നല്ല നാളേക്കായ് വിരിഞ്ഞു ചുവന്ന വസന്തം

പ്രതിനിധി സമ്മേളന നഗറിലെ രക്തസാക്ഷി മണ്ഡപത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുഷ്പചക്രം അർപ്പിച്ച് അഭിവാദ്യം ചെയ്യുന്നു. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ സമീപം.

സ്വന്തം ലേഖകൻ
Published on Feb 02, 2025, 03:00 AM | 3 min read
കോടിയേരി ബാലകൃഷ്‌ണൻ നഗർ (തളിപ്പറമ്പ്)
പോരാട്ട ചരിത്രത്തെ സാക്ഷിയാക്കി, മോറാഴയും മാവിച്ചേരിയും ബക്കളവുമൊക്കെ ചേർന്ന് കർഷക-–-കർഷകത്തൊഴിലാളി പോരാട്ടങ്ങളിലൂടെ ചുവപ്പിച്ച തളിപ്പറമ്പിൽ ജില്ലയിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ സമ്മേളനത്തിന് തുടക്കം. നാടിന്റെ പ്രശ്‌നങ്ങൾ ഇഴകീറി പരിശോധിക്കുകയും ഭാവി വികസനം ഗൗരവമായി ചർച്ച ചെയ്യുകയും ചെയ്യുകയാണ് സിപിഐ എം 24ാം പാർടി കോൺഗ്രസിന്റെ ഭാഗമായുള്ള ജില്ലാസമ്മേളനം. പ്രതിനിധി സമ്മേളന നഗരയിൽ ഇൻക്വിലാബ് വിളികൾക്കിടയിൽ ആകാശം തൊട്ട് ചുവന്ന കൊടി ഉയർന്നുപാറിയതോടെ സമ്മേളന നടപടികൾക്ക് തുടക്കം. പ്രതിനിധികളും നേതാക്കളും പ്രവർത്തകരുമുൾപ്പടെ ആയിരങ്ങളെ സാക്ഷിയാക്കി മുതിർന്ന നേതാവ് കെ പി സഹദേവൻ പതാക ഉയർത്തി. തുടർന്ന് രക്തസാക്ഷി കുടീരത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ പുഷ്പചക്രം അർപ്പിച്ചു. മാസങ്ങൾ നീണ്ട ഒരുക്കങ്ങളാണ് സംഘാടക സമിതി സമ്മേളനത്തിനായി നടത്തിയത്. 16 സെമിനാറുകളും വിവിധ കലാകായിക മത്സരങ്ങളും സാഹിത്യ രചനാ മത്സരങ്ങളും സംഘടിപ്പിച്ചു. വിമുക്തഭട സംഗമവും രക്തസാക്ഷി–- സ്വാതന്ത്ര്യസമര സേനാനി കുടുംബ സംഗമവും പ്രൊഫഷണൽ മീറ്റുമുൾപ്പടെ സംഘടിപ്പിച്ച് വൈവിധ്യങ്ങളുടെ ആഘോഷ രാപകലുകൾക്കും തളിപ്പറമ്പ് വേദിയായി. ആയിരങ്ങൾ അണിനിരന്ന മെഗാതിരുവാതിരയും മുന്നൂറുപേരുടെ ഒപ്പനയും നൂറിലേറെപേരുടെ മാർഗംകളിയും കലാസന്ധ്യയും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. ചിന്ത പുസ്തകോത്സവവും ചരിത്ര ചിത്ര പ്രദർശനവും അയ്യങ്കാളിയുടെ വില്ലുവണ്ടിയും ചായക്കടയുമുൾപ്പടെ വിവിധ ശിൽപ്പങ്ങളും തളിപ്പറമ്പിന് പുതുകാഴ്ചയായി. നഗരമാകെ വർണവെളിച്ചം വിതറിയും ചുവന്ന കൊടി തോരണങ്ങളാലും അലങ്കരിച്ചിരുന്നു. തളിപ്പറമ്പ് ഏരിയാ കമ്മിറ്റി ഓഫീസിനോട് ചേർന്ന് പുതുക്കിപ്പണിത കെ കെ എൻ പരിയാരം സ്മാരക ഹാളിലാണ് പ്രതിനിധി സമ്മേളനം.
വിവിധ കമ്മിറ്റികളും കൺവീനർമാരും
പ്രമേയം: എം പ്രകാശൻ (കൺവീനർ), എൻ സുകന്യ, കെ മനോഹരൻ, എം കരുണാകരൻ, കെ ധനഞ്ജയൻ, എം വി സരള , കെ ദാമോദരൻ, നിധീഷ് നാരായണൻ , കെ കെ രത്നകുമാരി, ഒ വി ജാഫർ, കെ വി ജിജിൻ, കെ ജെ ജോസഫ്. ക്രഡൻഷ്യൽ: എം സുരേന്ദ്രൻ (കൺവീനർ), എൻ അനിൽകുമാർ, എൻ ശ്രീധരൻ, സരിൻ ശശി, വൈഷ്ണവ് മഹേന്ദ്രൻ, അഡ്വ. പത്മജ പത്മനാഭൻ, ജിജി ജോയ്, മുഹമ്മദ് സിറാജ്, പി എസ് സഞ്ജീവ്, കെ ജനാർദനൻ വി കെ സുരേഷ് ബാബു. മിനുട്സ്: കാരായി രാജൻ (കൺവീനർ), ടി ഷബ്ന, എം വി രാജീവൻ, കെ വി ലളിത, കെ ജി ദിലീപ്. രജിസ്ട്രേഷൻ: കെ വി സുമേഷ് (കൺവീനർ), കെ സി ഹരികൃഷ്ണൻ, ടി പി അഖില, പി പ്രശാന്തൻ.
