സിപിഐ എം ജില്ലാസമ്മേളനം
കേരളത്തെ മാറ്റിയെടുത്തത് കമ്യൂണിസ്റ്റ് പ്രസ്ഥാനം: പുത്തലത്ത് ദിനേശൻ

സിപിഐ എം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സെമിനാർ പുത്തലത്ത് ദിനേശൻ ഉദ്‌ഘാടനംചെയ്യുന്നു
സ്വന്തം ലേഖകൻ
Published on Jan 13, 2025, 11:44 PM | 1 min read
തളിപ്പറമ്പ്
കേരളത്തെ മാറ്റിയെടുത്തത് കമ്യൂണിസ്റ്റ് പ്രസ്ഥാനവും അതിന്റെ ആശയങ്ങളുമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം പുത്തലത്ത് ദിനേശൻ. സാമൂഹിക അസമത്വത്തിനെതിരെയാണ് നവോത്ഥാന പ്രസ്ഥാനങ്ങൾ മുന്നോട്ടുവന്നത്. അതിനൊപ്പം വർഗപരമായ വീക്ഷണം മുൻനിർത്തി സാമ്പത്തിക അസമത്വത്തിനെതിരായും അധ്വാനത്തിനുള്ള കൂലിക്കുംവേണ്ടിയുമാണ് കമ്യൂണിസ്‌റ്റ് പാർടി പോരാടിയത്. സിപിഐ എം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് വെള്ളാവിൽ സംഘടിപ്പിച്ച സെമിനാർ ‘കേരളത്തിന്റെ വളർച്ചയിൽ കമ്യൂണിസ്‌റ്റ് പ്രസ്ഥാനങ്ങൾക്കുള്ള പങ്ക് ‘ ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷം ഇല്ലായിരുന്നുവെങ്കിൽ കുടുംബശ്രീയും തൊഴിലുറപ്പ് പദ്ധതിയും സാമൂഹിക പെൻഷനുകളും മാവേലി സ്‌റ്റോറുകളും അന്യമാകുമായിരുന്നു. ആദ്യ കമ്യൂണിസ്‌റ്റ് സർക്കാരിന്റെ പതനത്തിൽ ദുരിതം അനുഭവിച്ചത് സംസ്ഥാനത്തെ കർഷകരും അവശവിഭാഗങ്ങളുമായിരുന്നു. കേരളത്തെ ഏറെ പിറകോട്ടുവലിച്ചത് വിമോചന സമരമാണ്. ബദൽ നയങ്ങളുമായി മുന്നോട്ടുപോകുന്ന കേരളത്തെ ഏത് വിധേനയും തടയുകയാണ് കേന്ദ്രംചെയ്യുന്നത്. അർഹമായ പണം നൽകാതിരിക്കുക മാത്രമല്ല, സ്വന്തം വഴിയിൽ പണം കണ്ടെത്തുന്നതുകൂടി തടയുകയാണ്. വൈജ്ഞാനിക സമ്പദ് വ്യവസ്ഥയുടെ അടിത്തറ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളും സർവകലാശാലകളുമാണെന്ന് മനസ്സിലാക്കിയപ്പോൾ ഗവർണറെ ചട്ടുകമാക്കി അവയെ തകർക്കാനും ശ്രമിക്കുകയാണെന്നും പുത്തലത്ത് ദിനേശൻ വ്യക്തമാക്കി. ഏരിയാ കമ്മിറ്റിയംഗം സി എം കൃഷ്‌ണൻ അധ്യക്ഷനായി. എം പ്രകാശൻ, ഡോ. പി മോഹൻദാസ് എന്നിവർ സംസാരിച്ചു. സി എച്ച് വിജയൻ സ്വാഗതംപറഞ്ഞു. തുടർന്ന് പ്രൊഫസർ ചിറക്കര സലിംകുമാർ കൊല്ലം ‘എ കെ ജി പാവങ്ങളുടെ പടത്തലവൻ’ കഥാപ്രസംഗവും അവതരിപ്പിച്ചു.









0 comments