭാഗമാണ്. മുന്നോക്കക്കാരിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം ഏർപ്പെടുത്തിയതും ലോക‌്സഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുകൊണ്ടുതന്നെ. ഈ ശ്രേണിയിൽ അവസാനത്തെ നീക്കമാണ് അയോധ്യയിൽ 67.39 ഏക്കർ ഭൂമി രാമജന്മഭൂമി ന്യാസിന് ഉൾപ്പെടെയുള്ള കക്ഷികൾക്ക് തിരിച്ചുനൽകണമെന്ന മോഡി സർക്കാരിന്റെ ആവശ്യം. രാമക്ഷേത്രനിർമാണത്തിനായി ഈ ഭൂമി സംഘപരിവാറിന്റെ കൈകളിലെത്തിക്കാനുള്ള നീക്കത്തിന്റെ ഭാഗമായിമാത്രമേ ഇതിനെ കാണാൻ കഴിയൂ. മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന ഭരണഘടനയുള്ള ഒരു രാജ്യത്താണ് ഒരു പ്രത്യേക മതവിഭാഗത്തെ അനുകൂലിക്കുന്ന സമീപനവുമായി സർക്കാർ മുന്നോട്ടുവന്നിട്ടുള്ളതെന്ന കാര്യം ആശങ്കയുണർത്തുന്നു.  

രാമക്ഷേത്രനിർമാണം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന രാമജന്മഭൂമി ന്യാസിന്റെ 42 ഏക്കർ ഭൂമി ഉൾപ്പെടെ തിരിച്ചു നൽകണമെന്നാണ് കേന്ദ്ര സർക്കാരിന്റെ ആവശ്യം. രാമജന്മഭൂമി ന്യാസിന്റെ കൈവശമില്ലാത്ത ഭൂമി അവർക്ക് പതിച്ചു നൽകാനുള്ള ആസൂത്രിതമായ ശ്രമമാണ് ഇതിനു പിന്നിലുള്ളത്. രാമകഥാ പാർക്ക് നിർമാണത്തിനായി ഉത്തർപ്രദേശ് ടൂറിസം വകുപ്പ് രാമജന്മഭൂമി ന്യാസിന് 1989ൽ പാട്ടത്തിന് നൽകിയ ഭൂമി എങ്ങനെയാണ്  അവരുടേതായി മാറുക? 1992 ഡിസംബർ ആറിന് ബാബ്റി മസ്ജിദ് തകർക്കപ്പെട്ടപ്പോഴാണ് ഈ ഭൂമി കേന്ദ്ര സർക്കാർ ഏറ്റെടുക്കുന്നത്. ഈ വസ‌്തുത മറച്ചുവച്ചുകൊണ്ടാണ് 42 ഏക്കർ ഭൂമി വിഎച്ച്പിയുടെ രാമജന്മഭൂമി ട്രസ്റ്റിന് ക്ഷേത്രനിർമാണത്തിനായി പതിച്ചുനൽകണമെന്ന് മോഡി സർക്കാർ ആവശ്യപ്പെടുന്നത്. ആർഎസ്എസ് മേധാവി മോഹൻ ഭാഗവതുമുതൽ ക്ഷേത്രനിർമാണ ആവശ്യം ശക്തമായി മുന്നോട്ടുവയ‌്ക്കുന്ന വിശ്വഹിന്ദു പരിഷത്തുവരെ അയോധ്യക്കേസ് വിധി തീർപ്പാക്കുന്നതിൽ കോടതി നടപടികൾ വൈകുന്നതിനെക്കുറിച്ചും ഇക്കാര്യത്തിൽ സർക്കാരിന്റെ വേഗക്കുറവിനെക്കുറിച്ചും പരാതി ഉയർത്തുന്ന ഘട്ടത്തിലാണ് മോഡി സർക്കാരിന്റെ ഈ നീക്കം. രാജ്യത്തെ ഉന്നത നീതിന്യായ പീഠം ഇത്തരം സമ്മർദതന്ത്രങ്ങൾക്ക‌ുമുമ്പിൽ വഴങ്ങില്ലെന്ന് പ്രതീക്ഷിക്കാം.