എതിരേറ്റു ചുവന്ന വാക്കിൻ അഭിവാദ്യം
തളിപ്പറമ്പ "
വരിക സഖാവേ..... വരിക സഖാവേ ...ചുവന്ന വാക്കിൻ അഭിവാദ്യം ....’ മനുഷ്യമോചന സമരത്തീ കൊളുത്തുന്ന വരികളും ചുവടുകളുമായി സമ്മേളനനഗരിയിലേക്ക് പ്രതിനിധികളെ എതിരേറ്റ് സംഗീത നൃത്തശിൽപ്പം. തൊഴിലാളി കർഷക സമരപോരാട്ടങ്ങളാൽ ചുവന്ന തളിപ്പറമ്പിന്റെ മണ്ണിൽ പുതിയ പോരാട്ട വഴികളിൽ മുന്നേറാനുള്ള ആവേശമാണ് നൃത്തശിൽപ്പം പകർന്നത്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രവും കേരളത്തിന്റെ നവോത്ഥാന പാരമ്പര്യവും അടയാളപ്പെടുത്തിയ സ്വാഗതഗാനം 12 ഗായകർ ആലപിച്ച് 12 നർത്തകിമാർ അരങ്ങിൽ അവതരിപ്പിച്ചു. മുരുകൻ കാട്ടാക്കട രചിച്ച ഗാനത്തിന് ഡോ. എ എസ് പ്രശാന്ത് കൃഷ്ണനാണ് സംഗീതം നൽകിയത്. എം വി ജനാർദനൻ, ശശികുമാർ, പ്രകാശൻ, ഷാജി ,അരുൺ ഗീത് ,വിനോദ് ,ശാലിനി ലതീഷ്, ജിനി ,സിന്ധു ,ശാലിമ , ചിത്ര ,സത്യലക്ഷ്മി എന്നിവരാണ് ഗായകർ. ദേവാദ്രിക, അനുഗ്രഹ, വർണ, ഷിസാ ഫാത്തിമ, അനാമിക നയന, എസ് ബി നേഹ, പി വി ശ്രീലയ ,അനുഗ്രഹ, വിസ്മയ, ദേവിക, പി വി സ്വാതിക, അപർണ എന്നിവരാണ് ചുവടുവച്ചത്. അനാമികയാണ് നൃത്തം ചിട്ടപ്പെടുത്തിയത്.
മലയോരത്തും തീരദേശത്തും പാർടിയെ കൂടുതൽ ശക്തിപ്പെടുത്തും: എം വി ജയരാജൻ
തളിപ്പറമ്പ്
ലയോരത്തും തീരദേശത്തും പാർടി പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്താൻ പദ്ധതികൾ തയ്യാറാക്കുമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ക്ഷേത്രങ്ങളിൽ നുഴഞ്ഞുകയറി വിശ്വാസികളെ വർഗീയവൽക്കരിക്കാൻ നടത്തുന്ന സംഘപരിവാർ നീക്കം തടയും. എസ്‌ഡിപിഐ, ജമാഅത്തെ ഇസ്ലാമി എന്നിവയുടെ തീവ്രവാദ നിലപാടുകളെ തുറന്നുകാട്ടും. വർഗീയതയ്‌ക്കെതിരെ ഉറച്ചനിലപാട് സ്വീകരിച്ച് മതനിപക്ഷ നിലപാട് ഉയർത്തിപ്പിടിക്കും. ലോക്കലിൽ ഒരു പാവപ്പെട്ട ഭവനരഹിത കുടുംബത്തെ ദത്തെടുത്ത് സ്നേഹവീട് നിർമിക്കണമെന്ന തീരുമാനമനുസരിച്ച് 240 വീടുകൾ ജില്ലയിൽ നിർമിച്ചുനൽകി. സംസ്ഥാനത്ത് കൂടുതൽ വീട് നിർമിച്ചതും കണ്ണൂരിലാണ്. കേരളത്തിൽ ഏറ്റവും കൂടുതൽ പാർടി പ്രസിദ്ധീകരണങ്ങളുടെ വരിക്കാർ കണ്ണൂരിലാണെങ്കിലും രാഷ്ട്രീയ എതിരാളികളുടെയും വലതുപക്ഷ മാധ്യമങ്ങളുടെയും അപവാദപ്രചാരണം തുറന്നുകാട്ടാൻ പാർടി പ്രസിദ്ധീകരണങ്ങളുടെ പ്രചാരം ഇനിയും വർധിപ്പിക്കേണ്ടതുണ്ട്. ജീവകാരുണ്യ മേഖലയിൽ ജില്ലയിലെ പ്രധാനപ്പെട്ട സംഘടനയായി ഐആർപിസി മാറി. ഹോം കെയറും സാന്ത്വന പ്രവർത്തനങ്ങളും വിപുലീകരിക്കാൻ ജനകീയ ഫണ്ട് ശേഖരിക്കണമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മൂന്നുമാസത്തിലൊരിക്കൽ അനുഭാവി യോഗം നടത്തണമെന്ന് റിപ്പോർടിൽ നിർദേശിക്കുന്നു. ബ്രാഞ്ച് സെക്രട്ടറിമാരിൽ 28 ശതമാനം പുതിയ കേഡർമാരാണ്. ഇവർക്കെല്ലാം രാഷ്ട്രീയ വിദ്യാഭ്യാസവും പരിശീലനവും നൽകേണ്ടതുണ്ടെന്നും ജയരാജൻ പറഞ്ഞു. സംഘാടക സമിതി ചെയർമാൻ ടി കെ ഗോവിന്ദനും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.









0 comments