ആശയം സമൂഹമാധ്യമങ്ങളില്‍ ഹിറ്റ്
മഹാസംഭവമായി തുരങ്കപാത


സ്വന്തം ലേഖകൻ
Published on Aug 20, 2025, 12:26 AM | 1 min read
കട്ടപ്പന
പച്ചവിരിച്ച മലയ്‍ക്കുള്ളിലൂടെ അതിമനോഹര പാത. പ്രവേശന കവാടത്തില്‍ പാതയുടെ പേര്. ഭംഗിയായി നിരത്തിയ വെളിച്ച സംവിധാനങ്ങളും കിലോമീറ്റര്‍ സൂചനാ ബോര്‍ഡും. കട്ടപ്പന കമ്പം തുരങ്കപാതയെക്കുറിച്ചുള്ള "ഇമാജിനേഷൻസ്' വലുതാണ്. ഇടുക്കിയുടെയും ഹൈറേഞ്ചിന്റെയും വളര്‍ച്ചയ്‍ക്ക് കുതിപ്പേകുന്ന തുരങ്കപാതയെന്ന ആശയത്തെ രാഷ്ട്രീയ ഭേദമെന്യേ ജനം ഏറ്റെടുത്തു. നിര്‍മിതബുദ്ധിയില്‍ തയ്യാറാക്കിയ പാതയുടെ ചിത്രങ്ങളും ദൃശ്യങ്ങളും ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും വൈറലാണ്. അനുകൂലിച്ചുള്ള കുറിപ്പുകളുമുണ്ട്. ഡോ. ടി എം തോമസ് ഐസക്കിന്റെ നേതൃത്വത്തില്‍ എം ജിനദേവന്‍ പഠനഗവേഷണ കേന്ദ്രം കാല്‍വരിമൗണ്ടില്‍ സംഘടിപ്പിച്ച ‘നവ ഇടുക്കി പുതുവഴികള്‍' സെമിനാറിലാണ് ആശയമുണ്ടായത്. കോണ്‍ഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റിയും ആശയത്തെ പിന്തുണച്ചിരുന്നു. സിപിഐ എം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് രക്ഷാധികാരിയും റോമിയോ സെബാസ്റ്റ്യന്‍ ഉപരക്ഷാധികാരിയും ജയിന്‍ അഗസ്റ്റിന്‍ ചെയര്‍മാനും സിബി കൊല്ലംകുടിയില്‍ സെക്രട്ടറിയായും രൂപീകരിച്ച ഗ്രീന്‍വാലി ടൂറിസം കമ്പനിയാണ് സാധ്യതാപഠനം നടത്തുന്നത്.
മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി: സി വി വര്‍ഗീസ്
തുരങ്കപാതയുടെ ആശയം മുഖ്യമന്ത്രിയെയും പൊതുമരാമത്ത് മന്ത്രിയെയും റെയില്‍വേ ചുമതലയുള്ള മന്ത്രിയെയും ധരിപ്പിച്ചെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്. ആശയത്തിന് പ്രചോദനമായത് സര്‍ക്കാര്‍ യാഥാര്‍ഥ്യമാക്കിയ വയനാട് തുരങ്കപാതയാണ്. റിസര്‍വ് വനങ്ങളുടെ പരിധിയില്ലല്ലാതെ കട്ടപ്പന- കമ്പം തുരങ്കപാത യാഥാര്‍ഥ്യമാകും. വ്യവസായ, വാണിജ്യ രംഗത്ത് കുതിച്ചുചാട്ടമുണ്ടാകും. ചരക്ക് ഗതാഗതവും സുഗമമാകും. ഭാവിയില്‍ ഹൈറേഞ്ചിലേക്ക് റെയില്‍വേ ഗതാഗതത്തിനും സാധ്യത തെളിയുമെന്നും സി വി വര്‍ഗീസ് പറഞ്ഞു.










0 comments