സംസ്ഥാനത്ത് ആദ്യം
ഗുരുവായൂര്‍ നഗരസഭയുടെ തദ്ദേശീയ തൊഴില്‍മേള ഇന്ന്

ഗുരുവായൂർ
സംസ്ഥാനത്ത് ആദ്യമായി നഗരസഭയുടെ നേതൃത്വത്തില്‍ തദ്ദേശീയ തൊഴില്‍മേള ശനിയാഴ്ച ഗുരുവായൂരിൽ നടക്കും. സംസ്ഥാന സര്‍ക്കാരിന്റെ വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി ഗുരുവായൂര്‍ നഗരസഭയും കുടുംബശ്രീ മിഷനും സംയുക്തമായി ‘ഓണത്തിന് ഒരു ലക്ഷം പേര്‍ക്ക് തൊഴില്‍’ എന്ന ലക്ഷ്യത്തോടെയാണ് പ്രാദേശിക തൊഴില്‍മേള‘ പ്രതീക്ഷ 2025’ സംഘടിപ്പിക്കുന്നത്. ശനി രാവിലെ 9ന് ശ്രീകൃഷ്ണ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ എന്‍ കെ അക്ബര്‍ എംഎല്‍എ മേള ഉദ്ഘാടനം ചെയ്യും, ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ഡോ. വി കെ വിജയന്‍, പ്രൊഫ. എം വിജയന്‍, ഡിഎംസി ഡോ. യു സലിന്‍, വിജ്ഞാന കേരളം പദ്ധതി കോ–ഓർഡിനേറ്റര്‍ അനൂപ് കിഷോര്‍ എന്നിവര്‍ പങ്കെടുക്കുമെന്ന് നഗരസഭാ ചെയര്‍മാന്‍ എം കൃഷ്ണദാസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 2500 ഉദ്യോഗാര്‍ഥികള്‍ രജിസ്ട്രേഷന്‍ നടത്തി. 80 സ്ഥാപനങ്ങള്‍ വിവിധ മേഖലയിലായി 600 ഓളം ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൂടിക്കാഴ്ച നടത്തിയാണ് തൊഴില്‍ ലഭ്യമാക്കുക. ഉദ്യോഗാര്‍ഥികളുടെ സൗകര്യാര്‍ഥം ആറ് രജിസ്ട്രേഷന്‍ കൗണ്ടറുകള്‍, ഭിന്നശേഷി സൗഹൃദ ഇന്റര്‍വ്യൂ കൗണ്ടര്‍, സ്പോട്ട് രജിസ്ട്രേഷന്‍ കൗണ്ടര്‍, ഫസ്റ്റ് എയ്ഡ് ബൂത്ത്, തുടങ്ങി വിപുലമായ സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഹരിത പ്രോട്ടോകോള്‍ പാലിച്ചാണ് മേള നടത്തുക. വൈസ് ചെയർപേഴ്സൺ അനീഷ്മ ഷനോജ്, സ്ഥിരം സമിതി അധ്യക്ഷരായ എ എസ് മനോജ്, എ എം ഷഫീർ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.









0 comments