വിജയത്തുടർച്ചയ്ക്ക് വികസനനായകന്‍

കുന്നംകുളം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എ സി മൊയ്‌തീൻ പ്രചാരണത്തിനിടെ
കെ എ നിധിൻ നാഥ് [email protected]
Published on Mar 23, 2026, 12:07 AM | 2 min read
കുന്നംകുളം
പതിറ്റാണ്ടുകളുടെ കമ്യൂണിസ്റ്റ് പാരമ്പര്യമുള്ള മണ്ണാണ് കുന്നംകുളത്തേത്. കേരളത്തിന്റെ ആദ്യ തെരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ് നേതാവ് ടി കെ കൃഷ്‌ണനെ തെരഞ്ഞെടുത്തതുമുതല്‍ തുടങ്ങിയതാണ് കുന്നംകുളത്തിന്റെ ഇടതുപക്ഷ പാരമ്പര്യം. കുന്നംകുളത്തിന്റെ വികസനചരിത്രം മാറ്റിയെഴുതിയ കരുത്തുമായാണ് എ സി മൊയ്തീൻ എൽഡിഎഫ് സ്ഥാനാർഥിയായി വീണ്ടും മണ്ഡലത്തില്‍നിന്ന് ജനവിധി തേടുന്നത്. വ്യവസായ– സാംസ്‌കാരിക ഭൂമികയുടെ രാഷ്‌ട്രീയ മനസ്സ് ഇടതിനൊപ്പമാണ്. 1967ൽ എ എസ് എൻ നമ്പീശനും 1965, 70ൽ ടി കെ കൃഷ്‌ണനും നിയമസഭയിലെത്തി. പിന്നീട് 1982, 1987ല്‍ കെ പി അരവിന്ദാക്ഷനും 2006, 2011ൽ ബാബു എം പാലിശേരിയെയും വിജയിപ്പിച്ചു. 2016ൽ 7,782 വോട്ടിനു ജയിച്ച എ സി മൊയ്‌തീൻ 2021ൽ ഭൂരിപക്ഷം 26,631 വോട്ടായി ഉയർത്തി. എൽഡിഎഫ് സർക്കാരിന്റെ വികസന– ക്ഷേമ പ്രവർത്തനങ്ങളും മന്ത്രി, എംഎൽഎ എന്ന നിലയിൽ എ സി മൊയ്‌തീൻ നടപ്പാക്കിയ വികസനങ്ങളും ഇടപെടലുകളും നാടാകെ നിറഞ്ഞുനിൽക്കുകയാണ്. 10 വർഷത്തിനിടെ കുന്നംകുളത്തുണ്ടായ സമഗ്ര പുരോഗതിയുടെ തെളിമ ഇത്തവണ വോട്ടാകുന്നതോടെ ഭൂരിപക്ഷം ഉയരും. കുന്നംകുളം താലൂക്ക് രൂപീകരണം, കലശമല ഇക്കോ ടൂറിസം കേന്ദ്രം, കുന്നംകുളം ബസ് ടെർമിനൽ, സ്‌പോർട്‌സ് ഡിവിഷൻ തുടങ്ങി എണ്ണിയാൽ തീരാത്തത്ര പദ്ധതികളാണ് യാഥാർഥ്യമാക്കിയത്. ഇതിനെല്ലാം അമരക്കാരനായി കുന്നംകുളത്തിന്റെ വികസന നായകൻ എ സി മൊയ്‌തീന്റെ തലപ്പൊക്കമുണ്ട്. 2004ൽ വടക്കാഞ്ചേരി ഉപതെരഞ്ഞെടുപ്പിൽ മന്ത്രി സ്ഥാനം നിലനിർത്താനായി മത്സരിച്ച കെ മുരളീധരനെ പരാജയപ്പെടുത്തിയാണ് മൊയ്തീന്റെ നിയമസഭാ പ്രവേശനം. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വടക്കാഞ്ചേരിയിൽനിന്ന് വീണ്ടും റെക്കോഡ് ഭൂരിപക്ഷത്തോടെ തിളക്കമാർന്ന വിജയം. സിപിഐ എമ്മിന്റെ ജില്ലയിലെ അമരക്കാരനായിരുന്ന മൊയ്‌തീൻ കരുത്തനായ സംഘാടകനും ജനകീയ നേതാവുമാണ്. എസ്എഫ്ഐയിലൂടെ പൊതുപ്രവർത്തനരംഗത്ത്. കെഎസ്‌വൈഎഫിലൂടെയും പിന്നീട് ഡിവൈഎഫ്ഐയിലൂടെയും യുവജനരംഗത്ത് സജീവമായി. 1990ൽ വടക്കാഞ്ചേരി ഏരിയ സെക്രട്ടറിയും സിപിഐ എം ജില്ലാ കമ്മിറ്റിയംഗവുമായി. 2006ൽ ജില്ലാ സെക്രട്ടറിയറ്റിലെത്തി. 2011ൽ ജില്ലാ സെക്രട്ടറി. ഗ്രന്ഥശാലാ പ്രവർത്തനങ്ങളിലും സജീവം. നിലവിൽ സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗമാണ്. കെപിസിസി ജനറൽ സെക്രട്ടറിയായ പി ടി അജയമോഹനാണ് യുഡിഎഫ് സ്ഥാനാർഥി. മലപ്പുറം എരവിമംഗലം സ്വദേശിയും മുൻ എംഎൽഎ പി ടി മോഹനകൃഷ്ണന്റെ മകനുമാണ്. ബിഡിജെഎസിലെ കെ ആർ രജിലാണ് എൻഡിഎ സ്ഥാനാർഥി. തൃശൂർ ജില്ലാ നോർത്ത് പ്രസിഡന്റാണ്. 2015ൽ യുഡിഎഫ് പിന്തുണയിൽ കടവല്ലൂർ പഞ്ചായത്തംഗമായിരുന്നു.











0 comments