02 February Thursday

ക്ഷേത്രനിർമാണം മറയാക്കി ഭൂമിക്കച്ചവടം

വെബ് ഡെസ്‌ക്‌Updated: Monday Jun 28, 2021

ഓരോ ഇന്ത്യക്കാരന്റെയും സാംസ്‌കാരിക മനസ്സിൽ കുടികൊള്ളുന്ന സ്ഥലമാണ്‌ അയോധ്യയെന്നും അതിനാൽ ഈ പ്രദേശത്തെ ആത്‌മീയകേന്ദ്രവും ആഗോള ടൂറിസ്‌റ്റ്‌ ഹബ്ബും ആക്കി മാറ്റുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി പറയുകയുണ്ടായി. പാരമ്പര്യത്തിന്റെ സുന്ദരരൂപമാക്കി അയോധ്യയെ മാറ്റുമെന്നും നഗരവികസന പദ്ധതിയുടെ പുരോഗതി വിലയിരുത്താൻ ചേർന്ന യോഗത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാൽ, ഉത്തർപ്രദേശിൽ സരയൂ നദീതീരത്തുള്ള അയോധ്യയെ സുന്ദരമാക്കി മാറ്റാൻ സംഘപരിവാർ സ്വീകരിക്കുന്ന മാർഗങ്ങൾ ഒട്ടും സുന്ദരമല്ലെന്ന്‌ പറയേണ്ടിയിരിക്കുന്നു. ശ്രീരാമൻ എന്ന ഇതിഹാസ കഥാപാത്രത്തിന്റെ പേരിൽ പിരിച്ചെടുത്ത കാശ്‌ ബിജെപിയുമായി ബന്ധമുള്ള റിയൽഎസ്‌റ്റേറ്റ്‌ മാഫിയകളുടെ കീശ നിറയ്‌ക്കാൻ ഉപയോഗിക്കുകയാണെന്ന വസ്‌തുതയാണ്‌ പുറത്തുവന്നുകൊണ്ടിരിക്കുന്നത്‌.

സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ്‌ അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിന്‌ തുടക്കമായത്‌. കോടതി വിധിയിലൂടെ ലഭിച്ച മസ്‌ജിദ്‌ഭൂമിക്ക്‌ സമീപം 1.208 ഹെക്ടർ ഭൂമി വാങ്ങിയതിൽ വലിയ അഴിമതി നടന്നുവെന്നാണ്‌ ആരോപണം. ക്ഷേത്രനിർമാണത്തിനായി ഏറ്റെടുത്ത ഭൂമിയിലെ താമസക്കാരെ പുനരധിവസിപ്പിക്കുന്നതിനാണ്‌ ഈ ഭൂമി വാങ്ങിയിട്ടുള്ളത്‌. ഹരീഷ്‌ പഥക്‌, കുസുമം പഥക്‌ എന്നിവരിൽനിന്ന്‌ മാർച്ച്‌ 18ന്‌ രണ്ട്‌ കോടി രൂപയ്‌ക്ക്‌ സുൽത്താൻ അൻസാരി, രവി മോഹൻ തിവാരി എന്നിവർ വാങ്ങിയ 1.2 ഹെക്ടർ സ്ഥലം അൽപ്പസമയത്തിനുള്ളിൽ രാമക്ഷേത്ര ട്രസ്‌റ്റിന്‌ 18.5 കോടി രൂപയ്‌ക്ക്‌ വിറ്റതാണ്‌ അഴിമതി ആരോപണത്തിന്‌ അടിസ്ഥാനം. ഈ രണ്ട്‌ ഇടപാടിലും സാക്ഷികളായി ഒപ്പിട്ടത്‌ ഒരേ ആൾക്കാർ തന്നെയാണെന്നത്‌ സംശയം ബലപ്പെടുത്തുന്നു. അയോധ്യ മേയറും ബിജെപി നേതാവുമായ ഋഷികേശ്‌ ഉപാധ്യായ, രാമക്ഷേത്ര ട്രസ്‌റ്റ്‌ അംഗം അനിൽ മിശ്ര എന്നിവരാണ്‌ രണ്ട്‌ കരാറിലെയും സാക്ഷികൾ. മേയർ ഋഷികേശ്‌ ഉപാധ്യായയുടെ അടുത്ത ബന്ധുവാണ്‌ രവി മോഹൻ തിവാരി. ഇത്രയും ആരോപണം ഉയർന്നിട്ടും ഇതേക്കുറിച്ച്‌ പ്രതികരിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തയ്യാറായിട്ടില്ല. സുപ്രീംകോടതി നിർദേശപ്രകാരം പ്രധാനമന്ത്രിയാണ്‌ 15 അംഗ രാമജൻമഭൂമി തീർഥ ട്രസ്‌റ്റിന്‌ രൂപം നൽകിയത്‌. അതുകൊണ്ടുതന്നെ കേന്ദ്രസർക്കാരിൽനിന്ന്‌ ഒരു വിശദീകരണം എല്ലാവരും പ്രതീക്ഷിക്കുന്നുണ്ട്‌.

