ഒരുമയുടെ ചുവടിൽ, ഒരേതാളത്തിൽ ഉജ്വല സമരകഥയുണർന്നു

മെഗാ തിരുവാതിര

സിപിഐ എം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് തളിപ്പറമ്പ് കാക്കാത്തോട് ബസ് സ്റ്റാൻഡിൽ ആയിരം സ്ത്രീകൾ അവതരിപ്പിച്ച മെഗാ തിരുവാതിര

avatar
സ്വന്തം ലേഖകൻ

Published on Jan 28, 2025, 02:30 AM | 1 min read

തളിപ്പറമ്പ്‌

സൂര്യനണിയിച്ച ചെമ്പെട്ടണിഞ്ഞ്‌ തുടുത്തുനിന്ന ആകാശത്തിനുകീഴെ, ഒരേതാളത്തിൽ, ഒരുമയോടെ അവർ ചെങ്കൊടിയേന്തി ചുവടുവച്ചു. പോർനിലങ്ങളെ തൊട്ടുണർത്തിയ വിപ്ലവ ഗാനം ചക്രവാളത്തെ ത്രസിപ്പിച്ചു. മോറാഴയും കരിവെള്ളൂരും കാവുമ്പായിയും കയ്യൂരും മുനയൻകുന്നും പാടിക്കുന്നും രക്തസാക്ഷി ധീരജും ഈരടികളിലൂടെ ആവേശമായി പെയ്‌തിറങ്ങി. സ്ത്രീമുന്നേറ്റത്തിന്റെ കരുത്തിൽ ആയിരങ്ങൾ ചുവടുവച്ച മെഗാതിരുവാതിര അങ്ങനെ തളിപ്പറമ്പിന്‌ മറക്കാനാവാത്ത വൈകുന്നേരംസമ്മാനിച്ചു. സിപിഐ എം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് കാക്കാത്തോട് ബസ് സ്റ്റാൻഡിലായിരുന്നു മെഗാ തിരുവാതിര. ഇരുളിൽ പുതഞ്ഞ ഭൂതകാലത്തിൽ വെളിച്ചമേകിയ പ്രസ്ഥാനം പോരാട്ടവഴികളിൽ മുന്നേറിയതിനെക്കുറിച്ചും പോരാട്ടവഴികളിൽ ഉണർവിന്റെ ഊർജമായി നാടിന്‌ ജീവിതം സമർപ്പിച്ചവരേയും അനുസ്മരിച്ച് കൈകൂപ്പിയാണ് തുടക്കം. കണ്ണൂർ കണ്ണീരിന്റെ കഥയല്ല, ഉജ്വല സമര കഥയാണ് പറയുന്നത്. വഴിനടക്കാൻ സാധിക്കാത്ത കാലത്തിൽനിന്ന് ചേറിലാണ്ട ജീവിതങ്ങളെ മനുഷ്യരാക്കാൻ കൊടിപിടിച്ച് ഉയർത്തിയ പ്രസ്ഥാനത്തിന്റെ വളർച്ചയും മൂന്നുപതിറ്റാണ്ടിനുശേഷം തളിപ്പറമ്പിലെത്തിയ മഹാസമ്മേളനത്തെ സ്വീകരിക്കാൻ അണിഞ്ഞൊരുങ്ങുന്നതിന്റെ ആവേശവും തിരുവാതിരയിലുണ്ടായി. എം വി ജനാർദനനായിരുന്നു ഗാനരചന. പരിയാരം വനിതാ കൂട്ടായ്‌മയുടെ മാർഗം കളിയും 250 പേർ തകർത്താടിയ ഒപ്പനയുമരങ്ങേറി. തിരുവാതിരയും ഒപ്പനയും പരിശീലിപ്പിച്ചത് പ്രവീണ കൂവോടും പാടിയത് ശാലിമ പീലേരിയും. കലാസംഗമം നടി ഗായത്രി വർഷ ഉദ്ഘാടനംചെയ്തു. വാടി സതീദേവി അധ്യക്ഷയായി. മഹിളാ അസോസിയേഷന്റെ 17 വില്ലേജിലുള്ള കലാകാരികളാണ് കലാസംഗമത്തിൽ പങ്കെടുത്തത്.


വിളംബര ഘോഷയാത്ര ഇന്ന്‌ ത

ളിപ്പറമ്പ്‌

സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ വിളംബര ഘോഷയാത്ര ചൊവ്വാഴ്‌ച വൈകിട്ട്‌ തളിപ്പറമ്പിൽ നടക്കും. വൈകിട്ട്‌ അഞ്ചിന്‌ പ്ലാസ ജങ്‌ഷനിൽനിന്നാരംഭിക്കുന്ന ഘോഷയാത്ര നഗരംചുറ്റി ടൗൺസ്‌ക്വയറിന്‌ സമീപം സമാപിക്കും. മുത്തുക്കുടകളുടെയും ചെണ്ടവാദ്യത്തിന്റെയും അകമ്പടിയോടെയാണ്‌ ഘോഷയാത്ര.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home