ഡൽഹിയിലേക്കുള്ള പാത ലഖ്നൗവഴിയാണെന്നത് ബിജെപിക്ക് നന്നായി അറിയാം. എസ‌്പിയും ബിഎസ‌്പിയും ഉത്തർപ്രദേശിൽ സഖ്യം സ്ഥാപിച്ചതോടെ ഈ ലഖ്നൗവഴിയാണ് ബിജെപിക്കുമുമ്പിൽ അടഞ്ഞത്. അത് മറികടക്കാനുള്ള എളുപ്പമാർഗമെന്ന നിലയിയിലാണ് അയോധ്യവിഷയം സജീവമാക്കുന്നത്. ഹിന്ദിമേഖലയിൽ നടന്ന മൂന്ന് നിയമസഭാ തെരഞ്ഞെടുപ്പിൽ–- മധ്യപ്രദേശിലും ഛത്തീസ്ഗഢിലും രാജസ്ഥാനിലും ബിജെപിക്കുണ്ടായ തിരിച്ചടി പതിനേഴാം ലോക‌്സഭാ തെരഞ്ഞെടുപ്പിൽ ആവർത്തിക്കാതിരിക്കണമെങ്കിൽ വർഗീയധ്രുവീകരണം ശക്തമാക്കേണ്ടതുണ്ടെന്നാണ് സംഘപരിവാറിന്റെ നിഗമനം. ഈ സാഹചര്യത്തിലാണ് ക്ഷേത്രനിർമാണത്തിന് വേഗം പകരുന്ന തീരുമാനവുമായി മോഡി സർക്കാർ രംഗത്തുവന്നിട്ടുള്ളത്.

അയോധ്യയിൽ ക്ഷേത്രം പണിയുമെന്ന കാര്യത്തിൽ ‘ഒരു സംശയവുമില്ലെന്ന്' ആവർത്തിക്കുന്നത് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ്. കഴിഞ്ഞയാഴ്ച അയോധ്യക്കേസ‌് തീർപ്പാക്കാത്ത ജുഡീഷ്യറിയെ പരസ്യമായി ഭീഷണിപ്പെടുത്താനും ആദിത്യനാഥ് തയ്യാറായി. കോടതിക്ക് ഇക്കാര്യത്തിൽ തീരുമാനം എടുക്കാൻ കഴിയില്ലെങ്കിൽ അത് ഉത്തർപ്രദേശ് സർക്കാരിന് വിട്ടുതരണമെന്നും അങ്ങനെ ചെയ്യുന്ന പക്ഷം ‘24 മണിക്കൂറിനകം ഞങ്ങൾ ഈ പ്രശ്നം പരിഹരിക്കുമെന്ന്' അദ്ദേഹം പറഞ്ഞു.  നേരത്തെ പ്രധാനമന്ത്രിതന്നെയും സമാനമായ മുന്നറിയിപ്പ് രാജ്യത്തെ നീതിന്യായ സംവിധാനത്തിന് നൽകിയിരുന്നു. 

പ്രശ്നപരിഹാരത്തേക്കാൾ പ്രശ്നം സങ്കീർണമാക്കുന്ന നടപടിയാണ് കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളത്.  കേന്ദ്രം സുപ്രീംകോടതിയിൽ നൽകിയ അപേക്ഷയിൽ പറയുന്നത് ബാബ്റി മസ്ജിദ് നിലനിന്നിരുന്ന 0.313 ഏക്കർ പ്രദേശമാണ് തർക്കഭൂമി എന്നതാണ്. ബാക്കി വരുന്ന 67.39 ഏക്കർ ഭൂമിയും തർക്കമില്ലാത്ത പ്രദേശമാണെന്നും അതിനാൽ അത് ബന്ധപ്പെട്ട കക്ഷികൾക്ക് തിരിച്ചുനൽകണമെന്നുമാണ് മോഡി സർക്കാരിന്റെ വാദം. എന്നാൽ, ബാബ്റി മസ്ജിദ് നിലനിന്നിരുന്ന സ്ഥലം ഉൾപ്പെടെയുള്ള 2.77 ഏക്കർ ഭൂമിയെച്ചൊല്ലിയുള്ള അവകാശത്തർക്കം ഇപ്പോഴും കോടതിയുടെ പരിഗണനയിലാണുള്ളത്. ഈ 2.77 ഏക്കർ ഭൂമിയാണ് 2010 സെപ്തംബറിൽ മൂന്ന് കക്ഷികൾക്കായി അലഹബാദ് ഹൈക്കോടതി വീതിച്ചുനൽകിയത്.

എന്നാൽ, അലഹബാദ് ഹൈക്കോടതിയുടെ ഈ വിവാദ വിധിക്കെതിരെ സ്ഥലം വീതിച്ചുകിട്ടിയ മൂന്ന് കക്ഷികളും സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. ഈ കേസിൽ കോടതി വിധിപറയുന്നതുവരെ തൽസ്ഥിതി തുടരാനാണ് 2003ൽ എന്നതുപോലെ 2011ലും സുപ്രീംകോടതി വിധിച്ചിട്ടുള്ളത്. ഈ വിധി നിലനിൽക്കെയാണ് കേന്ദ്ര സർക്കാർ വിചിത്രമായ ആവശ്യവുമായി സുപ്രീംകോടതിയെ സമീപിച്ചിട്ടുള്ളത്. ഏത് കോണിൽക്കൂടി നോക്കിയാലും ലോക‌്സഭാ തെരഞ്ഞെടുപ്പിൽ വർഗീയധ്രുവീകരണം ലക്ഷ്യംവച്ചുള്ള നീക്കമാണിതെന്ന് വ്യക്തം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top