ക്ഷേത്രട്രസ്‌റ്റുമായി ബന്ധപ്പെട്ട്‌ മറ്റൊരു അഴിമതി ആരോപണവും ഉയർന്നുവന്നിട്ടുണ്ട്‌. അതും ഭൂമി ഇടപാടുമായി ബന്ധപ്പെട്ടുതന്നെയാണ്‌. അയോധ്യ മേയർ ഋഷികേശ്‌ ഉപാധ്യായയുടെ അനന്തരവൻ ദീപ്‌ നാരായണൻ ഫെബ്രുവരിയിൽ 20 ലക്ഷത്തിനു വാങ്ങിയ സ്ഥലം മൂന്നു മാസത്തിനുശേഷം രാമക്ഷേത്ര ട്രസ്‌റ്റിനു വിറ്റത്‌ 2.5 കോടി രൂപയ്‌ക്കാണ്‌. ദേവേന്ദ്ര പ്രസാദാചാര്യ എന്നയാളിൽനിന്ന്‌ 890 ചതുരശ്ര മീറ്റർ സ്ഥലം 20 ലക്ഷം രൂപയ്‌ക്കാണ്‌ ബിജെപി പ്രവർത്തകൻകൂടിയായ ദീപ്‌ നാരായണൻ വാങ്ങിയത്‌. സർക്കാർ നിശ്ചയിച്ച അടിസ്ഥാനവിലയാകട്ടെ 35.6 ലക്ഷം രൂപയും. മെയ്‌ 11നാണ്‌ സ്ഥലം ട്രസ്‌റ്റിനു വിറ്റത്‌. രണ്ട്‌ വിൽപ്പനയുടെയും രേഖകളും മെയ്‌ 11ന്‌ രണ്ടര കോടി രൂപ ആർടിജിഎസ്‌ വഴി നാരായണിനു കൈമാറിയതിന്റെ രേഖയും ‘ന്യൂസ്‌ലോണ്ട്‌റി’ വാർത്ത പോർട്ടൽ പുറത്തുവിട്ടു. ഫെബ്രുവരി 20ന്‌ മറ്റൊരു 676.86 ചതുരശ്ര മീറ്റർ സ്ഥലം നാരായണൻ ഒരു കോടി രൂപയ്‌ക്ക്‌ രാമക്ഷേത്ര ട്രസ്‌റ്റിന്‌ വിൽപ്പന നടത്തിയത്രെ.

ഇതിനും പുറമേ രാമക്ഷേത്ര ട്രസ്‌റ്റ്‌ ജനറൽ സെക്രട്ടറി ചംബത്‌ റായിക്കെതിരെ ഭൂമികെെയേറ്റ ആരോപണവും ഉയരുകയുണ്ടായി. പ്രവാസിയായ അൽക്ക ലഹോട്ടിയുടെ ബിജ്‌നോറിലെ 20,000 ചതുരശ്ര മീറ്റർ സ്ഥലം പിടിച്ചെടുക്കാൻ ചംബത്‌ റായിയും സഹോദരന്മാരും ചേർന്ന്‌ ശ്രമിച്ചുവെന്നാണ്‌ ആരോപണം. ഇക്കാര്യം പുറംലോകത്തെ അറിയിച്ച മാധ്യമപ്രവർത്തകനായ വിനീത്‌ നരൈനെ ഉത്തർപ്രദേശ്‌ പൊലീസ്‌ കേസിൽ കുടുക്കിയിരിക്കുകയാണിപ്പോൾ. എന്നാൽ, കോടികളുടെ അഴിമതി നടത്തിയ റിയൽഎസ്‌റ്റേറ്റ്‌ മാഫിയക്കെതിരെ ഒരു കേസും രജിസ്‌റ്റർ ചെയ്‌തിട്ടുമില്ല. പ്രശസ്‌ത അഭിഭാഷകൻ പ്രശാന്ത്‌ ഭൂഷൺ പറഞ്ഞതുപോലെ ആർഎസ്‌എസിനും ബിജെപിക്കും അധികാരം നേടാനുള്ള പ്രതീകം മാത്രമല്ല ശ്രീരാമൻ, പണം നേടാനുള്ള മാർഗം കൂടിയാണെന്ന്‌ അയോധ്യയിൽ നിന്നുള്ള വാർത്തകൾ വ്യക്തമാക്കുന്നു. പ്രധാനമന്ത്രി പറയുന്ന ഇന്ത്യൻ പാരമ്പര്യം ഇതല്ലെന്ന്‌ വ്യക്തം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top