ad
Deshabhimani

കലയും സംസ്‌കാരവും 
ഇഴചേര്‍ന്ന്‌ ചേലക്കര

avatar
കെ എ നിധിൻ നാഥ്‌ [email protected]

Published on Mar 14, 2026, 12:54 AM | 2 min read

ചേലക്കര

ഭാരതപ്പുഴയുടെ തീരത്ത്‌ വില്വാമലക്കുന്നിൽ ഇരുന്നാണ്‌ വി കെ എൻ മലയാള സാഹിത്യത്തിന്റെ നെറുകയിലേക്ക്‌ എഴുതിക്കയറിയത്‌. വി കെ എന്നിന്റെ ചാട്ടുളിപോലുള്ള അക്ഷരങ്ങൾ സമൂഹത്തിലേക്ക്‌ തറച്ചുകയറിയ കാലത്ത്‌ ബ്രാഹ്മണ്യത്തിന്റെ വേലിക്കെട്ടുകൾ തകർത്ത്‌ തുപ്പേട്ടൻ നാടകമെഴുതി. വള്ളത്തോളും വി കെ എന്നും തുപ്പേട്ടനും ചേർന്ന്‌ സൃഷ്ടിച്ചെടുത്ത സാംസ്‌കാരിക ഭൂമികയാണ്‌ ചേലക്കരയുടേത്‌. കലയും സംസ്‌കാരവും ഇഴചേര്‍ന്ന വൈവിധ്യങ്ങളുടെ നാട്‌. ഉത്സവങ്ങളും കലയും കലാകാരന്മാരുമൊക്കെ ചേരുന്ന തലപ്പൊക്കം. മധ്യകേരളത്തിലെ ഉത്സവങ്ങൾ തുടങ്ങുന്നതും അവസാനിക്കുന്നതും തിരുവില്വാമലയിലാണ്‌. മതസൗഹാർദത്തിന്റെ പ്രതീകമായ കാളിയാ റോഡ് ചന്ദനക്കുടം നേർച്ച, തലമപ്പന്തുകളിയുടെ കായിക പെരുമയും ചേരുന്ന നാടാണ്‌ ചേലക്കര. തൊഴിലാളികൾ അവരുടെ അധ്വാനത്തിൽ പടുത്തുയർത്തിയ ജീവിതങ്ങളാണ്‌ ചേലക്കരയുടെ ഈടുവയ്‌പ്‌. സംഘടിത പ്രക്ഷോഭങ്ങളുടെ ഭൂമികൂടിയാണിത്‌. എളനാട്‌ ഭൂസമരം കേരളത്തിന്റെ സമര ചരിത്രത്തിലെ ജ്വലിക്കുന്ന ഏടാണ്‌. സമരത്തിൽ സിപിഐ എം ലോക്കൽ കമ്മിറ്റിയംഗവും കർഷകത്തൊഴിലാളി യൂണിയൻ തലപ്പിള്ളി താലൂക്ക് കമ്മിറ്റിയംഗവുമായ സി വി ദാമോദരൻ രക്തസാക്ഷിയായി. ദാമോദരന്റെ രക്ഷസാക്ഷിത്വം ഇടതുപക്ഷ പ്രസ്ഥാനത്തിനും തൊഴിലാളി അവകാശ പോരാട്ടങ്ങൾക്കും കരുത്തേകി. വലതുപക്ഷ സ്വാധീന മണ്ഡലമായിരുന്ന ചേലക്കര കെ രാധാകൃഷ്‌ണനിലൂടെ 1996ൽ ഇടതോരം ചേർന്നു. പിന്നീട്‌ മൂന്ന്‌ പതിറ്റാണ്ടായി ഇടതോരത്ത്‌ നിലയുറപ്പിച്ചു. കർഷകരും തൊഴിലാളികളും സാധാരണക്കാരും ബഹുഭൂരിപക്ഷമായ ചേലക്കരയിലേക്ക്‌ വികസനത്തിന്റെ പാതവെട്ടിയത്‌ ഇടതുപക്ഷമാണ്‌. 2011ലെ പുനർനിർണയത്തിൽ അതിരുകൾ മാറാത്ത മണ്ഡലമാണ്‌ ചേലക്കര. അവഗണനയുടെ കടത്ത്‌ വഞ്ചിക്കാലം കടന്ന്‌ മായന്നൂരിൽ പാലം ഉയർന്നപോലെ കെ രാധാകൃഷ്ണനും യു ആർ പ്രദീപും ചേർന്ന്‌ പുതിയ ചേലക്കരയെ നിർമിച്ചു. കിള്ളിമംഗലം കോളേജ്‌ കെട്ടിടം, കൊണ്ടാഴി– കുത്താന്പുള്ളി പാലം, പോളി ടെക്‌നിക്‌ അക്കാദമിക്‌ ബ്ലോക്ക്‌, വരവൂർ വ്യവസായ പാർക്ക്‌, വാഴക്കോട്‌– പ്ലാഴി റോഡ്‌, അന്താരാഷ്‌ട്ര നിലവാരത്തിൽ ചെറുതുരുത്തി സ്‌കൂൾ, തൊഴിലന്വേഷകർക്ക്‌ കരിയർ ഡെവലപ്‌മെന്റ്‌ സെന്റർ, താലൂക്ക്‌ ആശുപത്രിയിൽ ഡയാലിസിസ്‌ കേന്ദ്രം, മികവിന്റെ കേന്ദ്രമായ ആയുർവേദ ആശുപത്രി തുടങ്ങി കഴിഞ്ഞ 10 വർഷത്തിനിടയിൽ 2107 കോടി രൂപയുടെ വികസനമാണ്‌ മണ്ഡലത്തില്‍ നടപ്പാക്കിയത്‌. ​വള്ളത്തോൾ നഗർ, ദേശമംഗലം, വരവൂർ, മുള്ളൂർക്കര, പാഞ്ഞാൾ, ചേലക്കര, കൊണ്ടാഴി, പഴയന്നൂർ, തിരുവില്വാമല പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ്‌ ചേലക്കര മണ്ഡലം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home