ജില്ലാതല സെമിനാര്‍ നടത്തി
വിജ്ഞാനകേരളം വലിയ മുന്നേറ്റത്തിന് വഴിതുറക്കും: ഡോ. ടി എം തോമസ് ഐസക്

വിജ്ഞാന കേരളം ജില്ലാ സെമിനാര്‍ കട്ടപ്പന ഗവ. കോളേജില്‍ ചീഫ് അഡ്വൈസര്‍ ഡോ. ടി എം തോമസ് ഐസക് ഉദ്ഘാടനംചെയ്യുന്നു
കട്ടപ്പന
ഉന്നത വിദ്യാഭ്യാസ മേഖലയില്‍ വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ സര്‍ക്കാര്‍ വിജ്ഞാന കേരളത്തിലൂടെ നൈപുണ്യ വികസന പദ്ധതികള്‍ നടപ്പാക്കുകയാണെന്ന് മുന്‍ മന്ത്രിയും വിജ്ഞാനകേരളം ഉപദേഷ്ടാവുമായ ഡോ. ടി എം തോമസ് ഐസക്. വിജ്ഞാന കേരളം ജില്ലാതല സെമിനാര്‍ കട്ടപ്പന ഗവ. കോളേജില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിജ്ഞാന കേരളത്തിലൂടെ വലിയമുന്നേറ്റം സമൂഹത്തിലുണ്ടാക്കും. തൊഴില്‍രഹിതരായവര്‍ക്ക് അവരുടെ വിദ്യാഭ്യാസത്തിനും അഭിരുചിക്കുമനുസരിച്ചുള്ള പരിശീലനം നല്‍കി തൊഴിലുകള്‍ ഉറപ്പാക്കുകയാണ് സര്‍ക്കാര്‍. സന്നദ്ധപ്രവര്‍ത്തകരെ ഏകോപിപ്പിച്ച് കേരളത്തിന്റെ തൊഴില്‍, വിജ്ഞാന മേഖല ശക്തിപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്. സര്‍ക്കാര്‍ ഒരുക്കുന്ന അടിസ്ഥാന സൗകര്യങ്ങള്‍ക്കും നൈപുണ്യ പരിശീലനങ്ങള്‍ക്കുമൊപ്പം വിദ്യാഭ്യാസവും തൊഴിലും നൈപുണ്യവും ലഭ്യമാക്കും. കൂടുതല്‍ തൊഴില്‍ സാധ്യതയുള്ള മേഖലയില്‍ നൂനത പദ്ധതികള്‍ നടപ്പാക്കി വിദ്യാര്‍ഥികള്‍ക്ക് തൊഴില്‍ ഉറപ്പാക്കുകയാണ് ലക്ഷ്യം. ഇതിനായി അധ്യാപകര്‍, പൂര്‍വ വിദ്യാര്‍ഥി സംഘടനകള്‍, സന്നദ്ധര്‍ എന്നിവരില്‍നിന്ന് മെന്റര്‍മാരെ കണ്ടെത്തും. പഠനം കഴിയുന്ന മുറയ്ക്ക് കുട്ടികള്‍ക്ക് തൊഴില്‍ നേടാനാകണം. നൈപുണി ആര്‍ജിക്കാന്‍ കുട്ടികള്‍ക്ക് പ്രചോദനം നല്‍കണം. ഐടിഐ, പോളിടെക്‌നിക് വിദ്യാര്‍ഥികളില്‍ ഒരുലക്ഷംപേര്‍ക്ക് ഈവര്‍ഷം ക്യാമ്പസ് പ്ലേസ്‌മെന്റ് നല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും ഡോ. ടി എം തോമസ് ഐസക് പറഞ്ഞു. പ്രിന്‍സിപ്പല്‍ ഡോ. വി കണ്ണന്‍ അധ്യക്ഷനായി. എം ജി സര്‍വകലാശാല സിന്‍ഡിക്കറ്റ് അംഗങ്ങളായ ഡോ. സെനോ ജോസ്, ഡോ. എ എസ് സുമേഷ്, വിജ്ഞാനകേരളം മിഷന്‍ കോ ഓര്‍ഡിനേറ്റര്‍മാരായ എം കെ റോബിന്‍, ഡോ. സുമേഷ് ദിവാകരന്‍, അനൂപ് ജെ ആലയ്ക്കപ്പള്ളി തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലയിലെ വിവിധ കോളേജുകളില്‍നിന്നുള്ള അധ്യാപക പ്രതിനിധികള്‍ പങ്കെടുത്തു.









0 comments