ചെഞ്ചേലിൻ ചേലക്കര

ചേലക്കര മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി യു ആർ പ്രദീപ്, പങ്ങാരപ്പിള്ളിയിൽ വോട്ട് അഭ്യർഥിക്കുന്നു
കെ എ നിധിൻ നാഥ് [email protected]
Published on Mar 25, 2026, 12:15 AM | 2 min read
ചേലക്കര
തൊഴിലാളികളുടെ അധ്വാനത്തിൽ പടുത്തുയർത്തിയ ജീവിതങ്ങളാണ് ചേലക്കരയുടെ ഈടുവയ്‌പ്. സംഘടിത പ്രക്ഷോഭങ്ങളുടെ ഭൂമിക. കേരളത്തിന്റെ സമര ചരിത്രത്തിലെ ജ്വലിക്കുന്ന ഏടായ എളനാട് ഭൂസമരത്തിൽ സിപിഐ എം ലോക്കൽ കമ്മിറ്റിയംഗം സി വി ദാമോദരൻ രക്ഷസാക്ഷിയായി. രക്ഷസാക്ഷിത്വം ഇടതുപക്ഷ പ്രസ്ഥാനത്തിനും തൊഴിലാളി അവകാശ പോരാട്ടങ്ങൾക്കും കരുത്തേകി. വലതുപക്ഷ സ്വാധീന മണ്ഡലമായിരുന്ന ചേലക്കര 1996ൽ കെ രാധാകൃഷ്ണനിലൂടെ ഇടതോരം ചേർന്നു. ഇന്ന് യു ആർ പ്രദീപിനെ ചേർത്തുപിടിച്ച് ആ യാത്ര തുടരുകയാണ്. ചേലക്കരയിലേക്ക് വികസനത്തിന്റെ പാതവെട്ടിയത് ഇടതുപക്ഷമാണ്. ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്നതിൽ പ്രധാന പങ്ക് വഹിച്ച ഇടതുപക്ഷത്തിന്റെ സംഭാവനകൾ ജനങ്ങളുടെ മനസ്സിൽ എന്നുമുണ്ട്. ആ സ്‌നേഹം നിറഞ്ഞ കരുതലിന്റെ പേരുകൂടിയാണ് ചേലക്കര. 1965, 70, 77, 80 കെ കെ ബാലകൃഷ്ണൻ, 67ൽ കെ കുഞ്ഞൻ, 87 കെ കുട്ടപ്പൻ, 91 എം പി താമി, 96, 2001, 06, 11, 2021 കെ രാധാകൃഷ്ണൻ, 2016, 24 യു ആർ പ്രദീപ് എന്നിവരാണ് വിജയിച്ചത്. കെ രാധാകൃഷ്‌ണന്റെ പിൻഗാമിയായെത്തിയ യു ആർ പ്രദീപ് നിരവധി വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വമായി. പഞ്ചായത്ത് പ്രസിഡന്റായിരിക്കെ സംസ്ഥാനത്തെ മികച്ച പഞ്ചായത്തിനുള്ള പുരസ്കാരം ദേശമംഗലത്തിന് നേടിക്കൊടുത്തിട്ടുണ്ട്. സംസ്ഥാന പട്ടികജാതി -വർഗ വികസന കോർപറേഷൻ ചെയർമാനായിരിക്കെ ചരിത്രത്തിൽ ആദ്യമായി കോർപറേഷനെ ലാഭത്തിലാക്കി. എല്ലാ പഞ്ചായത്തിലും മികച്ച ഭൗതിക സാഹചര്യങ്ങളോടെയുള്ള ഹയർ സെക്കൻഡറി സ്‌കൂളുകൾ, പട്ടികജാതി വിദ്യാർഥികളുടെ പഠന നിലവാരം ഉയർത്താൻ എംആർഎസ്, പോളി ടെക്‌നിക്, ഐടിഐകൾ, ഐഎച്ച്‌ആർഡി, ആർട്‌സ് ആൻഡ് സയൻസ് കോളേജ്, കലാമണ്ഡലം എന്നിങ്ങനെ വിദ്യാഭ്യാസ ഹബ്ബായി മാറി. ദേശീയാംഗീകാരം നേടിയ കുടുംബാരോഗ്യ കേന്ദ്രങ്ങൾ, താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ്, മികച്ച സൗകര്യങ്ങളോടെ പ്രാഥമിക ആ രോഗ്യ കേന്ദ്രങ്ങൾ. ആയുർവേദ ആശുപത്രി, പാലങ്ങൾ, റോഡുകൾ, വരവൂരിൽ വ്യവസായ പാർക്ക്, തൊഴിലന്വേഷകർക്ക് കരിയർ ഡെവലപ്‌മെന്റ് സെന്റർ, തലമപ്പന്തിന്റെ പ്രൗഢി നിലനിർത്താൻ മൺ കോർട്ട് തുടങ്ങി സമസ്‌ത മേഖലയും വികസനവുമായി കുതിക്കുകയാണ് ചേലക്കര. ശിവൻ വെട്ടിക്കുന്നാണ് യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി. മുസ്ലിം ലീഗിന്റെ സീറ്റിൽ മത്സരിക്കാൻ സ്ഥാനാർഥിയെ കിട്ടാതെയിരുന്നതിനെത്തുടർന്നാണ് കോൺഗ്രസ് പ്രവർത്തകനെ സ്ഥാനാർഥിയാക്കിയത്. ബിജെപി നോർത്ത് ജില്ലാ വൈസ് പ്രസിഡന്റായ കെ ബാലകൃഷ്ണനാണ് എൻഡിഎ സ്ഥാനാർഥി.










0 comments